യൂസഫ് കല്ലിൽ
ഉൾക്കിടിലത്തോടെയല്ലാതെ ആ പേര് ഓർക്കാൻ കഴിയില്ല. തന്റെ ചിന്തകൾക്കും വിചാരങ്ങൾക്കും ഒപ്പം നിൽക്കാത്തവരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന കാലം.
രാഷ്ട്രീയ യജമാനൻമാർ നാടുവാഴുന്ന ഭൂമിക. അവിടെ എതിർശബ്ദങ്ങൾക്ക് പ്രസക്തിയേതുമില്ല. തന്റെ പാർട്ടിയുടെതല്ലാത്ത ഒരു കൊടിയോ ബോർഡോ വെച്ചേക്കില്ല.
പേര് സോഷ്യലിസ്റ്റ് പ്രസ്ഥാനമെന്നാണെങ്കിലും പേരിന് പോലും അവിടെ സോഷ്യലിസമുണ്ടായിരുന്നില്ല.
അക്കാലത്തെ സോഷ്യലിസ്റ്റുകളായ അരങ്ങിൽ ശ്രീധരൻ, എം.പി വീരേന്ദ്രകുമാർ തുടങ്ങിയ നേതാക്കളൊന്നും കാണിക്കാത്ത അസഹിഷ്ണുതയായിരുന്നു പാനൂരിലും പരിസരങ്ങളിലുമുണ്ടായിരുന്ന അവസ്ഥ.
മുസ്ലിം ലീഗ് ആയി എന്ന ഒറ്റക്കാരണം മാത്രമാണ് മാവിലാട്ട് മഹമുദ് സാഹിബിന് ജീവൻ നഷ്ടമായത്.
പക്ഷെ മാവിലാട്ടിന്റെ മരണത്തോടെ പെരിങ്ങളത്തിന്റെ അടക്കിപ്പിടിച്ച ഹരിതാവേശം സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഏറെയൊന്നും വളക്കൂറില്ലാത്ത മണ്ണിൽ ലീഗ് പിന്നെയൊരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല.
പാനൂരും പരിസര പ്രദേശങ്ങളായ കരിയാട്, പെരിങ്ങത്തൂർ, പുല്ലുക്കര, തൃപ്രങ്ങോട്ടുർ , കടവത്തൂർ , പൊയിലൂർ, വിളക്കോട്ടൂർ , തൂവക്കുന്ന്, ചെറുപറമ്പ് , ചെണ്ടയാട്, പാറാട് തുടങ്ങി സർവ്വ പ്രദേശങ്ങളിലും മുസ്ലിം ലീഗ് അജയ്യ ശക്തിയായി മാറി.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാ മേഖലകളിൽ നിന്നും വേണ്ടത്ര പ്രോൽസാഹനമുണ്ടായിരുന്നു.
പ്രാദേശിക കിരാതവാഴ്ചകൾക്കെതിരെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരും മുൻപന്തിയിലുണ്ടായിരുന്നു. കൊലക്കത്തി രാഷ്ട്രീയത്തിൽ തന്നെയാണ് സ: മൊട്ടേമ്മൽ ബാലനും രക്തസാക്ഷിയാവേണ്ടി വന്നത്.
ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അതിന്റെ അധ:പതനത്തിന്റെ മൂർധന്യം ആയി എന്ന് വേണം കരുതാൻ.
പെരിങ്ങളം, പാനൂർ , കുന്നോത്ത് പറമ്പ് , കരിയാട്, ചൊക്ളി, തൃപ്രങ്ങോട്ടുർ തുടങ്ങിയ പഞ്ചായത്തുകളിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം നടത്തിയവർ ഇന്ന് സാന്നിധ്യമറിയിക്കാൻ മാത്രം നന്നേ ചുരുങ്ങിപ്പോയിരിക്കുകയാണ്.
[ തീർച്ചയായും അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല: മുഹമ്മദ് നബി (സ) ]