ജനാധിപത്യം സംരക്ഷിക്കാന്‍ അണി ചേരുക / ഇ.കെ. നായനാര്‍

ജനാധിപത്യം സംരക്ഷിക്കാന്‍ അണി ചേരുക

ഇ.കെ. നായനാര്‍

ഏകാധിപത്യശക്തികളെ പരാജയപ്പെടുത്തുവാനും സംരക്ഷിക്കുവാനും താല്‍ക്കാലികമായി ഇന്ത്യന്‍ ജനതക്ക് സാധിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഒരു പുതിയ രാഷ്ട്രീയ സാഹചര്യമാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴുള്ളത്. ഈ സാഹചര്യം നിലനിര്‍ത്തി ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ കഴിയണം.

ഈ സ്ഥിതിവിശേഷം തകിടം മറിച്ച് സേച്ഛാധിപത്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ ക്കുന്നുണ്ട്. വെള്ളവും വളവും നല്‍കി ഈ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍ വളരെ സജീവമാണ്. സേച്ഛാധിപത്യ ശക്തികളുടെ ഉറവിടമായി ഭവിക്കുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയാണെങ്കില്‍ ഇവിടെ ഇന്നും പ്രബലമാണ്. ഇതൊക്കെ വെച്ച് പരിശോധിക്കുമ്പോള്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ ജനങ്ങള്‍ വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്ന പലവിധ ദുഷ്ട ശക്തികളും നമ്മുടെ നാട്ടില്‍ സജീവമാണ്. മതേതര ജനാധിപത്യത്തെ കുറിച്ച് ധാരാളം പര്‍വതപ്രസംഗങ്ങള്‍ നടത്തികൊണ്ടിരിക്കവെ തന്നെ ദുഷ്ടമായ വര്‍ഗ്ഗീയ ലഹളകളെ പ്രോത്സാഹിപ്പിച്ച നിരവധി അനുഭവങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലും ഗുജറാത്തിലെ അഹമ്മദാബാദിലും മറ്റും ഉണ്ടായ വര്‍ഗ്ഗീയാസ്വാസ്ഥ്യങ്ങള്‍ ഇതിനുദാഹരണമാണ്.

കൊലപാതക രാഷ്ട്രീയം തൊഴിലാക്കിയിട്ടുള്ള ഗുണ്ടാസംഘങ്ങളെ വളര്‍ത്തിവിട്ട് ജനങ്ങള്‍ക്കിടയില്‍ ഭീതിയും വൈരാഗ്യവും സൃഷ്ടിച്ച് സ്വന്തം സങ്കുചിത താല്‍പര്യം സംരക്ഷിക്കുക എന്നത് ഭരണവര്‍ഗ്ഗം സ്ഥിരം പരിപാടിയാക്കിയിരിക്കും അവിടെ. 1970-ന് ശേഷം പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും അടിയന്തരാവസ്ഥകാലത്ത് ഇന്ത്യയിലാകെയും നമുക്കത് കാണാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് പാനൂരിലെ പഴക്കം ചെന്ന ഗുണ്ടാരാഷ്ട്രീയത്തിന്റെയും പ്രവര്‍ത്തനമുണ്ടായത്.

മാവിലാട്ട് മഹമൂദ് ഈ ഗുണ്ടാ കൊലപാതകരാഷ്ട്രീയത്തിന്നിരയായ ഒരു രക്തസാക്ഷിയാണ്. തന്റെ വിശ്വാസപ്രമാണത്തിന്നനുസരിച്ച് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രാഥമീകവും മൗലികവുമായ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് മഹമൂദ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭരണകൂടത്തിന്റെ ഒത്താശയോടെ ഇത്തരം നിരവധി അറുംകൊലകള്‍ ഇവിടെ കേരളത്തില്‍ നടന്നിട്ടുണ്ട്.

ഏകാധിപത്യത്തിന്റെയും ഗുണ്ടാകൊലപാതകരാഷ്ട്രീയത്തിന്റെയും ഭീകരശക്തികളെ തലയുയര്‍ത്തി മുന്നോട്ടുവരാന്‍ അനുവദിച്ചുകൂട. കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനപ്പെട്ട ജനാധിപത്യത്തെ കാത്തു സൂക്ഷിക്കുവാന്‍ എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് ഈ കാലഘട്ടത്തില്‍ നാമൊന്നായണിചേരുക. ജനാധിപത്യസംരക്ഷണത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മാവിലാട്ട് മഹമൂദിന്റെ സ്മരണയോട് നമുക്കങ്ങനെ മാത്രമേ നീതി ചെയ്യാന്‍ കഴിയുള്ളൂ.