പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍ മര്‍ഹൂം മാവിലാട്ട് മഹമൂദിന്റെ മറ്റൊരു കര്‍മവേദി / കെ.എം. കുഞ്ഞമ്മദ്

പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍ മര്‍ഹൂം മാവിലാട്ട് മഹമൂദിന്റെ മറ്റൊരു കര്‍മവേദി

കെ.എം. കുഞ്ഞമ്മദ്

പാനൂരിലെ യുവചൈതന്യത്തിന്റെ പ്രതീകമായിരുന്ന മര്‍ഹൂം മാവിലാട്ട് മഹമൂദിന്റെ വീര രക്തസാക്ഷിത്വം അനുസ്മരിക്കപ്പെടുന്ന ഈ “ഇതിഹാസ” ത്തില്‍ ആ യുവസേനാനിയുടെ പൊതു പ്രവര്‍ത്തന രംഗത്തെ പ്രഥമവേദിയും പ്രചോദനകേന്ദ്രവുമായിരുന്ന പാനൂരിലെ യുവജന പ്രസ്ഥാനത്തെ കുറിച്ച് രണ്ടക്ഷരം കുറിക്കുന്നത് അവസരോചിതമെന്ന് കരുതട്ടെ!

കഴിഞ്ഞ 15 വര്‍ഷക്കാലമായി (1978 വരെയുള്ള) പാനൂരിലെ മുസ്‌ലിം വിദ്യാഭ്യാസ സാംസ്‌ക്കാരിക സാമൂഹ്യരംഗങ്ങളില്‍ ഗണനീയമായ നേട്ടങ്ങളുടെ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വളര്‍ന്നു വരുന്ന മഹത്തായ ഒരു യുവജനപ്രസ്ഥാനമത്രേ പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍.

1963 ഓഗസ്റ്റ് 31 ന് പാനൂര്‍ ജുമാഅത്ത് പള്ളിയില്‍ ചേര്‍ന്ന സേവനോത്സുകരായ യുവപ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ വെച്ചു രൂപീകൃതമായ ഈ പ്രസ്ഥാനത്തിന്റെ ഉദയം പാനൂരിന്റെ ചരിത്രത്തില്‍ ഒരു നൂതനാദ്ധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു.

ഒരുകാലത്ത് പാനൂര്‍ കേരളത്തിലെ സുപ്രസിദ്ധമായ ഒരു മത വിജ്ഞാന കേന്ദ്രമായി പ്രശോഭിച്ചിരുന്നു. നാലു നൂറ്റാണ്ടുകളോളം പഴക്കമുള്ള പാനൂര്‍ ജുമഅത്ത് പള്ളി ദര്‍സ് വര്‍ഷങ്ങളോളം കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മതപണ്ഡിതന്മാരെ ആകര്‍ഷിച്ച ഉന്നത മതപഠന കേന്ദ്രമായിരുന്നു. പൊന്നാനി, വാഴക്കാട്, നാദാപുരം എന്നീ കേന്ദ്രങ്ങളോടൊപ്പം അത് അറിയപ്പെട്ടിരുന്നു. പാനൂര്‍ ജുമഅത്ത് പള്ളി ദര്‍സ് ഏറ്റവും ഒടുവിലായി നാല്‍പത് വര്‍ഷത്തോളം പണ്ഡിതകേസരി ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസല്യാരുടെ അധ്യാപനത്താല്‍ അനുഗ്രഹീതമായിരുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും സമീപകാലത്ത് മണ്‍മറഞ്ഞവരുമായ മതപണ്ഡിതന്മാരിലും മുദരിസുമാരിലും ഏറിയ പങ്കും പാനൂര്‍ ദര്‍സിന്റെ സന്തതികളായിരുന്നു. ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, വളപട്ടണം ഇമ്പിച്ചിക്കോയ തങ്ങള്‍, പൈക്കാട്ട് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതാചാര്യന്മാരുടെ ആത്മീയ നേതൃത്വത്തില്‍ അനുഗ്രഹീതരായിരുന്നു പാനൂര്‍ പ്രദേശത്തെ മുസ്‌ലിംകള്‍. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്ത് ഈ ചരിത്രത്തില്‍നിന്നും തികച്ചും വിപരീതമായ കറുത്തിരുണ്ട ഒരു കാലഘട്ടത്തിന്റെ ബീഭത്സരൂപമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.

1950-ല്‍ മതപഠനരംഗത്ത് ഒരു പ്രാഥമിക പാഠശാല പോലുമില്ലാതെ സാമൂഹ്യസാംസ്‌ക്കാരികരംഗങ്ങളില്‍ നിന്നകന്നു നിന്നുകൊണ്ട് അന്തസും അഭിമാനവും അടിയറവെക്കപ്പെട്ട ദയനീയ സ്ഥിതിയിലേക്ക് പാനൂര്‍ പ്രദേശത്തെ മുസ്‌ലിം ജനത അധഃപതിക്കുകയുണ്ടായി. സാമ്പത്തിക സാമൂഹ്യരംഗങ്ങളില്‍ ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയുടെ അനുദിനം അധോഗതിയിലേക്ക് ആഴുന്ന ഈ ദയനീയസ്ഥിതിയില്‍ മനംനൊന്ത മര്‍ഹൂം മാവിലാട്ട് മഹമൂദിനെപ്പോലുള്ള ആദര്‍ശധീരരായ ഒരുപിടി മുസ്‌ലിം യുവാക്കളുടെ ആശയുടെ ഫലമായിരുന്നു പാനൂര്‍ മുസ്‌ലിം യങ്ങ്മെന്‍സ് അസോസിയേഷന്റെ ആവിര്‍ഭാവം.

നേതൃത്വത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി ദാഹിച്ചുകൊണ്ടി രുന്ന ജനത സ്വാഭാവികമായും ഈ പ്രസ്ഥാനത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കി. മറുഭാഗത്ത് ദുഷിച്ചുനാറിയ സാമൂഹ്യവ്യവസ്ഥയുടെ കാവല്‍ഭടന്മാര്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടുമോ എന്ന ആശങ്കയോടെ ഇതിന്റെ വളര്‍ച്ചയെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്ന ഈ പ്രസ്ഥാനം ക്രമത്തില്‍ തങ്ങളുടെ ആധിപത്യം തകര്‍ക്കുമെന്നു മനസ്സിലാക്കിയ ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സംഘടനയുടെ നേരെ വിഷലിപ്തമായ കൂരമ്പുകളെയ്തു തുടങ്ങി. സത്യവിശ്വാസവും ആത്മധൈര്യവും കൈമുതലാക്കിയ യുവപ്രവര്‍ത്തകന്മാര്‍ തടസ്സങ്ങളെ അതിജീവിച്ചുകൊണ്ട് നേട്ടങ്ങളുടെ ഒരു പരമ്പര സൃഷ്ടി ക്കുകതന്നെ ചെയ്തു. ഒരളവോളം അതിന്റെ ഫലമത്രെ പാനൂര്‍ മുസ്‌ലിംകളില്‍ ഇന്നു കാണുന്ന പുരോഗതിയുടെയും പരിവര്‍ത്തനത്തിന്റെയും പുതിയ ചിത്രം.

1963-ല്‍ രൂപീകൃതമായ അസോസിയേഷന്‍ ആദ്യമായി ഇസ്‌ലാമിക ഗ്രന്ഥശാല, സ്റ്റഡി സര്‍ക്കിള്‍, മതപ്രസംഗപരമ്പര തുടങ്ങിയവ സംഘടിപ്പിച്ചു. മുസ്‌ലിം സാമാന്യ ജനങ്ങളെ ഉദ്ബുദ്ധമാക്കുവാന്‍ ശ്രമിച്ചു. 1965 ല്‍ അസോസിയേഷന്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് പാനൂരിന്റെ അടിയന്തിരാവശ്യമായി കണ്ട ഒരു മദ്രസ സ്ഥാപിക്കുക എന്ന ബാദ്ധ്യത സംഘടന ഏറ്റെടുത്തു. ആ കാലഘട്ടത്തില്‍ സംഘടനയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത അല്‍ഹാജ് എസ്.എം. പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പാനൂരിന്റെ അഭിമാനസ്തംഭമായ നജാത്തുല്‍ ഇസ്‌ലാം മദ്രസയുടെ ഇരുനിലക്കെട്ടിടം നിര്‍മിക്കുകയും മദ്രസാപഠനം ആരംഭിക്കുകയും ചെയ്തു. നാനൂറോളം വിദ്യാര്‍ത്ഥികളും പത്ത് അദ്ധ്യാപകരുമുള്ള ആ മഹത് സ്ഥാപനം ഇന്നും സംഘടന തന്നെ നടത്തിപ്പോരുന്നു. കൂടാതെ പാനൂര്‍ അങ്ങാടി പള്ളി ദര്‍സും ഇതിന്റെ കീഴിലത്രേ! അഗതികളുടെയും അശരണരുടെയും ആശാകേന്ദ്രമായി പരിണമിച്ച ഈ പ്രസ്ഥാനം നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിശിഷ്യാ റമദാന്‍ കാലങ്ങളില്‍ സംഘടിപ്പിക്കുകയും കഷ്ടപ്പെടുന്നവരുടെയും മര്‍ദ്ദിതരുടെയും കണ്ണീരൊപ്പുന്ന സേവന സംരംഭങ്ങള്‍ നടത്തുകയും ചെയ്തു. ഏതാണ്ട് അനാഥാവസ്ഥയിലെത്തിയ പാനൂര്‍ ജുമാഅത്ത് പള്ളി ഭരണം ഏറ്റെടുക്കുവാന്‍ കമ്മിറ്റി രൂപീകരണത്തിന് പ്രേരണയും പിന്തുണയും നല്‍കിയ ഈ പ്രസ്ഥാനം ഇപ്പോള്‍ പള്ളി നിര്‍മാണ കാര്യത്തില്‍ കമ്മിറ്റിയുമായി സഹകരിച്ച് മുന്നോട്ടുനീങ്ങുകയാണ്.

മഹത്തായ ഈ യജ്ഞത്തില്‍ നെടുനായകത്വം വഹിച്ചിരുന്ന ജഃ മഹമൂദ് പാനൂരിന്റെ തെരുവീഥിയില്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ദൗത്യം ഏറ്റെടുത്ത സഹപ്രവര്‍ത്തകന്മാര്‍ ആ വീരസ്മരണ നിലനിര്‍ത്തുവാന്‍ ഉചിതമായൊരു സ്മാരക സൗധം പടുത്തുയര്‍ത്തു വാന്‍ തീരുമാനിച്ചു. തല്‍ഫലമായി മാവിലാട്ട് മഹമൂദ് സ്മാരക ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് നിര്‍മിക്കപ്പെട്ടതാണ് പാനൂരിന്റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മാവിലാട്ട് മഹമൂദ് സ്മാരക സൗധം.

യങ്‌മെന്‍സിന്റെ പ്രവര്‍ത്തകരുടെ സേവനത്തിന്റെ ഉത്തുംഗശൃംഗങ്ങളിലേക്കുള്ള ഈ പ്രയാണം സര്‍വശക്തനായ അല്ലാഹു സുഗമമാക്കിത്തരട്ടെ (ആമീന്‍).

N.B.: കെ.എം. കുഞ്ഞമ്മദ് ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അല്ലാഹു സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കുമാറാകട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ.

(ആമീന്‍) -എഡിറ്റര്‍.