ശഹീദ് / ടി.പി കുട്ടിയമ്മു

ശഹീദ്

ടി.പി. കുട്ടിയമ്മു

ഒരു വ്യക്തി പുണ്യമാര്‍ഗ്ഗത്തില്‍ കൂടി ചരിക്കുന്നത് അല്ലാഹുവില്‍ എല്ലാം അര്‍പ്പിച്ച് കൊണ്ട് അവന്റെ പ്രീതിയെ ലാക്കാക്കി നിര്‍വഹിക്കുന്ന സേവനങ്ങളില്‍ കൂടിയാണ്. ഈ മാര്‍ഗ്ഗത്തില്‍ അവന്‍ ചെയ്യുന്ന എല്ലാ പരിശ്രമങ്ങളും ജിഹാദ് തന്നെ. എന്നാല്‍ ത്യാഗഭൂയിഷ്ഠമായ ജീവിതം ജിഹാദിന് ശക്തികൂട്ടുന്നു. അവസാനം സ്വജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ശഹീദ് മഹത്വത്തിന്റെ ഉത്തുംഗശിഖരങ്ങളെ പ്രാപിക്കുന്നു. അയാള്‍ ഇരുലോകത്തിലും വിജയം നേടുന്നു. അങ്ങിനെയുള്ള ശുഹദാക്കളുടെ പ്രയത്‌നഫലമായിട്ടാണ് ഉത്തമ സമുദായം നിലനില്‍ക്കുകയും വളര്‍ന്നു വരികയും ചെയ്യുന്നത്. സമുദായം അവര്‍ക്ക് കടപ്പെട്ടിരിക്കുന്നു. അവരെ നന്ദിപൂര്‍വം സ്മരിക്കുന്നു. ശുഹദാക്കളെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത് നോക്കൂ: “അല്ലയോ വിശ്വാസികളെ! ക്ഷമയെടുത്തു കൊണ്ടുള്ള പരിശ്രമവും പ്രാര്‍ത്ഥനയും മൂലം നിങ്ങള്‍ അല്ലാഹുവിന്റെ സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയുണ്ട്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് ‘മൃതിയടഞ്ഞുപോയവര്‍’ എന്നു നിങ്ങള്‍ പറയരുത്. അല്ല, അവര്‍ ജീവിച്ചിരിക്കുന്നവരത്രെ. പക്ഷെ നിങ്ങള്‍ അറിയുന്നില്ല. ഭയവും വിശപ്പും കൊണ്ടും, ആളുകളിലും മുതലുകളിലും ഫലങ്ങളില്‍ നിന്നുള്ള നഷ്ടം കൊണ്ടും തീര്‍ച്ചയായും നിങ്ങളെ നാം പരീക്ഷിക്കും. എന്നാല്‍ (അത്തരം ഘട്ടങ്ങളില്‍) സഹനം കൈകൊള്ളുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക! അവരാകട്ടെ, ഒരാപത്ത് അവരെ പിടികൂടുമ്പോള്‍ അവര്‍ പറയും: ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; തീര്‍ച്ചയായും അവങ്കലേക്ക് ഞങ്ങള്‍ മടങ്ങുന്നവരുമത്രേ!’ അക്കൂട്ടരുടെ മേല്‍ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും കാരുണ്യവുമുണ്ട്; അവരത്രെ നേര്‍വഴി പ്രാപിച്ചവര്‍!” (വി. ഖു. 2: 1 53 157).

ആദര്‍ശ ധീരത അവരുടെ പ്രമാണം

ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം ആദര്‍ശധീരരായ അനേകം ശുഹദാക്കളെ നമുക്കു കാണാം. ഉദാഹരണമായി ഉഹ്ദ് യുദ്ധത്തിലെ ചില രംഗങ്ങളെയും അവയെപ്പറ്റിയുള്ള അല്ലാഹുവിന്റെ സന്ദര്‍ഭോചിതമായ കല്‍പനകളും എടുത്തുനോക്കാം. ബദ്ര്‍ വിജയത്തിന് ശേഷം മദീനയിലെ മുസ്‌ലിം സമൂഹത്തിന് ശക്തിയും പ്രതാപവും കൂടി വരികയായിരുന്നു. അതോടൊപ്പം അവരോടുള്ള എതിര്‍പ്പിനും ശക്തി കൂടിക്കൊണ്ടേ വന്നു. മദീനയിലും പരിസരങ്ങളിലുമുള്ള ജൂതന്‍മാരും, മുസ്‌ലിംകളുടെ ഇടയില്‍ തന്നെ കടന്നുകൂടിയ കപടവിശ്വാസികളും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. തങ്ങള്‍ക്കുണ്ടായ പരാജയത്തിന് പകരംവീട്ടാന്‍ ഖുറൈഷികള്‍ വമ്പിച്ച പട്ടാളവുമായി മദീനയിലേക്ക് കുതിച്ചു. ഈ സേനയില്‍ ഇരുന്നൂറോളം കുതിരപ്പടയാളികളും, എഴുന്നൂറോളം പടയങ്കി ധരിച്ച കാലാള്‍പ്പടയും, ഇവര്‍ക്കൊക്കെ വീര്യം കൂട്ടുവാന്‍ പാട്ടു പാടിയും മുദ്രാവാക്യം മുഴക്കിയും കൊണ്ടിരുന്ന ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു. കുറെ കുതിരകളും ഇരുന്നൂറില്‍പരം പടയങ്കിധാരികളും ഉള്‍പ്പടെ വെറും എഴുന്നൂറ് പട്ടാളക്കാരുമായി നബി (സ) തിരുമേനി ഇവരെ ഉഹ്ദില്‍ തടുത്തുനിര്‍ത്തി. പുറകില്‍ നിന്നു ആക്രമണം വരാതിരിക്കേണ്ടതിന് അവിടെ ഉണ്ടായിരുന്ന ഒരു മലയിടുക്ക് കാത്തുസൂക്ഷിക്കുവാന്‍ തിരുനബി (സ) അമ്പത് വില്ലാളികളെ നിര്‍ത്തുകയുണ്ടായി. ദ്വന്ദ്വ യുദ്ധം മുസ്‌ലിംകള്‍ക്കനുകൂലമായിരുന്നു. തുടര്‍ന്നു പരക്കെ യുദ്ധമായി. ഹംസ, അലി, അബൂദുജാന മുതലായ വീര ശുഹദാക്കള്‍ കുതിച്ചു കയറി ഇടവും വലവും വെട്ടിയും തടുത്തും ശത്രുക്കളുടെ ഇടയില്‍ ഭീതി സൃഷ്ടിച്ചു. മുസ്‌ലിംകളോട് രക്ഷയില്ലെന്ന് കണ്ട് ശത്രുക്കള്‍ പിന്‍മാറി. തങ്ങള്‍ ജയിച്ചുവെന്നു കരുതി മുസ്‌ലിം പട്ടാളക്കാര്‍ അണികള്‍ വിട്ട് യുദ്ധമുതലുകള്‍ക്കായി പരക്കം പാഞ്ഞു. മലയിടുക്കു കാത്തുനിന്നിരുന്ന വില്ലാളികളും ഇതില്‍ പങ്കുചേരാന്‍ ഒരുമ്പെട്ടു. ആ തഞ്ചം നോക്കി ഖാലിദ് ബിന്‍ വലീദ് തന്റെ പട്ടാളക്കാരെ മുസ്‌ലിം പടയുടെ പിന്നില്‍ ചാടി വന്ന് ആക്രമിച്ചു. എല്ലാം കുഴപ്പമായി മാറിക്കഴിഞ്ഞു. നബി (സ) മരണപ്പെട്ടുപോയി എന്ന കിംവദന്തി പരത്തി വിട്ടു. പക്ഷെ നബി (സ) അചഞ്ചലനായി നിന്നു കൊണ്ട് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയായിരുന്നു. മുസ്‌ലിം പട ചെയ്തു പോയ തെറ്റ് മനസ്സിലാക്കി വീണ്ടും അണി നിരന്നു. നബി (സ) യുടെ നേരെ ചീറിപ്പാഞ്ഞു വരുന്ന അസ്ത്രങ്ങളെ തടുക്കുവാന്‍ തിരുമേനിക്കു ചുറ്റും അവര്‍ ഒരു മനുഷ്യ മതില്‍ തന്നെ ഉണ്ടാക്കി. മുറിവേറ്റ് ആസന്ന മരണവുമായി മല്ലിട്ടുകൊണ്ട് നബി (സ) യുടെ അരികിലെത്തിയ സിയാദ് (റ) തന്റെ തല നബി (സ) യുടെ കാലില്‍ ചായ്ച്ചു വെച്ചു. ഉമ്മു അമ്മാറ (റ) നബി (സ) യുടെ നേരെ വരികയായിരുന്ന ഒരു വെട്ട് തന്റെ ചുമലില്‍ ഏറ്റു വാങ്ങി. അബൂദുജാന (റ) തിരുനബി (സ) യുടെ മുന്നില്‍ നിന്നു കൊണ്ട് അനേകം അസ്ത്രങ്ങള്‍ തന്റെ ശരീരത്തില്‍ സ്വീകരിച്ചു. തല്‍ഹ (റ) കൈകള്‍ കൊണ്ടു പല വെട്ടുകളും തടുത്തു; അവസാനം കൈ നഷ്ടപ്പെട്ടു. ഇസ്‌ലാമിലേക്ക് അടുത്തു വരികയായിരുന്ന സാമിത്ത് (റ) ദീനില്‍ പ്രവേശിക്കുകയും പടവെട്ടി മരിക്കുകയും ചെയ്തു. തിരുമേനിക്ക് തലയിലും മുഖത്തും മുറിവു പറ്റുകയും ഒരു പല്ലുതെറിച്ചുപോവുകയും ചെയ്തു. എഴുപത് മുസ്‌ലിംകള്‍ രക്തസാക്ഷികളായി. നല്‍പത് പേര്‍ക്ക് പരിക്ക് പറ്റി. ഖുറൈശികള്‍ക്ക് നഷ്ടപ്പെട്ടത് മുപ്പത് പേര്‍ മാത്രമായിരുന്നു. എങ്കിലും അവസാന വിജയം മുസ്‌ലീങ്ങളുടേതായിരുന്നു. ആദ്യം വന്നുപോയ തെറ്റ് തിരുത്തി അവര്‍ കാണിച്ച അച്ചടക്കവും, ധൈര്യവും, വിശ്വാസദാര്‍ഢ്യവും ശത്രു സേനയെ നിഷ്‌ക്രിയരാക്കി. അവര്‍ പെട്ടന്ന് പിന്മാറി വിരണ്ടോടുകയും ചെയ്തു. അനുസരണക്കേട്, അച്ചടക്ക രാഹിത്യം, അത്യാഗ്രഹം ഇതെല്ലാം അപകടകരമായ ദോഷങ്ങളാണെന്ന് മുസ്‌ലിംകള്‍ക്ക് ബോധ്യമായി. നബി (സ)യുടെ വിശ്വാസദൃഢത, മനക്കരുത്ത്, ധൈര്യം, സര്‍വോപരി അല്ലാഹുവിലുള്ള വിശ്വാസം ഇതെല്ലാം അവര്‍ക്കു മാതൃക നല്‍കി. ആദര്‍ശത്തില്‍ വിശ്വസിച്ച്, സ്ഥൈര്യമായി, അചഞ്ചലമായി ചുമതലാബോധത്തോടു കൂടി ഒറ്റക്കെട്ടായി നില്‍ക്കുക, നേതൃത്വത്തെ അനുസരിക്കുക. ചെയ്തു പോയ പിഴവുകളെപ്പറ്റി പശ്ചാത്തപിച്ച് അവയില്‍നിന്ന് പിന്മാറുക, അല്ലാഹുവില്‍ സര്‍വസ്വവും അര്‍പ്പിക്കുക, എന്നാല്‍ വിജയം നിശ്ചയം; ഇതെല്ലാം അവര്‍ പഠിച്ചു. ഉഹ്ദ് നല്‍കുന്ന പാഠം അതാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതത്രെ. അല്ലാഹു അക്രമികളെ സ്‌നേഹിക്കുന്നില്ല. അല്ലാഹു കല്‍പ്പിക്കുന്നതു നോക്കൂ: “അല്ലാഹുവിന്റെ അനുമതിയോടെ, നിങ്ങള്‍ അവരെ വധിച്ച സന്ദര്‍ഭം, അല്ലാഹു അവന്റെ വാഗ്ദാനം നിങ്ങള്‍ക്ക് നിറവേറ്റിത്തന്നു. നിങ്ങള്‍ കാമിക്കുന്നതായ (സ്വത്തു) അവന്‍ നിങ്ങളെ കാണിച്ചതിനുശേഷം നിങ്ങള്‍ (മനഃ) ശക്തി കെടുകയും, (നിങ്ങള്‍ക്ക് നല്‍കപ്പെട്ട) കല്‍പനയെ കുറിച്ച് നിങ്ങള്‍ അന്യോന്യം തര്‍ക്കിക്കുകയും, നിങ്ങള്‍ അനുസരണക്കേട് കാട്ടുകയും ചെയ്തത് വരെ; നിങ്ങളില്‍ ഈ ലോകത്തെ ആഗ്രഹിക്കുന്ന ചിലരുണ്ട്. പരലോകത്തെ ആഗ്രഹിക്കുന്ന ചിലരുമുണ്ട്. പിന്നീട് നിങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടി അവരില്‍ നിന്നും നിങ്ങളെ അവന്‍ തിരിച്ചുവിട്ടു. അവന്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും മാപ്പു തന്നു. അല്ലാഹു വിശ്വാസികളോട് ഔദാര്യമുള്ളവനത്രേ” (വി.ഖു. 3: 152). അതുകൊണ്ടു നിങ്ങള്‍ (മനഃ) ശക്തി വിടരുത്. നിങ്ങള്‍ ദുഃഖിക്കുകയും അരുത്; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍, നിങ്ങള്‍തന്നെ മികച്ചുനില്‍ക്കും. നിങ്ങളെ ഒരു മുറിവു ബാധിച്ചെങ്കില്‍, അപ്പോള്‍ അതുപോലെയുള്ള ക്ഷതം അക്കൂട്ടരെയും ബാധിച്ചിട്ടുണ്ട്; (ജയപരാജയങ്ങള്‍ ഇടവിട്ടുവരുന്ന) ഈ ദിവസങ്ങളില്‍ നാം മനുഷ്യരുടെ ഇടയില്‍ മാറ്റിമാറ്റിക്കൊടുക്കുന്നു.  വിശ്വാസികളെ അല്ലാഹു അറിയുന്നതിനും, രക്തസാക്ഷികളെ നിങ്ങളില്‍ നിന്ന് എടുക്കുന്നതിനും വേണ്ടി അല്ലാഹു അക്രമികളെ സ്‌നേഹിക്കുന്നില്ല” (വി.ഖു.3:139 140). “പറയുക: ആധിപത്യത്തിന്റെ രാജാധിരാജനായ അല്ലാഹുവെ! നീ നിശ്ചയിക്കുന്നവരില്‍നിന്നും നീ ആധിപത്യം നല്‍കുന്നു; നീ നിശ്ചയിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തു കളയുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ ഉയര്‍ത്തുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ താഴ്ത്തുന്നു; എല്ലാ നന്മയും നിന്റെ കയ്യില്‍ തന്നെ; നിശ്ചയമായും നീ എല്ലാത്തിനും കഴിവുള്ളവനത്രേ! രാത്രിയെ പകലിലേക്കു നീ കടത്തുന്നു! പകലിനെ രാത്രിയിലേക്കും നീ കടത്തുന്നു! ജീവനുള്ളവയെ നിര്‍ജ്ജീവതയില്‍ നിന്നും നീ പുറപ്പെടുവിക്കുന്നു; നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നീ വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു!” (വി ഖു. 3: 26, 27).