അനശ്വരനായ ഒരു രക്തസാക്ഷി / മാണിക്കോത്ത് യൂസുഫ്

അനശ്വരനായ ഒരു രക്തസാക്ഷി

മാണിക്കോത്ത് യൂസുഫ്

മാവിലാട്ട് മഹമൂദിന്റെ സ്മാരകഗ്രന്ഥം, അതില്‍ ഒരു അനുസ്മരണക്കുറിപ്പെഴുതുക. ജീവിതത്തില്‍ ഒരിക്കല്‍പോലും ഞാന്‍ കരുതിയിരുന്നില്ല. മഹമൂദിന്റെ വിയോഗം ഒരു വീരപുത്രനെ പാനൂരിനു നഷ്ടപ്പെടുത്തി; മുസ്‌ലിം ലീഗിന് ഒരു സന്നദ്ധ ഭടനേയും, എനിക്കെന്റെ അനുജനെയും, ഒരിക്കലും നികത്താനാവാത്ത നഷ്ടം. വസന്തവും ശിശിരവും മാറി മാറി കടന്നു പോയെങ്കിലും വേദനാപൂര്‍ണ്ണമായ ആ സംഭവം ഇന്നുമെന്റെ കണ്‍മുമ്പില്‍ തെളിയുന്നു. കണ്ണുനീരിന്നും വറ്റിയിട്ടില്ല. മനസ്സിലെ മുറിവുണങ്ങിയിട്ടില്ല. കാലത്തിന്റെ കരുത്തുറ്റ കരങ്ങള്‍ക്ക് വിസ്തൃതിയുടെ ശൂന്യതയിലേക്ക് തള്ളാന്‍ കഴിയാത്ത വിധത്തില്‍ ആ നാമം എന്നെന്നും സ്മരിക്കപ്പെടും! പാനൂരിന്റെ രക്തത്തില്‍, മാംസത്തില്‍, മജ്ജയില്‍ വിഷാദജന്യമായ ആ സംഭവം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇന്ത്യയില്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ (അവിഭക്ത) വര്‍ക്കിങ്ങ് കമ്മിറ്റി ബോംബെയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭം, പെട്ടെന്നാണ് ആ സന്ദേശം ബോംബെയില്‍ എത്തിയത്. തലശ്ശേരിയിലിരുന്നു കൊണ്ട് ജഃ സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബ് ആ വാര്‍ത്ത ഇന്ത്യയിലെ നാനാഭാഗങ്ങളിലുമെത്തിക്കുകയായിരുന്നു. മാവിലാട്ട് മഹമൂദ് കൊല്ലപ്പെട്ടു. കേട്ടവര്‍ കേട്ടവര്‍ ഞെട്ടിപ്പോയി, പൊട്ടിക്കരഞ്ഞുപോയി. ആ സന്ദേശം അവിശ്വസിക്കാനോ നിഷേധിക്കാനോ നിര്‍വാഹമുണ്ടായിരുന്നില്ല. കാരണം സന്ദേശം കേയിസാഹിബിന്റേതായിരുന്നു. അന്ന് കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെ 60-ാം വയസ്സില്‍ പി. ആര്‍. കുറുപ്പ് പരിണയിച്ചതോടെ, പാനൂരിന്റെ നിത്യശാപമായ അക്രമ രാഷ്ട്രീയത്തിന് ഒരറുതി വരുമെന്ന് സാധാരണ ജനത കരുതി. പില്‍ക്കാല സംഭവങ്ങള്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

പാനൂരിലെ പ്രസിദ്ധമായ ജുമാഅത്ത് പള്ളിത്തര്‍ക്കത്തോടെയാണ് പൊതുവേദിയില്‍ മര്‍ഹൂം മഹമൂദ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രലോഭനങ്ങളും പ്രകോപനങ്ങളും പത്തി വിടര്‍ത്തിയാടിയെങ്കിലും മഹമൂദ് പതറിയില്ലെന്ന് മാത്രമല്ല ചഞ്ചല മനസ്‌ക്കരായ ആളുകളെക്കൂടി തന്റെ അനിതരസാധാരണമായ സംഘാടകവൈഭവം വഴി നീതിക്കു പിന്നില്‍ അണി നിരത്തി. ക്രമേണ ആ യുവാവ് സജീവരാഷ്ട്രീയത്തിലേക്കിറങ്ങി. പാനൂര്‍ ജനത ഹര്‍ഷപുളകങ്ങളോടെ ആ യുവാവിന്റെ ധീരപ്രവര്‍ത്തനങ്ങളെ വീക്ഷിച്ചു. ഒരു ജനതയുടെ മഹത്തായ പ്രയാണത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട പലതും നഷ്ടപ്പെട്ടെന്നു വരും, ത്യജിക്കേണ്ടി വരികയും ചെയ്യും. പക്ഷെ ആ നഷ്ടവും ത്യാഗവും ഒരിക്കലും വൃഥാവിലാവുകയില്ല.