പാനൂരില്‍ ആകാശം തെളിയുന്നു / വി.കെ.അച്യുതന്‍

പാനൂരില്‍ ആകാശം തെളിയുന്നു

വി.കെ. അച്യുതന്‍

ജനാബ് മാവിലാട്ട് മഹമൂദിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ആ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വ്യക്തമായ ഒരു ചിത്രമുണ്ടാകുന്നത് പൂര്‍ണ്ണമായും സംഗതമാവുകയല്ലേയുള്ളൂ. എന്നാല്‍ ആ പ്രദേശത്തിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം വരക്കാന്‍ ഇവിടെയുദ്ദേശമില്ല. അങ്ങിനെ വരുമ്പോള്‍ ഈ ലേഖനം എത്രയോ നീണ്ടുപോകുമെന്നറിയാം. ഇവിടെ ഏതാനും വരയും കുറിയും മാത്രമിടാം.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ 139-ലുമില്ലാത്ത ഒരു പ്രത്യേക പരിസ്ഥിതി നിലനില്‍ക്കുന്ന പ്രദേശമാണ് പെരിങ്ങളം. അഥവാ അതിന്റെ കേന്ദ്രബിന്ദുവായ പാനൂര്‍. കേരളനിയമസഭയ്ക്കകത്തും പുറത്തും ഈ പ്രദേശം പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഒരു വേള ഇന്ത്യന്‍ പാര്‍ലമെന്റില്‍പോലും ഈ അസ്വസ്ഥ ബാധിത പ്രദേശത്തിന്റെ അലകള്‍ ചെന്നെത്തുകയുണ്ടായി. നിയമപരിപാലനോദ്യോഗസ്ഥന്മാരുടെ മുമ്പില്‍ നിരവധി വര്‍ഷമായി ഈ പ്രദേശം ചോദ്യചിഹ്നമായിരുന്നു.

എന്താണിതിനു കാരണം?

നീണ്ട മൂന്ന് ദശവര്‍ഷക്കാലമായി ഭീകരതയുടെ കഥകള്‍ കേള്‍ക്കുകയും, അനുഭവിക്കുകയും ചെയ്ത ജനങ്ങളാണിവിടെയുള്ളവരില്‍ ഭൂരിഭാഗവും. അവിടെ സംഘട്ടനങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു. കവര്‍ച്ചകളും കയ്യേറ്റങ്ങളും അപൂര്‍വമായിരുന്നില്ല. പുരയും പുരയിടവും നശിപ്പിക്കുന്നത് അവിടെ ഒരു കൂട്ടര്‍ വെറും വിനോദമായി കരുതി. ചിലപ്പോള്‍ ഇവയെല്ലാം വളര്‍ന്നു വലുതായി കൊലപാതകങ്ങള്‍ വരെയെത്തി. ഇവയ്‌ക്കെല്ലാം രാഷ്ട്രീയമായ നിറവും ഗന്ധവും നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. പക്ഷെ രാഷ്ട്രീയം ഇവിടെ വെറുമൊരു മറയോ പൊയ് മുഖമോ മാത്രമായിരുന്നു. സമൂഹത്തിന്റെ അനുക്രമമായ വളര്‍ച്ചയില്‍ തളര്‍ന്നു വീണ പഴയ നാടുവാഴിത്വത്തിന്റെ പുതിയ പ്രതിഷ്ഠയ്ക്കുള്ള സമര്‍ത്ഥവും ഗൂഢവുമായ ശ്രമങ്ങളായിരുന്നു ഇവിടെ നടന്നതെല്ലാം. അവിടെ നടന്ന നിരന്തരമായ അക്രമങ്ങളും, ഒരു വിഭാഗം ജനങ്ങളില്‍ കെട്ടിനിര്‍ത്തിയ സ്ഥായിയായ വിദ്വേഷവും, നാം അവിടെ കണ്ട കുരുതിക്കളങ്ങളുമെല്ലാം ഈ ശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു. ഇതിന്റെ ഫലമായി വ്യക്തി നാട്ടിന്റെ ചെങ്കോലില്ലാത്ത രാജാവായി. വ്യക്തി പൂജ വളര്‍ന്നു. വ്യക്തി വളര്‍ത്തിയെടുത്ത രാഷ്ട്രീയപ്രവര്‍ത്തകരാകട്ടെ വെറും അടിമകളുമായി. അവരുടെ സ്വതന്ത്രമായ ചിന്താധാരകള്‍ ചിറകെട്ടി നിര്‍ത്തപ്പെട്ടു. അവര്‍ അടിമകളുടെ മാര്‍ഗ്ഗത്തില്‍ മാത്രം ചിന്തിച്ചു. നേതാവ് ഏകാധിപതിയും, അമരനുമായി. സ്വതന്ത്രമായി ചിന്തിച്ചവരാകട്ടെ, ചങ്ങല പൊട്ടിച്ച് പുറത്തു ചാടുകയും ചെയ്തു.

ഇവിടെ പ്രസ്താവിച്ചത് പാനൂരിലെ കഴിഞ്ഞകാലത്തെ പ്രത്യേകതയാണ്. ഇന്നലെയുടെ കഥ. ഇന്ന് ആ ചിത്രത്തില്‍ ഒരളവോളം മാറ്റം വന്നിട്ടുണ്ടെന്ന് വേണം പറയാന്‍. നേതാവിന്റെ കയ്യിലെ നിയന്ത്രണത്തിന്റെ കയര്‍ ക്രമേണ അയഞ്ഞുവരുന്നതിന്റെ സൂചനകള്‍ ഇന്നിവിടെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. വസ്തുതകളെ സത്യസന്ധമായി വിലയിരുത്താനുള്ള ആവേശം ഇന്നു പല കോണുകളിലും തെളിഞ്ഞു വന്നിട്ടുണ്ട്.

ഇന്നവിടെ സ്ഥിതി മറ്റൊരു വിധത്തില്‍ രൂപം പ്രാപിച്ചുവരുന്നതിന്റെ സൂചനയാണ് കാണുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം നേതാവിന്റെ പിന്നാലെ പശുവിന്റെ കഴുത്തിലെ കയര്‍പോലെ ഇഴഞ്ഞ അനുയായികളില്‍ പലരും സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പോകുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ അവിടെ നിരവധിയുണ്ട്.

പാനൂരിലെ ആകാശം ക്രമേണ തെളിയുകയാണ്. പഴയ ഭീകരത ഇവിടെ തളംകെട്ടി നില്‍ക്കുന്നില്ല. അതു നാളെയൊരു കടംകഥയായേക്കാം. ഇന്നവിടെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്.  പ്രചരണ സ്വാതന്ത്ര്യമുണ്ട്. അങ്ങനെയുള്ള സകലമാന സ്വാതന്ത്ര്യങ്ങളുണ്ട്. എല്ലാവരും ഇന്നവിടെ സ്വതന്ത്രരാണ്.

ഈ സ്വാതന്ത്ര്യം നാമെങ്ങനെ കൈവരിച്ചു?

ഈ സംസ്ഥാനം മാറിമാറി ഭരിച്ച ഏതെങ്കിലുമൊരു ഗവണ്‍മെന്റ് കനിഞ്ഞേകിയ സ്വാതന്ത്ര്യമല്ല അത്. ആരും ഇഷ്ടദാനം നല്‍കിയതുമല്ല, നിയമപരിപാലകരുടെ നിഷ്പക്ഷമായ നീതിബോധം കൊണ്ട് വന്നുചേര്‍ന്നതുമല്ല.

പിന്നെ എങ്ങനെ ഈ ചങ്ങലകള്‍ പൊട്ടി?

നിരവധി വര്‍ഷങ്ങളായി മര്‍ദ്ദിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത സമൂഹത്തിന്റെ നിരന്തരമായ സമരത്തിന്റെ ഫലമായാണ് ഈ ചങ്ങലകള്‍ പൊട്ടിയത്. അവരുടെ സഹനസമരങ്ങളുടെയും, ത്യാഗങ്ങളുടെയും കഥകള്‍ വരും തലമുറയ്ക്ക് ആവേശം നല്‍കാനുതകുന്നതാണെന്നതില്‍ പക്ഷാന്തരമില്ല. ഈ മാറ്റത്തിന് അവര്‍ നല്‍കിയ വില ചെറുതൊന്നുമല്ല.

പലരുമിവിടെ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് ജഃ മാവിലാട്ട് മഹമൂദ്. പക്ഷെ മഹമൂദിന്റെ മരണം ജനങ്ങളില്‍ കൂടുതല്‍ ആഘാതമേല്‍പിച്ചു. അവരെ കൂടുതല്‍ അസ്വസ്ഥരാക്കി. അവരുടെ വികാരത്തിനു തീപിടിച്ചു. മോചനത്തിനു വേണ്ടിയുള്ള പാനൂരിലെ ജനങ്ങളുടെ ദാഹം ഗുരുതരമായി. ഇന്ന് ആ പ്രദേശം നാടുവാഴിത്തത്തിന്റെ പിടിയില്‍നിന്നു മോചിക്കപ്പെട്ടിരിക്കുന്നു! അവിടെ മര്‍ദ്ദിക്കപ്പെട്ട ജനത ഇന്നൊരു ആശ്വാസത്തിന്റെ തീരം പ്രാപിച്ചിരിക്കുന്നു.

ഇവിടെ അവര്‍ പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു വസ്തുതയുണ്ട്. നിരന്തരവും സുസംഘടിതവുമായ സമരങ്ങളിലൂടെയാണ് അവര്‍ക്ക് തങ്ങളുടെ ശത്രുവിനെ അല്‍പമൊന്നൊതുക്കിയിരുത്താന്‍ കഴിഞ്ഞത്. എന്നാല്‍ അവരുടെ ഐക്യവും സമരവും അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. സമരം ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് അലസത അവലംബിക്കുന്നതപകടമാണ്. പഴയ ആമയുടെയും മുയലിന്റെയും കഥ ഇവിടെയൊരു പാഠമായിരിക്കണം. വിശ്രമം ലക്ഷ്യത്തിലെത്തിയിട്ട് മാത്രം. വഴിയില്‍ അലസനായി കിടന്നാല്‍ ശത്രു സമീപത്തുകൂടി വീണ്ടും ഇഴഞ്ഞുകയറിയെന്നുവരും. ആ കാര്യം അവിടെയുള്ള ഓരോ പൗരനും ഓര്‍മിക്കേണ്ടതാണ്. നിരന്തരമായ ജാഗ്രതയാണല്ലോ പടക്കളത്തിലുള്ള ഓരോ സേനാനിയുടെയും പോര്‍ച്ചട്ട. അതിവിടെ വേണം, നിരന്തരമായ ജാഗ്രത.