കാല്‍ചങ്ങലകള്‍ തകര്‍ക്കുക
സി. എച്ച്. കുഞ്ഞമ്മദ്, കടവത്തൂര്‍
നമ്മുടെ പ്രിയങ്കരനായ മാവിലാട്ട് മഹമൂദ് രക്തസാക്ഷിയായിട്ട് നാലു വര്‍ഷം (1978ല്‍) പൂര്‍ത്തിയാവുകയാണ്. പാനൂരിന്റെ മണ്ണ് ധീരരായ നിരവധി രക്തസാക്ഷികളുടെ ചുടുനിണംകൊണ്ട് ചെഞ്ചായമണിഞ്ഞതാണ്. ഈ മണ്ണിന് പറയാനുള്ളത്, അക്രമത്തിന്റെയും അനീതിയുടേയും മര്‍ദ്ദനത്തിന്റെയും കയ്യേറ്റത്തിന്റെയും നിര്‍ബന്ധ വിവാഹമോചനങ്ങളുടെയും, രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്റെയും കാല്‍നൂറ്റാണ്ട് കാലത്തെ കഥയാണ്. രക്തദാഹികളായ ഒരുപിടി രാഷ്ട്രീയകോമരങ്ങളുടെ നഗ്നതാണ്ഡവത്തിന്റെ കഥ! ഇവിടെ കൊടികുത്തിവാണ രാഷ്ട്രീയ മേലാളന്മാരുടെ തേര്‍വാഴ്ചയ്ക്കെതിരെ ശബ്ദിച്ചവര്ക്കനുഭവിക്കേണ്ടി വന്ന കദനത്തിന്റെ കഥ! മനുഷ്യരുടെ മരവിക്കാത്ത മനഃസാക്ഷിയെ ഉണര്‍ത്തുന്ന കണ്ണീരിന്റെ കഥ! അശരണരും ആലംബഹീനരുമായ ആയിരങ്ങളുടെ നെടുവീര്‍പ്പിന്റെ കഥ! മാനം നശിച്ചവരുടെയും ശരീരം ചതഞ്ഞവരുടെയും സ്വത്ത് നശിച്ചവരുടെയും വേദനിപ്പിക്കുന്ന കഥ!
ഈ ഘട്ടത്തില്‍ ഞാന്‍ ആലോചിക്കുകയാണ്. എനിക്കോര്‍മ വെച്ച കാലം മുതല്‍ ഇവിടെ എന്തൊക്കെ നടന്നു? സംഭവിക്കാന്‍ പാടില്ലാത്തത് എന്തൊക്കെ സംഭവിച്ചു?
1947-ല്‍ ഭാരതം സ്വതന്ത്രമായി. എങ്ങും ആനന്ദം അലയടിച്ചു. രണ്ടു നൂറ്റാണ്ടു കാലത്തെ വിദേശാധിപത്യത്തില്‍നിന്ന് മോചിതമായതിന്റെ ആനന്ദം! എന്നാല്‍ ഏതാണ്ട് അക്കാലത്ത് തന്നെ പാനൂര്‍ പ്രദേശത്ത് പുതിയൊരു ആധിപത്യത്തിന്റെ രംഗപ്രവേശത്തിന്റെ തിരനോട്ടം നടക്കുകയായിരുന്നു. രാഷ്ട്രീയ പരിവേഷമണിഞ്ഞ പുതിയൊരു മേധാവിത്വം അവിടെ രൂപം കൊടുക്കുകയാണെന്ന് അധികമാരും അന്നു മനസ്സിലാക്കി കാണുകയില്ല. പക്ഷെ സംഭവിച്ചത് അതായിരുന്നു. കാലക്രമത്തില്‍ ഇവിടുത്തെ ജനങ്ങളെ ഒന്നടങ്കം ഒരേകാധിപതിക്ക് തന്റെ കുടിലമായ സ്വാര്ത്ഥത്തിന് വേണ്ടി വളരെ സമര്‍ത്ഥമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു നേതാവും കുറേ അനുയായികളും. നേതാവിന്റെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ഒരു വര്‍ഗ്ഗം അവിടെ വാര്‍ത്തെടുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ സ്വാര്‍ത്ഥത്തിന്റെ കണികപോലും ദര്‍ശിക്കാന്‍ അന്ന് പലര്‍ക്കും കഴിഞ്ഞില്ല. പക്ഷെ രംഗം പാകമായെന്ന് ക്രമേണ ഇയാള്‍ക്ക് മനസ്സിലായി. അതോടെ തന്റെ കുടിലമായ സ്വാര്‍ത്ഥത പുറത്തു കാണിക്കാന്‍ തുടങ്ങി. തന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന പ്രവണത എവിടെക്കണ്ടാലും തകര്‍ക്കാനുള്ള ആവേശം അനുയായികളില്‍ കത്തിച്ചുവെച്ചു. ഒരുപറ്റം കുടിലമാനസരായ സന്തതസഹചാരികള്‍ നേതാവിനു ചുറ്റും വട്ടമിട്ടുനിന്നു. തങ്ങള്‍ക്കെതിരായ എല്ലാറ്റിനെയും വേരോടെ പിഴുതെറിയാനുള്ള ദുഷിച്ച പ്രവണത അനുയായികളില്‍ അക്രമത്തിന് വഴിതെളിയിച്ചു. എങ്ങും അക്രമത്തിന്റെ തേരോട്ടം തുടങ്ങി. പലരും നേതാവിന് കീഴടങ്ങി. ചിലര്‍ സ്വാര്‍ത്ഥത്തിനും സ്വന്തം നിലനില്പിനും വേണ്ടി നേതാവിനെ തുണച്ചു. പണപ്പിരിവുകള്‍! നിര്‍ബന്ധമായ പിരിവുകള്‍! തൊട്ടതിനും തൊടുന്നതിനും പണം. ജോലിചെയ്യാതെ ജീവിക്കാന്‍ പഠിച്ച കുറെ ചെറുപ്പക്കാര്‍ എന്തു വൃത്തികേടും കാണിക്കാനുള്ള ഇരുമ്പുമറയായി രാഷ്ട്രീയത്തെ ഉപയോഗിച്ചു. നേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ മനസ്സാക്ഷിയുള്ള ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ദുഷ്ചെയ്തികള്‍ മണ്ഡലത്തിന്റെ നാനാഭാഗങ്ങളിലും നടമാടി. തന്നെക്കാള്‍ വലുത് ആരുമില്ലെന്ന നേതാവിന്റെ ഭാവം പ്രാവര്‍ത്തികമാക്കാനുള്ള അനുയായികളുടെ വ്യഗ്രതയില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെട്ടു! പഴയ കുടുംബമേധാവിത്വം പുതിയ രൂപം പൂണ്ടു. ലോകത്ത് ഒരു സമൂഹത്തിനും നേരിടേണ്ടിവരാത്ത ദുരന്തം! ഈ ദുരന്ത നാടകത്തിന് സാമ്പത്തികസഹായം നല്‍കാനുള്ള ഉത്തരവാദിത്തം മുസ്ലിം പ്രമാണിമാര്‍ ഏറ്റെടുത്തു. സാഡിസ്റ്റുകളായ ആ മനുഷ്യകോമരങ്ങളുടെ പണപ്പെട്ടികള്‍ ആ നേതാവിന്റെ മുന്നില്‍ തുറന്നുകൊടുത്തു. അവരുടെ പണക്കൊഴുപ്പ് നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊക്ക് കൂട്ടി. പണം നല്കാന് മടിച്ച മനഃസാക്ഷിയുള്ള മനുഷ്യര്‍ തകര്‍ക്കപ്പെട്ടു. അങ്ങനെ തകര്‍ക്കപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദൈന്യതയാര്‍ന്ന ചരിത്രം ഇന്നും നമ്മുടെ നാടിന് പറയാനുണ്ട്.
ഇന്ത്യാ രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയസംഭവവികാസങ്ങള്‍ നമ്മുടെ പ്രദേശത്തെ സംബന്ധിച്ചിടത്തോളം അജ്ഞാതമായിരുന്നു. സോഷ്യലിസ്റ്റ് ആചാര്യനും ആധുനിക ഇന്ത്യയുടെ വഴികാട്ടിയുമായ ഡോഃ രാം മനോഹര്ലോഹ്യ തന്റെ പാര്‍ട്ടി പ്രചരണത്തിന് വേണ്ടി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കവെ നമ്മുടെ നാട്ടിലും എത്തി. പക്ഷെ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം പോലും നമ്മുടെ നാട്ടിലെ ഏകാധിപതിയും അനുയായികളും ആ നേതാവിന് നല്‍കിയില്ല. പകരം ആ സ്വാതന്ത്ര്യസമര സേനാനി കൂക്കിവിളിക്കപ്പെട്ടു. നോക്കണം ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവിന്ന് നമ്മുടെ നാട്ടിലുണ്ടായ അനുഭവം! അദ്ദേഹത്തിന്റെ കാര്‍ ഉരുളന്‍ കല്ലുകളും മരത്തടികളുമിട്ട് തടയപ്പെട്ടു. ഇത് നേതാവിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒരു സാമ്പിള്‍ മാത്രമായിരുന്നു. തനിക്ക് അവിഹിതന്മാരായ ആരും തന്റെ നാട്ടില്‍ പ്രവേശിച്ചുകൂടാ!
കുപ്രസിദ്ധമായ എടവത്ത് കണ്ടി സംഭവം നമ്മുടെ നാട്ടില്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണല്ലോ. പ്രായാധിക്യം കൊണ്ട് നടക്കാന്‍പോലും കഴിയാത്ത മൊയ്തീന്‍ഹാജി സാഹിബിനെ ഒരു കൂട്ടം ഗുണ്ടകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചവശനാക്കി. വീട്ടിലെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റിന് ചവിട്ടി! പൊതിരെ തല്ലി. കാട്ടാളത്തത്തിന്റെ അഴിഞ്ഞാട്ടം! പക്ഷെ ഇതുകൊണ്ടും ഇവിടുത്തെ മുസ്ലിം സമുദായം കണ്ണുതുറന്നില്ല. നെറികെട്ട ആക്രമണത്തിന് മൂകസാക്ഷികളായി നിന്നു. ചിലര്‍ പിന്തുണകൊടുത്തു. ഹാജിസാഹിബിന്റെ ആത്മാവ് ഇന്നും പ്രതികാരത്തിന് വേണ്ടി ദാഹിക്കുന്നുണ്ടാകും.
ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യനായ നേതാവ് ജഃ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍ നമ്മുടെ പ്രദേശത്തെ കൊടും ക്രൂരതകളെപ്പറ്റി മനസ്സിലാക്കി. തന്റെ സമുദായം അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ടറിയുന്നതിനായി ഈ പ്രദേശത്ത് ഒരു പര്യടനം നടത്താന്‍ തീരുമാനിച്ചു. അങ്ങിനെ ഇവിടെയെത്തിയ മര്‍ഹൂം തങ്ങള്‍ക്ക് എവിടെയും നിസ്സഹായരായ മുസ്ലിംകളെയാണ് കാണാന്‍ കഴിഞ്ഞത്. പലരും ഭീതിമൂലം തങ്ങളുമായി ബന്ധപ്പെടാന്‍ പോലും ധൈര്യപ്പെട്ടില്ല. പക്ഷെ ത്യാഗത്തിന്റെ തീച്ചൂളയില്‍ മുളച്ച ഇവിടുത്തെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ജഃ തങ്ങളവര്‍കളെ അനുഗമിച്ചു. പല സ്ഥലത്തും ഇന്ത്യന്‍ മുസ്ലിംകളുടെ സര്‍വസ്വവുമായിരുന്ന ജഃ ബാഫഖി തങ്ങള്‍ക്ക് പ്രസംഗിക്കാനുള്ള ഇടം പോലും കിട്ടിയില്ല. പക്ഷെ തങ്ങളുടെ പരിപാടി എല്ലായിടത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വിജയിപ്പിക്കുക തന്നെ ചെയ്തു. മുസ്ലിംകളുടെ സ്ഥലം മുസ്ലിം നേതാവിനെതിരായി നിരോധിക്കപ്പെട്ടു. അതു കണ്ടിട്ടും ഇവിടുത്തെ മനസാക്ഷി മരവിച്ച മുസല്മാന് കണ്ണുതുറക്കാന്‍ കഴിഞ്ഞില്ല. അവര്‍ നേതാവിന് പിന്നില്‍ ശിങ്കിടി പാടി. പ്രതികാരത്തിന്റെ തീജ്ജ്വാലകള്‍ ആളിപ്പടരേണ്ടിടത്ത് വിധേയത്വവും അടിമത്വവുമായിരുന്നു പ്രകടമായിരുന്നത്. പിന്നെ എന്തിന് നേതാവ് പിന്നോട്ടു പോകണം? “അക്രമപ്രവര്‍ത്തനങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് നേരിടേണ്ടിടത്ത് ഭീരുക്കളായി അവയ്ക്ക് അരുനിന്ന് സ്വയം നാശത്തിന്റെ ശവക്കുഴി തോണ്ടി. അതിന്റെ അനന്തരഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്ന” ജനാബ് തങ്ങളുടെ ദൂരക്കാഴ്ച്ചയുള്ള കണ്ണുകള്‍ അന്നവരെ ഓര്മിപ്പിച്ചുവെന്നതിവിടെ പ്രസ്താവ്യമാണ്.
അങ്ങനെ സംഭ്രമജനകമായ ഒരു കാലഘട്ടം നാം പിന്നിട്ടു. പാനൂരിന്റെ വിരിമാറില്‍ മൃഗീയതയ്ക്കെതിരെ ഒരു യുവാവ് വളര്‍ന്നു വരുന്നുണ്ടായിരുന്നു. നേതാവിന്റെ സന്തതസഹചാരിയായിരുന്ന ജഃചാലില് ഹസ്സന് സാഹിബിന്റെ സീമന്തപുത്രന്! ജഃ മാവിലാട്ട് മഹമൂദ്! ആ യുവചേതന നേതാവിന്നൊരു ഭീഷണിയാണെന്ന് നേതാവും അനുയായികളും കണ്ടു. വളര്‍ന്നുവരുന്ന മുസ്ലിം തലമുറ അക്രമരാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുവാന്‍ തുടങ്ങുന്നതിന്റെ സൂചനയായിരുന്നു മഹമൂദില്‍ അവര്‍ ദര്‍ശിച്ചത്. ഇതനുവദിച്ചുകൂടെന്ന് നേതാവ് ആക്രോശിച്ചു! പാനൂരില്‍ തനിക്കെതിരെ ഒരു പയ്യന് സംസാരിക്കുകയോ? ഒരു ഘാതകന് വിലക്കെടുക്കപ്പെട്ടു. ജനാബ് മഹമൂദിന്റെ ചൂടു രക്തം പാനൂരിലെ മണല്‍ത്തരികളില്‍ വീണു. മഹമൂദ് വധിക്കപ്പെട്ടു. പാനൂരില്‍ യുവചൈതന്യത്തിന്റെ പ്രതീകം നഷ്ടപ്പെട്ടു. ഒരു കുടുംബം അനാഥമായി, മഹമൂദിന്റെ പിഞ്ചോമനകള്‍ യതീമുകളായി. അവരുടെ നിത്യദുഃഖത്തില്‍ നാമും പങ്കാളികളാവുക! ഇവിടെ നാം ചെയ്യേണ്ട ഒരു പ്രതിജ്ഞയുണ്ട്. അക്രമകൂടാരം തകര്‍ക്കുക! അവ ഇനി ഈ മണ്ണിലുയരരുത്!
നാടുവാഴിത്തത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കപ്പെടുന്നതുവരെ നമുക്ക് വിശ്രമിച്ചുകൂടാ. നാം വിജയത്തിന്റെ പാതയില്‍ ലക്ഷ്യത്തിന്റെ ഏതാണ്ടടുത്തെത്തിയിരിക്കുന്നു! ഏതാണ്ടടുത്ത്!