ആ രക്തസാക്ഷിയുടെ ധീരമായ വാക്കുകള്‍ എന്റെ ഓര്‍മകളില്‍
സെയ്തു മുഹമ്മദ് നിസാമി, ബേപ്പൂര്‍
വിസ്മരിക്കപ്പെടാവുന്ന സേവനത്തിന്റെ പാഴ്ഭൂമിയില്‍ എക്കാലവും കാണാവുന്ന സ്മാരകങ്ങളാണ് രക്തസാക്ഷികള്‍. കാലത്തിന്റെ കറക്കത്തില്‍ കാലിടറി വീഴുന്ന സ്തംഭങ്ങളല്ല അതിനുള്ളത്. വരും തലമുറക്ക് ആവേശത്തിന്റെ ആര്‍ജ്ജവകേന്ദ്രങ്ങളാണത്. വിട്ടേച്ചു പോയ ഉന്നതമൂല്യങ്ങളാണ് ആ ചുടുനിണം പൊഴിഞ്ഞ രണഭൂമിയില്‍ നിന്നും ഒപ്പിയെടുക്കേണ്ടത്. ബാഷ്പകണങ്ങള്‍ വറ്റും. അപദാനങ്ങളുടെ നീണ്ട പ്രബന്ധങ്ങള്‍ ഒരാവര്‍ത്തി കടക്കുമ്പോള്‍ അലോസരമുണ്ടാക്കും. നിലവിളികളുടെ ബഹളം അന്തരീക്ഷം ഒപ്പിയെടുക്കും. കദനത്തിന്റെ കണ്ണും കരളും അതു മറക്കാന്‍ ശ്രമിക്കും. മരണം തട്ടിയെടുത്ത ഒരായിരം ഹതഭാഗ്യരുടെ കഥയാണിത്. എന്നാല്‍ കാട്ടുതീപോലെ വാര്‍ത്ത പിടിച്ചുപറ്റിയ എന്റെ സുഹൃത്തിന്റെ രക്തസാക്ഷിത്വമോ? ഇല്ല, കെട്ടടങ്ങിയ അഗ്‌നിപര്‍വതത്തിന്റെ താഴ്‌വരയിലേക്കാണ് ഞാനിപ്പോള്‍ നോക്കുന്നത്. ജഃ മഹമൂദ്! താങ്കള്‍ അമരനായി ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു.
1971 ല്‍ പാനൂരിലെ കൈവേലിക്കലില്‍ വെച്ചാണ് ഞാന്‍ മഹമൂദിനെ പരിചയപ്പെടുന്നത്. “ഡോഃ മുഹമ്മദ് ഇഖ്ബാല്‍ നഗറി” ല്‍ സംഘടിപ്പിച്ച മതപ്രസംഗത്തിനു വന്നതായിരുന്നു. ആഥിത്യമരുളാന്‍ മാന്യതയോടെ മഹമൂദ് മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ ഭാര്യാഗൃഹമായ ‘മുബാറക് മന്‍സിലി’ല്‍ ഒരാഴ്ച്ച ഞാന്‍ പരേതനോടൊന്നിച്ചു താമസിച്ചു.
സോഷ്യലിസത്തിന്റെ തുറുപ്പുശീട്ട് ഇംഗ്ലീഷ് അക്ഷരത്തില്‍ പൊതിഞ്ഞൊരു പാര്‍ട്ടിയുടെ ശക്തമായ പിടുത്തത്തില്‍ നിന്ന് യുവലോകത്തെ വിമുക്തമാക്കാനുള്ള തീവ്രയത്‌നത്തിന്റെ തുടക്കമായിരുന്നു ആ പ്രസംഗപരിപാടി. ഡോഃ മുഹമ്മദ് ഇഖ്ബാല്‍ എന്നു നഗറിനു നാമകരണം ചെയ്തത് തന്നെ വലിയൊരു വിപ്ലവത്തിന്റെ നാന്ദിയായിരുന്നു. ആറിത്തണുത്ത ഇസ്‌ലാമികബോധത്തെ സര്‍ഗ്ഗശക്തിയിലൂടെ കര്‍മലോകത്തേക്ക് കൊണ്ടുവരാന്‍ ശക്തമായ ആഹ്വാനം നല്‍കിയ കവികോകിലമാണല്ലോ ഇഖ്ബാല്‍.
ഇസ്‌ലാമല്ലാത്ത ഒന്നിനേയും ഒന്നായി കാണാത്ത ഒരു കവി പുംഗവന്റെ അനശ്വര നാമം പതിച്ച ഒരു ബാനറിന്റെ ചുവട്ടിലിരുന്ന് എന്റെ പ്രസംഗം ശ്രവിച്ച മഹമൂദ് മാവിലാട്ട് ഇന്നുമെന്റെ മനസ്സില്‍ ജീവിക്കുന്നു. ഞാന്‍ മാത്രമല്ല, ഒരായിരമായിരം യുവഹൃദയങ്ങളില്‍ ആ കര്‍മധീരന്‍ ജീവിക്കുന്നുണ്ടാവും, അനശ്വരനായി. ആ ബാനറില്‍ പതിച്ച മഹാകവിയുടെ അപരനാമധേയത്തില്‍ ആവേശം നുകര്‍ന്നുകൊണ്ട്.
എന്റെ സുഹൃത്തും പതറാത്ത ആദര്‍ശവാദിയുമായ കെ.വി. സൂപ്പി സാഹിബാണ് മഹമൂദിന് എന്നെ പരിചയപ്പെടുത്തി കൊടുത്തത്, അദ്ദേഹത്തെ എനിക്കും. അങ്ങനെ ഞങ്ങള്‍ ദിവസങ്ങളോളം മുബാറക്ക് മന്‍സിലില്‍ വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചകളിലൂടെ കഴിച്ചുകൂട്ടി. അന്ന് പി. ആര്‍. കുറുപ്പിന്റെ ‘വസ്‌വാസ്’ സൂപ്പി സാഹിബില്‍ നിന്നും പൂര്‍ണ്ണമായും നീങ്ങിയിട്ടുണ്ടായിരുന്നില്ല. കുറുപ്പ് മയക്കിയെടുത്ത ഒരു പാട് യുവാക്കളില്‍ മഹമൂദും സൂപ്പിയും പെടുമായിരുന്നു. മുസ്‌ലിം ലീഗിന്റെ മങ്ങിയ പ്രകാശം കൈവേലിക്കല്‍ കടന്നുവരുന്നത് ഇക്കാലത്താണ്. മഹമൂദ് അതില്‍ ആകൃഷ്ടനായി ആ പ്രകാശത്തെ കൂടുതല്‍ പ്രോജ്ജ്വലിപ്പിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പാപ്പരത്വം മനസ്സിലാക്കിക്കൊടുക്കുവാന്‍ മഹമൂദ് മിനക്കെടാറുണ്ടായിരുന്നു. ഇതു ഞാന്‍ കേട്ടതാണ്. ഒരു മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. പാനൂര്‍ രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട്. കഠാരിയും കൊലയും അവിടത്തെ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയില്‍ ഏത് പ്രത്യയ ശാസ്ത്രവും പറയാം പ്രചരിപ്പിക്കാം. അഭിപ്രായപ്രകടനം നടത്താം, പാനൂരില്‍ അതു പാടില്ല, അവിടെ തിരുമേനിയുടെ രാഷ്ട്രീയം മാത്രം. അതിനെതിരില്‍ ഒരു ശബ്ദം കേട്ടാല്‍ ഭീഷണിയായി, മര്‍ദ്ദനമായി, ചിലപ്പോള്‍ കൊലയും!
ഈ പരിതസ്ഥിതിയിലാണ് മഹമൂദിലെ ആദര്‍ശവാദി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട കര്‍മവിമുഖരായ തന്റെ സമുദായത്തിന്റെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ കണക്കു പറഞ്ഞു വാങ്ങുവാന്‍ സംഘടിച്ചു ശക്തരാവണമെന്ന് മുസ്‌ലിംലീഗിന്റെ പതാകക്കു കീഴില്‍ അടിയുറച്ചുനിന്നുകൊണ്ട് അദ്ദേഹം സമുദായത്തെ ആഹ്വാനം ചെയ്തു.
മഹമൂദ് ഒരു കേവല രാഷ്ട്രീയക്കാരനാണോ? അല്ലെന്നാണ് എന്റെ അനുഭവം. അദ്ദേഹത്തിന്നു ആവേശം നല്‍കിയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അജ്ഞതയായിരിക്കും അങ്ങിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുക. അദ്ദേഹം ഒരു മുസ്‌ലിം ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഒരേ അവസരം രാഷ്ട്രീയത്തിലെ മുന്നണിപ്പോരാളിയും, മതത്തിലെ കര്‍മധീരനും, ആദര്‍ശത്തില്‍ രണാങ്കണത്തിലെ ധീരയോദ്ധാവും, അവസാനം രക്തസാക്ഷിയുമാവാന്‍ കഴിഞ്ഞു. ഇസ്‌ലാമിന്റെ അന്തഃസത്തക്കനു യോജ്യമായ വ്യക്തിത്വമാണ് മഹമൂദിനുണ്ടായിരുന്നത്.
മേഘപാളികള്‍ക്കിടയില്‍നിന്നു കേള്‍ക്കുന്ന ഇടിവെട്ടുകളാണ് പാനൂരില്‍ നിന്ന് മുഴങ്ങാറുള്ളത്. ഞാനൊരു രാത്രി മഹമൂദുമായി സംസാ രിക്കുകയായിരുന്നു. അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു: “മഹമൂദ്, താങ്കളുടെ തുറന്ന പ്രവര്‍ത്തനത്തിന്റെ സമയമല്ല ഇത്. ഈ കേള്‍ക്കുന്ന ഇടിമുഴക്കം അന്തരീക്ഷത്തെ കൂടുതല്‍ രോഷാകുലമാക്കുകയില്ലേ?” മഹമൂദിന് ഇത് ഇഷ്ടപ്പെട്ടില്ല: “നിസാമി സാഹിബ്, ഞാന്‍ എന്റെ രാഷ്ട്രീയത്തിലൂടെ ഇസ് ലാമിന്നാണ് സേവനം ചെയ്യുന്നത്. ഒരു നാള്‍ മരിക്കുമെന്ന് എനിക്കറിയാം. അത് എന്റെ മതത്തിനും സമുദായത്തിനുമാണെങ്കില്‍ ഞാനതില്‍ ഭാഗ്യവാനല്ലേ?”. ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല. തന്റെ സമീപത്ത് കിടന്നുറങ്ങുന്ന കൊച്ചുമോന്‍ (മുനീറെന്നാണ് പേരെന്ന് ഞാനോര്‍മിക്കുന്നു) പിതാവിന്റെ വാക്കുകള്‍ കേട്ടിരുന്നോ? ആ കുഞ്ഞ് ഭാവിയില്‍ യതീമാകുമെന്ന് ഞാനോര്‍ത്തിരുന്നില്ല. അല്ലാഹു ആ വാക്കു കേട്ടു. ചുറുചുറുക്കുള്ള മഹമൂദിനെ രക്തസാക്ഷിത്വം കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു.
ആ ജീവിതം എത്ര ധന്യമായിരുന്നു!
മതനിഷ്ഠയും മതാവേശവും മികച്ചുനിന്നൊരു യുവാവായിരുന്നു മഹമൂദ്. സുന്ദരനായ ആ പത്തൊമ്പതുകാരന്‍ സാധാരണയിലുള്ള യുവചാപല്യങ്ങളുടെ അടിമയായിരുന്നില്ല. തന്റെ വീട്ടില്‍ ഒരു ഇസ്‌ലാമിക ലൈബ്രറി അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. നല്ലൊരു ഇസ്‌ലാമിക ലേഖകനായിരുന്നു പരേതന്‍. സുന്നീ ടൈംസിന്റെ പഴയ താളുകളില്‍ ഒട്ടേറെ പ്രതിഭകള്‍ മഹമൂദ് വിട്ടേച്ചിട്ടുണ്ട്. ഒരാഴ്ചത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള വായന, ഭക്ഷണം, ഉറക്കം, ആരാധന എല്ലാം ഒരുപാടു മാതൃകാപരമായ ആശയങ്ങ ള്‍ കൈമാറാന്‍ സഹായിച്ചു. നിരീശ്വരവാദത്തിനെതിരെ ഞാന്‍ രചിക്കുന്ന പുസ്തകത്തിലേക്ക് വേണ്ട കുറിപ്പുകള്‍ എഴുതി അയച്ചുതരാമെന്ന് എന്നോടു പറയുകയുണ്ടായി. മതപ്രസംഗം കഴിഞ്ഞു. തലശ്ശേരി റെയില്‍വേസ്റ്റേഷന്‍ വരെ അദ്ദേഹം എന്നെ അനുഗമിച്ചു യാത്രയയച്ചു. ആ സ്റ്റേഷനില്‍ വച്ചാണ് ഞങ്ങളാദ്യം പരിചയപ്പെട്ടത്. ഇവിടെ വച്ചത് അവസാനിപ്പിക്കരുതെന്ന് നര്‍മരസത്തോടെ ഞങ്ങളിരുപേരും പറഞ്ഞു. പിന്നീടു ഒരു തവണ എടക്കാട് വന്ന് ഒരു മതപ്രസംഗത്തിന് എന്നെ ക്ഷണിച്ചു. അന്ന് പാനൂരിലുള്ള പഴയ ജുമുഅത്തു പള്ളി സംബന്ധിച്ച തര്‍ക്കം നിലവിലിരിക്കുമ്പോഴാണത്. ഞാന്‍ ജഃ മഹമൂദിനെ അവസാനമായി കാണുന്നത് 1973 ഒക്ടോബറിലാണ്. ഒരു റമദാനില്‍ കേയി സാഹിബിന്റെ വീട്ടില്‍ ഞങ്ങളെല്ലാം നോമ്പു തുറക്കാനുണ്ടായിരുന്നു. അതിഥി പ്രിയനായ കേയി സാഹിബ് അവിഭക്ത മുസ്‌ലിംലീഗിന്റെ സമുന്നത നേതാവായിരുന്നു അന്ന്. പാനൂര്‍ തിരുമേനിയെ കയ്യൊഴിച്ച മുസ്‌ലിംകള്‍ ആശാകേന്ദ്രമായി കരുതിയിരുന്നത് കേയി സാഹിബിനെയായിരുന്നു.
അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശ്ശനമാണ് ഊര്‍ജ്ജസ്വലരായ കുറെ നേതാക്കളെ മുസ്‌ലിം ലീഗിന്റെ മുന്നണിയിലേക്ക് കൊണ്ടുവന്നത്. അന്ന് പി.പി. അഹമ്മദ് ഹാജിയും നോമ്പ് തുറക്കാനുണ്ടായിരുന്നുവെന്നാണു ഓര്‍മ. പാനൂരിലെ മുസ്‌ലിംലീഗിന്റെയും സമുദായത്തിന്റെയും ഭാവിയെ കുറിച്ചു കെ. വി. സൂപ്പിയും, മഹമൂദും, ഹാജി സാഹിബും, വീറോടെ ചര്‍ച്ചചെയ്യുകയായിരുന്നു. കേയി നയപരവും നിര്‍മാണാത്മകവുമായ രംഗങ്ങളിലേക്ക് ആവേശം പകര്‍ന്നുകൊടുത്തത് കേട്ടപ്പോള്‍ അദ്ദേഹത്തില്‍ ഒരു രാജ്യതന്ത്രജ്ഞനും, സമുദായസ്‌നേഹിയും ഉറങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും പ്രവര്‍ത്തനശേഷിയും കൊടുക്കട്ടെ.
1974-ല്‍ പൊയിലൂരില്‍ മതപ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് എന്റെ വന്ദ്യസുഹൃത്തിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. അന്നത്തെ രാത്രിയില്‍ നിറഞ്ഞൊരു സദസ്സിനു മുമ്പില്‍ ദുഃഖിക്കുന്നൊരു ഹൃദയത്തോടെ ഞാന്‍ മഹമൂദിന് വേണ്ടി പ്രാര്‍ത്ഥിച്ചു. (ഖുര്‍ആനും സലാത്തും ഈസാല്‍സവാബും നടത്തി). എനിക്കദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞ വലിയൊരു സേവനമായി ഞാനതിനെ കരുതുന്നു.
രാഷ്ട്രീയ കാപാലികരുടെ കുത്തേറ്റ മഹമൂദിനെ അവസാനമായൊന്നു കാണാന്‍ ഞാന്‍ പാനൂരിലെത്തിയെങ്കിലും, ആ ഭൗതികജഡം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരിച്ച് കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. കാണാന്‍ കഴിയാത്ത ദുഃഖത്തോടെ ഞാന്‍ മടങ്ങി. 1975 ല്‍ ആ കുടുംബത്തെ ദര്‍ശിക്കാനും ഖബര്‍ സന്ദര്‍ശിക്കാനും എനിക്ക് കഴിഞ്ഞു. ഞാന്‍ എഴുതിവരുന്ന നാസ്തികവാദം അശാസ്ത്രീയം എന്ന ഗ്രന്ഥത്തിലേക്ക് വേണ്ടുന്ന ഉദ്ധരണികള്‍ നല്‍കാമെന്ന മഹമൂദിന്റെ വാഗ്ദത്തമെല്ലാം ഓര്‍മകളായി നിലകൊള്ളുന്നു.
ഈ സ്മാരക ഗ്രന്ഥത്തിലൂടെ ഒരാത്മബന്ധത്തെ അനുസ്മരി ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ആ ധീര ശഹീദിന്റെ വീരമാതൃക നമ്മുടെ യുവലോകത്തിനു പ്രചോദനം പകരട്ടെ. അല്ലാഹു മഹമൂദിന് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ (ആമീന്‍).
N.B.: സെയ്ദ് മുഹമ്മദ് നിസാമി ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അല്ലാഹു സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കുമാറാകട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ (ആമീന്‍).
-എഡിറ്റര്‍.