പരാക്രമശാലിയായ ഉമർഫാറൂഖ് (റ)

എം. മാവിലാട്ട്
സുന്നി ടൈംസ്
9 Jan 1967  

ചരിത്രാതീത കാലം മുതല്‍ക്കു തന്നെ പലതു കൊണ്ടും പ്രസിദ്ധിപെറ്റ ഒരു പുണ്യഭൂമിയാണ് ജസീറത്തുല്‍ അറബിയ്യ: അഥവാ അറേബ്യന്‍ ദ്വീപ്. അധര്‍മത്തില്‍ നിന്ന് അധര്‍മത്തിലേക്ക് അനുദിനം വഴുതിവീണ ഒരു കിരാതവര്‍ഗത്തെ പരിശുദ്ധമായ തൗഹീദിന്റെ മണിമേടയിലേക്കു മാടിവിളിച്ച് സത്യദീനിന്റെ പ്രകാശദീപ്തി ലോകമാസകലം പരത്തിയ പ്രവാചക വരേണ്യന്റെ ചരിത്ര പ്രസിദ്ധമായ ജനനം അവിടെയാണ്. കാര്‍മേഘാവൃതമായ അന്നത്തെ കറുത്തിരുണ്ട അന്തരീക്ഷത്തില്‍ പ്രകാശപൂരിതമായ ആ ദിവ്യജ്യോതിസ് ഉദയം ചെയ്യുന്നതിന് മുന്‍പ് ജുഗുപ്‌സാവഹമായ പല സംഭവങ്ങളുടെയും ഇരുട്ടറയായിരുന്നു ആ ദ്വീപ്.

അറേബ്യന്‍ ഭൂഖണ്ഡത്തിന്റെ അന്നത്തെ വൃത്തിഹീനമായ മുഖച്ഛായ പ്രവാചക പ്രഭുവിന്റെ പ്രബോധനത്തോടു കൂടി മായാന്‍ തുടങ്ങി. വിജ്ഞേയങ്ങളായ പ്രവാചകരുടെ സിദ്ധാന്തങ്ങള്‍ക്ക് നേരെ യാഥാസ്ഥിക ഭൂതങ്ങളായ അന്നത്തെ അറേബ്യന്‍ പ്രമാണിമാര്‍ അക്രമണമാരംഭിച്ചു. ഇസ്‌ലാംമത പ്രചാരണത്തിന്റെ ആരംഭകാലത്ത് അതിനെ നിശിതമായി എതിര്‍ക്കുകയും അവസാനം പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ അനുപമമായ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അതിന്റെ അഭ്യുന്നതിക്കു വേണ്ടി അനവരതം, അക്ഷീണം പരിശ്രമിയ്ക്കുകയും ചെയ്ത അറേബ്യന്‍ വ്യാഘ്രമായ ഹ: ഉമര്‍ ഫാറൂഖിന്റെ സംഭവബഹുലമായ ജീവിതസൗധത്തിന്റെ ചെറിയൊരു കിളിവാതില്‍ തുറക്കാനാണ് ഞാന്‍ തുനിയുന്നത്.

ധീര വ്യാഘ്രം

ഇസ്‌ലാമിക സാമ്രാജ്യത്തിലെ ദ്വിതീയ ഖലീഫയും ഭരണ നൈപുണ്യത്തില്‍ അദ്വിതീയനും, സര്‍വരാലും പുകഴ്ത്തപ്പെട്ട അനുകരണീയമായ ഒരു ഭരണരീതി ലോകത്തിന് സംഭാവന ചെയ്ത മഹാനുമായ ഹ: ഉമര്‍ ഫാറൂഖ് (റ) മാനവരാശിയെ മഹോന്നതമായ ഒരു മാര്‍ഗത്തിലേക്ക് മാടി വിളിച്ച മഹാനായ പ്രവാചക പ്രഭുവിന്റെ എട്ടാമത്തെ പിതാവായ ‘കഅബിന്റെ’ സന്താന പരമ്പരയില്‍പെട്ട ‘ഖത്താബി’ന്റെയും ‘മുഈസത്ത്’ മകന്‍ ‘ഹാശിം’ മകള്‍ ഹന്തമത്തിന്റെയും ഓമന മകനായി അറേബ്യയുടെ മടിത്തട്ടില്‍ ജന്മം കൊണ്ടു. ‘ബനൂ അദിയ്യ്’ വംശജനായ ചരിത്ര പുരുഷന്‍ പ്രബലമായ നിവേദന പ്രകാരം പ്രവാചക പ്രഭുവിന്റെ ജനനാന്തരം പതിമൂന്നു കൊല്ലങ്ങള്‍ക്കു ശേഷമാണ് ജനിച്ചത്. ഉമറിന്റെ ദേഹപ്രകൃതി അനീതിയുടെയും കൈയൂക്കിന്റെയും ഈറ്റില്ലമായിരുന്ന അന്നത്തെ അറേബ്യന്‍ പരിതഃസ്ഥിതിയോടു ഇണങ്ങിച്ചേരാന്‍ ക്ഷിപ്രസാദ്ധ്യമായ വിധത്തിലായിരുന്നു. അതുല്യമായ ദേഹബലവും, തിളങ്ങുന്ന നേത്രങ്ങളും ദീര്‍ഘബാഹുക്കളും മൂലം അറേബ്യയിലെ ധീരനായൊരു വ്യാഘ്രമായി അദ്ദേഹം അറിയപ്പെട്ടു. നന്നെ ചെറുപ്പത്തില്‍ തന്നെ അദ്ധ്വാന ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയ ആ മഹാന്‍ ഇസ്‌ലാം മതസ്വീകരണത്തിന് മുന്‍പ് അധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതപന്ഥാവിലൂടെ അപഥ സഞ്ചാരം ചെയ്ത ഒരു കുത്സിത സ്വഭാവക്കാരനായിരുന്നു എന്ന് ചരിത്രത്തിന്റെ ഏടുകളിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നു.

ഇസ്‌ലാമിനോടുള്ള വിരോധം

ഇസ്‌ലാം മത വിശ്വാസികളെ ലജ്ജയില്ലാതെ ദ്രോഹിക്കുന്നതിനും പാവനമായ ആ വിശ്വാസത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനും അവിശ്വാസികള്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ മുന്‍പന്തിയില്‍ ഉമറിന്റെ നാമവും നമുക്ക് കാണാന്‍ കഴിയും. തന്റെ അന്ധവിശ്വാസത്താല്‍ അന്ധകാരനിബിഢമായ ഹൃദയാന്തര്‍ഭാഗത്ത് ഏകദൈവ വിശ്വാസത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രവേശിക്കുന്നതിന് മുമ്പ് സത്യ മതത്തില്‍ അടിയുറച്ചു നിന്നവരെ നിഷ്‌ക്കരുണം മര്‍ദ്ദിച്ച വേദനയൂറുന്ന കഥകള്‍ നമു ക്ക് അജ്ഞാതമല്ല. ഉമറിന്റെ ദാസിയായ സനീറത്ത് എന്ന മഹതിയെ കഠിനമായ പീഡനത്തില്‍ നിന്ന് വിലയ്ക്ക് വാങ്ങി സ്വതന്ത്രയാക്കിയത് മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ. അ) ആയിരുന്നു. എന്തിനേറെ പറയുന്നു, അന്ധ വിശ്വാസികളുടെ സംഘടിതമായ തീരുമാനത്തിന്റെ അനന്തരഫലമായി പ്രവാചക പുംഗവന്റെ പരിശുദ്ധവുമായ കണ്ഠത്തില്‍ ഖഢ്ഗം ചാര്‍ത്താന്‍ ഊരിയ വാളുമായി ചാടി പുറപ്പെട്ടതും അറേബ്യയില്‍ നിന്ന് ഇസ്‌ലാം മതത്തെ നിഷ്‌കാസനം ചെയ്യുമെന്ന് വീരവാദം മുഴക്കിയതും ഉമര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. ബഹുദൈവാരാധനയുടെ ഇല്ലാത്ത മഹിമയെപറ്റി ബഡായി പറഞ്ഞു ഇസ്‌ലാമിക വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന ഒളിയമ്പുകള്‍ മതവിശ്വാസികളുടെ നേരെ ലോഭമന്യേ പ്രയോഗിച്ച ഇസ്‌ലാമിന്റെ കഠിന ശത്രുവായ അബൂജഹലി (ല. അ) ന്റെ അതെ മനോഭാവമായിരുന്നു അജ്ഞാനകാലത്ത് ചരിത്രപുരുഷനും ഇസ്‌ലാമിനോടുണ്ടായിരുന്നത്.

വിവാഹം

അജ്ഞാന കാലത്ത് സൈനബ ബിന്‍ത് മളഹൂന്‍ എന്ന സ്ത്രീയെ ചരിത്ര പുരുഷന്‍ വിവാഹം കഴിക്കുകയും അബ്ദുള്ള, അബ്ദുറഹിമാനുല്‍ അക്ബര്‍ എന്നീ ആണ്‍കുട്ടികളും ഹഫ്‌സ എന്ന ഒരു പെണ്‍കുട്ടിയും ജനിക്കുകയുമുണ്ടായി. ഈ മൂന്നുപേരും പിന്നീട് ഇസ്‌ലാം മതം വിശ്വസിച്ചു. അബ്ദുള്ള എന്നവര്‍ക്ക് അബൂഅബ്ദുറഹിമാന്‍ എന്ന് കൂടി പേരുണ്ടെന്ന് കാണുന്നു. മഹാനായ ഇദ്ദേഹം മുജ്തഹിദായ ആലിമും ആബിദുമായിരുന്നു. പ്രവാചക പ്രഭുവിനെ തൊട്ട് ആയിരത്തി അറുനൂറ്റി മുപ്പതു് ഹദീസ് രിവായത്ത് ചെയ്ത ഈ മഹാന്‍ എണ്‍പത്തി എട്ടാമത്തെ വയസ്സില്‍ മക്ക പുണ്ണ്യ ഭൂമിയില്‍ പരലോകം പൂകി. ഹഫ്‌സ എന്ന സ്ത്രീരത്‌നം നബി തിരുമേനി (സ.അ) യുടെ ഭാര്യാപദം അലങ്കരിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയാണെന്ന കാര്യം പ്രസ്താവ്യമാണ്. അതേകാലത്ത് തന്നെ മലികത്തുല്‍ ഹുസായിയ്യ എന്ന ഒരു സ്ത്രീയെയും ഉമര്‍ പാണീഗ്രഹം ചെയ്യുകയുണ്ടായി. അവരുടെ ദാമ്പത്യബന്ധ ഫലമായി സൈദുല്‍ അസ്അര്‍, ഉബൈദുല്ലാഹ് എന്നീ രണ്ടു പുത്രന്മാരും ജനിച്ചു. തന്റെ ബാല്യകാലത്തു തന്നെ സമകാലികന്മാരെയൊക്കെ കവച്ചു വെച്ചുകൊണ്ട് എല്ലാ തുറകളിലും അസാമാന്യമായ പ്രാവീണ്യം ഉമര്‍ സമ്പാദിച്ചിരുന്നു. യുദ്ധമുറകളിലും കായികാഭ്യാസ പ്രകടനങ്ങളിലും ഉമറിനെ വെല്ലുന്നവര്‍ അന്ന് അപൂര്‍വമായിരുന്നു. ചെറുപ്പത്തില്‍ തന്നെ അറബി ഭാഷയുമായി പരിചിതനായ അദ്ദേഹം കവിതാപാരായണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. അഹോവൃത്തിക്കുവേണ്ടി അധ്വാനിച്ചിരുന്ന അദ്ദേഹം പ്രബലങ്ങളായ പല രാഷ്ട്രങ്ങളിലും വ്യാപാരാര്‍ത്ഥം സഞ്ചരിച്ച് വാണിജ്യമണ്ഡലങ്ങളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

പ്രവാചകന്റെ പ്രാര്‍ത്ഥന

അവിശ്വാസികളുടെ മര്‍ദ്ദനം പിരിമുറുക്കിയ കാലം, നബി (സ) യും തന്റെ മുപ്പത്തിയൊമ്പതു സഖാക്കളും ദാറുല്‍ അറ്ഖമില്‍ ഭയവിഹ്വലരായി കഴിയുന്ന ഒരവസരം, തൗഹീദിന്റെ പരിശുദ്ധമായ തേന്‍ കണങ്ങള്‍ കോരിക്കുടിക്കുവാന്‍ ഓടിയെത്തിയ പ്രമുഖരായ പല സത്യ വിശ്വാസികള്‍ക്കും വേദനിക്കുന്ന പീഡനങ്ങള്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. അതാ, അന്ധകാരനിബിഢമായ ഒരന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന ആ തേജോഗോളം, ലോകം കണ്ടതില്‍ വച്ച് ഏറ്റവും പ്രമുഖ നേതാവായ മുഹമ്മദ് നബി (സ. അ), തന്റെ പുണ്യ കരങ്ങള്‍ ആദരവോടു കൂടി ഉയര്‍ത്തി അല്ലാഹുവോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു. “സര്‍വജ്ഞനും സര്‍വാധികാരിയുമായ നാഥാ! നിന്റെ പരിശുദ്ധ മതമായ ദീനുല്‍ ഇസ്‌ലാമിനെ ഖുറൈശി പ്രമുഖരായ ഉമര്‍ ഖത്താബിന്റെയോ ഉമര്‍ബുനുഹിശാമിന്റെയോ മതപരിവര്‍ത്തനം മൂലം നീ പരിപോഷിപ്പിക്കണമേ നാഥാ, നീ പരിപോഷിപ്പിക്കണമേ….” ത്വാഹാ നബിയുടെ ആത്മാര്‍ത്ഥതയില്‍ നിന്നുതിര്‍ന്നു വീണ ആ പ്രാര്‍ത്ഥനാശകലങ്ങള്‍ അഖിലലോകനാഥനായ അല്ലാഹു സ്വീകരിച്ചു. അങ്ങിനെ ഒരു സുപ്രഭാതത്തില്‍ നബിയുടെ ബദ്ധവിരോധിയായ ചരിത്രപുരുഷന്‍ സത്യമതത്തിന്റെ സുഗന്ധമൊന്നു ശ്വസിക്കാന്‍ തിരുനബിയുടെ തിരുസന്നിധിയില്‍ ഓടിയെത്തി (അല്‍ഹംദുലില്ലാഹ്! നാഥാ, സര്‍വസ്തുതിയും നിനക്ക് തന്നെ).

വാളൂരി പുറപ്പെടുന്നു

നമുക്ക് മറ്റൊരു വശത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. പ്രവാചകപുംഗവന്റെ പ്രബോധനം ഖുറൈശികള്‍ക്ക് ഭയങ്കര തലവേദനയ്ക്കിടയാക്കി. സനാതനങ്ങളെന്ന് അവര്‍ അഹങ്കരിക്കുന്ന അവരുടേതായ തത്വസംഹിതകളുടെ നേര്‍ക്കുള്ള വലിയൊരു വെല്ലുവിളിയായി നബിയെ അവര്‍ പരിഗണിച്ചു. തിരുമേനിയുടെ തിരുമൊഴിയില്‍ വ്യക്തമായി സത്യം ദര്‍ശിച്ച ബുദ്ധികൂര്‍മതയുള്ള പല ഖുറൈശി നേതാക്കളും ഇസ്‌ലാമില്‍ ആകൃഷ്ടരായി മതപരിവര്‍ത്തനം ചെയ്തു. മിണ്ടാപ്പൂതങ്ങളായ കരിങ്കല്‍ കഷണങ്ങളുടെ മുമ്പിലിരുന്ന് വാവിട്ടു നിലവിളിച്ചിട്ടും ഉത്തരം കിട്ടാതെ നിരാശയില്‍ നിന്ന് നിരാശയിലേക്കു ആഴ്ത്തപ്പെട്ട അജ്ഞാന സന്തതികള്‍ തങ്ങള്‍ക്ക് നേരിട്ട ഭീമമായ തിരിച്ചടിയെ നിഷ്‌ക്കാസനം ചെയ്യാന്‍ വട്ടമിട്ടിരുന്ന് ആലോചിക്കാന്‍ തുടങ്ങി. പലരുടെയും ബുദ്ധിമണ്ഡലങ്ങള്‍ ജാഗ്രതയോടെ പണിയെടുത്തു. ഫലം നാസ്തിയായപ്പോള്‍ മര്‍ദ്ദന മുറകള്‍ അഴിച്ചുവിടാന്‍ നീചമായ സംസ്‌കാരം അവര്‍ക്ക് പ്രേരണ നല്‍കി. എന്നിട്ടും സത്യാന്വേഷിയുടെ പ്രവാഹത്തിന് എള്ളോളം ഹാനി സംഭവിപ്പിക്കാനോ അഹമഹമികയാ മുന്നേറുന്ന അവരുടെ ആവേശത്തള്ളിച്ചയെ തടയാനോ അവര്‍ക്ക് കഴിഞ്ഞില്ല. ക്രുദ്ധരായ അവര്‍ പല്ലു കടിച്ച് ഇസ്‌ലാമിന്റെ സുന്ദര ഗാത്രത്തിനെതിരെ ഇളിച്ചു കാട്ടാന്‍ തുടങ്ങി. പരാജയത്തിന്റെ പടുകുഴിയില്‍ ആണ്ടപ്പോള്‍ തിരുദൂതരുടെ തിരുമേനിയെ ക്ഷതപ്പെടുത്തുവാനും ആ പുണ്ണ്യശിരസ്സ് ഛേദിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ ആരാഞ്ഞു. അവരുടെ രഹസ്യാലോചനയുടെ അനന്തരഫലമായി എന്തിനും തയ്യാറായിരുന്ന ഉമര്‍ -അതെ, അറേബ്യയിലെ ധീരനായ ആ യോദ്ധാവ്-ഭാരിച്ച ആ കര്‍ത്തവ്യം സ്വയം ഏറ്റെടുത്തു വാളൂരി പുറപ്പെട്ടു.

തല വെട്ടാനുള്ള യാത്ര

ഒരു ഭാഗത്ത് ദാറുല്‍ അര്‍ഖമില്‍ നിന്ന് ത്വാഹാനബി ഉമറിന്റെ സത്യബോധത്തോടു കൂടിയുള്ള സാന്നിധ്യത്തെ അഭിലഷിച്ചു കൊണ്ടു സര്‍വാധിപനോട് പ്രാര്‍ത്ഥിക്കുന്നു. മറുഭാഗത്താകട്ടെ തിരുമേനിയുടെ പുണ്യശിരസ്സ് ഛേദിക്കാനും തദ്വാരാ ഇസ്‌ലാമിനെ തുടച്ചുനീക്കാനും ഊരിയ വാളുമായി ഉമര്‍ അതാ പുറപ്പെടുന്നു. സര്‍വാധിനാഥ, നിന്റെ വിധി അലംഘനീയം തന്നെ.

ഭീമകായനായ ഉമറിന്റെ മുഖം തിരുമേനിയോടുള്ള വിദ്വേഷത്തിന്റെ കാഠിന്യം മൂലം കൂടുതല്‍ ക്രൂരഭാവം പൂണ്ടു. തീപ്പൊരി പറക്കുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത മുഖം, പ്രകമ്പനം കൊള്ളിക്കുന്ന പദവിന്യാസം, ശക്തിയുറ്റ കരത്തില്‍ വെട്ടിത്തിളങ്ങുന്ന ഖഡ്ഗം- ഉമറിന്റെ ആ യാത്ര തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു. മധ്യാഹ്നസൂര്യന്റെ ചൂടേറിയ കിരണങ്ങള്‍ ഏറ്റ് ഭൂതലമാകെ തപിക്കുന്ന ആ സമയം ഖുറൈശി പ്രമുഖരുടെ മതവിദ്വേഷ തിമിരം ബാധിച്ചിരുന്ന നേത്രങ്ങള്‍ക്ക് സര്‍വോപരി പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രശ്നത്തെ പരിഹരിക്കാനായി സ്വതഃസിദ്ധമായ ഗൗരവ ഭാവത്തോടെ നടന്നകലുന്ന ഉമറിനെ വഴിക്കു വച്ച് നഈമുബ്നു അബ്ദുള്ള എന്ന ഒരു ഖുറൈശി കാണാന്‍ ഇടയായി. പതിവിലുപരിയായി ഉമറിന്റെ ക്രൂരഭാവം ദര്‍ശിച്ച അദ്ദേഹം ചോദിച്ചു: “ധീരനായ ഉമര്‍, താങ്കളുടെ ക്രോധ ഭാവേനയുള്ള ഈ സഞ്ചാരം എങ്ങോട്ടാണ്?”

ഉമര്‍: “നമ്മുടെ തത്വസംഹിതകള്‍ നശിപ്പിക്കാനൊരുങ്ങുന്ന കള്ള പ്രവാചകനും, ആഭിചാരിക വൃത്തിയില്‍ അഗ്രഗണ്യനുമായ മുഹമ്മദിന്റെ സന്നിധാനത്തിലേക്കാണെന്റെ യാത്ര; അവന്റെ ശിരസ്സ് കൊയ്‌തെടുക്കലാണെന്റെ ഉദ്ദേശം”.

ഹ: അബ്ദുള്ള: – “അല്ലയോ, ഉമര്‍ ഈ വിഫലമായ സാഹസിക പ്രവര്‍ത്തിക്കാണോ താങ്കളുടെ ഉദ്യമം? അതിനു മുമ്പ് സ്വന്തം സഹോദരിയുടെയും ഭര്‍ത്താവിന്റെയും നിലയെ ഒന്നു വീക്ഷിക്കൂ, എന്നിട്ടാകാം മുഹമ്മദിന്റെ തല വെട്ടല്‍”.

ഒരു തിരിച്ചടി

അവിചാരിതമായി കണ്ടുമുട്ടിയ ആ ഖുറൈശിയില്‍ നിന്നാണ് സംഭവങ്ങളുടെ യഥാര്‍ത്ഥ രൂപം ഉമറിന് മനസിലാക്കാന്‍ കഴിഞ്ഞത്. തന്റെ പ്രിയപ്പെട്ട സഹോദരി ഫാത്തിമയും ഭര്‍ത്താവും മുഹമ്മദ് അറേബ്യയില്‍ വിരിച്ച മാന്ത്രിക വലയത്തില്‍ കുടുങ്ങിയെന്ന് ഉമറിന് ബോധ്യമായി. നബിയെ വെട്ടിക്കൊല്ലാന്‍ ചാടി പുറപ്പെട്ട ഉമറിന് ഈ വാര്‍ത്താ ശ്രവണം മറ്റൊരു തിരിച്ചടിയായിരുന്നു. മുഹമ്മദ് നബി (സ. അ) യോടുള്ള അന്ധമായ വിദ്വേഷം ശതഗുണീഭവിച്ച് സ്വസഹോദരിയുടെ നേരെ തിരിയാന്‍ സമയം അധികം വേണ്ടി വന്നില്ല. സ്വതവേ കാഠിന്യമേറിയ ആ ബലിഷ്ഠഹൃദയത്തില്‍ പ്രതികരവാജ്ഞ നാമ്പെടുത്തു. നബിയുടെ നേരെ നേരത്തെ നടത്താന്‍ ഉദ്ദേശിച്ച ആയുധപ്രയോഗം തല്ക്കാലം നിര്‍ത്തിവെച്ച് കോപിഷ്ഠനായ ഉമര്‍ സഹോദരിയുടെ വസതിയെ ലാക്കാക്കി ശരവേഗം നട കൊണ്ടു.

കോപം ആളിക്കത്തുന്നു

സ്വസഹോദരിയുമായി ഒരു കൈ പയറ്റാനും, അവരെയും ഭര്‍ത്താവിനെയും നിഷ്‌ക്കരുണം വധിക്കാനും ഉമറിന്റെ കഠിനഹൃദയം തയ്യാറായി. രക്തബന്ധമൊന്നും വിവിധ വികാരങ്ങളുടെ സമിശ്രസമ്മേളന രംഗമായ ആ ഹൃദയത്തില്‍ നിന്ന് വിറളി പിടിച്ച ആ സമയം വലിയൊരു പ്രശ്‌നമല്ലായിരുന്നു. മിന്നിത്തിളങ്ങുന്ന വാളും വീശി പ്രതികാരവാഞ്ഛയോടെ കടന്നു വരുന്ന ഉമറിനെ മന്ദമാരുതനില്‍ തത്തിക്കളിച്ചു വരുന്ന പരിശുദ്ധ ഖുര്‍ആന്‍ വാക്യത്തിന്റെ തേനൊലികളാണ് സ്വാഗതം ചെയ്തത്. അപാരവും അനിര്‍വചനീയവുമായ ആശയസമ്പുഷ്ടിയാല്‍ മധുരമധുരമായ ആ മഹദ്‌വാക്യങ്ങളില്‍ ഉമര്‍ ആകൃഷ്ടനായി. പക്ഷെ എരിയുന്ന അഗ്‌നികുണ്ഡമായ അദ്ദേത്തിന്റെ ഹൃദയത്തില്‍ എണ്ണയൊഴിക്കാനേ ആ ഘട്ടത്തില്‍ അതുപകരിച്ചുള്ളൂ. അകത്ത് പ്രവേശിച്ച ഉമറിന്റെ ക്രൂരദൃഷ്ടിയില്‍ നിന്നും ആ സൂക്തങ്ങള്‍ ഫാത്തിമ ഝടുതിയില്‍ മറച്ചുകളഞ്ഞു.

ഉമര്‍ (ക്രോധത്തോടെ): “നാണംകെട്ട ഫാത്തിമ, പൈതൃകങ്ങളായ നമ്മുടെ മഹത്തായ പാരമ്പര്യത്തെ അഗണ്യകോടിയില്‍ തള്ളി മുഹമ്മദിന്റെ മാസ്മരവിദ്യയില്‍ അകപ്പെട്ട് നീയും മതം മാറിയോ…?”

*  പരാക്രമശാലിയായ ഉമര്‍ഫാറൂഖ് (റ) എന്ന ലേഖന പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു.  സാങ്കേതിക കാരണങ്ങളാല്‍ ഈ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം ലഭ്യമായിട്ടില്ല. മൂന്നാം ഭാഗം ‘നിറവേറിയ പ്രാര്‍ത്ഥന’ എന്ന പേരില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് -എഡിറ്റര്‍.