എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 42
1 May 1967
വിശാലമായ ഈ വിശ്വത്തിലെ മറ്റു സൃഷ്ടിജാലങ്ങളെ അപേക്ഷിച്ച് നാനാവിധേനയും ഉന്നതരത്രെ മനുഷ്യവര്‍ഗ്ഗം. അതുല്യമായ വിശേഷബുദ്ധിയും, നന്മയെ സ്വീകരിക്കാനും, തിന്മയെ തിരസ്ക്കരിക്കാനും പര്യാപ്തമായ വിവേചനാശക്തിയും മറ്റു സൃഷ്ടികളില്‍ നിന്നും മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്തുന്നു.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നല്ലതും ചീത്തയും തിരിച്ചറിഞ്ഞു കൊള്ളാനും തള്ളാനുമുള്ള, ലോകനാഥന് കനിഞ്ഞേകിയ മഹത്തായ ആ കഴിവുകളെ നിഷ്പ്രഭമാക്കി മനുഷ്യര്‍ നീങ്ങുന്നതാണ് സര്‍വത്ര നാം കാണുന്നത്. സ്വന്തം ഭാവിക്കുതന്നെ ഭംഗം വരുത്തുന്ന നിരവധി ദുഷ്പ്രവണതകളിലേക്ക് അറിഞ്ഞോ, അറിയാതെയോ അവര്‍ ആകര്ഷിക്കപ്പെട്ടുപോവുന്നു. ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തിയ അത്തരം ദുഷ്പ്രവണതകളില്‍ ഒന്നത്രേ നിരവധി ദോഷങ്ങള്‍ കൊണ്ട് മനുഷ്യരെ അധഃപതിപ്പിക്കാന്‍ ശക്തിയുള്ള മദ്യപാനം.
ആരോഗ്യം നശിപ്പിക്കുന്നു
മദ്യപാനം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ നിരവധിയാണ്. വിലയുറ്റ ആരോഗ്യത്തെ കാര്‍ന്നുതിന്ന് ശരീരത്തെ അനുദിനം ക്ഷയിപ്പിക്കുന്നതിനും നിരവധി രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനും മദ്യത്തിന് കഴിയുന്നു. രക്തത്തെയും പിത്തത്തേയും കോപിപ്പിക്കുന്നതില് മദ്യം പ്രധാനപ്പെട്ടൊരു പങ്കുവഹിക്കുന്നുണ്ട്. രക്തവും പിത്തവും കോപിച്ചാലുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയത്രെ. അമിതമായ മദ്യപാനം വിഷസമമായി പ്രവര്‍ത്തിക്കുമെന്നാണ് ഭിഷഗ്വരന്മാരുടെ അഭിപ്രായം. മദ്യത്തിലടങ്ങിയ ആള്‍ക്കഹോളിക് വിഷ (Alcoholic Poison) ത്തിന് ആരോഗ്യത്തെ കാര്‍ന്നുതിന്നാന്‍ കഴിവുണ്ട്. തലച്ചോറിലെ നമ്മുടെ സമതുലനാവസ്ഥയെ നിയന്ത്രിക്കുന്ന ഭാഗത്തിന് മദ്യപാനം മൂലം മന്ദീഭാവം അനുഭവപ്പെടുകയും അതിനാല്‍ പ്രവര്‍ത്തനശക്തി ക്ഷയിക്കുകയും ചെയ്യുന്നു. മദ്യപാനികള്‍ക്ക് അടിയുറച്ച് നടക്കാനും നില്‍ക്കാനും കഴിയാത്തത് ഈ കാരണം മൂലമാണ്.
മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ കണ്ണിനെ മദ്യം സാരമായി ബാധിച്ച് കാഴ്ച നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഹൃദയത്തെ അപകടപ്പെടുത്താനും അംഗഭംഗങ്ങളുണ്ടാക്കിത്തീര്ക്കാനും മാരകമായ രോഗങ്ങളിലേക്കും മരണത്തിലേക്കു തന്നെയും മനുഷ്യനെ നീക്കാനും അമിതമായ മദ്യപാനത്തിന് കഴിയുന്നു. മദ്യം നാഡീഞരമ്പുകളെ ക്ഷയിപ്പിച്ച് രക്തപ്രവാഹത്തിന് മാന്ദ്യം സംഭവിപ്പിക്കുകയും അമിതമായ ക്ഷീണം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ബുദ്ധിയെ മരവിപ്പിച്ച് മനുഷ്യരെ മൃതതുല്യരാക്കാനും ഭ്രാന്ത് മുതലായ രോഗങ്ങളിലേക്ക് അവരെ നീക്കാനും മദ്യത്തിന് കഴിയുന്നുണ്ട്. മദ്യത്തിന്റെ അതിരൂക്ഷത ദഹനേന്ദ്രിയങ്ങളെ ബാധിച്ച് ദഹനക്കുറവുണ്ടാക്കി തീര്‍ക്കുകയും ശരീരത്തെ അത്യുഷ്ണാവസ്ഥയിലേക്കു തള്ളുകയും ചെയ്യുന്നു. മദ്യപാനികളുടെ സന്താനങ്ങള്‍ പോലും ചില ദുഷിച്ച രോഗങ്ങള്‍ക്ക് ഇരയാകാമെന്നാണ് പറയപ്പെടുന്നത്.
സാമ്പത്തിക വശം
മദ്യം സാമ്പത്തികമായും മനുഷ്യരെ അധഃപതിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ രക്തം വിയര്‍പ്പ് നീരാക്കി നേടിയെടുക്കുന്ന പണം മദ്യപാനത്തിനാണ് ചിലര്‍ ചെലവിടുന്നത്. മദ്യം സേവിക്കണമെന്നല്ലാതെ നിത്യോപയോഗസാധങ്ങള്‍ വാങ്ങാനോ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനോ പലര്‍ക്കും ഇന്ന് ശ്രദ്ധയില്ല. അല്പ്പാല്പ്പം കുടിച്ച് ശീലിക്കുന്നവര് വളരെ വേഗത്തില്‍ മദ്യവുമായി അഭേദ്യമായി ബന്ധപ്പെടുകയും നിത്യജീവിതത്തില്‍ തള്ളാന്‍ പറ്റാത്ത ഒരു ശീലമായി അത് മാറുകയും ചെയ്യുന്നു. കണ്ണില്‍ കണ്ടതെല്ലാം എടുത്ത് വിറ്റും സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിയും മദ്യപാനം ചെയ്യുന്നത് മൂലം തെരുവിലേക്കിറങ്ങേണ്ടി വന്ന കദനകഥകള്‍ നിരവധിയാണ്. മാനുഷിക മൂല്യങ്ങളെയും, സംസ്ക്കാരത്തെയും, അന്തസ്സിനേയും, വ്യക്തിത്വത്തെയും നശിപ്പിച്ച് അന്യരുടെ മുമ്പില്‍ മനുഷ്യനെ അധമനാക്കി തീര്‍ക്കാന്‍ മദ്യത്തിന് കഴിയുന്നു. മനുഷ്യരുടെ സ്വഭാവരീതിയില്‍ സാരമായ പരിവര്‍ത്തനങ്ങളാണ് മദ്യപാനം മൂലം ഉണ്ടായിത്തീരുന്നത്. സ്വന്തം പുത്രിമാരുടെ വിലയുറ്റ ചാരിത്ര്യത്തെപോലും അപകടപ്പെടുത്താന്‍ ആ നശിച്ച അബോധാവസ്ഥ മദ്യപാനികള്‍ക്ക് പ്രേരണ നല്കുന്നു. സ്നേഹനിധിയായ ജീവിതസഖിയെ മര്‍ദ്ദിച്ച് യാതനകളിലേക്ക് ഉന്തിനീക്കാന്‍ മദ്യപാനികള്‍ മടിക്കാറില്ല. വീട്ടിലുള്ളവരുടെയും നാട്ടിലുള്ളവരുടെയും തീരാശാപങ്ങളും വെറുപ്പും നിത്യരോഗവും മാത്രമാണ് മദ്യപാനികളുടെ സമ്പാദ്യം. മദ്യപിക്കുന്ന ഒരു ഭര്‍ത്താവിന്റെ സാന്നിദ്ധ്യം പോലും സംസ്കാരമുള്ള ഭാര്യ വെറുക്കുന്നതായിട്ടാണ് കാണുന്നത്.
സാംസ്കാരിക തകര്‍ച്ച
ഒരു മദ്യപാനിയുടെ വായില്‍ നിന്നും മദ്യത്തെക്കാളും ദുഷിച്ചു നാറുന്ന വാക്കുകളാണ് സാധാരണ പുറത്തു വരാറ്. തലക്കല്ലിളകിയ ആ അവസരം, മാന്യന്മാരെ അധിക്ഷേപിക്കാനും കാണുന്നവരെയെല്ലാം ചീത്ത പറഞ്ഞ് അവരുടെ താഢനങ്ങള്‍ വിലയ്ക്ക് വാങ്ങാനുമാണ് അവരുപയോഗിക്കുന്നത്. മദ്യപാനത്തെപ്പറ്റിയുള്ള ഒരു ശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു: –
“കഷ്ടം പുഴുക്കള്‍ വലയുന്ന പുളിച്ച കള്ളിന്-
മട്ടും കുടിച്ച് ചില ഗോഷ്ഠികളും കളിച്ച്
ദുഷ്ട് ഉള്ളവാക്ക് ചിലരോട് പറഞ്ഞു നന്നായി
കിട്ടുന്ന താഢനമതങ്ങവരോട് വാങ്ങും”.
യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും അത് തന്നെയാണ്. ബുദ്ധിസ്ഥിരതയ്ക്ക് മാന്ദ്യം സംഭവിക്കുന്നത് മൂലം വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ചില ഗോഷ്ഠികള് കാണിക്കാനേ മദ്യപാനികള്‍ക്ക് കഴിയുന്നുള്ളു.
കുടിച്ച് കുടിച്ച് സര്‍വതും നഷ്ടപ്പെടുമ്പോള്‍ ഇനി കുടിക്കാന്‍ വകയില്ലെന്നു ബോധ്യമാകുമ്പോള്‍ മറ്റുചില ദുഷ്പ്രവണതകളിലേക്കാണ് മദ്യപാനികളുടെ ശ്രദ്ധ തിരിയുന്നത്. സാധാരണ കുടിക്കുന്ന സമയം വന്നെത്തിയാല്‍ അവരുടെ അസഹ്യത മൂലം കൊള്ളയടിക്കാനും അന്യരുടെ പോക്കറ്റുകള്‍ ചൂഷണം ചെയ്യാനും, കളവു നടത്താനും അവര്‍ക്ക് ഒരുങ്ങേണ്ടി വരുന്നു. ആദ്യ ദിവസം കുറച്ചൊക്കെ ഭയം പിടികൂടുമെങ്കിലും നിത്യേനയുള്ള പരിചയം അവര്‍ക്ക് ധൈര്യവും കരുത്തും സാമര്‍ത്ഥൃവും നല്കുന്നു.
ഇന്ന് മദ്യമുപയോഗിക്കുന്നതില്‍ പ്രായപരിധികളൊന്നുമില്ല. വലിയവര്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ മദ്യമുപയോഗിക്കുന്നതൊരു ഭൂഷണമായി കരുതുന്നുണ്ട്. മാത്രമല്ല, സ്ത്രീകളും മദ്യപാനവിഷയത്തില്‍ പിന്നോക്കമല്ലയെന്നതാണ് ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ദിനംപ്രതി മദ്യമുപയോഗിക്കുന്നതു മൂലം ആരോഗ്യവും, കുടുംബഭദ്രതയും ശിഥിലമായി നാശത്തില്‍ നിന്ന് നാശത്തിലേക്കു വഴുതി വീഴുന്ന പലരെയും നാം കാണുന്നുണ്ട്.
പാപങ്ങളുടെ ഇരിപ്പിടം
മദ്യപാനം ഇസ്ലാം കര്‍ശനമായും നിഷിദ്ധമാക്കിയിട്ടുണ്ട്. ‘പാപങ്ങളുടെ ഇരിപ്പിടം’ എന്നാണ് മദ്യത്തെപ്പറ്റി തിരുമേനിയരുളിയത്. മദ്യപാനത്തില്‍ അഭിമാനം കൊള്ളുകയും അത് ഭൂഷണമായും തറവാട്ടു മഹിമയായും അംഗീകരിച്ച് ജീവിക്കുകയും ചെയ്ത ഒരു ജനസഞ്ചയമായിരുന്നു അന്നത്തെ അറേബ്യന്‍ നിവാസികള്‍. മദ്യപാനത്തില്‍ ലയിച്ചു ചേര്‍ന്ന അവരെ മദ്യവിരോധികളാക്കി തീര്‍ക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെ
അമാനുഷിക ശക്തിക്ക് നിഷ്പ്രയാസം കഴിഞ്ഞു. നബി (സ) മദീനയില്‍ ആയിരിക്കുമ്പോഴാണ് ആദ്യത്തെ മദ്യ നിരോധന കല്‍പ്പന ലഭ്യമായത്. അതൊരുപദേശത്തിലായിരുന്നു. “മദ്യത്തെയും, ‘മൈസറി’ (ഭാഗ്യപരീക്ഷക്കുള്ള കളികള്‍, ലോട്ടറികള്‍) നെയും കുറിച്ച് അവര്‍ നിന്നോട് (നബിയോട്) ചോദിക്കുന്നു, നീ പറയുക: അവയില്‍ വമ്പിച്ച കുറ്റ (ങ്ങള്‍ക്കുള്ള മാര്‍ഗ്ഗം) ഉണ്ട്. (മറുവശം നോക്കുമ്പോള്‍) മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളും ഉണ്ട്. പക്ഷെ അവ കൊണ്ടുണ്ടാകുന്ന (അവ രണ്ടില്‍ നിന്നും ജന്മമെടുക്കുന്ന) കുറ്റം അവ കൊണ്ടുണ്ടാകുന്ന പ്രയോജനത്തെക്കാള്‍ വലുതാണ്!” (2:219).
ആദ്യത്തേത് ഉപദേശമാണെങ്കില്‍ രണ്ടാമത്തേത് ഒരു താക്കീതായിരുന്നു. “സത്യവിശ്വാസികളേ! ലഹരി ബാധിച്ച നിലയില്‍, (അതായത്) നിങ്ങള്‍ (നാവു കൊണ്ട്) പറയുന്നത് (ഹൃദയം കൊണ്ട്) ഗ്രഹിക്കു (വാന്‍ കഴിയു) ന്ന (ഘട്ടം എത്തുന്ന) തു വരെ നമസ്ക്കാരത്തെ സമീപിക്കരുത്” (4: 43). നമസ്ക്കാര സമയത്തോടടുത്ത് മദ്യം ഉപയോഗി ക്കുന്നത് തെറ്റാണെന്ന് വെളിപ്പെടുത്തിയതിനു ശേഷം മദ്യപാനം കര്‍ശനമായും നിരോധിച്ചു കൊണ്ട് അല്ലാഹുവിന്റെ കല്‍പ്പന ലഭ്യമായി. “സത്യവിശ്വാസികളേ! മദ്യവും, ‘മൈസറും’, ‘അന്‍സാബും’ പ്രശ്നം വെക്കാനുള്ള അമ്പുകളും വൃത്തിഹീനങ്ങളും പിശാചിന്റെ നടപടികളില്‍ പെട്ടതുമാകുന്നു. അതുകൊണ്ട് ജീവിതവിജയം പ്രാപിക്കാന്‍ അതെല്ലാം വിട്ടൊഴിഞ്ഞിരിക്കുക. മദ്യ(പാന)ത്തിലും, മൈസറിലും മുഴുകി നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കിത്തീര്ക്കണമെന്നും ദിവ്യസ്മരണയില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടഞ്ഞു നിര്‍ത്തണമെന്നും മാത്രമാണ് പിശാചുദ്ദേശിക്കുന്നത്. നിങ്ങള്‍ വിരമിക്കുന്നുണ്ടോ?” (5:90,91). അല്ലാഹുവിന്റെ കല്‍പ്പന ഇറങ്ങിയപ്പോള്‍ മറ്റൊന്നും അവര്‍ ചിന്തിച്ചില്ല. തങ്ങള്‍ക്ക് അതുവരെ പ്രിയപ്പെട്ട മദ്യം സ്വന്തം കരങ്ങള്‍ കൊണ്ട് തന്നെ ഒഴിച്ച് കളഞ്ഞ് അത് സൂക്ഷിക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ പോലും തല്ലിയുടക്കുകയാണ് അവര്‍ ചെയ്തത്. അന്ന് മദീനയിലെ തെരുവീഥികളില്‍ പ്രവഹിച്ച മദ്യത്തിനും പൊട്ടിത്തകര്‍ന്ന പാത്രങ്ങള്‍ക്കും കണക്കില്ലായിരുന്നു. അന്ന് മുതല്‍ അവര്‍ മദ്യം നിഷിദ്ധമായി കാണുകയും വര്‍ജിക്കുകയും ചെയ്തു.
ഒന്നുകില്‍ മദ്യം, അല്ലെങ്കില്‍…
മദ്യമുപയോഗിക്കുന്നവര്ക്ക് സ്വര്‍ഗപ്രാപ്തി ലഭിക്കുകയില്ലെന്നതാണ് തിരുവചനങ്ങള്‍ കൊണ്ട് നമുക്ക് വ്യക്തമാകുന്നത്. അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കുന്നതിലും ദിവ്യസ്മരണയെ ഇല്ലാതാക്കി ആരാധനാക്രമങ്ങളില്‍ മനുഷ്യരെ വിമുഖരാക്കാനും മദ്യം ഒരു കാരണമായിത്തീരുന്നുവെന്നതില് തര്‍ക്കമില്ല. നമസ്കാരാദി കര്‍മങ്ങള്‍ നിര്‍വഹിക്കാനും ഹൃദയശുദ്ധി കൈവരുത്താനും, സല്‍ക്കര്‍മങ്ങള്‍ ചെയ്യാനുമുള്ള സുവര്‍ണ്ണാവസരവും മഹത്തായ ഭാഗ്യവും മദ്യപാനികള്‍ക്ക് നഷ്ടപ്പെടുന്നത് മൂലം അനശ്വരമായ പാരത്രികസുഖത്തെ സമ്പാദിക്കാന്‍ സാധിക്കാതെ പോവുകയും അതിനാല്‍ ദീര്ഘകാലശിക്ഷയ്ക്ക് പാത്രീഭൂതരാകുകയും ചെയ്യുന്നു. ബൈഹകി, ഇബ്നു അബ്ബാസ് (റ) വില്‍നിന്നു രിവായത് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണുന്നു. “…അതുകൊണ്ട് നിങ്ങള്‍ മദ്യം ഉപയോഗിക്കരുത്. അല്ലാഹുവാണെ സത്യം, ഈമാനും മദ്യവും ഒരുവന്റെ ഉള്ളില്‍ ഒരുമിച്ചു സ്ഥിതി ചെയ്യുന്നില്ല. ഒന്നുകില്‍ മദ്യം, അല്ലെങ്കില്‍ ഈമാന്‍!” മദ്യപാനം മൂലം ഈമാന്‍ നഷ്ടപ്പെടുകയും ഇബ്ലീസിന്ന് പ്രണാമം ചെയ്യുകയും ചെയ്ത ബര്സീസായുടെ കഥ പ്രസ്താവ്യമാണല്ലോ. എന്ത് ക്ലേശങ്ങള്‍ സഹിച്ചും ഈമാന്‍ നേടിയെടുക്കാന്‍ അനവരതം യത്നിക്കേണ്ട ചില മുസ്ലിം നാമധാരികള്‍ മദ്യമുപയോഗിച്ച് ദീനുല്‍ ഇസ്ലാമിന് കളങ്കം വരുത്തുന്നത് ഖേദകരമാണ്: “വ്യഭിചാരി വ്യഭിചരിക്കുമ്പോള്‍ ഈമാനുള്ളവനായിക്കൊണ്ട് വ്യഭിചരിക്കുകയില്ല, കള്ളന് കക്കുമ്പോള്‍ ഈമാനുള്ളവനായിക്കൊണ്ട് കക്കുകയില്ല. കള്ളുകുടിക്കുമ്പോള്‍ ഈമാനുള്ളവനായി കുടിക്കുകയില്ല” എന്ന് തിരുമേനിയരുളിയതായി അബുഹുറൈറ (റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നിട്ടുപോലും എല്ലാ ദുഷ്പ്രവണതകള്‍ക്കും പ്രേരണ നല്കുന്ന മദ്യമുപയോഗിക്കുന്നതില്‍ ചില മുസ്ലിം സഹോദരന്മാര് പെട്ടുപോയിരിക്കുകയാണ്. മദ്യപാനം പരക്കെയാകുന്നത് അന്ത്യനാളിന്റെ ആരംഭാടയാളമായി നബി (സ) നമുക്കറിവു തന്നിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം മതം മദ്യം കഠിനമായി നിരോധിച്ചിട്ടും അതനുസരിക്കാതെ ചിലര്‍ മദ്യശാലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു പോയിട്ടുണ്ട്. ഈ ദുഷ്പ്രവണത ദുരീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മദ്യപാനം ആര്‍ക്കും ഭൂഷണമല്ല. ബുദ്ധിയും വ്യക്തിത്വവും കുടുംബഭദ്രതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മദ്യം ഒരിക്കലും ഉപയോഗിക്കുകയില്ല. മദ്യനിരോധനം പിന്‍വലിച്ചാലും ഇല്ലെങ്കിലും ശരി ബുദ്ധിയുള്ള മനുഷ്യന് മദ്യത്തിന്റെ ദോഷവശങ്ങളെ പറ്റി നല്ലവണ്ണം ചിന്തിച്ച് ആത്മസംയമനത്തിലൂടെ മദ്യം നിഷിദ്ധമാക്കിത്തള്ളട്ടെ.