എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 38
28 Dec 1973
ശഹാദത്തിന്റെ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച മാവിലാട്ടിന്റെ അവസാനത്തെ ലേഖനം. മുന്‍ ലേഖനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിട്ടുവീഴ്ചകളില്ലാത്ത, അതിരുകളില്ലാത്ത ഈമാനിക ആവേശവും ആദര്ശപ്രഖ്യാപനവും ഈ ലേഖനത്തില്‍ കാണാം. അവസാന ഖണ്ഡികയില്‍ ഈ സമുദായത്തോട് മാവിലാട്ട് എന്തോ പ്രതീക്ഷിച്ചിട്ടെന്നപോലെ നടത്തിയ ആഹ്വാനവും കാണാം. -എഡിറ്റര്‍
“കുരങ്ങിന്റെ കൈകളില്‍ പൂമാല കൊടുക്കരുത്”, മലയാള ഭാഷയില്‍ അങ്ങനെ ഒരു ചൊല്ലുണ്ട്. സൗന്ദര്യവും സൗരഭ്യവും സമഞ്ജസമായി സമ്മേളിക്കുന്ന ഒരു പൂമാലയെ അതര്‍ഹിക്കുന്നവിധത്തില്‍ ആസ്വദിക്കാനും, സംരക്ഷിക്കാനുമുള്ള പക്വതയും വിവേകവുമൊന്നും കുരങ്ങിനില്ല. അതിനാല്‍ തന്റെ കൈകളില്‍ അത്തരമൊരു സാധനം വന്നു പെട്ടാല്‍ തിരിച്ചും മറിച്ചും ഒന്നാവര്‍ത്തിച്ചു നോക്കി സ്വാഭാവികമായും കുരങ്ങന് കശക്കിയെറിയുന്നു. ഇതാര്ക്കുമറിയാവുന്ന ഒരു വസ്തുതയാണ്.
പരിശുദ്ധ ഇസ്ലാം മതം ഒരു പൂമാലയോടുപമിക്കുക. പ്രപഞ്ചനാഥന്റെ നിര്‍ദ്ദേശാനുസരണം ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചക പുംഗവന്മാര് വളരെ സൂക്ഷ്മതയോടു കൂടി ഒരു രത്നചരടില് നിരവധി സുന്ദര തത്വസംഹിതകളാകുന്ന കുസുമങ്ങളാല്‍ കോര്‍ത്തിണക്കിയ അമൂല്യമായ പൂമാല. ഓരോ മുസല്‍മാനും ആവേശത്തോടെ മുകര്‍ന്ന് ആദരവോടെ കാത്തു സൂക്ഷിക്കേണ്ടതാണ് ഈ പൂമാല പക്ഷെ, ഇന്ന് ആധുനിക മര്ക്കടവീരന്മാരുടെ പരുപരുത്ത കൈകളാല്‍ കശക്കിയെറിയപ്പെടുകയാണ്. പരിശുദ്ധ ശരീഅത്തിനെതിരെ ചിലര്‍ കുരച്ചുചാടുന്നതും വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയിലും അവതരണത്തിലുമൊക്കെ മായം കലര്‍ത്തിയതും എന്തോ തകരാറുകൊണ്ട് അധഃപതനത്തിന്റെ അഗാധതയില്‍ എത്തിച്ചേര്‍ന്ന ഷെയ്ക്ക് അബ്ദുള്ള പോലുള്ളവരുടെ ഗിരിപ്രഭാഷണങ്ങളുമൊക്കെ ഇക്കാര്യത്തിന് ഉപോല്‍ബലകങ്ങളായ തെളിവുകളാണ്. (മുസ്ലിം എഡ്യൂക്കേഷണല്‍ കോണ്‍ഫെറെന്‍സിന്റെ ആഭിമുഖ്യത്തില്‍ പാറ്റ്നയില്‍ വച്ച് ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ ആരുടെയോ പ്രീതി സമ്പാദിക്കാന്‍ വേണ്ടി ചരിത്രസത്യങ്ങള്‍ ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് ഈയ്യിടെ കോലംകെട്ടിയിറങ്ങുന്ന മി. ഷെയ്ഖ് അബ്ദുല്ല ചെയ്ത പ്രസംഗം 23-11-73 ന്റെ “ഗംഗാര്‍” വാരികയെ ഉദ്ധരിച്ചുകൊണ്ട് 2-12-73-ാം തിയ്യതിയിലെ ചന്ദ്രിക പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രാമകൃഷ്ണന്മാരുടെയും ഗുരു നാനാക്കിന്റെയും രാജ്യത്ത് താമസിക്കുന്നിടത്തോളം കാലം മുസ്ലിംകള് അവരുടെ കാല്‍പ്പാടുകള്‍ പിന്പറ്റേണ്ടതാണെന്നും അവരുടെ മാതൃകകളില്‍ നിന്നും പാഠം പഠിക്കേണ്ടതാണെന്നും ഷെയ്ക്കുപദേശിച്ചുപോല്! മുഹമ്മദ് നബി (സ) യെയും ശ്രീകൃഷ്ണനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനവും ഷെയ്ഖ് നടത്തിക്കളഞ്ഞുവത്രേ. തന്റെ ആഗ്രഹത്തിനനുസരിച്ച് പെണ്‍കുട്ടികളെ സ്റ്റേജില്‍ വരുത്തി അവര്‍ ഭൂമാതാവിനെ വന്ദിച്ചു കൊണ്ടു വന്ദേമാതര ഗാനം നീട്ടി ആലപിച്ചപ്പോള്‍ ആ ഗാനമാധുരിയിലലിഞ്ഞ് അദ്ദേഹം അതീവ സന്തുഷ്ടനായെന്നും പത്രം ചൂണ്ടിക്കാട്ടുകയുണ്ടായി.
കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് കയ്പ്പും ദുഃസ്വാദുമുള്ള ഔഷധങ്ങള്‍ അതിന്റെ സ്വതസിദ്ധമായ രുചി സഹിച്ചു കൊണ്ട് തന്നെ സേവിക്കേണ്ടുന്ന ഒരു വിഷമസ്ഥിതി രോഗികള്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഔഷധസേവ നടത്താന്‍ വിമുഖത കാട്ടിയവരുമുണ്ടായിരുന്നു. ഇന്ന് ആധുനികശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ച് മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. എത്ര തന്നെ അരുചിയും കയ്പു രസവുമുള്ള ഔഷധങ്ങള്‍ ക്യാപ്സ്യൂള്‍ (Capsule) രൂപത്തിലും മധുരം പൊതിഞ്ഞ ഗുളികയായും രുചിപ്രദമായ എസ്സെന്സുകള് ചേര്‍ത്ത ദ്രാവകങ്ങളായും ഇന്ന് ലഭിക്കുന്നത് കൊണ്ട് അനായാസേന കഴിക്കാന്‍ കഴിയുന്നു. അതുകൊണ്ടു തന്നെ ഇന്ന് രോഗികള്‍ മരുന്ന് ഇഷ്ടപ്പെടുകയും ചെയ്യുന്നു. ആധുനിക മത സേവകന്മാരും(?) ഇത്തരത്തിലാണ് തങ്ങളുടെ വാദങ്ങള്‍ ബഹുജനസമക്ഷം സമര്‍പ്പിക്കുന്നത്. ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി പോലുള്ള, കേള്‍ക്കുമ്പോള്‍ തന്നെ ഓമനത്വം തോന്നുന്ന ഇത്തരം ലേബലുകളില്‍ പൊതിഞ്ഞാണ് ഒരു മുസ്ലിം ഓര്‍ക്കാന്‍ പോലും അനുവദനീയമല്ലാത്ത, ഒരുപക്ഷെ ഇസ്ലാമികവൃത്തത്തില് നിന്ന് പുറത്തുപോകുന്ന തരത്തിലുള്ള അപകടകരമായ വാദങ്ങള്‍ അവര്‍ കമ്പോളത്തിലിറക്കുന്നത്, മിന്നുന്നതെല്ലാം പൊന്നാണെന്ന് ഒറ്റ നോട്ടത്തില്‍ ധരിച്ചു പോയ പാവം മനുഷ്യന് ഇതൊക്കെ ഉത്തമ സേവനങ്ങളാണെന്ന് മനസിലാക്കി ‘തറവാട് കുളം തോണ്ടുന്ന’ ഈ വിരുതന്മാര്ക്ക് സിന്ദാബാദ് മുഴക്കാന്‍ ഓടുകയാണ്. പ്രഥമദൃഷ്ട്യാ ആസ്വാദ്യത കാണുന്ന ജനങ്ങളെ വഞ്ചിക്കാന്‍ വേണ്ടി പുറമെ മാത്രം പൊതിഞ്ഞ ഈ ആകര്ഷീയ മറകള്‍ കാലാന്തരത്തില്‍ തങ്ങളുടെ കപടോദ്ദേശ്യവുമായി പരസ്യമായി രംഗത്തിറങ്ങാനുള്ള റിഹേഴ്സലുകളാണ് ഈയിടെയായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രവര്‍ത്തനങ്ങളും, പ്രസംഗങ്ങളുമൊക്കെ. പഞ്ചസാരയില്‍ പൊതിഞ്ഞ ഈ കാളകൂട വിഷം സേവിക്കാന്‍ തിടുക്കം കൂട്ടുന്ന മനുഷ്യന് അറിയുന്നില്ല, നമ്മുടെ സംസ്കാരത്തെയും സ്ഥായിയായ നിലനില്പിനെയും കാര്‍ന്നുതിന്നുന്ന അര്ബുദാണുക്കളെയാണ് തങ്ങള്‍ ഉള്കൊള്ളുന്നതെന്ന പരമാര്‍ത്ഥം.
മിസ്റ്റര്‍ ഷെയ്ക്കിനോട് ഒന്ന് മാത്രം പറയട്ടെ, ഞങ്ങള്‍-എന്ന് പറഞ്ഞാല്‍ മുസ്ലിംകള്- ജീവിക്കുന്നത് അവര്‍ക്കു ജന്മംനല്കിയ രാജ്യത്താണ്. സര്‍വലോക രക്ഷിതാവ് അവര്‍ക്കു നല്കിയ ഭൂമിയിലാണ്. അവര്‍ക്ക് പിന്പറ്റാനും മാതൃകയായി സ്വീകരിക്കാനും അന്യമതക്കാരുടെ കാല്‍പ്പാടുകള്‍ പരതി നടക്കേണ്ട ആവശ്യമില്ല. ഇസ്ലാമിക ചരിത്രത്തില്‍ പ്രഭാപൂരം പൊഴിക്കുന്ന തുല്യതയില്ലാത്ത ഒരു പരിവര്‍ത്തനം ലോകത്താകമാനം സംഭാവന നല്കിയ പ്രവാചക പുംഗവന്മാരുടെയും അനുകരണീയവും ഉദ്വേഗജനകങ്ങളുമായ നിരവധി അധ്യായങ്ങള്‍ മെനഞ്ഞെടുത്ത ധീര സഹാബിവര്യരുടെയും മറ്റു മഹാത്മാക്കളുടെയും ചര്യകള്‍, മാര്‍ഗ്ഗങ്ങള്‍, പാരാവാരം പോലെ ഞങ്ങളുടെ മുമ്പില്‍ നീണ്ടുകിടക്കുകയാണ്, മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധ്യമല്ലാത്ത പ്രപഞ്ചനാഥന്റെതായ ഉന്നത സംസ്കാരവും സര്‍വാദരണീയമായ കര്‍മ പരിപാടികളും, സമുജ്ജ്വലങ്ങളായ സിദ്ധാന്തങ്ങളും സ്വന്തമായുള്ള മുസ്ലിംകള്ക്ക് മറ്റിതര സംസ്കാരങ്ങളെ, മാതൃകകളെ ഗവേഷണം നടത്തി സ്വായത്തമാക്കേണ്ടുന്ന ഒരാവശ്യവും ഇല്ല. മിസ്റ്റര്‍ ഷെയ്ഖ്, ഞങ്ങള്‍ മുസ്ലിംകളാണ്. കറകളഞ്ഞ മുസ്ലിംകള്. ലോകത്തെമ്പാടും ഏകദൈവവിശ്വാസത്തിന്റെ പ്രകാശദീപ്തികള് വാരിവിതറി നിരവധി കൊല കൊമ്പന്മാരെയും സന്നിഗ്ദ്ധഘട്ടങ്ങളെയും തളരാത്ത ആത്മവീര്യത്തോടെ നേരിട്ട് പരിശുദ്ധ ഇസ്ലാം പൂര്ത്തീകരിച്ചവതരിപ്പിച്ച മഹാനായ അന്ത്യനബിയുടെ അനുയായികളാണ് ഞങ്ങള്‍. മുഹമ്മദ് നബിയുടെ ചരിത്രം ഞങ്ങള്‍ക്ക് വ്യക്തമായറിയാം. കൂട്ടത്തില്‍ ശ്രീകൃഷ്ണന്റെയും. ആ രണ്ടു ജീവിതചരിത്രത്തെയും അപഗ്രഥിച്ച് ഒരു താരതമ്യപഠനം നടത്തി താങ്കള്‍ക്ക് മറുപടി നല്‍കുന്നത് ഇതരമത സഹോദരന്മാരുടെ വികാരത്തെ മാനിക്കുന്നത് കൊണ്ട് ഭൂഷണമാണെന്നു തോന്നുന്നില്ല. ഒരു കാര്യം തറപ്പിച്ചും ഉറപ്പിച്ചും പറയട്ടെ, താങ്കളുടെ ഉപദേശം അംഗീകരിക്കാനും വന്ദേമാതരത്തിന്റെ ഈരടികള്‍ ആലപിച്ച് അതില്‍ ലയിക്കാനും ഞങ്ങള്‍ക്ക് മനസില്ല. താങ്കള്‍ ഇതൊക്കെ ചെയ്യുന്നതില്‍ ഞങ്ങള്‍ പരാതിപ്പെടുന്നില്ല. പക്ഷെ ഇസ്ലാമിനെപ്പറ്റി ഒരു ചുക്കും പഠിക്കാതെ ഇസ്ലാമിക വൃത്തത്തില്‍ നിന്നുകൊണ്ടുള്ള ഈ ഓരിയിടല്‍ താങ്കള്‍ നിര്‍ത്തുകതന്നെ വേണം. കാശ്മീരിലെ സിംഹമായ താങ്കള്‍ വാര്‍ദ്ധക്യകാലത്ത് കുറ്റിക്കാടുകളില്‍ അര്‍ധരാത്രി ഓരിയിടുന്ന കുറുനരിയായി അധഃപതിക്കരുത്. നിരവധി ‘അബൂ ജഹലുകള്’ ഈ സമുദായത്തെ നശിപ്പിക്കാന്‍ പരിശ്രമിച്ച് പരാജയമടഞ്ഞപ്പോള്‍ ഈ സമുദായത്തില്‍ നിന്ന് തന്നെ അത്തരത്തിലുള്ള പുതിയ പതിപ്പുകള്‍ ഇറക്കി പരീക്ഷിക്കാന്‍ രംഗത്തിറങ്ങിയവരുടെ പ്രേരണയില്‍, വാഗ്ദാനങ്ങളില്‍ ആവേശം പൂണ്ട് എന്തു വേഷവും കെട്ടുന്നത് താങ്കള്‍ക്ക് ഭൂഷണമല്ല. ഞങ്ങള്‍ക്കതു സ്വീകാര്യവുമല്ല. താങ്കള്‍ മധോക്കല്ല, വാജ്പേയിയല്ല, താങ്കള്‍ ഷെയ്ക്ക് അബ്ദുള്ളയാണ്. അതുകൊണ്ടു തന്നെ വിനയപൂര്‍വം വേദനയോടെ അവസാനം ഒന്ന് മാത്രം പറയട്ടെ- മരണത്തിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ വാര്‍ധക്യകാലത്ത് പാവപ്പെട്ട ഈ സമുദായത്തെ വേദനിപ്പിക്കാന്‍ വരരുതേ.
കള്ളനെ പിടിക്കാന്‍ ഓടുന്നവരുടെ മുമ്പില്‍ നിന്ന്കൊണ്ട് തന്നെ അതാ പോകുന്നു കള്ളന് എന്ന് ആര്‍ത്തുവിളിച്ച് കള്ളനെ രക്ഷപ്പെടുത്തുന്ന ചിലരെ കാണാം. അപ്രകാരം സമുദായം അപകടത്തില്‍ എന്ന് പറഞ്ഞ് സമുദായത്തെ ദ്രോഹിക്കുന്നവരും ഉണ്ടാകാം. വിദ്യാഭ്യാസപ്രചരണവും സമുദായോദ്ധാരണവും നല്ലത് തന്നെ. നാടിന്റെ നാനാഭാഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥമന്ദിരങ്ങളും ഉയര്‍ന്നു വരുന്നത് ആശാവഹമാണ്. അത്തരം സ്ഥാപനങ്ങള്‍ ഇസ്ലാമിന്റെ തനത് സംസ്കാരം പ്രതിഫലിപ്പിക്കുന്നു എന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പക്ഷേ ഒരു പിടി കപടവാദങ്ങളുടെയും പൊള്ളയായ ആദര്‍ശങ്ങളുടെയും തിരുപ്പുറപ്പാടിന് ചൂട്ടുപിടിക്കുകയാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ സമുദായത്തിന് അപകടമേ പ്രതീക്ഷിക്കാന്‍ നിര്‍വാഹമുള്ളൂ. ഇസ്ലാമിന്റെ ശരീഅത്ത് നിയമങ്ങളുടെയും സനാതന സംസ്കാരത്തിന്റെയും നേരെ ഇളിച്ചു കാട്ടുന്ന തിരുത്തല്‍വാദത്തിന്റെ പിശാചുക്കള്‍ക്ക് കയറിയൊളിക്കാനുള്ള സങ്കേതമായി അത്തരം സ്ഥാപനങ്ങള്‍ അധഃപതിച്ചാല്‍ സമുദായത്തിനേല്ക്കേണ്ടി വരുന്ന പോറലുകള്‍ ഗുരുതരമായിരിക്കും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞതുപോലെ സേവിച്ച് സേവിച്ച് സമുദായത്തെ ഒന്നടങ്കം വിഴുങ്ങി സേവിക്കാനുള്ള പ്രവണത എന്തൊക്കെ കാര്യങ്ങളുടെയും നേട്ടങ്ങളുടെയും പട്ടികയുണ്ടാക്കി ഉയര്‍ത്തിപ്പിടിച്ചാലും അംഗീകരിച്ചുകൊടുക്കാന്‍ നിര്‍വാഹമില്ല തന്നെ.
എല്ലാ നവീനാശയങ്ങളുടെയും മുമ്പിലോ പിമ്പിലോ മതപണ്ഡിതന്മാരുണ്ട്. മതനിയമങ്ങളെ ആധാരമാക്കി അപഗ്രഥിക്കാനും വിധിയെഴുതാനുള്ള അധികാരവും കഴിവും ഇവര്‍ അവകാശപ്പെടുന്നു. ഇസ്ലാമിന്റെ തനതായ രൂപവും ഭാവവും അതിന്റെ അമാനുഷികത്വവും വിസ്തരിച്ച് ഗിരിപ്രഭാഷണം നടത്തുന്ന അതേ അവസരം തന്നെ ആധുനിക വാദത്തിന്റെ സത്വങ്ങള്‍ക്ക് ദാസ്യവേല ചെയ്യാനും അവരുടെ വിഴുപ്പലക്കാനുമുള്ള തൊലിക്കട്ടി ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരു പൊതു സ്റ്റേജില്‍ വെച്ച് ഒരു ധിക്കാരി വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമെന്നതിനെ ചോദ്യം ചെയ്തപ്പോള്‍ തലയാട്ടി അത് അംഗീകരിക്കാന്‍ ഒരു മുസ്ലിം നാമധാരിയുമുണ്ടായിരുന്നുവെന്ന വസ്തുത അതാണ് തെളിയിക്കുന്നത്. ഖുര്‍ആന്‍ സൂക്തങ്ങളിലും ഹദീസുകളിലും മായം കലര്‍ത്തി പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് അവയെ പാകപ്പെടുത്തുകയെന്ന ഹിമാലയന്‍ സേവനമാണ് ഇവര്‍ ചെയ്തുകൊടുക്കുന്നത്. അവര്‍ അറിവുള്ളവരാണ്, അവര്‍ വിശ്വാസികളാണ്, അതുകൊണ്ട് അവരുടെ നിഗമനങ്ങളും മറ്റും ശരിയായിരിക്കില്ലേ എന്ന ചോദ്യം ആവര്ത്തിക്കുന്നവര് ചരിത്രത്തിനു നേരെ കണ്ണടക്കുകയാണ്. ഒരു കാലത്ത് അല്ലാഹുവിന്റെ വിനീത ദാസനും വിജ്ഞാനിയുമായിരുന്ന ഇബ്ലീസ് (ല. അ), അവന്റെ കുതന്ത്രത്തില്‍ കുടുങ്ങി 200 വര്‍ഷത്തെ ആരാധനകളഖിലവും കളഞ്ഞ് കുളിച്ച് മദ്യപാനവും, വ്യഭിചാരവും, കൊലപാതകവും ചെയ്ത് അവസാനം ഒരു കൊലക്കയറില്‍ തന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ബര്സീസ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ പരീക്ഷണാര്‍ത്ഥം ലോകത്തിറങ്ങി വഴിതെറ്റിപ്പോയി. ഇന്നും കഠിന ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ‘ഹാറൂത്തും’ ‘മാറൂത്തു’ മൊക്കെ അത്തരം ചോദ്യങ്ങള്‍ക്ക് തെളിഞ്ഞ ഉത്തരങ്ങളാണ്.
മതപണ്ഡിതന്മാരായാലും നവീന വിദ്യാഭ്യാസത്തിന്റെ എവറസ്റ്റ് കീഴടക്കിയ അതിമാനുഷരായിരുന്നാലും ഈ വിചിത്ര സമുദായ സേവകര്‍ നശീകരണ പ്രവര്ത്തകന്മാരാണ്. സമുദായത്തിന്റെ ജീവരക്തം ഈമ്പിക്കുടിക്കുന്ന രക്തരക്ഷസ്സുകളാണ്. ഈ പുകയുന്ന കൊള്ളികളില്‍ നിന്ന് വമിക്കുന്ന വിഷവാതകം സമുദായമഖിലം പരന്നു കഴിഞ്ഞു. ഇനി അറച്ചിരുന്നിട്ട് കാര്യമില്ല. നമ്മുടെ എല്ലാമെല്ലാമായ പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ഇവരുടെ കൈകളില്‍ നിന്ന് സംരക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. ഈ ശത്രുക്കള്‍ക്കെതിരെ സാഹിത്യകാരന്റെ തൂലിക പടവാളായി മാറട്ടെ. പ്രഭാഷകന്റെ വാഗ്ധോരണി പടയമ്പുകളായും പ്രവര്‍ത്തകന്റെ കര്‍മധീരത പടച്ചട്ടകളായും പരിണമിക്കട്ടെ.