സൽ സന്താനങ്ങളെ വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകത

എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 3
31 Jul 1967

സമുദായത്തിന്റെ അഭംഗുരമായ ആരോഗ്യത്തിനും അഭിവൃദ്ധിക്കും അനസ്യൂതമായ വിജയത്തിനും, പ്രവര്‍ത്തനശേഷിയും കാര്യബോധവുമുള്ള യുവാക്കളുടെ ആത്മാര്‍ഥമായ സഹകരണവും തളരാത്ത യത്നവും തികച്ചും അത്യന്താപേക്ഷിതമാണ്. മതം അനുശാസിക്കുന്ന നിയമസംഹിതകള്‍ക്ക് തികച്ചും വിധേയരായി പ്രപഞ്ച നാഥനില്‍ അടിയുറച്ച് വിശ്വസിച്ച് പതറാത്ത മനക്കരുത്തോടെ കാര്യങ്ങള്‍ കയ്യാളാന്‍ കഴിയുന്ന യുവവൃന്ദങ്ങളാല്‍ പരിപോഷിക്കപ്പെടുന്ന സമുദായം പരാജയഭീതി ഒരു കാലത്തും പ്രതീക്ഷിക്കേണ്ടതില്ല. സമുദായ സേവനത്തിലും, പ്രസ്ഥാനങ്ങളുടെ വിജയത്തിലും, യുവാക്കളുടെ അനിവാര്യമായ പങ്കും അവര്‍ക്ക് കരഗതമാക്കാന്‍ കഴിയുന്ന നേട്ടങ്ങളും അന്വേഷിക്കുന്നവര്‍ക്ക് ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ പലതും ഗ്രഹിക്കാന്‍ സാദ്ധ്യമാണ്. പൗരാണികകാലത്തെ യുവധീരര്‍ തങ്ങള്‍ അധ്വാനിച്ചൂട്ടിയെടുത്ത സര്‍വതും പ്രിയപ്പെട്ട ഇസ്‌ലാം മതത്തിന് കാഴ്ച വെച്ച് ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ സസന്തോഷം മുന്നോട്ടുവന്ന ത്യാഗസുന്ദരമായ ചരിത്രകഥകള്‍ രോമാഞ്ചപുളകിതങ്ങളാണ്. ക്ലേശഭൂയിഷ്ഠമായ ഒരെളിയ ജീവിതം മാത്രം നയിച്ച് സേവനത്തിന്റെ വഴിത്താരയിലൂടെ അല്ലാഹുവിന്റെ ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിച്ച് നീങ്ങി നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞുപോയ തലമുറകള്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടില്ലായിരുന്നുവെങ്കില്‍ സര്‍വരാലും പ്രകീര്‍ത്തിക്കപ്പെട്ട നമ്മുടെ സര്‍വോന്നത മതത്തിന്റെ സുന്ദരഭാവി ഇരുളടഞ്ഞു പോകുമായിരുന്നു.

പക്ഷെ, മണ്‍മറഞ്ഞ ആ തലമുറകളുടെ പ്രഭാപൂരം വിതറുന്ന അനുകരണീയങ്ങളായ മാതൃകകള്‍ പിന്തുടര്‍ന്ന് സുശോഭനമായ ഒരു ഭാവിയെ മെനഞ്ഞെടുത്ത് വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കാനുള്ള അഭിവാഞ്ഛ പുതിയ തലമുറയില്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു. സമീപകാലത്തു തന്നെ നടന്ന ദുര്‍ഗന്ധം വമിക്കുന്ന ചില ദുഷ്പ്രവണതകളുടെയും ചീറ്റുന്ന വാദ കോലാഹങ്ങളുടെയും പെരുപ്പവും, ആധുനിക ചിന്താഗതിയെ പുണര്‍ന്ന് പാശ്ചാത്യ സംസ്‌കാരത്തെ ചുംബിക്കുവാനുള്ള അതിരുകവിഞ്ഞ ആവേശവും അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഒന്നുണരാന്‍ സമയം കാണാത്ത നിരവധി പേര്‍ ഇസങ്ങളുടെ പുരോഗതിക്കായ് ഉറക്കൊഴിഞ്ഞ് സര്‍വതും ത്യജിക്കുന്നതും, മത നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കുന്നതും ഇന്ന് സര്‍വ സാധാരണമാണ്. ആധുനിക തലമുറയിലെ പ്രശോഭിക്കേണ്ടുന്ന യുവാക്കളുടെ ഹൃദയങ്ങള്‍ നിരവധി ദുഷ്ചെയ്തികള്‍ മൂലം ചെളി നിറഞ്ഞ ചതുപ്പുനിലങ്ങളായി രൂപം മാറിയിരിക്കുകയാണ്. “മനുഷ്യ ശരീരത്തില്‍ ഒരു മാംസ ഖണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു: അതാണ് ഹൃദയം” എന്ന പുണ്യവചനം ഇന്നത്തെ യുവഹൃദയങ്ങളെ സംബന്ധിച്ചേടത്തോളം അന്വര്‍ത്ഥമായിരിക്കുന്നു.

നാളത്തെ വിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ പരിശുദ്ധമതത്തെ അഭിവൃദ്ധിയില്‍ നിന്നും അഭിവൃദ്ധിയിലേക്കു നയിച്ച് വിജയത്തിന്റെ സോപാനത്തിലേക്കെത്തിക്കേണ്ട സാരഥികളത്രെ യുവാക്കള്‍. അതിമഹത്തായ ആ യജ്ഞം കര്‍ത്തവ്യബോധത്തോടുകൂടി പൂര്‍ണമാക്കാനുള്ള ഉപാധികള്‍ ആരായാനും സ്വായത്തമാക്കാനും യുവാക്കള്‍ നിസ്സംശയം നിര്‍ബന്ധിതരാണ്. അത്തരം നല്ലൊരു ബോധം യുവ തലമുറയില്‍ മേല്‍പ്പൊടിക്കു പോലും അവശേഷിച്ചിട്ടിട്ടുണ്ടോ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഹൃദയം നീറുന്നു. അന്യമതങ്ങളില്‍ നിന്നും ഇരവല്‍ വാങ്ങിയ കുപരിഷ്‌ക്കാരങ്ങളെ അഭിമാനത്തോടു കൂടി സ്വീകരിച്ച്; അതുല്യവും, വര്‍ണനാതീതവും മഹത്തേറിയതുമായ ഇസ്‌ലാമിക സംസ്‌കാരത്തെ പിഴുതെറിയുന്നത് കാണുമ്പോള്‍ ആധുനിക തലമുറയുടെ മത സേവനോത്സുക്യത്തിന് ബലമേറിയ അടിത്തറയുണ്ടാകുമോ എന്ന വസ്തുതയും ചിന്തിച്ചുപോവുകയാണ്.

അതിഖേദകരവും പരിതാപകാരവുമായ ഈ ശോചനീയാവസ്ഥയുടെ പിന്നില്‍ ചരട് വലിക്കുന്നത് ഒട്ടുമുക്കാല്‍ ഭാഗവും രക്ഷിതാക്കളുടെ അപകടകരമായ അനാസ്ഥയുടെ കറുത്ത കാര്യങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റായിരിക്കുകയില്ല. ചെറുപ്പ കാലങ്ങളില്‍ തന്നെ കുരുന്നു ഹൃദയങ്ങളില്‍ രൂപമെടുക്കുന്ന ദുഷ്പ്രവണതകളുടെ കളകളെ വേരോടെ വലിച്ചെറിഞ്ഞ് അവര്‍ക്കാവശ്യമായ മതവിദ്യാഭ്യാസം നല്‍കുക വഴി മതതത്വങ്ങളുമായി പരിചയപ്പെടുത്തി അവരെ ദീനുല്‍ ഇസ്‌ലാമിന്റെ മൂശയില്‍ വാര്‍ത്തെടുക്കേണ്ടുന്ന കര്‍ത്തവ്യം നിസ്സംശയം രക്ഷിതാക്കളുടേതാണ്. “എല്ലാ കുട്ടികളും ജനിക്കുന്നത് ഇസ്‌ലാമിക പാകതയിലാണ്. പിന്നീട് അവരെ യഹൂദിയാക്കുന്നതും, നസ്രാണിയാക്കുന്നതും, മജൂസിയാക്കുന്നതും അവരുടെ രക്ഷാകര്‍ത്താക്കളത്രെ”. അരുമ സന്താനങ്ങളുടെ ഭാവിയെ കടഞ്ഞെടുത്ത് അവരെ ദീനുല്‍ ഇസ്‌ലാമിന്റെ സല്‍പാന്ഥാവിലേക്കു സമാകര്‍ഷിച്ച് മത സേവനോല്‍ബുദ്ധരാക്കിത്തീര്‍ക്കുന്നതില്‍ രക്ഷിതാക്കളുടെ നിര്‍ബന്ധോത്തരവാദിത്വം ഈ ഒരൊറ്റ നബിവചനത്തിലൂടെ തന്നെ നമുക്ക് തെളിഞ്ഞു കാണുന്നു. രക്ഷിതാക്കളുടെ-ചിന്തിക്കുന്ന രക്ഷിതാക്കളുടെ-കര്‍ത്തവ്യബോധത്തെ തട്ടിയുണര്‍ത്തി അവരെ കര്‍മനിരതരാക്കാന്‍ പ്രസ്തുത വചനം ഒന്ന് മാത്രം മതിയാകുന്നതാണ്. ഇന്നത്തെ യുവഹൃദയങ്ങളെ അപഥസഞ്ചാരത്തിന്ന് കളമൊരുക്കിക്കൊടുക്കുന്നതും അവരെ നാശത്തില്‍ നിന്ന് നാശത്തിലേക്കു ഉന്തി നീക്കി മതത്തില്‍ നിന്നും വ്യതിചലിക്കാന്‍ കൂടിയുള്ള ഗതികെട്ട പ്രേരണ നല്‍കുന്നതും രക്ഷിതാക്കളില്‍ തഴച്ചു വളരുന്ന അറ്റമില്ലാത്ത അപകടകരമായ അനാസ്ഥയാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. വിശാലമായ പല പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണേന്തി ഭാഗഭാക്കുകളാകേണ്ട യുവാക്കളെ ശോചനീയമായ ആ നിലപാടില്‍ നിന്നും അതിജീവിച്ച് സാക്ഷാല്‍ ഇസ്‌ലാമിക രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട നിര്‍ബന്ധകടമ രക്ഷിതാക്കളില്‍ ഇന്നും ബാക്കി നില്‍ക്കുകയാണ്. രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും ഭാവിയെ മറച്ചു പിടിക്കുന്ന മടിയുടെ മാറാലയെ തട്ടി നീക്കി മതം അനുശാസിക്കുന്ന വിധം നല്ല ശിക്ഷണത്തിലൂടെ സന്താനങ്ങളെ നിയന്ത്രിച്ചു വളര്‍ത്താന്‍ രക്ഷിതാക്കള്‍ ഇനിയും വിമുഖത കാണിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും പരിശുദ്ധ മതത്തിന്റെ സുന്ദര ഗാത്രത്തില്‍ കഠാരയിറക്കലായിരിക്കും.

മതവിശ്വാസത്തിന്റെ ആവശ്യകത

ഇസ്‌ലാംമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമായ മതവിശ്വാസം സന്താനങ്ങള്‍ക്ക് നല്‍കുന്നതില്‍ രക്ഷിതാക്കളില്‍ വലിയൊരു വിഭാഗം ഇന്ന് അനാസ്ഥ കാട്ടുന്നു. ഇന്ന് തങ്ങളുടെ സന്താനങ്ങളില്‍ കാണുന്ന സര്‍വവിധ മഹാവ്യാധികളുടെയും മൂലകാരണവും, പാലൂട്ടി വളര്‍ത്തിയ തങ്ങളുടെ കരങ്ങളില്‍ തന്നെ കടന്നു കടിച്ച് അപമാനത്തിന്റെയും വേദനയുടെയും തീച്ചൂളയിലേക്കു രക്ഷിതാക്കളെ വലിച്ചെറിയുവാന്‍ സ്വന്തം സന്താനങ്ങള്‍ക്ക് കരളുറപ്പുണ്ടാകുന്നതും മതത്തെ പറ്റിയുള്ള അറിവില്ലായ്മയും നല്ല ശിക്ഷണത്തിന്റെ അഭാവവും ആണെന്ന കാര്യം രക്ഷിതാക്കള്‍ ഇനിയും മനസിലാക്കിക്കാണുന്നില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ വിദ്യാലയങ്ങളിലേക്ക് സന്താനങ്ങളെ അയക്കുന്നുണ്ടെങ്കിലും പരിശുദ്ധ ഖുര്‍ആന്‍ ഒരു വക പാരായണം ചെയ്യാനുള്ള തുച്ഛമായ അറിവ് സന്താനങ്ങള്‍ക്ക് ലഭിച്ചെന്നു കണ്ടാല്‍ മതവിദ്യാഭ്യാസം അപ്പടി നിര്‍ത്തല്‍ ചെയ്തു ലൗകികവിജ്ഞാനത്തിലൂടെ സന്താനങ്ങളെ വളര്‍ത്തിയെടുക്കാനാണ് പലരും പണിപ്പെടുന്നത്. വല്ല സന്താനങ്ങളും ഭാഗ്യവശാല്‍ ഈ നിലയില്‍ നിന്നും അല്‍പമൊന്നുയരാന്‍ അഭിലഷിച്ചാല്‍ തന്നെ ചില രക്ഷിതാക്കള്‍ ആവശ്യമുള്ള പ്രോത്സാഹനം നല്‍കാതെ അവരെ നിരുത്സാഹപ്പെടുത്തുന്നു. മതവിദ്യാഭ്യാസ പഠനോപയുക്തങ്ങളായ പാഠപുസ്തകങ്ങള്‍ പോലും വാങ്ങി കൊടുക്കാന്‍ ഒരുക്കമില്ലെന്നു കാണുമ്പോള്‍ മഹത്തായ ആ വിദ്യാഭ്യാസത്തോടുള്ള അവരുടെ അവജ്ഞ, അവഗണന എന്ത് മാത്രം കഠിനമായിരിക്കും.

“മതപരമായ ഒരു പാഠം പഠിക്കലും നൂറ് റക്അത്ത് സുന്നത്തു നമസ്‌കാരവും നോക്കുമ്പോള്‍ മതപരമായ പാഠം പഠിക്കലാണ് ശ്രേഷ്ഠം” എന്ന നബി വാക്യത്തിന് നേരെ രക്ഷിതാക്കളൂം സന്താനങ്ങളും ബോധപൂര്‍വം കണ്ണടക്കുകയാണ്. ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കേണമെന്ന് ഉദ്ഘോഷിച്ച മഹാനായ നബിയുടെ അനുയായികളായ നാം അതില്‍ നിന്ന് പിന്തിരിയുന്നത് എത്ര മാത്രം പരിഹാസ്യമാണ്. സന്താനങ്ങളുടെ ആത്മീയോല്‍ക്കര്‍ഷത്തെ കൂടി കണക്കിലെടുത്ത് അവര്‍ക്കാവശ്യമായ മതവിജ്ഞാനം നല്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാത്ത പക്ഷം അന്ത്യനാളില്‍ “ഞങ്ങള്‍ ദുര്‍മാര്‍ഗികളായി തീര്‍ന്നതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും നല്ല ശിക്ഷണം നല്‍കാത്ത ഞങ്ങളുടെ മാതാപിതാക്കളിലാണെന്ന്” സന്താനങ്ങള്‍ അല്ലാഹുവിനോട് പരലോകത്തു വെച്ചു പറയുമ്പോള്‍ രക്ഷിതാക്കള്‍ക്ക് എന്ത് ഉത്തരമാണ് നല്കാന്‍ കഴിയുക? മത വിദ്യാഭ്യാസത്തിലൂടെ തങ്ങള്‍ക്ക് ‘നഷ്ടപ്പെടുന്ന’ സമയവും കൂടി ലഭിച്ചാല്‍ മാത്രമേ ഭൗതിക വിജ്ഞാന സമ്പാദനത്തിന് ശരിയാംവണ്ണം കഴിയുകയുള്ളുവെന്ന സന്താനങ്ങളുടെ തലതിരിഞ്ഞ അബദ്ധവാദം അപ്പടി സ്വീകരിക്കുന്നവര്‍ നിരവധിയാണ്. ഈ ദുഷിച്ച ചിന്താഗതിയില്‍ നിന്ന് സന്താനങ്ങളെ പിടിച്ചു മാറ്റി ദിനംപ്രതി അവര്‍ ബോധപൂര്‍വം നഷ്ടപ്പെടുത്തുന്ന വിലയേറിയ സമയത്തിന്റെ നേരിയൊരംശമെങ്കിലും നേരായ മാര്‍ഗത്തിലൂടെ വിനിയോഗിക്കാനുള്ള നിര്‍ബന്ധ പ്രേരണ അവരില്‍ കുത്തി വെക്കാന്‍ രക്ഷിതാക്കള്‍ക്ക് അസാധ്യമാണെങ്കില്‍ അവര്‍ രക്ഷിതാക്കള്‍ എന്ന പട്ടത്തിന് യോഗ്യരാണോ? ഈ ചെയ്യുന്നത് രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും വിശിഷ്യാ ഇസ്‌ലാം മതത്തിന്റെ തന്നെയും അധഃപതനത്തെ മാടി വിളിക്കുകയായിരിക്കും. വിശേഷബുദ്ധിയുള്ള മനുഷ്യനെന്ന് അഭിമാനം കൊള്ളാന്‍ രക്ഷിതാക്കള്‍ അര്‍ഹരാണോ? ഇനി ഈ പ്രപഞ്ചമാകെ നശ്വരമാണെന്നും ലൗകിക കാര്യങ്ങളില്‍ മുഴുകി സുഖലോലുപന്മാരായി കഴിയുന്നതാണ് അഭികാമ്യമെന്നും അവര്‍ കരുതുന്നുണ്ടെങ്കില്‍ അത് പ്രപഞ്ചനാഥന്റെ കല്‍പനകള്‍ ധിക്കരിക്കലല്ലേ?

മുസ്‌ലിം രാഷ്ട്രങ്ങളുടെ ഇന്നത്തെ സ്ഥിതി

മതവിദ്യാഭ്യാസത്തിന്റെ അഭാവം മൂലം പല രാഷ്ട്രങ്ങളിലും ശപിക്കപ്പെട്ട പിശാച് മുതലെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇസ്‌ലാമിക സംസ്‌കാരം പഴഞ്ചനെന്നോതി അവജ്ഞയോടെ മാറ്റിവച്ച് നവീനങ്ങളായ ചിന്താഗതികളിലും പരിഷ്‌ക്കാരങ്ങളിലും അവര്‍ മുഴുകി കഴിയുന്നു. നമ്മുടെ നാട്ടിലും ആ വിഷക്കാറ്റിന്റെ അപകടകരമായ പകര്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ശരീഅത്ത് നിയമങ്ങളുടെ നേരെ വിരല്‍ ചൂണ്ടാന്‍ പോലും ചില മുസ്‌ലിം നാമധാരികള്‍ വളര്‍ന്നു കഴിഞ്ഞുവെന്നത് ഒരു പരമാര്‍ത്ഥമാണ്. കുടിയും കലയും, വ്യഭിചാരവും, മോഷണവും, നിശാ ക്ലബ്ബും ഒക്കെ നടത്തുന്നതിലും രൂപീകരിക്കുന്നതിലും മറ്റുമൊക്കെ മുസ്ലിം ചെറുപ്പക്കാരെ മുന്‍പന്തിയില്‍ തന്നെ കാണാമല്ലോ. മതവിദ്യാഭ്യാസത്തിന്റെ ബാലപാഠം പോലും ലഭിക്കാത്ത അവര്‍ക്ക് എന്ത് ഇസ്‌ലാം? എന്ത് ഈമാന്‍?

പത്തു വയസിനപ്പുറം സന്താനങ്ങള്‍ നമസ്‌ക്കാരവിഷയത്തില്‍ അലസത കാണിക്കുന്നുവെങ്കില്‍ അവരെ അടിച്ച് നമസ്‌ക്കാരത്തിലേക്കു ശ്രദ്ധ തിരിപ്പിക്കാന്‍ രക്ഷിതാക്കളോട് ഇസ്‌ലാം അനുശാസിക്കുന്നു. പക്ഷെ രക്ഷിതാക്കള്‍ ആകട്ടെ നമസ്‌കാര സമയങ്ങളില്‍ പോലും ഭാര്യമാരോടും സന്താനങ്ങളോടുമൊപ്പം സിനിമാശാലയിലേക്ക് കുതിക്കുന്നു. ഇസ്‌ലാം കഠിനമായും നിഷിദ്ധമാക്കിയ ദുരാചാരങ്ങളും സന്താനങ്ങളുടെ മുമ്പില്‍ നിന്ന് മടി കൂടാതെ രക്ഷിതാക്കള്‍ അനുഷ്ഠിച്ചു വരുന്നതിനാല്‍ അത്തരം ദുരാചാരങ്ങളിലേക്ക് സന്താനങ്ങളും ആകര്‍ഷിക്കപ്പെട്ടു പോകുന്നു. സന്താനങ്ങളില്‍ നല്ലൊരു ഭാവിക്ക് രൂപം കൊടുക്കുന്ന ഒട്ടേറെ മദ്രസ്സകളും ദര്‍സ്സുകളും രക്ഷിതാക്കളുടെ സഹകരണമില്ലായ്മയാല്‍ അപ്രത്യക്ഷമായില്ലെ.

രക്ഷിതാക്കളോട്

സ്‌നേഹം നിറഞ്ഞ രക്ഷിതാക്കളെ! നിങ്ങളുടെ സന്താനങ്ങള്‍ ഇതാ അധഃപതനത്തിന്റെ അഗാധതയിലേക്കു ആപതിക്കുന്നു. നിങ്ങള്‍ സ്‌നേഹനിധികളാണെങ്കില്‍, ദീനുല്‍ ഇസ്‌ലാമിനോട് കൂറുള്ളവരാണെങ്കില്‍, വൈകാതെ അവരെ കൈപിടിച്ച് കരകയറ്റുക! സന്താനങ്ങളില്‍ പടര്‍ന്നുപിടിച്ച ദുരാചാരങ്ങളുടെ മുള്‍പ്പടര്‍പ്പുകള്‍ നശിപ്പിച്ച് അവരെ സുന്ദരമായൊരു പാതയിലേക്ക് നയിക്കാനുള്ള നിങ്ങളുടെ യത്നം വൈകാതെ, പതറാതെ ആരംഭിച്ചു തളരാതെ തുടരൂ. എങ്കില്‍ നിങ്ങളും നിങ്ങളുടെ സന്താനങ്ങളും വിജയിക്കുകയും ദീനുല്‍ ഇസ്‌ലാമിന് സംഭവിച്ച കോട്ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്യും, അങ്ങിനെ സമുദായത്തിന് വേണ്ടി ഒന്നുണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആവേശം നിങ്ങളില്‍ തഴച്ചു വളരുമാറാകട്ടെ. ആമീന്‍.