നിയമസഭാ രേഖകള്‍

Collected from http://www.niyamasabha.org/

രാഷ്ട്രീയ കൊലപാതകങ്ങള്‍

4th Feb.1974

(പേജ് 36)

*7. [36] ശ്രീ. പിണറായി വിജയന്‍, ശ്രീ. സി. ബി. സി. വാര്യര്‍, ശ്രീ. എ. വി. കുഞ്ഞമ്പു, ശ്രീ. എസ്. ദാമോദരന്‍, ശ്രീ. കെ. കൃഷ്ണന്‍, ശ്രീ. കെ. ഐ. രാജന്‍, ശ്രീ. എം. സത്യനേശന്‍, ശ്രീ. എ. പി. കുര്യന്‍, ശ്രീ. ആര്‍. കൃഷ്ണന്‍ (പാലക്കാട്), ശ്രീ. വി.കെ. ഗോപിനാഥന്‍:

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി സദയം മറുപടി നല്‍കുമോ:

(എ) 1973 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, 1974 ജനുവരി എന്നീ മാസങ്ങളില്‍ സംസ്ഥാനത്തു എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു:

(ബി) അതില്‍ മരണമടഞ്ഞവര്‍ ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവര്‍; എത്ര പേര്‍ വീതം;

(സി) എത്ര കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയും കേസ് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്?

ആഭ്യന്തര മന്ത്രി (ശ്രീ. കെ. കരുണാകരന്‍):

(എ) പത്ത്.

(ബി) മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അഞ്ച് (5).

കോണ്‍ഗ്രസ് പാര്‍ട്ടി നാല് (4).

മുസ്‌ലിം ലീഗ് ഒന്ന് (1).

(സി) വിശദവിവരം മേശപ്പുറത്ത് വെച്ചിട്ടുണ്ട്.

 

ശ്രീ. പിണറായി വിജയന്‍: മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് പറഞ്ഞത് ചോദ്യം ചോദിച്ചവര്‍ക്ക് ആര്‍ക്കും തന്നെ കിട്ടിയിട്ടില്ല. അതുകൊണ്ട് അതൊന്ന് വായിച്ചാല്‍ കൊള്ളാം.

ശ്രീ. കെ. കരുണാകരന്‍: ആലപ്പുഴ ഡിസ്ട്രിക്ടില്‍, ചാക്കോ തോമസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിലെ പ്രതികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അനുഭാവികളാണ്. പിന്നെ ശ്രീധരന്‍ എന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും കൊലപ്പെടുത്തിയിട്ടുണ്ട്. അതിലെ പ്രതികളും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അനുഭാവികളാണ്. മറ്റൊന്ന് വാസുദേവന്‍പിള്ള എന്ന മാര്‍ക്‌സിസ്റ്റു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണ്. അതിലെ പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അത് നടന്നത് ആലപ്പുഴ ഡിസ്ട്രിക്ടില്‍ കായംകുളത്താണ്.

പാലക്കാട് ഡിസ്ട്രിക്ടില്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ എം. കെ. അപ്പുക്കുട്ടന്‍ എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ കേസിലെ അക്യൂസ്ഡ് നാരായണന്‍, കുട്ടപ്പന്‍, സുലൈമാന്‍, രാമണ്ടി എന്നിവരാണ്. ഇവര്‍ കോണ്‍ഗ്രസ് അനുഭാവികളാണ്.

കോഴിക്കോട് ഡിസ്ട്രിക്ടില്‍, നാദാപുരം പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനായ ചാലാപ്പറമ്പത്ത് കുഞ്ഞിരാമനെ കൊലപ്പെടുത്തുകയുണ്ടായി. ഈ കേസിലെ അക്യൂസ്ഡ് മുസ്‌ലിം ലീഗ് അനുഭാവികളാണ്. പിന്നെ വടകര പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ കാരമ്പത്ത് ദാമോദരന്‍ കുറുപ്പ് എന്ന മാര്‍ക്‌സിസ്റ്റ് അനുഭാവിയെ കൊലപ്പെടുത്തുകയുണ്ടായി. അതില്‍ ഏഴു സി.പി.ഐ. അനുഭാവികള്‍ പ്രതികളായുള്ള ഒരു കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ഡിസ്ട്രിക്ടില്‍, കോയാക്കി ചെറുകണ്ടന്‍ എന്ന മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ വച്ച് കൊലപ്പെടുത്തുകയുണ്ടായി. അതിലെ പ്രതികള്‍ കോണ്‍ഗസ് അനുഭാവികളാണ്. പിന്നെ പാനൂരില്‍ മുസ്‌ലിം ലീഗ് അനുഭാവിയായ മുഹമ്മദിനെ കൊലപ്പെടുത്തുകയുണ്ടായി. അതിലെ പ്രതികള്‍ കോണ്‍ഗ്രസ് അനുഭാവികളാണ്.

ഇങ്ങനെ പത്തു കേസുകളാണുള്ളത്.

 

(പേജ് 38)

ശ്രീ. പിണറായി വിജയന്‍: ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഭരണ കോണ്‍ഗ്രസ്സിലുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന്റെ ഭാഗമായിട്ടല്ലേ പാനൂരില്‍ മുഹമ്മദിനെ കൊന്ന വേലന്‍ രവിയെന്ന ഭരണ കോണ്‍ഗ്രസ്സിലെ ഗുണ്ട കത്തിയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റോഡില്‍ കൂടി നടന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത്. ഇത് രാഷ്ട്രീയ കൊലപാതകത്തെ സഹായിക്കുകയല്ലേ ചെയ്യുന്നത്?

 

ശ്രീ. കെ. കരുണാകരന്‍: ഇത്തരം കൊലപാതകങ്ങള്‍ക്ക് സംരക്ഷണം നല്കുകയെന്നുള്ള നയം ഒരിക്കലും ഗവണ്മെന്റ് സ്വീകരിച്ചിട്ടില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. ഒരിക്കലും ഈ നയം സ്വീകരിച്ചിട്ടുമില്ല. ഈ ഗവണ്മെന്റിന്റെ നയം എന്താണെന്നുള്ളത് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം.

 

(പേജ് 41) 

ശ്രീ. വി.കെ. ഗോപിനാഥന്‍: പാനൂരില്‍ നടന്നിട്ടുള്ള സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് എത്ര ദിവസം എടുത്തു? ഇത്രയും ദിവസം പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണമെന്താണ്? ഈ പ്രതികള്‍ പി. ആര്‍. കുറുപ്പിന്റെ സംരക്ഷണയിലായിരുന്നു എന്നു പറയുന്നത് ശരിയാണോ?

ശ്രീ. കെ. കരുണാകരന്‍: അത് ശരിയല്ല, ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

(പേജ് 42) 

ശ്രീ. കെ.എ. ശിവരാമ ഭാരതി: ശ്രീ. വി. കെ. ഗോപിനാഥന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത് അങ്ങനെയല്ല സംഭവമെന്നാണ്. അവിടെ നടന്ന കൊലപാതകത്തെ സംബന്ധിച്ചിടത്തോളം വളരെ ദിവസം കഴിഞ്ഞതിനു ശേഷം മാത്രമാണ് ബന്ധപ്പെട്ട കക്ഷികളെ അറസ്റ്റ് ചെയ്തത്, അതുതന്നെ അവിടത്തെ മജിസ്ട്രേട്ടിന്റെ നിര്‍ബന്ധപൂര്‍വമായ പ്രേരണ കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുള്ളത് വ്യക്തമായിരിക്കേ, എന്ന് അറസ്റ്റ് ചെയ്തു എന്നുള്ളതിനെ സംബന്ധിച്ചിടത്തോളം വ്യക്തമായ ഒരു മറുപടി പറയാതെ അത് ശരിയല്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുന്നത് ശരിയാണോ?

ശ്രീ. കെ. കരുണാകരന്‍: അറസ്റ്റ് ചെയ്യുന്നതിന് കാലതാമസം ഉണ്ടായില്ലെന്ന് പറഞ്ഞത് ശരിയാണ്.

 

ശ്രീ. കെ.എ. ശിവരാമ ഭാരതി: കൊലപാതകം കഴിഞ്ഞ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തോ എന്നുള്ളതാണ് ചോദ്യം. ഈ ആളിനെ കൊലപ്പെടുത്തിയത് പട്ടാപ്പകല്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. പക്ഷേ അറസ്റ്റ് ചെയ്തില്ല. വളരെ ദിവസം കഴിഞ്ഞതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇത് എന്തു കാരണത്താലാണെന്ന് പറയാമോ?

ശ്രീ. കെ. കരുണാകരന്‍: (ഉത്തരമില്ല.)

പാനൂര്‍ പ്രദേശത്തെ സംഘര്‍ഷാവസ്ഥ

14 Feb. 1974

(പേജ് 942)

*329. (337) ശ്രീ. കെ. ജെ. ചാക്കോ: താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കണ്ണൂര്‍ജില്ലയില്‍ പാനൂര്‍ പ്രദേശത്ത് ഒരു സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടുണ്ടോ;

(ബി) ഇതില്‍ എത്ര പേര്‍ മരിച്ചു; എത്രപേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി;

(സി) ഇത് സംബന്ധിച്ച്, ആഭ്യന്തരവകുപ്പിന്റെ പക്ഷപാതപരമായ നിലപാടിനെക്കുറിച്ച് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെ പ്രസ്താവനകള്‍ 1974 ജനുവരി 14-ലെയും 22-ലെയും പത്രങ്ങളില്‍ വന്നത് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പാനൂരില്‍ സംഘര്ഷാവസ്ഥയ്ക്ക് കാരണമെന്ത്?

ആഭ്യന്തര മന്ത്രി (ശ്രീ. കെ. കരുണാകരന്‍):

(എ) 11-1-1974-ല്‍ പാനൂര്‍ ബസാറില്‍ ഒരു സംഘട്ടനം ഉണ്ടായതിനെ തുടര്‍ന്ന് ചെറിയ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.

(ബി) ഈ സംഘട്ടനത്തില്‍ കുത്തേറ്റ ഒരാള്‍ 12-1-1974 -ന് മരണപ്പെടുകയുണ്ടായി.

(സി) ഉണ്ട്.

(ഡി) ‘എ’ യുടെ ഉത്തരം നോക്കുക.

ശ്രീ. ടി. എസ്. ജോണ്‍: ആ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായിട്ട് ഭരണകക്ഷിയില്‍പ്പെട്ടിട്ടുള്ളവര്‍ പോലും പറഞ്ഞിട്ടുള്ളത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഭരണകക്ഷിയില്‍പ്പെട്ട രണ്ടാള്‍ക്കാരെ ഇപ്പോഴും നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടില്ല എന്നതുകൊണ്ടാണ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ശ്രീ. കെ. കരുണാകരന്‍: ആ ആക്ഷേപം ശരിയല്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ അനുസരിച്ച് ഏതാനും ആളുകളുടെ മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ട പ്രതികളും ഉണ്ട്.

പാനൂര്‍ മാവിലോട്ട് മുഹമ്മദ് കൊലക്കേസ്

21 October 1974

(പേജ് 270)

185 (140) ശ്രീ. എ.വി. അബ്ദുറഹിമാന്‍: താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) പാനൂര്‍ മാവിലോട്ട് മുഹമ്മദ് കൊലക്കേസ് പോലീസ് നിരുത്തരവാദിത്വപരമായ രീതിയില്‍ കൈകാര്യം ചെയ്തതു കൊണ്ടാണ് പ്രോസിക്യൂഷന്‍ ഭാഗം – തെളിയാതെ പോയതെന്ന്, വളരെ ശക്തിയായ ഭാഷയില്‍ പ്രസ്തുത കൊലക്കേസിന്റെ വിധിന്യായത്തില്‍ പ്രതിപാദിച്ചത് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൊലീസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിന് കാരണം, ചില പൊതുപ്രവര്‍ത്തകന്മാരുടെ സ്വാധീനം മൂലമാണെന്നുള്ള ആരോപണം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഉത്തരം:

(എ) ഉണ്ട്.

(ബി) ഇല്ല.