വീരമൃത്യു വരിച്ച മാവിലാട്ട് മഹമൂദ്

എൻ. എ. മമ്മു ഹാജി
ചന്ദ്രിക
18-Jan-1974

പെരിങ്ങളം നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ട ഒരു ജീവനാണ് മാവിലാട്ട് മഹമൂദിന്റെ ദാരുണവും നിഷ്ഠൂരവുമായ അന്ത്യത്തോടു കൂടി നഷ്ടപ്പെട്ടത്. ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു മഹമൂദ്. കഴിഞ്ഞ 12 വർഷമായി മഹമൂദിനെ ഞാൻ നേരിട്ടറിയും. നിഷ്കാമമായി പൊതുരംഗത്തു പ്രവർത്തിപ്പാനും ഉത്തരവാദിത്വങ്ങൾ വീഴ്ചയോ അലസതയോ കൂടാതെയും നേതാക്കന്മാരെ അലോസരപ്പെടുത്താതെയും നിർവഹിക്കാനും സദാ ഉത്സുകനായ ഒരു യുവാവായിരുന്നു അദ്ദേഹം.

1962 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്ന് സ്വതന്ത്രനായി മത്സരിച്ച എസ്. കെ . പൊറ്റക്കാടിന് മുസ്ലിം ലീഗ് സഹായം പ്രഖ്യാപിച്ചപ്പോൾ പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്മാർ മുമ്പെങ്ങും പ്രദർശിപ്പിക്കാത്ത തരത്തിൽ അത്രയും ഉത്സാഹം കാണിച്ചിരുന്നു. ആ കൂട്ടത്തിൽ അന്ന് വളരെ ചെറുപ്പമായിരുന്ന മഹമൂദും ഉണ്ടായിരുന്നു.  പാനൂരിൽ നിന്ന് പൊയിലൂർ, വിളക്കോട്ടൂർ വരെ ഞങ്ങളോടൊപ്പം കാൽ നടയായി അദ്ദേഹം സഞ്ചരിച്ച സംഭവം ഞാനിപ്പോഴും ഓർക്കുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോൾ പലരും അവിടെ പ്രവർത്തനത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ആ കൂട്ടത്തിൽ മഹമൂദും സജീവ രംഗത്തുണ്ടായില്ല. കൊല്ലങ്ങൾ അധികം കഴിയുന്നതിനു മുമ്പ് മഹമൂദ് വീണ്ടും സജീവരംഗത്തു വന്നു. പതിന്മടങ്ങു കർമ്മശേഷിയോടെ പ്രവർത്തിച്ചു തുടങ്ങി. കഴിഞ്ഞ 11 നു ക്രൂരനായ ‘പ്രതിയോഗി’ യുടെ കഠാരി ആ പ്രിയപ്പെട്ട പ്രവർത്തകന്റെ മാർവ്വിടത്തിൽ തറക്കുന്നതു വരെ അവിരാമം തന്റെ പ്രവർത്തനം തുടർന്നുപോന്നു.

പെരിങ്ങളം മണ്ഡലത്തിലും പുറത്തും അറിയപ്പെടുന്ന ഒരു മാന്യ വ്യക്തിയായിരുന്നു മഹമൂദിന്റെ പിതാവ് സി. കെ. അസ്സൻസാഹിബ്. അദ്ദേഹം ശ്രീ. പി. ആർ. കുറുപ്പിന്റെ ചെയ്തികളെ ആദ്യമൊക്കെ എതിർത്തിരുന്നവെങ്കിലും പിന്നീട് സംഗതി വശാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു പോന്നു. മഹമൂദിൽ വളർന്നു വന്ന അക്രമവിരോധം പിതാവിന്റെ മരണത്തോടുകൂടി വിപുലമാവുകയും മുസ്ലിം ലീഗിന്റെ രംഗത്ത് കൂടുതൽ അർപ്പണ ബോധത്തോടെ പ്രവർത്തിക്കാൻ അത് അദ്ദേഹത്തിന് പ്രചോദനം നൽകുകയും ചെയ്തു.

മഹമൂദ് വിവാഹം ചെയ്തിട്ടുള്ളത് ബോംബെയിലെ പ്രവർത്തക പ്രമുഖനും ഒരു സമുദായ സ്നേഹിയും മതഭക്തനുമായ ജ. എം. അബുഹാജിയുടെ പുത്രി മറിയുവെയാണ്, അതിൽ രണ്ടു സന്താനങ്ങളുണ്ട്. മുനീറും (4) സാജിദ (2) യും മൂന്നാമത്തെ കുട്ടി വയറ്റിലിരിക്കുകയുമാണ്. വൃദ്ധയായ മാതാവും ഒരു സഹോദരനും (ഉസ്മാൻ) ഒരു സഹോദരി (നബീസ) യുമാണ് പരേതനുള്ളത്. സഹോദരിയെ വിവാഹം ചെയ്തിട്ടുള്ളത് മുൻ ഡി. സി. സി. സെക്രട്ടറി മി: കെ. ടി. കുഞ്ഞഹമ്മദാണ്‌. മഹമൂദിന് പറയത്തക്ക ജീവിത സൗകര്യങ്ങളില്ല. ഒരു കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കുറച്ചുകാലം നടത്തിയിരുന്നു. അതിപ്പോളില്ല. അനുജൻ ഉസ്‌മാൻ എസ്. എസ്. എൽ. സി പാസ്സായി വീട്ടിലിരിക്കുകയാണ്.

11 നു കൊലപാതകിയുടെ വെട്ടേറ്റ് ആസ്പത്രിയിൽ കൊണ്ടുപോകുന്ന വഴിക്കുവച്ചു തന്നെ താനിനി ജീവിക്കുകയില്ലെന്നു മഹമൂദ് തന്റെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. പിറ്റേന്ന് കാലത്ത് ആസ്പത്രിയിൽ ചെന്നപ്പോഴും ഇതാവർത്തിച്ചിരുന്നു. രോഗം മൂർച്ഛിച്ചു കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്ന വഴിക്കു അദ്ദേഹം ഒടുവിലായി സംസാരിച്ച വാക്യം “എന്റെ പുതപ്പു മാറ്റ്, ഞാൻ സ്വൈര്യമായി കിടക്കട്ടെ. ലാ ഇലാഹ ഇല്ലല്ലാഹ്….” എന്നായിരുന്നു. ആ ശബ്ദം പിന്നെ എന്നെന്നേക്കുമായി നിലച്ചു. ഇന്നാലില്ലാഹി ….

രാജോചിതമായ ഒരു വരവേൽപ്പാണ് മഹമൂദിന്റെ മയ്യത്തിന് ലഭിച്ചത്. നേതാക്കന്മാരുടെയും പ്രവർത്തകന്മാരുടെയും പോലീസിന്റെയും അനേകം വാഹനങ്ങൾ കോഴിക്കോട്ടു നിന്ന് പാനൂർ വരെ ജനാസയെ അനുഗമിച്ചു. പാനൂരിൽ എത്തിയപ്പോൾ വികാര നിർഭരരായ ഒരു വമ്പിച്ച ജനാവലി പൊരിവെയിലത്തു മണിക്കൂറുകളോളം “മയ്യത്ത് ” കാത്തു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പാനൂർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഒരു മയ്യത്ത് സംസ്‌കാരമാണ് അവിടെ നടന്നത്. മനഃസാന്നിധ്യത്തോടെ ഈമാൻ ഉറപ്പിച്ചു കൊണ്ടു അന്ത്യ ശ്വാസം വിട്ട ആ ശഹീദി (രക്തസാക്ഷി) ന്റെ ഭൗതിക ജഡം ഒരു നോക്ക് കാണാൻ നാഴികകൾക്കപ്പുറത്തു നിന്നു അനേകർ ജാതി-മത വ്യത്യാസമന്യേ വന്നു ചേർന്ന് മണിക്കൂറുകളോളം ക്യുവിൽ നിന്നിരുന്നു. കണ്ണുനീരണിഞ്ഞ കണ്ണുകളോടെ ഈ കാഴ്ച കണ്ടു. കണ്ണുനീർത്തുള്ളികൾ വാർന്നു പോയി. ആ ജന സമൂഹം വിട്ടു പോയില്ല. അവിടെ നടന്ന എല്ലാ കർമ്മങ്ങളിലും അവർ പങ്കെടുത്തു.

ജനങ്ങൾ ഒരു ഉറച്ച തീരുമാനത്തോടെയാണ് അവിടെ നിന്നു പിരിഞ്ഞത്.

ജ: മഹമൂദ് മരിച്ചത് ഈ സമൂഹത്തിന്റെ തീരാദുഖം പരിഹരിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും. ഇ. അ. ഞങ്ങൾ അതിൽ വിജയിക്കും. മഹമൂദിന്റെ ‘ശഹാദത്ത്’ നമുക്കെല്ലാം മാതൃകയാകട്ടെ.