പെരിങ്ങളത്തെ മുസ്‌ലിം ലീഗ്; അഗ്‌നിപരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്ന ഒരു പ്രസ്ഥാനം / എന്‍.എ.എം പെരിങ്ങത്തൂര്‍

പെരിങ്ങളത്തെ മുസ്‌ലിം ലീഗ്; അഗ്‌നിപരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്ന ഒരു പ്രസ്ഥാനം

എന്‍. എ. എം. പെരിങ്ങത്തൂര്‍

പെരിങ്ങളം നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് ഇന്ന് ഒരു നിര്‍ണ്ണായക ശക്തിയാണ്. ഈ സ്ഥിതി പ്രാപിച്ചത് നിരവധി ത്യാഗങ്ങളിലൂടെയും കദനകഥകളിലൂടെയുമാണെന്ന കാര്യം വിസ്മരിച്ചു കൂടാത്തതാണ്. അവഗണനയുടെയും അസ്വാതന്ത്ര്യത്തിന്റെയും മൂര്‍ത്തിമല്‍ഭാവമായി നിലകൊള്ളേണ്ടിവന്ന ഈ മണ്ഡലത്തിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതിനും, തങ്ങള്‍ ഒരു സംഘടിത വര്‍ഗമാണെന്ന് തെളിയിക്കുന്നതിനും അനുഭവിക്കേണ്ടിവന്ന യാതനകളുടെയും വേദനകളുടെയും പട്ടിക നിരത്തിവെച്ചാല്‍ ചിലര്‍ അത്ഭുതപ്പെട്ടുപോയേക്കാം. ഞാന്‍ ആ ഭാഗം അധികമായി സ്പര്‍ശിക്കാന്‍ ഈ ലേഖനം ഉപയോഗപ്പെടുത്തുന്നുമില്ല.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് പാനൂരും പരിസര പ്രദേശങ്ങളും മുസ് ലിം ലീഗിന്റെ കൊടിക്കൂറയില്‍ അടിയുറച്ചു നിലകൊള്ളുകയും, അതിന്റെ പ്രവര്‍ത്തനത്തില്‍ ശക്തിയായി മുന്നേറുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് ആ മുന്നേറ്റത്തിന് എന്തുകൊണ്ടു മാറ്റം സംഭവിച്ചുവെന്നു സ്വാഭാവികമായും ഒരു ചോദ്യമുയര്‍ന്നു വന്നേക്കും. അവരെ കാര്‍ന്നു തിന്നുന്ന ഒരു ദൂഷിതവലയം അവിടെ എന്തെന്നില്ലാത്ത ഭീകരതയുണ്ടാക്കുവാനും, ആ ദുശ്ശക്തിക്കു അടിമപ്പെടുത്താനും നടത്തിയ ഹീനമായ ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമേ നമുക്കതിനെ കാണാന്‍ കഴിയുകയുള്ളൂ. ഒരു നിയന്ത്രണത്തിനും അംഗീകാരത്തിനും വിധേയമായിട്ട് മാത്രമേ ഇവിടെ എന്തും ചലിക്കാവൂ എന്ന് വ്രതമെടുത്ത് ഒരു പറ്റം സാമൂഹ്യവിരുദ്ധശക്തികള്‍ പാനൂര്‍ പരിസരങ്ങളില്‍ നടത്തിയ ചൂഷണങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും ദുരന്ത കഥകള്‍ പറഞ്ഞവസാനിപ്പിക്കാന്‍ പ്രയാസമാണ്. ആ ദൂഷിതവലയത്തില്‍ കുടുങ്ങി ശ്വാസം മുട്ടിയത് ഒരു വലിയ വിഭാഗം മുസ്‌ലിംകളാണെന്ന് പറയുന്നത് ഒരു വര്‍ഗ്ഗീയ ചിന്താഗതി വെച്ചുകൊണ്ടാണെന്ന് ആരും വ്യാഖ്യാനിച്ചേക്കരുത്. അതൊരു വസ്തുത മാത്രമാണ്.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1962-ലാണ് പെരിങ്ങളം നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമായത്. അന്ന് ലോകസഭയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അതേവരെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ്, പി. എസ്. പി., മുസ്‌ലിം ലീഗ് സഖ്യത്തില്‍ നിന്നു മുസ്‌ലിം ലീഗിനെ അവഗണിക്കുന്ന നയം മറ്റു ഘടകകക്ഷികള്‍ സ്വീകരിച്ചപ്പോള്‍, ആ സഖ്യത്തില്‍നിന്നു വിട്ടുനില്‍ക്കുകയും മറ്റൊരു പുതിയ സംവിധാനത്തിലേക്ക് മുസ്‌ലിം ലീഗ് നീങ്ങുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്. 1952-ല്‍ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്വതന്ത്രമായ ഒരു നിലപാട് കൈക്കൊള്ളുകയാണുണ്ടായത്. അന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ (ഇന്നത്തെ പെരിങ്ങളത്ത്) സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കൂത്തുപറമ്പില്‍ മത്സരിച്ച മുസ്‌ലിം ലീഗ് പിന്തുണയുള്ള ശ്രീഃ വി. ആര്‍. കൃഷ്ണയ്യര്‍ക്ക് (പിന്നീട് സുപ്രീംകോര്‍ട്ട് ജഡ്ജി) ഒരു വലിയ ഭാഗം വോട്ട് നേടിക്കൊടുക്കുന്നതില്‍ മുസ്‌ലിം ലീഗ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു വെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശ്രീഃ കൃഷ്ണയ്യര്‍ മുസ്‌ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് എന്ന നിലയ്ക്കാണ് അന്നു ലീഗ് പ്രവര്‍ത്ത കര്‍ പ്രവര്‍ത്തനങ്ങള്‍ നീക്കിക്കൊണ്ടിരുന്നത്. കുത്തക രാഷ്ട്രീയക്കാരെ പരാജയപ്പെടുത്തിക്കൊണ്ട് തന്നെ ശ്രീഃ കൃഷ്ണയ്യര്‍ ആ തെരഞ്ഞെടുപ്പി ല്‍ വിജയിക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ (1957ല്‍) മുസ്‌ലിം ലീഗും പി.എസ്.പി. യുമായി ഒരു സഖ്യമുണ്ടാക്കാന്‍ കേരളാടിസ്ഥാനത്തില്‍ ശ്രമമുണ്ടായപ്പോള്‍ ഈ മണ്ഡലത്തിലെ മുസ്‌ലിംകള്‍ മുസ്‌ലിം ലീഗുമായുള്ള സഖ്യം മാനിച്ച് കോണ്‍ഗ്രസ്സുകാരനായ (മുസ്‌ലിം) സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി പി. ആര്‍. കുറുപ്പിനെ വിജയിപ്പിക്കാന്‍ മുന്നിട്ടു നിന്ന കാഴ്ചയും നാം കണ്ടതാണ്.

1960 ആവുമ്പോഴേക്ക് നേരത്തെ ഉണ്ടായിരുന്ന സഖ്യം ഒന്നുകൂടി വിപുലീകൃതമായി. കോണ്‍ഗ്രസ്സ് കൂടി സഖ്യത്തില്‍ പങ്കാളിയായി. അന്നും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കെതിരായിട്ട് തന്നെ മിസ്റ്റര്‍ കുറുപ്പിനെ വിജയിപ്പിക്കാന്‍ മുസ്‌ലിംകള്‍ വോട്ടുചെയ്തു. 1962 ആകുമ്പോഴേക്കും രാഷ്ട്രീയസ്ഥിതിക്ക് മാറ്റം വന്നു. നേരത്തെ സൂചിപ്പിച്ച പ്രകാരം മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സ് പി.എസ്.പി സഖ്യത്തില്‍ നിന്നു മാറി നിന്നു. ആ രണ്ടു പാര്‍ട്ടികളുടെയും സ്വാധീനത്തിലാണ് ഈ മണ്ഡലമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്ന് അന്നത്തെ ലോകസഭാതെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കി. അന്ന് മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ്.കെ. പൊറ്റക്കാടിന് മുസ്‌ലിംകള്‍ കൂട്ടമായി വോട്ടുകള്‍ നല്‍കി. ഒരു സംഘടിതശക്തിയായി മുസ്‌ലിം ലീഗ് വളര്‍ന്നു വരുന്നുണ്ടെന്ന് അതിന്റെ ശത്രുക്കള്‍ മനസ്സിലാക്കി. തല്‍ഫലമായി മുസ്‌ലിം ലീഗിനെ അടിച്ചമര്‍ത്താന്‍ തന്നെ അവര്‍ മുതിര്‍ന്നു. തെരഞ്ഞടുപ്പ് ഘട്ടത്തില്‍ എലാങ്കോട് വെച്ച് ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബൂബക്കര്‍ സാഹിബ് മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധമാണ് മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായത്. അന്ന് പാനൂരാകെ ഹര്‍ത്താലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുത്തക രാഷ്ട്രീയക്കാര്‍ തകര്‍ന്നപ്പോള്‍ അരിശം മുസ്‌ലിംകളോടായിരുന്നു. പൂക്കോം ജുമാഅത്ത് പള്ളിക്കു നേരെയും, പൊയിലൂര്‍ ജുമാഅത്ത് പള്ളിക്കു നേരെയും കല്ലെറിയാന്‍പോലും അവര്‍ മടി കാണിച്ചില്ല. രാത്രികാലത്ത് പാനൂരില്‍ അറിയപ്പെടുന്ന രണ്ട് മുസ്‌ലിം പ്രധാനികളുടെ വീട് കയ്യേറാനും അവര്‍ മുതിര്‍ന്നു. പൊയിലൂരിലാണെങ്കില്‍ നിരന്തരമായ ആക്രമണം തുടര്‍ന്നു. അവിടത്തെ ശാഖാ ലീഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹാജിയെ പട്ടാപ്പകല്‍ അവരുടെ കൃഷിസ്ഥലത്തുവച്ച് ആക്രമിച്ച് പരിക്കേല്‍പിച്ചു. ശാഖാ പ്രസിഡന്റ് ജഃ കുറ്റിയില്‍ മമ്മദ് സാഹിബിനെയും, തെറ്റുമ്മല്‍ മൂസ, വീട്ടിപ്പൊയില്‍ മൂസ്സ എന്നിവരെയും മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി. തൂവക്കുന്നിലെ മുസ്‌ലിം ലീഗ് ശാഖാകമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടതായി നോട്ടീസിറക്കി. വയോധികനും നാട്ടുപ്രമാണിയുമായ മൊയ്തീന്‍ ഹാജിയെ അദ്ദേഹത്തിന്റെ തൃപ്പങ്ങോട്ടൂരിലെ വസതിയില്‍ പെട്ടന്നൊരു ദിവസം കയറിച്ചെന്ന് ക്രൂര മായി മര്‍ദ്ദിച്ചു. പാനൂര്‍ ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം. പക്രു മൗലവിയും, അന്ന് മുസ്‌ലിം ലീഗിന്റെ മണ്ഡലം ഭാരവാഹിയായിരുന്ന സി. എം. കുഞ്ഞിമൂസ്സ മൗലവിയും അക്രമ രാഷ്ട്രീയക്കാരുടെ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. അവരുടെയും വീടുകളില്‍ കയറിച്ചെന്നാണ് ആക്രമിച്ചത്. പാറാട് വച്ച് പാടിക്കുന്നോന്‍ അഹമ്മദ് ഹാജിയും ഒരു കടന്നാക്രമണത്തിന് വിധേയനായി. അന്നത്തെ കുത്തക രാഷ്ട്രീയക്കാര്‍ക്കെതിരായി നിലകൊണ്ട മറ്റു രാഷ്ട്രീയക്കാരുടെയും അനുഭവങ്ങള്‍ മറിച്ചായിരുന്നില്ല.

ഈ പരിതസ്ഥിതിയാണ് അക്രമികളെ നേരിടാന്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും ഒത്തുചേര്‍ന്ന് ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപം കൊടുക്കാന്‍ ഇടയാക്കിയത്. അത് അക്രമികള്‍ക്ക് തലവേദനയുണ്ടാക്കി. എക്കാലവും മര്‍ദ്ദനചെയ്തികളിലൂടെ ഇതര രാഷ്ട്രീയക്കാരെ വശപ്പെടുത്താമെന്ന് കരുതിയിരുന്നവരെ ഒരു പാഠം പഠിപ്പിക്കാനും, അടിമത്തം ഒരു ജനത എക്കാലവും സഹിക്കുകയില്ലെന്ന് പ്രഖ്യാപിക്കുവാനും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനമുപകരിച്ചു. പ്രതികാരബുദ്ധിക്കാരായ അക്രമകാരികളെ നേരിടാന്‍ തന്നെ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകന്മാര്‍ ഉറച്ചുനിന്നു.  വേണ്ടത്ര ഗതാഗത സൗകര്യവും പോലീസുദ്യോഗസ്ഥന്മാര്‍ക്ക് എത്തിച്ചേരാനുള്ള വിഷമവും കണക്കിലെടുത്ത് റോഡുകള്‍, പാലങ്ങള്‍ എന്നിവ പുതുതായി പണിയുവാനും ഉദ്യോഗസ്ഥന്മാരുടെ സൗകര്യാര്‍ത്ഥം ഒരു ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് പണിയുവാനും അന്നത്തെ ഗവണ്‍മെന്റ് തീരുമാനിച്ചു. ഏറെക്കുറെ ആ പ്രവര്‍ത്തനങ്ങളൊക്കെ ക്രമത്തിലായി മുന്നേറി. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പാനൂരിലും പരിസരങ്ങളിലും ഒരു നല്ല ചലനമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഇംഗിതം മാനിക്കാതെ അന്നത്തെ പി. എസ്. പി. നേതാവ് എച്ച്. വി കമ്മത്തിനെ പ്രസംഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് പാനൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശഠിച്ചു. കുറുപ്പിനെ ഇളിഭ്യനാക്കിയ ആ സംഭവത്തിന് പ്രതികാരം വീട്ടാന്‍ മുതിര്‍ന്നത് ആക്ഷന്‍ കമ്മിറ്റി ഓഫീസിനെതിരെയുള്ള ഒരു ആക്രമണത്തിലൂടെയാണ്. പി. ആര്‍. കുറുപ്പടക്കം കുറേയാളുകള്‍ ഓഫീസിലുണ്ടായിരുന്ന അന്നത്തെ ആക്ഷന്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി ജഃ പി.കെ. ഉമ്മര്‍ഖാനെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദനമേറ്റ അദ്ദേഹം ആസ്പത്രിയിലാവുകയും ചെയ്തു. ഓഫീസ് അതോടെ പൂട്ടി പ്രവര്‍ത്തനം നിലക്കുമെന്നായിരുന്നു എതിരാളികള്‍ നിനച്ചത്. ഓഫീസ് പൂട്ടിയില്ലെന്നു മാത്രമല്ല അതിനെതിരെ കനത്ത തിരിച്ചടി അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ചെറുപറമ്പില്‍ അക്രമോദ്ദേശത്തോടെ മുന്നോട്ടുവന്ന ഒരു പറ്റം റൗഡികളെ നാട്ടുകാര്‍ നേരിടുകയും ഒരു സംഘട്ടനം അവിടെ സംജാതമാവുകയും ചെയ്തു. ഒരു കൊലപാതകത്തിലാണ് അത് എത്തിച്ചേര്‍ന്നത്.

ശ്രീ. കേളപ്പന്‍, രാധാകൃഷ്ണമേനോന്‍, ഇക്കണ്ട വാര്യര്‍ തുടങ്ങിയ സര്‍വോദയ നേതാക്കളെ ക്ഷണിച്ചുവരുത്തി ഒരു സമാധാനശ്രമം നടത്താന്‍ പ്രതിലോമകാരികള്‍ തന്നെ മുന്‍കൈ എടുക്കേണ്ടി വന്നു. അങ്ങിനെ താല്‍ക്കാലിക സമാധാനം കൈവന്നെങ്കിലും അക്രമരാഷ്ട്രീയം കൈമുതലാക്കിയ കുറുപ്പിന്റെ അനുയായികള്‍ അവരുടെ അക്രമനിലപാട് അവസാനിപ്പിച്ചില്ല. ഈയിടയ്ക്കുണ്ടായ ആസുമ്മല്‍ അമ്മത് ഹാജി സംഭവം, കടവത്തൂരിലെ കുഞ്ഞിക്കുട്ട്യാലിയുടെ തലാഖ് പിടിച്ചുപറി എന്നിവ എടുത്തുപറയത്തക്ക സംഭവങ്ങളാണ്.

സാമ്പത്തികമായി അധഃപതിച്ച മുസ്‌ലീങ്ങളെ രാഷ്ട്രീയനപുസംകങ്ങളാക്കുക എന്ന നയമാണ് ഈ അക്രമകാരികള്‍ കൈകൊണ്ടത്. പക്ഷെ മുസ്‌ലിം ലീഗിന്റെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകന്മാര്‍ എന്ത് ത്യാഗവും സഹിച്ച് മുന്നേറാന്‍ തന്നെ മുതിര്‍ന്നപ്പോള്‍ ശത്രുക്കളുടെ ഒളിയമ്പുകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ക്കും അവര്‍ വശംവദരായി. കടവത്തൂരിലെ പുതിയേടത്ത് മമ്മദ് സാഹിബ് മുസ്‌ലിം ലീഗിന്റെ ഒരു കര്‍മഭടനായിരുന്നു. അദ്ദേഹത്തെ കൊലചെയ്യാന്‍ അവര്‍ ഗൂഢമായി പ്ലാനിട്ടു. ഒരു ഭ്രാന്ത വേഷം പൂണ്ട ആളിനെ അതിനായി ഉപയോഗപ്പെടുത്തി. ഉശിരും ചുണയും പ്രകടിപ്പിച്ച രണ്ടു മൂന്നു സംഭവങ്ങളില്‍ ജഃമമ്മത് സാഹിബ് ഭാഗഭാക്കായി എന്നതാണ് അദ്ദേഹത്തിന്റെ നേരെയുള്ള ആക്രമത്തിന് പ്രധാന ഹേതു. ധീരോദാത്തമായ കാല്‍വെപ്പുകള്‍ക്ക് മുസ്‌ലിംകള്‍ക്കു പ്രചോദനം നല്‍കാ ന്‍ ജഃ കെ. എന്‍. ഇബ്രാഹിം മൗലവിയെപ്പോലുള്ള നിസ്വാര്‍ത്ഥ നായകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ ഉപകരിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പെരിങ്ങളം മണ്ഡലത്തിലെ മുസ്‌ലിംകള്‍ക്കും അവകാശമുണ്ടെന്ന് അവരെ സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റുള്ളവരെക്കൊണ്ട് അതു അംഗീകരിപ്പിക്കാനും വളരെയേറെ പണിപ്പെട്ട മുസ്‌ലിം ലീഗ് നേതാവ് ജഃ സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബിന്റെ നേതൃത്വവും പെരിങ്ങളത്തെ മുസ്‌ലിംകള്‍ക്കു മറക്കാന്‍ കഴിയുകയില്ല.

1973 മെയ് മാസത്തില്‍ പാനൂരില്‍ നടത്തിയ മുസ്‌ലിം ലീഗിന്റെ മഹാസമ്മേളനം, അവഗണിക്കാനാവാത്ത ഒരു ശക്തിയാണ് മുസ്‌ലിം ലീഗ് എന്ന് ശത്രുക്കളെ കാണിക്കാന്‍ മതിയായതായിരുന്നു. അന്ന് സമ്മേളനം കഴിഞ്ഞു തിരിച്ചു പോകുന്നവരെ പതിയിരുന്ന് അക്രമിക്കുവാനും വീണ്ടും ഒരു രക്തക്കളമുണ്ടാക്കുവാനും അക്രമരാഷ്ട്രീയക്കാര്‍ മുതിര്‍ന്നു. എസ്സ്.പി. വിട്ട് കോണ്‍ഗ്രസ്സിലേക്കു മറുകണ്ടം ചാടിയവരായിരുന്നു ഇതിന്റെ പിന്നില്‍. അന്ന് ഭരണത്തില്‍ മുസ്‌ലിംലീഗിനും പങ്കാളിത്തമുണ്ടായിരുന്നെങ്കിലും മുസ്‌ലിം ലീഗിനെ തള്ളിപ്പറയാനും, ആഭ്യന്തരവകുപ്പിന്റെ ഊക്ക് വെച്ചു കൊണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ വാര്‍ത്തു വിടാനും അവര്‍ മടി കാണിച്ചില്ല. നിരവധി സംഭവങ്ങള്‍ ആയിടെ നടന്നു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനത്തില്‍ പങ്ക്‌വഹിച്ച പലരേയും വീട്ടില്‍ കയറിച്ചെന്ന് മര്‍ദ്ദിക്കുകയും, സാമ്പത്തികമായി നഷ്ടപ്പെടുത്തുവാന്‍ ഉദ്യമിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഭരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ലയ്‌സണ്‍ കമ്മിറ്റികള്‍ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ഭാഗത്ത് ലയ്‌സണ്‍ കമ്മിറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണ് ഏറ്റവും കിരാതവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവത്തിന് പാനൂര്‍ ടൗണ്‍ പട്ടാപ്പകല്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്. മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ പ്രവര്‍ത്തകനെ ഗൂഢമായി പ്ലാനിട്ട് കൊലചെയ്യുവാന്‍ അക്രമരാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ നടത്തിയ മൃഗീയമായ ചെയ്തിയാണ് 1974 ജനുവരി 11-ന് പാനൂര്‍ ടൗണില്‍ നാം ദര്‍ശിച്ചത്. മുസ്‌ലിം ലീഗിന്റെ ആത്മാര്‍ത്ഥ സേവകനും പെരിങ്ങളം മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയുമായിരുന്ന മാവിലാട്ട് മഹമൂദിന്റെ വേര്‍പാട്, മുസ്‌ലിം ലീഗ് പ്രവര്‍ത്തനം മാറ്റി വെച്ച് രാഷ്ട്രീയ രംഗത്തുനിന്ന് പിന്മാറാനല്ല മറിച്ച് കര്‍മരംഗം സജീവമാക്കി മുസ്‌ലിം ലീഗിനെ ഉയിര്‍ ത്തെഴുന്നേല്‍പ്പിക്കാനാണ് നമുക്ക് പ്രചോദനം നല്‍കിയത്.

കേരളരാഷ്ട്രീയത്തില്‍ തന്നെ വലിയൊരു വ്യതിയാനമുണ്ടാക്കിയ ആ സംഭവം മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ദുഃഖപൂരിത മായ ഒരു സംഭവമാണ് എന്നതില്‍ സന്ദേഹമില്ല. എക്കാലവും നമുക്ക് അനുസ്മരിക്കാനും, കാപാലികന്മാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മുസ്‌ലിം ലീഗിനെ വിമോചിപ്പിക്കാനും ഉതകുന്ന ഒരു സംഭവമായി നിലകൊള്ളുക തന്നെ ചെയ്യും. ആ വേദനയില്‍ നിന്നും പാഠം നുകര്‍ന്നു കൊണ്ടു തന്നെ നമുക്കു മുന്നേറാം. സംഘടനാരംഗം പരിപുഷ്ടമാക്കാമെന്ന വ്രതത്തോടെയാണ് പെരിങ്ങളത്തെ മുസ്‌ലിംലീഗിന്റെ ചുണക്കുട്ടികള്‍ നയിക്ക പ്പെടുന്നത്. വിജയം സുനിശ്ചിതമാണ്. അല്ലാഹു സഹായിക്കട്ടെ. (ആമീന്‍).