മോചനം കാത്ത് / കെ.എം. അഹമദ്

മോചനം കാത്ത്

കെ.എം. അഹമദ്

മദ്ധ്യപ്രദേശിലെ ചമ്പല്‍കാടുകളില്‍ പോലും പ്രകാശത്തിന്റെ വെള്ളിനക്ഷത്രം ഉദയം ചെയ്തിട്ടും പാനൂരിലത് സംഭവിച്ചില്ല. അഥവാ വെളിച്ചത്തെ ഭയപ്പെട്ട പൊന്നുതമ്പുരാക്കന്മാര്‍ പാനൂരിനത് നിഷേധിക്കുന്നതിന് ചതുരുപായങ്ങളും പ്രയോഗിച്ചുകൊണ്ടേയിരുന്നു. വെളിച്ചത്തിന്റെ ശക്തികളെ തകര്‍ക്കുന്നത് തങ്ങളുടെ ജീവിതലക്ഷ്യമായംഗീകരിച്ചുപോന്ന ആ തമ്പുരാക്കന്മാര്‍ എന്തിനും മടിക്കാത്തവരായിരുന്നു. തങ്ങളുടെ അംഗീകാരമില്ലാതെ യാതൊന്നും ഇവിടെ സ്വീകാര്യമല്ല. വെച്ചുപൊറുപ്പിക്കുകയുമില്ല.

ഈ ഇരുട്ടിന്റെ ശക്തികളില്‍ നിന്ന് രാജ്യത്തെ വിമോചിപ്പിക്കുന്നതിനുള്ള പല ശ്രമങ്ങളും പലപ്പോഴായി ഇവിടെ നടന്നിട്ടുണ്ട്. ഇതില്‍ പങ്കാളിത്തം വഹിക്കാത്ത ഒരൊറ്റ രാഷ്ട്രീയ കക്ഷിയും പാനൂരില്‍, പെരിങ്ങളത്ത് ഇല്ല തന്നെ. അതിന്ന് വേണ്ടി ത്യാഗം സഹിച്ചവര്‍ക്ക് കയ്യും കണക്കുമില്ല.

എന്നാല്‍ മാവിലാട്ട് മഹമൂദ് എന്ന കര്‍മധീരന്‍ മുസ്‌ലിം ലീഗിലൂടെ രംഗത്ത് വന്നതോടെ ആ സമര ചരിത്രത്തിന് പുതിയൊരു ചൈതന്യവും അര്‍ത്ഥവുമുണ്ടായി എന്നതാണ് സത്യം.

അതോടെ അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമായിരുന്ന പാനൂര്‍ ടൗണില്‍തന്നെ വമ്പിച്ച വെല്ലുവിളികളുയര്‍ന്നു. അതിന്ന് മുമ്പൊരിക്കലും പാനൂരില്‍ അത്തരമൊരു വെല്ലുവിളി ഉയര്‍ന്നിരുന്നില്ല. പെരിങ്ങളത്തിന്റെ പലഭാഗങ്ങളിലും അടിച്ചു വീശിയിരുന്ന സ്വാതന്ത്ര്യ സമരങ്ങള്‍ ഒന്നും തന്നെ പാനൂരിനെ ഒട്ടും ബാധിച്ചിരുന്നില്ല.

മാവിലാട്ട് മഹമൂദും സഹപ്രവര്‍ത്തകരായ ഒരുപറ്റം ചെറുപ്പക്കാരും പാനൂര്‍ ടൗണിലുയര്‍ത്തിയ വിമോചനത്തിന്റെ ഊക്കേറിയ മുദ്രാവാക്യം പെരിങ്ങളത്തെ മുസ്‌ലിം ലീഗിന് ഒരു നവചൈതന്യം ഉണ്ടാക്കിക്കൊടുത്തെങ്കിലും പ്രതിയോഗികളില്‍ അത് കനത്ത ഭീതിയും സൃഷ്ടിച്ചു. ഈ ഭീതിയായിരിക്കണം പില്‍ക്കാലത്തുണ്ടായ എല്ലാ സംഭവവികാസങ്ങള്‍ക്കും, ഒരു വേള കാരണമായിത്തീര്‍ന്നത്.

ജനാധിപത്യ കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് 1974 ജനുവരി 12 നു അത് സംഭവിച്ചു. മാവിലാട്ട് മഹമൂദ് രക്തസാക്ഷിയായി.

ആ രക്തം നാടിനെ ഇളക്കിവിട്ടു. അക്രമരാഷ്ട്രീയത്തിനെതിരായി ജനം സടകുടഞ്ഞെഴുന്നേറ്റു. എല്ലാ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാവരും യോജിച്ചു നിന്നു. ഇന്നും സമരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നാടിന്റെ മോചനവും കാത്ത്.