ഒരു സഹപ്രവര്‍ത്തകന്റെ ദുഃഖസ്മരണ / കെ.വി. സൂപ്പി

ഒരു സഹപ്രവര്‍ത്തകന്റെ ദുഃഖസ്മരണ

കെ.വി. സൂപ്പി

1974 ജനുവരി 12

ജനാബ് മാവിലാട്ട് മഹമൂദ് രക്തസാക്ഷിത്വം വരിച്ചത് അന്നാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏക ആധികാരിക രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിന്റെ മഹത്തായ സന്ദേശം പെരിങ്ങളം മണ്ഡലത്തിലും എത്തിക്കാന്‍ അഹോരാത്രം യത്‌നിച്ചുവെന്നതൊഴിച്ചാല്‍ ജഃ മഹമൂദിന്റെ രക്തസാക്ഷിത്വത്തിനു മറ്റൊരു കാരണവുമില്ല. പെരിങ്ങളം നിയോജക മണ്ഡലത്തില്‍, വിശിഷ്യാ പാനൂര്‍ പരിസരങ്ങളില്‍ മുസ്‌ലിം ലീഗിന്റെ ശബ്ദം മുഴക്കുക എന്നത് ആയാസരഹിതമായ ജോലിയൊന്നുമല്ല. ചില്ലറക്കാരൊന്നും അതിനു യത്‌നിക്കാറുമില്ല. അപാരമായ ആത്മധൈര്യവും, കര്‍മശേഷിയും, അര്‍പ്പണ മനോഭാവവുമുള്ളവര്‍ക്കേ ഈ രംഗത്ത് പ്രത്യക്ഷപ്പെടാനും മുമ്പോട്ടു പോകാനും കഴിയുകയുള്ളൂ എന്നത് കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നുള്ള ഒരു പാഠമാണ്.

കുറെ വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിച്ച പലര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ ഇവിടെ പ്രത്യേകം രേഖപ്പെടുത്തേണ്ടതായിട്ടില്ല. സമ്പത്തും ആരോഗ്യവും ആത്മാഭിമാനവും തകര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കര്‍മപഥത്തില്‍ മലര്‍ന്നടിച്ചുവീണ പല സാമൂഹ്യ പ്രവര്‍ത്തകരുടെയും കരളലിയിക്കുന്ന കഥയറിയാവുന്ന മണല്‍ത്തരികളാണിവിടെയുള്ളത്. ഇഞ്ചിഞ്ചായി മരണം വരിക്കേണ്ടി വന്നവര്‍, കൂട്ടായ്മക്കവര്‍ച്ചക്ക് വിധേയരാകേണ്ടി വന്നവര്‍, അഭിമാനം ക്ഷതപ്പെട്ടവര്‍, രാത്രിയുടെ മറവില്‍ ജീവന്‍ ബലി കൊടുത്തവര്‍ അങ്ങിനെ എത്രയെത്ര പേര്‍! പക്ഷെ ആ മണല്‍ത്തരികള്‍ പോലും ആ കഥ പറയാന്‍ ധൈര്യപ്പെടാറില്ല. പേടിയാണ്; പേടി!

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രാക്ഷസീയ താണ്ഡവം നടക്കുന്ന ഒരൊറ്റ നിയോജകമണ്ഡലമേ കേരളത്തിലുള്ളൂ. അത് പാനൂരാണ്(പെരിങ്ങളം).

ഇവിടെ ബാധകമല്ല

സംസ്ഥാന നിലവാരത്തില്‍ രൂപം കൊള്ളുന്ന യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുകളും കുറെ വര്‍ഷങ്ങളായി ഇവിടെ ബാധകമായിരുന്നില്ല എന്നു തന്നെ വേണം പറയാന്‍. 1957-61 കാലത്ത് അന്നത്തെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം നിലവിലുണ്ടായിരുന്ന സന്ദര്‍ഭം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ ഘട്ടങ്ങളിലും മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരവും വിഷമപൂര്‍ണ്ണവുമായിരുന്നു. തല്‍ഫലമായി മുസ്‌ലിം ലീഗിന് പാനൂരില്‍ കേവലമൊരു ഓഫീസ് പാര്‍ട്ടി മാത്രമായി നിലനിന്നു പോരേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം പ്രമേയത്തില്‍ ഒതുക്കി ഒപ്പിക്കുന്നതില്‍ കവിഞ്ഞുള്ള കര്‍മങ്ങളൊന്നും ലീഗിന് ആവിഷ്‌ക്കരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരമൊരു ഭീതിജനകമായ പശ്ചാത്തലത്തിലാണ് പാനൂരിലെ മുസ്‌ലിം ലീഗിന്റെ ധീരോജ്ജ്വലവും ആവേശകരവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുന്നത്. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ജഃ മാവിലാട്ട് മഹമൂദ് പ്രദര്‍ശിപ്പിച്ച ആത്മധൈര്യവും, പ്രവര്‍ത്തന ശേഷിയും അനുകരണീയമായിരുന്നു. സ്വതഃസിദ്ധമായ വിനയവും സ്ഥിരചിത്തതയും സ്ഥിരോത്സാഹവും, കാര്യശേഷിയും, അര്‍പ്പണ മനോഭാവ വും കൊണ്ട് ജഃ മാവിലാട്ട് മഹമൂദ് അതിവേഗം സുഹൃത്തുക്കളില്‍ സ്ഥാനം പിടിച്ചു. മാത്രമല്ല തന്റെ സഹപ്രവര്‍ത്തകരില്‍ ആത്മവിശ്വാസവും കര്‍മധീരതയും വളര്‍ത്തിക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പുതിയൊരു പാത വെട്ടിത്തുറന്നു കൊടുക്കാനും ജഃ മാവിലാട്ട് മഹമൂദിനു സാധിച്ചു. പാനൂരിലുണ്ടായ ഈ മാറ്റം പ്രതിയോഗികളില്‍ കനത്ത അമര്‍ഷവും അസൂയയും ഭീതിയും വളര്‍ത്തുവാന്‍ ഇടയായി എന്നതൊരു യാഥാര്‍ത്ഥ്യമാണ്. താന്‍ ബന്ധപ്പെട്ടിരിക്കുന്ന രംഗത്തെ സംബന്ധിച്ച് തികഞ്ഞ ബോധവും ഏറ്റെടുത്ത കൃത്യങ്ങള്‍ ഏറ്റവും ഭംഗിയായും കൃത്യമായും സത്യമായും നിര്‍വഹിക്കുന്നതിലുള്ള തികഞ്ഞ ആത്മാര്‍ത്ഥതയും മറ്റു പലരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നു.

മതഭക്തി

ദീനി കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ താല്‍പര്യവും ഇബാദത്തുകളിലുള്ള ശക്തമായ ആഭിമുഖ്യവും എടുത്തു പറയത്തക്കതാണ്. പാതിരാ സമയത്ത് ഉറക്കമുണര്‍ന്ന് സുന്നത്ത് നമസ്‌ക്കാരം (തഹജ്ജുദ്) നിര്‍വഹിക്കുന്ന എത്ര യുവാക്കളുണ്ടീ കാലത്ത്? അദ്ദേഹം അതു പോലും കൃത്യമായി നിര്‍വഹിക്കുന്നതില്‍ വീഴ്ച്ച വരുത്താറില്ലായിരുന്നു. ദര്‍സിലോ അറബി കോളേജിലോ ചേര്‍ന്നു മതവിജ്ഞാനം നേടാന്‍ അവസരം സിദ്ധിച്ചിരുന്നില്ല. എങ്കിലും അത്തരം അവസരം ലഭിച്ച പലരേയും അമ്പരപ്പിക്കത്തക്ക വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ മതവിജ്ഞാനം. വി. ഖുര്‍ആനിലേയും തിരുവചനങ്ങളിലേയും അനേകം ഉദ്ധരണികളാല്‍ നിബിഢമായിരുന്നു ജഃ മഹമൂദിന്റെ ഡയറി. മതഗ്രന്ഥങ്ങള്‍ കിട്ടാവുന്നിടത്തെല്ലാം ശേഖരിക്കുന്നതിലും അവ ശരിയാംവണ്ണം അപഗ്രഥിച്ച് പഠിക്കുന്നതിലും ആ യുവാവ് അസാധാരണമായ ഔല്‍സുക്യം പ്രദര്‍ശിപ്പിച്ചുപോന്നിരുന്നു. തന്റെ ഏക മകന്‍ മുനീറിനെ ഒരു മതപണ്ഡിതനാക്കി വളര്‍ത്തുക എന്നതായിരുന്നു ഏറ്റവും വലിയൊരു അഭിലാഷം. യുവത്വത്തിന്റെ ചാപല്യങ്ങളൊന്നും തീണ്ടാത്ത ഇത്തരം സ്വഭാവ വിശേഷങ്ങള്‍ സാധാരണ യുവാക്കളില്‍ നിന്നും വ്യതിരിക്തമായ ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് താനെന്ന് വിളിച്ചറിയിക്കുന്ന വിധത്തിലുള്ളതായിരുന്നു. സുന്നിടൈംസ് വാരികയിലൂടെ എം. മാവിലാട്ട് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകൃതമായ ലേഖനങ്ങള്‍ ആ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതായി കാണാം.

പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍

ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്ള പാടവം ജഃ മഹമൂദ് തെളിയിച്ചിരുന്നു. പാനൂരിലെ മുസ്‌ലിം ജനസാമാന്യത്തിന്നിടയില്‍ ഒരു സാംസ്‌കാരിക പരിവര്‍ത്തനത്തിന് പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്റെ രൂപീകരണത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും അതിന്റെ പുരോഗതിക്കായി തീഷ്ണയത്‌നത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പ്രസ്തുത അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അരിയും, നെല്ലും മറ്റും ശേഖരിക്കാന്‍ സ്വന്തം തോളില്‍ ചാക്കുമേറി വീടുവീടാന്തരം കയറിയിറങ്ങുന്നതില്‍ അറിയപ്പെടുന്ന ഒരു അഭിജാതകുടുംബത്തില്‍, സ്ഥലത്തെ പൗരപ്രധാനികളില്‍ മുഖ്യനായിരുന്ന ജഃ ചാലില്‍ ഹസ്സന്‍ സാഹിബിന്റെ മകനായി പിറന്ന ജഃ മഹമൂദ് ഒരു നാണക്കേടും വൈമനസ്യവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇന്ന് പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍ ആ പ്രദേശത്തെ മതസാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച് മുന്നേറുന്ന ഒരു ശക്തിയാണ്.

ഇതേകാലത്തു തന്നെ മുസ്‌ലിം ലീഗിന്റെ സജീവരംഗത്തും നമുക്കദ്ദേഹത്തെ കാണാം. 1973 ല്‍ പാനൂരില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന മുസ്‌ലിം ലീഗ് മഹാസമ്മേളന പ്രവര്‍ത്തനരംഗത്തും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും ജഃ മഹമൂദ് സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ് ഏറെ താമസിക്കുന്നതിനു മുമ്പായി തന്റെ കുടുംബസുഹൃത്തും ബോംബെയിലെ ഒരു വ്യാപാര പ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായ ജഃ എം. അബുഹാജി സാഹിബിന്റെ സീമന്തപുത്രിയെ കല്ല്യാണം കഴിച്ചു. ആ ദാമ്പത്യബന്ധത്തിന്റെ സ്മാരകമായി മൂന്നു സന്താനങ്ങളും ജീവിച്ചിരിപ്പുണ്ട്. 5 വയസ്സായ മുനീറും, സാജിദ (3) യും സമീറ (10 മാസം) യും. സമീറയു ടെ പിഞ്ചുവദനം കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായിരുന്നില്ല. ഭാര്യ മറിയം ഒമ്പതാം മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ദുഃഖനിര്‍ഭരമായ ആ സംഭവം നടന്നത്. പെങ്ങള്‍ നഫീസയും പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു എന്നത് ആ സംഭവത്തിന്റെ ദയനീയതയ്ക്ക് കനം കൂട്ടുകയായിരുന്നു.

നിശബ്ദ പ്രവര്‍ത്തനം

പിതാവിന്റെ ചരമത്തോടെ ഒരു പൗരപ്രമാണി ചമയാനുള്ള എല്ലാ ചാന്‍സുകളുമുണ്ടായിട്ടും ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്നത്, ജീവിതത്തില്‍ പേരും പെരുമയും നേടിയെടുക്കാനുള്ള യാതൊരു അഭിലാഷവും ആ യുവാവിന് ഉണ്ടായിരുന്നില്ല എന്നതിന്റെ പ്രത്യക്ഷതെളിവാണ്. നിശബ്ദപ്രവര്‍ത്തനത്തിലായിരുന്നു ജഃ മഹമൂദിന് താത്പര്യം. മുസ്‌ലിം ലീഗിന്റെ സജീവരംഗത്തുനിന്ന് പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമായി മാറിനില്‍ക്കേണ്ടി വന്നതിനു ശേഷവും എം. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്നൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പാനൂരില്‍ സ്ഥാപിക്കുകയും അതിന്റെ പ്രിന്‍സിപ്പലായി ജോലി നോക്കുകയും ചെയ്തു. (ഇപ്പോള്‍ MRA ബേക്കറി നില്‍ക്കുന്നതിന്റെ മുകളില്‍ -എഡിറ്റര്‍). അതെല്ലാം ഉപേക്ഷിച്ച് കൊണ്ടാണ് മുസ്‌ലിം ലീഗ് രംഗത്തേക്ക് പൂര്‍വാധികം വാശിയോടും ആവേശത്തോടും കൂടി അദ്ദേഹം തിരിച്ചുവന്നത്. ഞങ്ങള്‍ക്കെല്ലാം തന്നെ ബുദ്ധിപരമായ നേതൃത്വം നല്‍കുന്നതിലും വീരോചിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും ഒരു പ്രത്യേക വാശിയും ഉത്സാഹവും ജഃ മഹമൂദ് പ്രദര്‍ശിപ്പിച്ചിരുന്നു. പാനൂര്‍ പരിസരങ്ങളില്‍ വിറങ്ങലിച്ചു കിടന്നിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ അതോടെ സട കുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു. 1973 മെയ് 4-ന് പാനൂരില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് മഹാ സമ്മേളന വിജയത്തിന് പിന്നില്‍ ജഃ മഹമൂദിന്റെ നിസ്തുലമായ സംഭാവന കാണാം. ആ സമ്മേളനത്തിന്റെ പ്രചാരണരംഗത്ത് താന്‍ വഹിച്ച പങ്ക് രോമാഞ്ചജനകവും അസൂയാര്‍ഹവുമായിരുന്നു. കോരിത്തരിപ്പിക്കുന്ന ആ ശബ്ദം, ഇന്നും ഈ പ്രദേശത്തെ മുസ്‌ലിം ലീഗുകാരില്‍ ആവേശത്തിന്റെ പൂത്തിരി കൊളുത്തുന്നുണ്ട്.

1974 ജനുവരി 12ന് ഒരു മനുഷ്യാധമന്റെ കഠാരമുനയില്‍ ഭാവിയുടെ ഒരു നല്ല വാഗ്ദാനമായിരുന്ന ആ ജീവിതം അസ്തമിച്ചുപോകുന്നതുവരെ സമൂഹത്തിന്റെ ഉന്നതിക്കും നാട്ടിന്റെ വിമോചനത്തിനും വേണ്ടി നിലകൊണ്ടു. 1948 ജനുവരി 12-നു ജന്മംകൊണ്ട ആ മഹത് വ്യക്തിത്വം തന്റെ 26-ാമത് വയസ്സ് പൂര്‍ത്തിയാക്കുന്നതിനു തൊട്ടു തലേദിവസം നിഷ്ഠൂരമായ ഒരാക്രമണത്തിന് വിധേയനാകുകയും തന്റെ പിറന്നാളിന്റെ അന്ന് (ജനുവരി 12) തന്റെ ആജീവനാന്ത സുഹൃത്തുക്കളുടെ കൈയില്‍ നിന്നും ലഭിച്ച നാരങ്ങാനീര് മൊത്തി കുടിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ തൗഹീദിന്റെ കലിമ ഉച്ചരിച്ച് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ഭരണത്തിലിരിക്കുന്ന ഒരു കക്ഷി അതിന്റെ സഹകക്ഷിയോട് ഈ രൂപത്തില്‍ പെരുമാറുന്നത് ഒരുവേള കേരള രാഷ്ട്രീയത്തില്‍ തന്നെ പുതിയൊരദ്ധ്യായമാണ്. ഈ സംഭവം കേരള രാഷ്ട്രീയത്തില്‍ ഒരു വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ അറുപിന്തിരിപ്പന്‍ ധിക്കാരത്തിനെതിരായി മനഃസാക്ഷിയുള്ള ഇതര രാഷ്ട്രീയകക്ഷികള്‍ ശക്തമായി പ്രതിഷേധിച്ചു. അങ്ങിനെ ജീവിതത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാതിരുന്ന ജഃ മഹമൂദ് മരണം കൊണ്ട് എല്ലാവരാലും അറിയപ്പെടുകയും കേരള രാഷ്ട്രീയത്തില്‍ തന്നെ ഒരു വലിയ ബിന്ദുവായി മാറുകയും ചെയ്തു).

പിറ്റേന്ന് തന്റെ ജന്മഗൃഹത്തില്‍ അന്ത്യദര്‍ശനത്തിനു വെച്ച ജനാസ ഒരു നോക്കു കാണാന്‍ ഹിന്ദുസ്ത്രീകളടക്കമുള്ള പതിനായിരങ്ങള്‍ ജാതി മതഭേദമന്യേ തടിച്ചു കൂടുകയും അന്ത്യോപചാരം അര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലെ പല സമുന്നത നേതാക്കളും പങ്കെടുത്ത വിലാപയാത്രയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടും ദുഃഖ ഭാരത്താല്‍ കുനിഞ്ഞുപോയ ശിരസ്സുകളോടും പങ്കെടുത്ത ജനസമുദ്രം ഈ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജ്വലിക്കുന്ന ഒരു പ്രതിഷേധവും, പാനൂരിന്റെ ചരിത്രത്തില്‍ ഒരു പുതിയ മഹാസംഭവവുമായിരുന്നു. സമുന്നത നേതാക്കള്‍ക്കു മാത്രം സിദ്ധിക്കുന്ന ഈ മരണാനന്തര ബഹുമതി ജഃ മഹമൂദിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്നു.

പാനൂര്‍ ജുമാഅത്ത് പള്ളി മൈതാനിയിലെ ആറടി മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹനീയ വ്യക്തിത്വത്തിന്റെ പാവനസ്മരണക്കു മുമ്പില്‍ അഭിവാദനങ്ങളര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിനും നമുക്കും സര്‍വോന്നതനായ അല്ലാഹു പൊറുത്തുതരികയും അവന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

N.B: കെ. വി. സൂപ്പി മാസ്റ്റര്‍ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അല്ലാഹു സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കുമാറാകട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ (ആമീന്‍) -എഡിറ്റര്‍.