സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച ധീരയോദ്ധാവ് / കൊയപ്പള്ളി യൂസുഫ്

സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച ധീരയോദ്ധാവ്

കൊയപ്പള്ളി യൂസുഫ്

നാലു നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാനൂര്‍ ജുമാഅത്ത് പള്ളി പുനരുദ്ധരിക്കുകയെന്നത് പാനൂരിന്റെ ജനസാമാന്യത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടി പള്ളിക്കമ്മിറ്റിയെ നാട്ടുകാര്‍, വിശേഷിച്ചും മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, നിലവിലുള്ള സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് പള്ളി നിര്‍മിക്കാനാണ് തീരുമാനിക്കപ്പെട്ടത്.

പുതിയ പള്ളിയുടെ പണി ആരംഭിച്ചിരിക്കുന്ന വാര്‍ത്ത ബോംബെയിലുമെത്തി. പാനൂര്‍ മുസ്‌ലിം യങ്ങ്‌മെന്‍സ് അസോസിയേഷന്റെ ഒരു ശാഖ അന്ന് ബോംബെയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ സമ്മേളിച്ച് പള്ളിക്കമ്മിറ്റിയുടെ പുതിയ തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഞങ്ങളുടെ ശക്തമായ വികാരം പള്ളിക്കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ അതുള്‍ക്കൊള്ളാന്‍ ചില മേധാവികള്‍ക്ക് അന്നു സാധിച്ചില്ല. ആ അവസരത്തിലാണ് കേയിസാഹിബ് ഹജ്ജ് കഴിഞ്ഞ് ബോംബെയിലെത്തിയത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പരാതി ബോധിപ്പിച്ചു. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഞങ്ങളാവശ്യപ്പെട്ടു. നാട്ടിലെത്തി സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് ശേഷം വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഞങ്ങള്‍ക്കു വാക്കുതന്നു. പള്ളികമ്മിറ്റി പ്രസിഡന്റ് അദ്ദേഹത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുന്നുവെന്ന വാര്‍ത്തയാണ് പിന്നീട് ഞങ്ങളറിഞ്ഞത്. അപ്പോഴേക്കും ഞങ്ങള്‍ക്ക് മറ്റൊരു വാര്‍ത്ത കൂടി കിട്ടി. മാവിലാട്ട് മഹമൂദ്, ആലിക്കുട്ടി മുസ്‌ലിയാര്‍, കുഞ്ഞിമൂസ മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ ശബ്ദം മുഴങ്ങിക്കഴിഞ്ഞിരുന്നുവെന്നായിരുന്നു വാര്‍ത്ത. അത് ഞങ്ങളെ അതീവ സന്തുഷ്ടരാക്കി.

യങ്ങ്‌മെന്‍സിന്റെ ബോംബെ ശാഖയുടെ തീരുമാനപ്രകാരം ജഃ മാണിക്കോത്ത് യൂസഫടക്കം ഞങ്ങള്‍ ഒരു സംഘം നാട്ടിലേക്കുപുറപ്പെട്ടു. അതു വരെ വസ്തുതകള്‍ നിഷ്പക്ഷമായി വീക്ഷിച്ചുകൊണ്ടിരുന്ന യങ്ങ്‌മെന്‍സ് പ്രവര്‍ത്തകരുമായും അതിന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജനാബുമാര്‍ എന്‍.കെ.സി. ഉമ്മര്‍ സാഹിബ്, ടി. മുഹമ്മദ് സാഹിബ് എന്നിവരുമായും ഞങ്ങള്‍ വിശദമായി വസ്തുതകള്‍ ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ എതിര്‍കക്ഷികളുടെ ശ്രമഫലമായി കേരളത്തിലെ ഒരു പ്രമുഖ മതപണ്ഡിത സംഘടന ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനി ച്ചു. അതിന്റെ കണ്ണൂര്‍ ജില്ലാഘടകം, കമ്മിറ്റി ഭാരവാഹികളുമായി കത്തിടപാടുകള്‍ നടത്തുകയും ജില്ലാനേതൃത്വം പാനൂരില്‍ വന്ന് ഇരുകൂട്ടരുമായി സംസാരിക്കുകയും ചെയ്തു. പള്ളിക്കമ്മിറ്റിയിലെ ചിലയാളുകളുടെ സഹായകരമല്ലാത്ത നിലപാട് കാരണം അവരുടെ ദൗത്യം ഉപേക്ഷിക്കേണ്ടി വരികയാണുണ്ടായത്.

ഈ പ്രശ്‌നത്തിലിടപെടാന്‍ ശ്രീ. പി. ആര്‍. കുറുപ്പും ഒരു ശ്രമം നടത്തുകയുണ്ടായി. പാനൂര്‍ ഐ.ബി. യില്‍ വെച്ച് ഒരു മദ്ധ്യസ്ഥ സംഭാഷണം നടന്നു. വമ്പിച്ചൊരു ജനാവലി അവിടെ തടിച്ചുകൂടിയിരുന്നു. വസ്തുതകള്‍ വ്യക്തമായി പഠിച്ച ഒരു മതപണ്ഡിതന്റെ തീരുമാനം മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂവെന്ന് ചങ്കൂറ്റത്തോടെ ഒരു വിഭാഗം ഖണ്ഡിതമായി പറഞ്ഞു. (കുറെക്കാലത്തെ പാനൂരിന്റെ ചരിത്രത്തില്‍ അത് തികച്ചും പുത്തനായ ഒരനുഭവമായിരുന്നു). അക്കാരണത്താല്‍, ആരംഭിച്ചു കഴിഞ്ഞ പള്ളിപ്പണികള്‍ നാളെ കാലത്തു മുതല്‍ തുടര്‍ന്നുകൊണ്ടുപോകുമെന്ന് ചിലയാളുകള്‍ ഔദ്ധത്യത്തോടെ വീരവാദം മുഴക്കി. ആ വെല്ലുവിളി നേരിടുമെന്ന ധീരമായ മറുപടിയും ഉടനെയുണ്ടായി. (ആ പണി പിന്നീടൊരിക്കലും പുനരാരംഭിക്കപ്പെട്ടില്ല).

ജഃ എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ വസതിയില്‍ യങ്ങ്‌മെന്‍സിന്റെ ഒരു യോഗം വിളിച്ചു. ഈ പ്രശ്‌നം സംബന്ധിച്ച് ദീര്‍ഘനേരം ഞങ്ങള്‍ ചര്‍ച്ച നടത്തി. ഒടുവില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു മതപണ്ഡിതന് പ്രശ്‌നം വിട്ടുകൊടുക്കണമെന്നും അദ്ദേഹത്തിന്റെ തീരുമാനം സര്‍വസമ്മതമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. തികച്ചും യുക്തിപൂര്‍ണ്ണവും നിഷ്പക്ഷവും പ്രശ്‌നപരിഹാരത്തിന്ന് അനുയോജ്യവുമായിരുന്നു ആ തീരുമാനം.

പിറ്റേന്നു മുതല്‍ യങ്ങ്‌മെന്‍സിനെ തകര്‍ക്കുന്നതിലായി ചിലരുടെ ശ്രദ്ധ. യങ്ങ്‌മെന്‍സിന്റെ പ്രതിനിധികളായി പള്ളിക്കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എന്‍.കെ.സി. ഉമ്മറിനെയും, കെ.പി. മമ്മു മാസ്റ്ററെയും, മാണിക്കോത്ത് യൂസുഫ് സാഹിബിനെയും പുറത്താക്കുകയാണുണ്ടായത്. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിലല്ല ചിലര്‍ക്ക് താല്‍പര്യം എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. പ്രശ്‌നം തലശ്ശേരി മുന്‍സിഫ് കോടതിയിലും ഹൈക്കോടതിയിലുമൊക്കെയെത്തി. മാവിലാട്ട് മഹമൂദ് ഇതില്‍ ഒരു പ്രധാന കക്ഷിയായിരുന്നു. ആ യുവ സഹോദരനില്‍ ഒളിഞ്ഞു കിടന്നിരുന്ന ബുദ്ധി വൈഭവവും സമുദായ സ്‌നേഹവും കര്‍മശേഷിയും ഹര്‍ഷ പുളകങ്ങളോടെയാണ് ഞങ്ങള്‍ നോക്കിക്കണ്ടത്. വേര്‍പിരിയാന്‍ കഴിയാത്ത വിധത്തില്‍ ഞങ്ങള്‍ പരസ്പരം അലിഞ്ഞുകഴിഞ്ഞിരുന്നു. ആയിടക്കാണ് ശ്രീ. പി. ആര്‍. കുറുപ്പ് ഏതാനും അനുയായികളോടൊപ്പം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. പാനൂര്‍ രാഷ്ട്രീയചരിത്രത്തില്‍ അത് പുതിയ ഒരു വഴിത്തിരിവായിരുന്നു. കുറുപ്പിന്റെ കൂടെ അതുവരെ പ്രവര്‍ത്തിച്ചിരുന്ന പലരും മുസ്‌ലിം ലീഗിലേക്ക് വന്നു.

പാനൂരില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. പാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗംഭീരമായൊരു സമ്മേളനം നടന്നു. ആ സമ്മേളനവും അതോടനുബന്ധിച്ചു നടന്ന ശക്തിപ്രകടനവും പാനൂരില്‍ മുസ്‌ലിം ലീഗിന്റെ പുനരുത്ഥാനം വിളിച്ചറിയി ക്കുന്നതായിരുന്നു. പ്രസ്തുത സമ്മേളനം അത്ര ഉജ്ജ്വലമാക്കുന്നതില്‍ മഹമൂദ് നല്‍കിയ സംഭാവനകള്‍ തീര്‍ച്ചയായും വിലപ്പെട്ടതായിരുന്നു.

സമ്മേളനത്തെ തുടര്‍ന്ന് പാനൂരിലെ അന്തരീക്ഷം ഭീഷണമാകാന്‍ തുടങ്ങി. പുതിയ ഭീഷണികളെ അതിജീവിക്കാന്‍ മുസ്‌ലിംലീഗ് നേതൃത്വത്തിന് കഴിയുകയില്ലെന്നു പ്രതിയോഗികള്‍ കണക്കുകൂട്ടി. പക്ഷെ പാനൂരില്‍ പുതിയൊരു നേതൃത്വം ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മാണിക്കോത്തും, എന്‍.കെ.സി. യും, മൂസ്സുവും, മഹമൂദും മറ്റും ഉള്‍ക്കൊള്ളുന്ന ശക്തമായൊരു നേതൃനിര. പ്രശ്‌നങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ ഓടിയൊളിക്കുന്ന പഴയ നേതൃത്വമല്ലെന്ന് താമസം വിനാ തെളിയിക്കപ്പെട്ടു. ശക്തനും സമാദരണീയനുമായ കേയിസാഹിബിന്റെ സശ്രദ്ധമായ നേതൃത്വത്തിന്റെ തണലില്‍ അവര്‍ നീങ്ങി. പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ പാനൂരിലെ മുസ്‌ലിം ലീഗ് പാറപോലെ ഉറച്ചുനിന്നു. ഏതു പ്രയാസങ്ങളേയും അതിജയിക്കാനുള്ള നിശ്ചയ ദാര്‍ഢ്യം അതു പ്രദര്‍ശിപ്പിച്ചു. ജഃ മഹമൂദിന്റെ ബുദ്ധിശക്തിയും, കര്‍മകുശലതയും, ആത്മധൈര്യവും, ധര്‍മബോധവും പാനൂരിലെ മുസ്‌ലിം ലീഗിന് തീര്‍ച്ചയായും വമ്പിച്ചൊരു മുതല്‍കൂട്ടായിരുന്നു.

പാനൂര്‍ പരിസരത്ത് മുസ്‌ലിം ലീഗ് അതിവേഗം ശക്തിപ്പെട്ടു. എങ്ങും പുതിയൊരുണര്‍വും ആവേശവും. മുസ്‌ലിം ലീഗിന് ബാലികേറാമലകളാ യി വിശ്വസിക്കപ്പെട്ടിരുന്ന സ്ഥലങ്ങളിലൊക്കെ പുതിയ കമ്മിറ്റികള്‍! ഓഫീസുകള്‍! ജീവസുറ്റ പ്രവര്‍ത്തനങ്ങള്‍!

ഈ നവോന്മേഷത്തിന് പിന്നില്‍ മഹമൂദിന്റെ സ്വാധീനം തെളി ഞ്ഞു കാണാന്‍ പ്രയാസമില്ല. ആ സഹപ്രവര്‍ത്തകനെക്കുറിച്ചുള്ള ഓര്‍മകള്‍ ശാശ്വതമാക്കിത്തീര്‍ക്കുന്നതിനും അദ്ദേഹം സഞ്ചരിച്ച കര്‍മപഥത്തിലൂടെ മുന്നോട്ട് കുതിക്കുന്നതിനുമുള്ള കഠിന യത്‌നത്തിലേര്‍പ്പെട്ടിരിക്കുന്ന മുസ്‌ലിം ലീഗിന്റെ ധര്‍മഭടന്മാരെ, സുഹൃത്തുക്കളെ നിങ്ങളോടൊപ്പം ഈയുള്ളവന്റെ മനഃസാക്ഷിയും എന്നുമെന്നും ഉണ്ടായിരിക്കും, തീര്‍ച്ച.

നേരത്തെ സൂചിപ്പിച്ച ജുമഅത്ത് പള്ളി പൂര്‍വസ്ഥാനത്തുതന്നെ പുനര്‍ നിര്‍മിക്കാനുള്ള ഏകകണ്ഠവും സൗഹാര്‍ദ്ദപൂര്‍ണ്ണവുമായ തീരുമാനം തീര്‍ച്ചയായും മഹമൂദിന്റെ ആത്മാവിനെ പുളകം കൊള്ളിക്കുന്നുണ്ടാവും. അതിന് വഴിയൊരുക്കിയ പള്ളിക്കമ്മിറ്റിയെയും നാട്ടുകാരെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഈ കാര്യത്തില്‍ ബഹു. എ.വി. അബ്ദു റഹിമാന്‍ ഹാജി നല്‍കിയ സേവനങ്ങള്‍ പ്രത്യേകം ഇവിടെ രേഖപ്പെടുത്തുന്നു.

പാനൂരിലെ ജനതക്ക് സ്വാതന്ത്ര്യത്തിന്റെ ജീവവായു ശ്വസിക്കാനുള്ള അവസരമൊരുക്കുന്നതില്‍ മഹാനായ കേയി സാഹിബ് നിരന്തരമായി വഹിച്ചുപോന്ന പങ്ക് അവിസ്മരണീയമാണ്.

അല്ലാഹു സഹായിക്കട്ടെ.

(ആമീന്‍)