ജീവചരിത്രം

മാവിലാട്ട് മഹമൂദ്
ഒരു ഇതിഹാസപുരുഷന്റെ കഥ

പുത്തൂര്‍ മുസ്തഫ

കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1885-ല്‍ സ്ഥാപിതമായി, 1906-ല്‍ മുസ്‌ലിം ലീഗും സ്ഥാപിതമായി. അഭിപ്രായവ്യത്യാസങ്ങള്‍ ധാരാളമുണ്ടായിരുന്നു എങ്കിലും പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കാനും, രണ്ട് സംഘടനയിലും ഒരേ സമയം അംഗമായി പ്രവര്‍ത്തിക്കാന്‍ പോലും സാധിച്ച ഒരു കാലമുണ്ടായിരുന്നു. രണ്ടിന്റെയും സമ്മേളനങ്ങള്‍ ഒരേ വേദിയില്‍ നടന്ന സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. 1919-ലെ അമൃതസര്‍ സമ്മേളനം അത്തരത്തില്‍ രണ്ടു സംഘടനകളും ഒരേ വേദിയില്‍ നടത്തിയതായിരുന്നു. 1916 ഡിസംബറില്‍ ലക്നൗവില്‍ വെച്ച് രണ്ട് സംഘടനകളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ച ‘ലക്‌നൗ ഉടമ്പടി’ പ്രസിദ്ധമാ ണല്ലോ. മെച്ചപ്പെട്ട സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ നടന്ന അമൃതസര്‍ സമ്മേളനത്തില്‍ മൗലാനാ മുഹമ്മദലി നടത്തിയ ചരിത്രപ്രസിദ്ധമായ ഒരു പ്രഖ്യാപനമുണ്ട്. ‘‘ഞാന്‍ ജയിലില്‍ നിന്ന് വന്നത് മടക്കടിക്കറ്റുമായാണ് ”.1 അവരുടെയൊക്കെ സ്വാതന്ത്ര്യബോധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ പ്രഖ്യാപനം.

ഖിലാഫത്ത് പ്രസ്ഥാനം

ദേശീയാടിസ്ഥാനത്തില്‍ പിന്നീട് വലിയ മാറ്റങ്ങള്‍ വന്നു. ഗാന്ധിയുടെ വരവോടെ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു അദ്ദേഹമായി. ദേശീയ പ്രസ്ഥാനവുമായി സാധാരണ ജനങ്ങളെ ബന്ധപ്പെടുത്താനും മതവിശ്വാസവും മതനിഷ്ഠയുമുള്ള ഇന്ത്യന്‍ ജനതയെ അതിലേക്ക് ആകര്‍ഷിക്കാനും ഗാന്ധിജി ഹൈന്ദവ-ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി. തികച്ചും സോദ്ദേശപരമായ ഈ നീക്കത്തിന്റെ ഭാഗമായി ഭഗവദ്ഗീത വായിക്കാനും പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്താനുമൊക്കെ അദ്ദേഹം നിര്‍ദേശിച്ചു. രാമരാജ്യമാണ് തന്റെ സങ്കല്‍പത്തിലെ ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞത് അങ്ങിനെയാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണല്ലോ തങ്ങള്‍ക്കെതിരെ നിലകൊണ്ട തുര്‍ക്കിക്കെതിരായ നീക്കം ബ്രിട്ടീഷ് സഖ്യം പൂര്‍വാധികം ശക്തമാക്കിയത്. അതിന്റെ ഫലമായി തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന് പലതും നഷ്ടമായി. ലോക മുസ്‌ലിംകളുടെ ഖലീഫ എന്ന പേരെങ്കിലും നേരത്തെ ഓട്ടോമന്‍ സുല്‍ത്താന് ഉണ്ടായിരുന്നു. പുണ്യഭൂമികളായ മക്കയും മദീനയും അവരുടെ നിയന്ത്രണത്തിലായിരുന്നു. അതെല്ലാം പോയി. ഖിലാഫത്തും അവസാനിച്ചു. വ്രണിതഹൃദയരായ മുസ്‌ലിംകള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ബ്രിട്ടീഷ് വിരോധം ഇത് കൊണ്ട് ഇന്ത്യയിലുമുണ്ടായി. മൗലാനാ മുഹമ്മദലിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത് അങ്ങനെയാണ്. മുഹമ്മദലി ജിന്നക്ക് ഇതില്‍ വിയോജിപ്പായിരുന്നെങ്കിലും ഗാന്ധിജി ഉള്‍പ്പടെയുള്ളവര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ ശക്തമായി പിന്തുണച്ചു.

മലബാറിലെ മുസ്‌ലിം ലീഗ്

ബ്രിട്ടീഷ് അധികാരത്തിന്റെ കീഴിലായിരുന്ന മലബാറില്‍ ഖിലാഫത്ത് സമരത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കി. പക്ഷെ മലബാര്‍ കലാപം എന്നറിയപ്പെട്ട ഖിലാഫത്ത് സമരത്തില്‍ മലബാറിലെ മുസ്‌ലിംകള്‍ വഞ്ചിക്കപ്പെട്ടതായിട്ടാണ് മുസ്‌ലിംകള്‍ക്ക് അനുഭവപ്പെട്ടത്. ഒരുതരം അനാഥത്വം മുസ്‌ലിം സമുദായം അനുഭവിച്ചു.2 അതികഠിനമായ ഈ അന്ധകാര ശൂന്യതയിലാണ് മലബാറില്‍ മുസ്‌ലിം ലീഗ് പിറവി കൊള്ളുന്നത്. ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ മുസ്‌ലിം സമുദായം തികച്ചും നിരാശയിലായ കാലം. പല സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിച്ചുവെങ്കിലും മുസ്‌ലിം ലീഗ് മലബാര്‍ ജില്ലാ ഘടകം ഔപചാരികമായി നിലവില്‍ വരുന്നത് 1937-ലാണ്.3

മലബാറിന്റെ പല ഭാഗങ്ങളിലും 1930 മുതല്‍ പ്രാദേശികമായി സംഘടിച്ച കൂട്ടത്തില്‍ തലശ്ശേരി, പെരിങ്ങത്തൂര്‍, പാനൂര്‍, കടവത്തൂര്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെ.എം. സീതി സാഹിബ് ഈ സമയത്ത് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വളരെ തിരക്കുള്ള അഭിഭാഷകനായിരുന്നു. 1931-ല്‍ തലശ്ശേരിയില്‍ നടന്ന ഒരു മതം മാറ്റവുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ വേണ്ടി തലശ്ശേരിക്കാര്‍ സീതി സാഹിബിനെ ക്ഷണിച്ചു കൊണ്ടു വന്നു. അമ്മുക്കുട്ടി ആമിനക്കുട്ടിയായി മാറിയതായിരുന്നു സംഭവം. കേസ് ഏറ്റെടുത്ത സീതി സാഹിബ് 1932 ല്‍ പ്രാക്ടീസ് തന്നെ തലശ്ശേരിക്ക് മാറ്റി, തലശ്ശേരിക്കാരനായി.

1934 നവം: 10 ന് നടന്ന സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പ് മുസ്‌ലിം ലീഗിന് മുസ്‌ലിം ജനസാമാന്യത്തിന്റെ വിശ്വാസം നേടിക്കൊടുത്ത സംഭവമായിരുന്നു. മുസ്‌ലിം ലീഗ് നേതാവും വാണിജ്യ പ്രമുഖനുമായ അബ്ദുസ്സത്താര്‍ സേട്ടു സാഹിബും കോണ്‍ഗ്രസ് നേതാവും ‘സാഹിബ് ’ എന്ന പേരില്‍ അറിയപ്പെട്ട മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും തമ്മിലായിരുന്നു മല്‍സരം. മുസ്‌ലിം ലീഗിനെ അടുത്തറിയാന്‍ മുസ്‌ലിം ബഹുജനങ്ങള്‍ക്ക് കിട്ടിയ അവസരമായിരുന്നു ഇത്.4 തീ പാറുന്ന പോരാട്ടമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ നടന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധമായി ധാരാളം യോഗങ്ങള്‍ നടന്നു. അബ്ദുറഹിമാന്‍ സാഹിബ് ദേശീയ മുസ്‌ലിംകളുടെ നേതാവായി അറിയപ്പെടുന്ന, കോണ്‍ഗ്രസിന്റെ വീരപുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ്. മുസ്‌ലിം ലീഗിനെ പിന്തുണക്കുന്നവര്‍ ഒരു വശത്തും സാഹിബിനെ പിന്തുണക്കുന്നവര്‍ മറുവശത്തുമായി അണിനിരന്നു. സാഹിബിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പാനൂരിലും ചൊക്‌ളിയിലുമൊക്കെ സംഘര്‍ഷമുണ്ടായി.5 പാനൂര്‍ പ്രദേശത്താണെങ്കില്‍ ദേശീയവാദി മുസ്‌ലിംകളായി വണ്ണത്താം വീട്ടില്‍ അബ്ദുള്ള, സി.ടി. അബ്ദുള്ള, എം. എല്‍. സി. കുഞ്ഞിമൂസ്സ എന്ന കെ.എം. കുഞ്ഞിമൂസ, മരുതോളി അഹമ്മദ് തുടങ്ങി പലരുമുണ്ട്. എന്നാല്‍ സത്താര്‍ സേട്ടു സാഹിബിന്റെ വിജയം മുസ്‌ലിം ലീഗിന് വലിയ ആത്മവിശ്വാസം നല്‍കി. സ്വാഭാവികമായും ഇത് ഭാവി രാഷ്ടീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സൂചനയായി വിലയിരുത്തപ്പെട്ടു.6 ഇതിന് പ്രത്യേക കാരണമുണ്ട്. ഉത്തരേന്ത്യയിലൊക്കെ മുസ്‌ലിം ഭരണാധികാരികള്‍ നൂറ്റാണ്ടുകള്‍ ഭരണം നടത്തിയിട്ടുണ്ട്. അറയ്ക്കല്‍ സ്വരൂപത്തിന്റെ ഭരണമൊഴിച്ചാല്‍ തിരുവിതാംകൂറിലോ കൊച്ചിയിലോ മലബാറിലോ യാതൊരു അധികാര കേന്ദ്രവും മുസ്‌ലിംകള്‍ക്ക് ഇല്ലായിരുന്നുവല്ലോ. ചരിത്രകാരനായ കെ.എം. പണിക്കര്‍ ചൂണ്ടിക്കാട്ടുന്നത് കാണുക: ‘കേരള മുസ്‌ലിംകള്‍ക്ക് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചത് പോലെ അധികാരത്തിന്റെയോ ആധിപത്യത്തിന്റെയോ പാരമ്പര്യമുണ്ടായിരുന്നില്ല’.

മുസ്‌ലിം ലീഗ് പാനൂരില്‍

പാനൂര്‍ മേഖലയില്‍ മുസ്‌ലിം ലീഗിന് അടിത്തറ പാകുന്നതില്‍, അതോടൊപ്പം സമുദായ നവോത്ഥാനം കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ഇ.കെ. മൗലവി എന്ന ഇല്ലത്ത് കണ്ടി കുഞ്ഞമ്മദ് കുട്ടി മൗലവി (1891-1974), ടി.കെ. മൗലവി എന്ന തോണിക്കടവന്‍ വീട്ടില്‍ കുഞ്ഞമ്മദ് കുട്ടി മൗലവി (1892-1942) എന്നിവരുടെയൊക്കെ പ്രവര്‍ത്തനം വലിയ മാറ്റങ്ങളുണ്ടാക്കി. മൊയാരത്ത് ശങ്കരന്റെ (1889-1948) നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനവും മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു.8

കെ.എം. സീതി സാഹിബ് (1898-1961) തലശ്ശേരിയില്‍ എത്തിയത് മുതല്‍ (1932) അദ്ദേഹത്തിന്റെ സാന്നിധ്യം പാനൂരിലും പരിസരങ്ങളിലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത നിറഞ്ഞു തുളുമ്പിയ പ്രവര്‍ത്തനം അതിരില്ലാത്ത ഉത്തേജനവും ഊര്‍ജ്ജവും നല്‍കി ‘അലയൊഴിയാത്ത ആഴിപോലെ’ മുസ്‌ലിംകളെ പ്രചോദിപ്പിച്ചു.9

അറയ്ക്കല്‍ രാജവംശത്തിന്റെയും മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും പരിലാളന ഏറ്റുവാങ്ങിയവരായിരുന്നു ഈ പ്രദേശത്തെ മുസ്‌ലിംകള്‍. ടിപ്പു സുല്‍ത്താന്‍ ഇവിടം വിട്ടു പോകുമ്പോള്‍ ‘ബാവാച്ചി ഓര്‍’ എന്നൊരാളെ പ്രതിനിധിയായി പാനൂര്‍ ദേശത്ത് ചുമതലപ്പെടുത്തിയിരുന്നു എന്നത് പ്രസിദ്ധമാണ്.10 ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ അധികാര മല്‍സരം രൂക്ഷമായ സമയത്ത് മാഹിദേശത്ത് ആധിപത്യമുറപ്പിച്ച ഫ്രഞ്ചുകാര്‍ പെരിങ്ങത്തൂരിലെ മുസ്‌ലിംകളുമായി ഉണ്ടാക്കിയ സന്ധിയും ചരിത്രത്തിന്റെ ഭാഗമാണ്.11

നിഷ്‌ക്രിയതയുടെ കാലം

എന്നാല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൊക്കെ സജീവമായി പ്രവര്‍ത്തിച്ച പലരും പിന്നീട് നിഷ്‌ക്രിയരായി. വിഭജനം സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം. ഇന്ത്യാ വിഭജനത്തിന് വേണ്ടി വാദിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തവര്‍ പലരും ഉള്‍വലിയാന്‍ നിര്‍ബ്ബന്ധിതരായി. കുറേ പേര്‍ക്ക് ജാള്യതയും അപമാനബോധവും തോന്നുക സ്വാഭാവികമാണല്ലോ. 1948 സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ നടന്ന ‘ഹൈദരാബാദ് ആക്ഷന്‍’ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പാണക്കാട് പൂക്കോയ തങ്ങള്‍ അടക്കം മുസ്‌ലിം ലീഗിന്റെ ഉന്നത നേതാക്കള്‍ പലരും അറസ്റ്റിലായി. പാനൂര്‍ പ്രദേശത്തും പലരെയും പോലീസ് പിടികൂടി. ഇതിനൊക്കെ ഒത്താശ ചെയ്യാന്‍ പി.ആര്‍. കുറുപ്പടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

വിഭജനം സൃഷ്ടിച്ച മുറിപ്പാടും സ്വാതന്ത്ര്യവും ഒരേ സമയം സമ്മിശ്രവികാരങ്ങളുടെ സങ്കീര്‍ണ്ണമായ സംഗമം തീര്‍ക്കുമ്പോള്‍ പ്രഹരമായി വന്ന ഹൈദരാബാദ് ആക്ഷന്‍ പാനൂര്‍ ദേശത്ത് മുസ്‌ലിം ലീഗിനെ ഏതാണ്ട് നിശ്ചലമാക്കി. മുസ്‌ലിം ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ച പലരും രാഷ്ടീയരംഗത്ത് നിന്ന് മാറി മതസംഘടനകളിലും മറ്റുമായി പ്രവര്‍ത്തനം മാറ്റി. 1952 വരെ തുടര്‍ന്ന ഈ നിശ്ചലാവസ്ഥ മാറുന്നത് വി.ആര്‍. കൃഷ്ണയ്യര്‍ മദ്രാസ് നിയമസഭയിലേക്ക് മല്‍സരിക്കുന്ന തെരഞ്ഞെടുപ്പ് വന്നപ്പോഴാണ്. കൃഷ്ണയ്യര്‍ക്ക് മുസ്‌ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ഈ സമയത്തൊക്കെ ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും എത്തിയ പി.ആര്‍. കുറുപ്പ് (1915 -2001) ഈ ശൂന്യതയെ പലതരത്തില്‍ മുതലെടുക്കുകയുണ്ടായി. മുസ്‌ലിം പ്രമാണിമാരെയും രാഷ്ടീയരംഗത്ത് പ്രവര്‍ത്തിച്ചവരെയുമൊക്കെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അത് വിജയിക്കാത്തപ്പോള്‍ പ്രീണിപ്പിച്ചും കൂടെ നിര്‍ത്താനായിരുന്നു ശ്രമം. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് തന്നെ പോലീസിനെ ഉപയോഗപ്പെടുത്തി ഈ കളി തുടങ്ങിയതാണ്.

മലബാര്‍ ജില്ലാ കലക്ടറായിരുന്ന വില്യം ലോഗന്‍ (1841-1914) എഴുതിയ മലബാര്‍ മാന്വല്‍ നമ്മുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന കൃതിയാണ്. പാനൂര്‍ പ്രദേശത്തെ മുസ്‌ലിം ജനതക്ക് (മാപ്പിളമാര്‍ക്ക്) ശക്തമായ സ്വാധീനവും മേധാവിത്വവുമുള്ള, ധാരാളം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായാണ് (Populous Moplah VIllage) ലോഗന്‍ പരിചയപ്പെടുത്തുന്നത്.12 മുസ്‌ലിം പ്രാമാണികതയുടെ ശക്തിദുര്‍ഗമായിരുന്നു പാനൂര്‍ എന്ന് വിവാദനായകനായ പി.ആര്‍. കുറുപ്പിന്റെ കഥയെഴുതിയ പള്ളിക്കര വി.പി. മുഹമ്മദും ‘ഒരു വിവാദ പുരുഷന്റെ കഥ’ എന്ന തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.13

കുറുപ്പിന്റെ ചവിട്ടുപടി

ശ്രീ: കുറുപ്പ് ആത്മകഥയില്‍ പറയുന്നത് പോലെ കുടുംബവഴക്ക് പതിവുള്ള കുടുംബത്തില്‍ പിറന്നത് കൊണ്ടാവാം, വഴക്കും വക്കാണവും അദ്ദേഹത്തിന് ചിരപരിചിതമായിരുന്നു.14 അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും അച്ഛന്റെ രണ്ടാം വിവാഹത്തോടെ മര്‍ദ്ദനം കൂടി എന്നും കുറുപ്പ് രേഖപ്പെടുത്തുന്നുണ്ട്. അച്ഛനും അമ്മാവനും തമ്മിലുള്ള കുടിപ്പകയെക്കുറിച്ചും പറയുന്നുണ്ട്.15 ആഴ്ചയില്‍ ഒന്നും രണ്ടും തവണ അച്ഛനില്‍ നിന്ന് അമ്മക്ക് ചൂടുള്ള അടി കിട്ടാറുണ്ടെന്ന് പള്ളിക്കര വി.പി. മുഹമ്മദും എഴുതുന്നു.16

തന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മനോഭാവക്കാരനായിരുന്നു കുറുപ്പ്. വര്‍ഗീയതയെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് അദ്ദേഹം ചിന്തിച്ചു-ഹിന്ദുക്കള്‍ മാത്രമുള്ള ഒരു സന്നദ്ധസേന ഉണ്ടാക്കിക്കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. ഇക്കാര്യം കുറുപ്പ് ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.17

ഫ്യൂഡല്‍-നാടുവാഴി വിരുദ്ധ സമരത്തിന്റെ വെളുത്ത നിറം ഈ സമരത്തിന് നല്‍കുകയായിരുന്നു. കെ.കെ.വി. അടിയോടിയും മറ്റ് ചിലരും ഇതില്‍ പെട്ട് പോയിരുന്നു. 1934ല്‍ മുട്ടനൂരില്‍ ബോര്‍ഡ് സ്‌കൂള്‍ അധ്യാപകനായി ചേരാന്‍ മുസ്‌ലിം പ്രമാണിയായ എ.പി. കുഞ്ഞിക്കലന്തനോട് 50 രൂപ വാങ്ങി പോയ കുറുപ്പ് (അക്കാലത്തെ 50 രൂപക്ക് ഉള്ള മൂല്യം ആലോചിക്കുമല്ലോ) മുസ്‌ലിം പ്രമാണിത്വത്തിന്റെ ശവക്കുഴി തോണ്ടി എന്ന് പള്ളിക്കര വി.പി. മുഹമ്മദ് വിവാദപുരുഷന്റെ കഥയില്‍ പറയുമ്പോള്‍ കുറുപ്പിന്റെ കൃതഘ്‌നതയുടെ ആഴം എത്ര വലുതാണെന്ന് ആലോചിക്കാ വുന്നതാണ്. കുറുപ്പിന്റെ മുസ്‌ലിം വിരുദ്ധ നിലപാട് കാരണം ചിലരൊക്കെ അദ്ദേഹത്തെ വിട്ടു പോയി. സി.ടി. അബ്ദുള്ളയെപ്പോലുള്ളവര്‍ അക്കൂട്ടത്തില്‍ പെടുന്നു എന്ന് കുറുപ്പ് ആത്മകഥയില്‍ പറയുന്നുണ്ട്. കുറുപ്പിന് ചെണ്ടയാട് സ്‌കൂളിലേക്ക് മാറ്റം കിട്ടിയപ്പോള്‍ കുഞ്ഞിക്കലന്തന്‍ ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തു എന്നും അതേ കുഞ്ഞിക്കലന്തനെ മറ്റൊരു പ്രശ്‌നത്തിന്റെ പേരില്‍ വലിച്ചിട്ട് അടിപ്പിച്ചത് കുറുപ്പായിരുന്നു എന്നതുമാണ് വൈപരീത്യം. ഇതാണ് മുസ്‌ലിം പ്രമാണിത്വത്തിന്റെ ശവക്കുഴി തോണ്ടല്‍!

അടിസ്ഥാനപരമായി കുറുപ്പ് വര്‍ഗീയവാദി ആയിരുന്നില്ല. പക്ഷെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അസ്ഥിവാരം അദ്ദേഹം പടുത്തുയര്‍ത്തിയത് മുസ്‌ലിംവിരുദ്ധ അടിത്തറയില്‍ ആയിരുന്നു. രണ്ടാമത്തേത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു. ഇതിന്റെ ബാക്കിപത്രം ഇന്നും പാനൂര്‍ പ്രദേശത്തുണ്ട്. പദവിയും പത്രാസും വന്നപ്പോള്‍ താന്‍ തുടക്കത്തില്‍ നന്നായി ഉപയോഗപ്പെടുത്തിയ വര്‍ഗീയത എന്ന ഉപാധി അദ്ദേഹം ഉപേക്ഷിച്ചെങ്കിലും, മുസ്‌ലിം-കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ അണികള്‍ അത് ഉപേക്ഷിച്ചില്ല. 1971 ഡിസം: 28 മുതല്‍ 1972 ജനുവരി 2 വരെ നടന്ന തലശ്ശേരി കലാപത്തില്‍ പി.ആര്‍. കുറുപ്പിന്റെ അണികള്‍ പങ്കാളികളായിരുന്നു. ഇക്കാര്യം കുറുപ്പ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പാനൂര്‍ കൂറ്റേരിയില്‍ കുറുപ്പിന്റെ സഹായിയായ ബാലന്‍ അമ്പലത്തിനും പള്ളിക്കും ഒരേ സമയം തീ കൊടുത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതും കുറുപ്പ് തന്നെ ബാലനെ തല്ലിയതും ഈ സാഹചര്യത്തിലാണ്.18 കുറുപ്പിന്റെ ശക്തികേന്ദ്രങ്ങളായ പാലത്തായി, കുന്നോത്ത്പറമ്പ് എന്നിവിടങ്ങളിലും പള്ളികള്‍ക്ക് നേരെ അക്രമമുണ്ടായി.

നയവൈകല്യത്തിന്റെ ബാക്കിപത്രം

പാനൂരും പരിസരവും മുമ്പ് അറിയപ്പെട്ടത് ഇരുവൈനാട് എന്നാണല്ലോ. ആറ് നമ്പ്യാര്‍ കുടുംബങ്ങളായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. സവര്‍ണ്ണ യജമാനന്‍മാരായ അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതെ മാപ്പിള പ്രമാണിത്വത്തിന് നേരെ കുറുപ്പ് സമരം ചെയ്തതിന്റെ അടിസ്ഥാനം ദുര്‍ബലമായ കാരണങ്ങള്‍ കൊണ്ട് മാത്രമേ ന്യായീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതാണ് വസ്തുത. സോഷ്യലിസ്റ്റ് അണികളില്‍ കുറുപ്പ് കുത്തിവെച്ച രണ്ട് വിരോധങ്ങളും പിന്നീട് സംഘപരിവാരത്തിന് ഗുണമായതായി കെ.എം. സൂപ്പി തന്റെ ആത്മകഥയായ ‘നേര്‍ക്കു നേരെ ഒരു ജീവിതം’ എന്ന കൃതിയില്‍ പറയുന്നുണ്ട്.19 ഇതേ വസ്തുത പത്രപ്രവര്‍ത്തകനായ കെ. ബാലകൃഷ്ണന്‍ തന്റെ ‘പഴശ്ശിയും കടത്തനാടും’ എന്ന പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്.20 ഫലത്തില്‍ പാനൂര്‍ രാഷ്ടീയത്തില്‍ സംഘപരിവാരം നേടിയ ശക്തി യഥാര്‍ത്ഥത്തില്‍ കുറുപ്പിന്റെ നയവൈകല്യത്തിന്റെ ബാക്കിപത്രമാണ്.

അരങ്ങ് വാഴുന്ന അക്രമം

സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ പി.ആര്‍. കുറുപ്പ് പാനൂരിലെ പ്രാദേശിക നേതൃത്വവുമായി സഹകരിച്ചിരുന്നില്ല. പാനൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്പുരാക്കന്മാരാണ് എന്നാണ് കുറുപ്പ് അതിന് തന്റെ ആത്മകഥയില്‍ ന്യായീകരണമായി പറഞ്ഞത്. കെ.ടി. പത്മനാഭന്‍ നമ്പ്യാരെപ്പോലുള്ളവരായിരുന്നു അന്നത്തെ നേതാക്കള്‍. കൊളവല്ലൂരിലും പന്ന്യന്നൂരിലും ഒക്കെ നടന്ന പ്രസിദ്ധമായ കോണ്‍ഗ്രസ് സമ്മേളനങ്ങളിലൊന്നും കുറുപ്പിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. മൊയാരത്ത് ശങ്കരന്റെ (1889-1948) കൂടെയോ സര്‍ദാര്‍ ചന്ത്രോത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെ (1900-1964) കൂടെയോ കുറുപ്പ് ഇല്ല. എ.കെ.ജി. നടത്തിയ ചരിത്രപ്രസിദ്ധമായ പട്ടിണിജാഥയുടെ പരിസരത്തും അദ്ദേഹം ഇല്ല. 1952-ല്‍ കൃഷ്ണയ്യര്‍ വിജയിച്ച മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് കേരളപ്പിറവി കഴിഞ്ഞ് 1957-ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഉണ്ടായിരുന്ന 126 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. പി. എസ്. പി. ടിക്കറ്റില്‍ പി.ആര്‍. കുറുപ്പും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.പി. മൊയ്തു ഹാജിയും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി (CPI) യായി പി.കെ. മാധവനും മല്‍സരിച്ചു. മുസ്‌ലിം സമുദായക്കാരനായ എം.പി. മൊയ്തു ഹാജി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടും മുസ്‌ലിം ലീഗ് പി.ആര്‍. കുറുപ്പിനെ പിന്തുണച്ചു. പി.എസ്.പി. മുസ്‌ലിം ലീഗ് സഖ്യമാണ് അന്നുണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ കുറുപ്പ് വിജയിച്ചു. അതില്‍ മുസ്‌ലിം ലീഗ് നല്ല പങ്കും വഹിച്ചു. തന്നെ സഹായിച്ച മുസ്‌ലിം ലീഗിനെ ഇല്ലാതാക്കലായിരുന്നു കുറുപ്പിന്റെ പിന്നീടുള്ള അജണ്ട. 1962-ല്‍ കോണ്‍ഗ്രസ്- പി.എസ്.പി. സഖ്യത്തില്‍ നിന്ന് മാറി നിന്ന് കൊണ്ട് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.കെ. പൊറ്റക്കാടിനെ മുസ്‌ലിം ലീഗ് പിന്തുണച്ചു. വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു ഇത്. എസ്.കെ. പൊറ്റക്കാട് വിജയിച്ചപ്പോള്‍ പലര്‍ക്കും അരിശം മുസ്‌ലിം ലീഗിനോടായിരുന്നു. പരേതനായ എന്‍.എ. മമ്മു ഹാജി രേഖപ്പെടുത്തുന്നത് കാണുക: – ‘കുത്തക രാഷ്ട്രീയക്കാര്‍ തകര്‍ന്നപ്പോള്‍ അരിശം മുസ്‌ലിംകളോടായിരുന്നു. പൂക്കോം ജുമാഅത്ത് പള്ളിക്ക് നേരെയും പൊയിലൂര്‍ പള്ളിക്ക് നേരെയും കല്ലേറുണ്ടായി’.21

ഈ കല്ലേറ് ഒരു സൂചനയായിരുന്നു. തന്റെ തിട്ടൂരത്തിന് അനുസരിച്ച് നിന്നില്ലെങ്കില്‍ അനുഭവിക്കും എന്ന മുന്നറിയിപ്പ്. എതിര്‍ശബ്ദങ്ങള്‍ അനുവദിക്കാത്ത തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരം പാനൂര്‍ മേഖലയില്‍ ഉദയം കൊള്ളുകയായിരുന്നു. പക്ഷെ, ചരിത്രത്തില്‍ കാണാന്‍ കഴിയുന്ന പാഠം അത്തരം ശക്തികള്‍ ഉദയം ചെയ്തപ്പോഴെല്ലാം അതിനെ അതിജയിക്കാന്‍ പൗരാവകാശത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ രക്തവും മജ്ജയും വിയര്‍പ്പും നല്‍കിയിട്ടുണ്ട് എന്നതാണ്.

ഇതിനിടയില്‍ തെരഞ്ഞെടുപ്പുകള്‍ പലതും നടക്കുന്നുണ്ട്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്മാരെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും തന്റെ കൂടെ നിര്‍ത്താന്‍ പി.ആര്‍. കുറുപ്പ് നിരന്തരം ശ്രമിച്ചു. സജീവമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന പലരേയും കുറുപ്പ് കൈക്കലാക്കി. കെ.വി. സൂപ്പിയും പൊട്ടന്‍ കണ്ടി കുഞ്ഞമ്മദും കലന്തന്‍ മാഷുമൊക്കെ കുറുപ്പിന്റെ ആളുകളായി മാറിക്കഴിഞ്ഞിരുന്നു. സമുദായത്തിലെ പല പ്രമാണിമാരെയും പല കാരണങ്ങളാല്‍ കുറുപ്പ് വലയിലാക്കി.

മാവിലാട്ട് മഹമൂദ്

ഈ രാഷ്ടീയ കാലാവസ്ഥയിലാണ് മാവിലാട്ട് മഹമൂദ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്.

ജനനം

1948 ജനുവരി 12 ന് ചാലില്‍ കോയിറ്റിക്കണ്ടി ഹസന്റെയും (സി.കെ. ഹസ്സന്‍ സാഹിബ്) മാവിലാട്ട് കൊളങ്ങരപ്പറമ്പത്ത് പള്ളിക്കണ്ടി അയിശുവിന്റെയും മകനായി ജനിച്ച അദ്ദേഹം ചെറിയ പ്രായത്തില്‍ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു.

ബാല്യം

വീടിന് സമീപം തന്നെയുള്ള തിരുവാല്‍ സ്‌കൂളില്‍ മതപഠനവും ഭൗതിക വിദ്യാഭ്യാസവും നേടി. അവിടുത്തെ പഠനത്തിന് ശേഷം പാനൂര്‍ സ്‌കൂളില്‍ ചേര്‍ന്നു. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ (ബി.ഇ.എം.) സ്ഥാപിച്ചതായിരുന്നു സ്‌കൂള്‍. പിന്നീട് നാട്ടുകാര്‍ പിരിവെടുത്ത് അവരില്‍ നിന്ന് സ്‌കൂള്‍ വാങ്ങുകയായിരുന്നു. കെ.ടി. പത്മനാഭന്‍ നമ്പ്യാര്‍ പ്രസിഡന്റും ബി.ഇ.എം. യു.പി. സ്‌കൂള്‍ അധ്യാപകന്‍ സി. എച്ച്. ദാമോദരന്‍ നമ്പ്യാര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കാര്യങ്ങള്‍ നടത്തിയത്. പിന്നീട് ദാമോദരന്‍ നമ്പ്യാരെ തന്ത്രപൂര്‍വം പുകച്ച് പുറത്ത് ചാടിച്ചു. കെ.കെ.വി. അടിയോടിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഈ ദുരന്ത നാടകം. നാടകാന്ത്യം സ്‌കൂള്‍ ഒരു വ്യക്തിയുടെ കൈയിലായി. എത്ര സമര്‍ത്ഥമായാണ് ഇതിന്റെ കരുക്കള്‍ പി.ആര്‍. കുറുപ്പ് നടത്തിയത് എന്ന കാര്യം പരേതരായ ദാമോദരന്‍ നമ്പ്യാരും കെ.പി. മമ്മു മാസ്റ്ററും പലരോടും പങ്ക് വെച്ചിട്ടുണ്ട്.

ഇതിഹാസ പുരുഷന്റെ പ്രവര്‍ത്തനങ്ങള്‍

സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച മാവിലാട്ട് മഹമൂദ് ബാല്യ- കൗമാരങ്ങളില്‍ തന്നെ കര്‍ശനമായ മതനിഷ്ഠകള്‍ വെച്ചു പുലര്‍ത്തിയിരുന്നു. യുവത്വത്തില്‍ തന്നെ അദ്ദേഹം പൊതുരംഗത്ത് വരുന്നതിന് ഇത് നിമിത്തമായിരിക്കാം. പ്രധാനമായും നാലഞ്ച് മേഖലകളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു.

  1. സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുക എന്ന ഏറ്റവും പുണ്യകരമായ പ്രവര്‍ത്തി. അക്കാലത്ത് ദരിദ്രമായ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അടുക്കളകളില്‍ തീ പുകഞ്ഞത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. വിശേഷിച്ചും വിശുദ്ധ റമളാന്‍ മാസത്തിലൊക്കെ അദ്ദേഹവും സഹപ്രവര്‍ത്തകരും ചെയ്ത ഈ പുണ്യ പ്രവര്‍ത്തി ഇന്നും പാനൂരില്‍ അഭംഗുരം തുടരുന്നുണ്ട്. പാനൂരിലെ പഴയ മുസ്‌ലിം യംഗ്‌മെന്‍സ് അസോസിയേഷനും ഇന്നത്തെ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷനുമൊക്കെ ഇതിന്റെ ഭാഗമാണ്. വിളവെടുപ്പിന്റെ സമയത്തെങ്ങാനും അഗതികള്‍ വന്നാല്‍ അവര്‍ക്ക് ഒരു വിഹിതം കൊടുക്കേണ്ടി വരുമെന്ന് കരുതി അഗതികള്‍ എത്തുന്നതിന് മുമ്പായി, നന്നേ പുലര്‍ച്ച വിളവെടുപ്പ് നടത്താന്‍ തീരുമാനിച്ച രണ്ട് തോട്ടക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ ‘സൂറത്തുല്‍ ഖലമി’ ലൂടെ പറഞ്ഞു തരുന്നുണ്ടല്ലോ. ആ തോട്ടക്കാര്‍ അഗതികളെ അവഗണിച്ചത് കാരണം അവര്‍ക്ക് സംഭവിച്ച ദൈവിക ശിക്ഷ പ്രസ്തുത സൂറത്തിന്റെ 17 മുതല്‍ 33 വരെയുള്ള സൂക്തങ്ങളില്‍ വായിക്കാന്‍ കഴിയും (വി.ഖുര്‍ആന്‍ 68:17-33). ഇബ്‌നുഅബ്ബാസ് (റ) റിപ്പോ ര്‍ട്ട ചെയ്യുന്ന ഒരു ഹദീസില്‍ ഇഅ്തികാഫ് ഇരിക്കുന്ന വേളയില്‍ ഒരു സഹോദരന്റെ വിഷമം തീര്‍ക്കാന്‍ പോവേണ്ടി വന്നാല്‍ ഇഅ്തികാഫിനേക്കാള്‍ ഒട്ടും പ്രതിഫലം കുറയില്ല എന്ന് നബി തിരുമേനി (സ) പറഞ്ഞതായി കാണാം.
  2. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായും അതിന്റെ ഭാഗമായ സുന്നി യുവജന സംഘവുമായും ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം. മതപണ്ഡിതന്മാരുമായും പ്രഭാഷകരുമായും മികച്ച ബന്ധവും സൗഹൃദവും പുലര്‍ത്തുകയും അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. പ്രമുഖ പ്രഭാഷകന്‍ പരേതനായ സെയ്തുമുഹമ്മദ് നിസാമിയെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് കൈവേലിക്കല്‍ അല്ലാമാ ഇഖ്ബാല്‍ നഗറില്‍ വെച്ച് 1971-ല്‍ നടന്ന മതപ്രസംഗ പരിപാടിയെക്കുറിച്ച് മര്‍ഹൂം നിസാമി തന്റെ ഇതിഹാസത്തിലെ ലേഖനത്തില്‍ അനുസ് മരിക്കുന്നുണ്ട്.
  3. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. 1971 ഡിസംബറില്‍ ചിരപുരാതനമായ പാനൂര്‍ ജുമുഅത്ത് പള്ളിയുടെ പുനര്‍നിര്‍മാണത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. 1972 സപ്തംബറില്‍ പള്ളി പൊളിച്ച് കുറ്റിയടിക്കാനും നമസ്‌കാരം തല്‍ക്കാലം കുഞ്ഞിപള്ളിയില്‍ നടത്താനും ധാരണ യായി. എന്നാല്‍ റോഡിന് അപ്പുറമുള്ള പടിഞ്ഞാറെ മൈതാനിയില്‍, ഇപ്പോള്‍ നജാത്തുല്‍ ഇസ്‌ലാം നഴ്‌സറി സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്ത് പുതിയ പള്ളി നിര്‍മിക്കുകയാണ് നല്ലതെന്ന വാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സമുദായത്തെ സംബന്ധിച്ച് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വാദമായിരുന്നു ഇത്. ഈ വാദത്തെ തോല്‍പിക്കാന്‍ വല്ലോത്ത് കുഞ്ഞിമൂസ മുസല്യാര്‍, കെ.പി. മമ്മു മാസ്റ്റര്‍, കെ.പി. മൂസ്സു, മാവിലാട്ട് മഹമൂദ്, കെ.വി. സൂപ്പി എന്നിവരോടൊപ്പം മാണിക്കോത്ത് യൂസുഫും എന്‍.കെ.സി. ഉമ്മറും അടക്കം പലരും മുന്നോട്ട് വന്നു.
  4. രാഷ്ട്രീയ പ്രവര്‍ത്തനം. 1961 കാലം മുതല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം വീണ്ടും സജീവമായെങ്കിലും കെ.വി. സൂപ്പി മാസ്റ്റര്‍ ‘ഇതിഹാസ’ത്തില്‍ എഴുതിയത് പോലെ ഒരു ‘ഓഫീസ് പാര്‍ട്ടി’ മാത്രമായി മുന്നോട്ട് പോവുക യായിരുന്നു. ഇടക്കാലത്ത് മുസ്‌ലിം ലീഗ് വിട്ട് കുറുപ്പിന്റെ കൂടെ ചേര്‍ന്ന കെ.വി. സൂപ്പി മാസ്റ്റര്‍ 1972-ല്‍ കൈവേലിക്കലെ മൊയാല്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വീണ്ടും മുസ്‌ലിം ലീഗിലേക്ക് വന്നു. അതോടെ രംഗം വീണ്ടും സജീവമായി. മര്‍ഹൂം പുത്തന്‍വീട്ടില്‍ കുഞ്ഞബ്ദുള്ള മൗലവിയും മൊയാല്‍ കെ.പി. മമ്മു ഹാജിയുമായിരുന്നു ഇതിന് വഴിതെളിയിച്ചത്. 1970 മുതല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തന രംഗത്ത് വളരെ സജീവമായി നിലകൊണ്ട മാവിലാട്ട് മഹമൂദിന്റെ ഡയറിയില്‍ ഇതൊക്കെ രേഖപ്പെട്ടു കിടക്കുന്നുണ്ട്. 1970 ജനുവരി 1-ന് എഴുതിയ കുറിപ്പില്‍ ആയിരം കൊല്ലം ആടായി ജീവിക്കുന്നതിലുപരി ഒരു കൊല്ലം സിംഹമായി ജീവിക്കുന്നതാണ് അഭിലഷണീയം എന്ന് കാണാം. മാടമ്പി രാഷ്ട്രീയക്കാരുടെ ഭീഷണിയുടെ പ്രതികരണമായിരുന്നു ഈ എഴുത്ത് എന്ന് നിസ്സംശയം പറയാം.
  5. സാഹിത്യ മേഖലകളിലെ പ്രവര്‍ത്തനം. എഴുത്തുകാരനാകണം എന്ന ആഗ്രഹം ഉള്ളില്‍ കത്തി നിന്നത് കൊണ്ട് കൂടിയാവാം മാവിലാട്ട് മഹമൂദ് നല്ല വായനക്കാരനായിരുന്നു. വായിച്ചവയില്‍ നിന്ന് കുറിപ്പുകളും ഉദ്ധരണികളും എഴുതി സൂക്ഷിക്കുന്ന ശീലവും ഉണ്ടായിരുന്നു. തലശ്ശേരിയിലെ ഫാത്തിമ ബുക്ക്സ്റ്റാള്‍ ഉടമ പി.വി.സി. ഉമറുമായി മികച്ച സൗഹൃദ ബന്ധമുണ്ടായിരുന്നു. രണ്ട് പേരും ചേര്‍ന്ന് പുറത്തിറക്കിയ ‘സലാമത്’ മാസികയുടെ സബ് എഡിറ്റര്‍ സ്ഥാനം അദ്ദേഹം ഏറ്റെടുത്തതായി ഡയറിക്കുറിപ്പില്‍ നിന്ന് വ്യക്തമാവുന്നു. അന്നുള്ള മതരംഗത്തെ പ്രധാന വാരികയായ ‘സുന്നീ ടൈംസി’ ല്‍ 1967 മുതല്‍ ധാരാളം ലേഖനങ്ങള്‍ ‘എം. മാവിലാട്ട്’ എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതി. മഹാന്‍മാരുടെ വചനങ്ങള്‍ എഴുതി വെക്കുക പ്രധാന ശീലമായിരുന്നു എന്നതിന് ഡയറിക്കുറിപ്പുകള്‍ തെളിവാണ്. ഭാര്യവീടായ കൈവേലിക്കല്‍ ‘മുബാറക് മന്‍സിലില്‍’ ഒരു ഹോം ലൈബ്രറിയും സ്ഥാപിച്ചിരുന്നു. അവിടെ വിശിഷ്ട വ്യക്തികളെ സ്വീകരിച്ച് ചര്‍ച്ചകള്‍ നടത്താനും ആശയസംവാദങ്ങളില്‍ ഏര്‍പ്പെടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

വിവാഹം

യുവാവായിരിക്കെ തന്നെ അദ്ദേഹത്തിന്റെ വിവാഹം നടന്നിരുന്നു. ബോംബെയില്‍ വ്യാപാരിയായിരുന്ന മര്‍ഹൂം എം. അബു ഹാജി -മൊയാല്‍ കുഞ്ഞിപ്പാത്തു ദമ്പതികളുടെ മൂത്തമകള്‍ മറിയു ആയിരുന്നു ഭാര്യ. മറിയുവിന്റെ മാതൃസഹോദരന്‍മാരായ പൂക്ക എന്ന് വിളിക്കപ്പെടുന്ന മര്‍ഹൂം കെ.പി. മമ്മു ഹാജിയും അനുജന്‍ മൂസ്സുവും അക്രമരാഷ്ടീയത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുത്തവരായിരുന്നു. മമ്മുഹാജി കെ.പി.എം. കൂറ്റേരി എന്ന പേരില്‍ കവിതകള്‍ എഴുതി പ്രസിദ്ധീകരിച്ച സാഹിത്യ രസികന്‍ കൂടിയായിരുന്നു.

എം. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്

1970കളോടെ ഭൂമിയെ ആസ്പദമാക്കി, ഭൂമിയില്‍ നിന്നുള്ള വിള കളെ ആസ്പദമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥ ക്രമേണ മാറുകയായിരുന്നു. പുതിയ സാഹചര്യത്തെ അതിജീവിക്കാന്‍ മേച്ചില്‍പുറങ്ങള്‍ തേടേണ്ടതുണ്ടായിരുന്നു. എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചിരുന്ന മാവിലാട്ട് മഹമൂദ് ഇതിനിടയിലാണ് പാനൂര്‍-കൂത്ത്പറമ്പ് റോഡില്‍ ഗ്രൗണ്ടിന് അടുത്ത് “എം. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്” എന്ന പേരില്‍ ടൈപ്പ് റൈറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ഗംഗാധരന്‍ മാസ്റ്ററായിരുന്നു പ്രധാന സഹായി. 1970 ഫെബ്രുവരി 2, 3 തീയതികളിലെ മാവിലാട്ട് മഹമൂദിന്റെ ഡയറിക്കുറിപ്പുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യാര്‍ത്ഥം നടത്തിയ യാത്രകളും ടൈപ്പ് റൈറ്റിംഗ് മെഷീന്‍ റിപ്പയര്‍ സംബന്ധിച്ച കാര്യവുമൊക്കെ വിശദമായി രേഖപ്പെടുത്തിക്കാണുന്നുണ്ട്.

അടിച്ചമര്‍ത്തപ്പെടുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം

മാവിലാട്ട് മഹമൂദിന്റെ പിതാവ് സി.കെ. ഹസന്‍ സാഹിബ് മറ്റ് പ്രമാണികളെപ്പോലെ കുറുപ്പുമായി സൗഹൃദത്തിലായിരുന്നു. കുറുപ്പിന്റെ കൂടെ ചേര്‍ന്ന പ്രമാണികളെയെല്ലാം കുറുപ്പ് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നു. തെക്കയില്‍ പാലോര്‍ത്ത് കണ്ടി സൂപ്പി ഹാജിയെയും മകന്‍ ടി.പി. മൊയ്തീന്‍ കുട്ടി ഹാജിയെയും ദീര്‍ഘകാലം ചൂഷണം ചെയ്തിട്ട് ആ കുടുംബത്തിനോട് നന്ദി ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല, പൊതുസ്വഭാവമായിരുന്നു.

ഇതര രാഷ്ടീയ പാര്‍ട്ടിക്കാര്‍ക്ക് പാനൂരിലും പരിസരത്തും പ്രവര്‍ ത്തിക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു പി. ആര്‍. കുറുപ്പിന്റേത്. മററ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സ്ഥിതി അത് കൊണ്ട് പാനൂരില്‍ ഉണ്ടായി. പന്ന്യന്നൂര്‍ ഭാസി എഴുതിയ ഒരു നോവല്‍ “അശാന്തിക്കപ്പുറം” ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. ബലം പ്രയോഗിച്ച് പ്രതിയോഗികളെ അടിച്ചമര്‍ത്തിയ പാര്‍ട്ടി തലവനാണ് പി. ആര്‍. കുറുപ്പ് എന്ന് പരേതനായ വി. ആര്‍. കൃഷ്ണയ്യര്‍ അനുസ്മരിക്കുന്നുണ്ട്.22

കുറുപ്പ് എന്ന് പറയാന്‍ പാടില്ല, കുറുപ്പാള് എന്ന് പറയണം. അതായിരുന്നു നടപ്പ്. കുറുപ്പ് എന്ന് യാദൃശ്ചികമായി പറഞ്ഞു പോയവര്‍ക്ക് പൊരിഞ്ഞ അടി കിട്ടിയ കാര്യം കെ. ബാലകൃഷ്ണന്‍ തന്റെ പുസ്തകത്തില്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്.23

ആക്ഷന്‍ കമ്മിററി

കല്ലിക്കണ്ടിയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ വി.എം കൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ‘കൊലക്കളി’ ഒരു ഭാഗത്ത്, മുസ്‌ലിം ലീഗ് നേതാക്കളായ വി.കെ അബ്ദുള്ള മൗലവിയെപ്പോലുള്ളവരെ കള്ളക്കേസില്‍ പ്രതികളാക്കുന്ന വൈദഗ്ധ്യം മറ്റൊരു ഭാഗത്ത്, കടവത്തൂരിലെ ലീഗ് പ്രവര്‍ത്തകന്‍ പുതിയേടത്ത് അമ്മദിനെ കൊലപ്പെടുത്തി പ്രതിയെ ‘മനോരോഗം’ ചാര്‍ത്തിക്കൊടുത്ത് രക്ഷപ്പെടുത്തിയ നീചകര്‍മം വേറൊരു ഭാഗത്ത്, തൃപ്രങ്ങോട്ടൂരിലെ എടോത്ത് കണ്ടിയിലും നൂറിയന്‍ ഹാജിയുടെ വീട്ടിലും നടന്ന അതിക്രമങ്ങള്‍, പുത്തൂരില്‍ കളരിട്ടു കണ്ടി മൂസ ഹാജി യുടെ വീട് എറിഞ്ഞു തകര്‍ത്തത്, രാഷ്ട്രീയ എതിരാളികളുടെ വാഴയും തെങ്ങിന്‍തൈയും ഉള്‍പ്പടെ കൃഷി നശിപ്പിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന വൃത്തികേട് ഇതൊക്കെ പി.ആര്‍. കുറുപ്പ് പോറ്റി വളര്‍ത്തിയ ഗുണ്ടാ പടയുടെ ചെയ്തികളിലെ ഒരു ചെറിയ അധ്യായമായി പറയാം. ഇതൊക്കെ ദൈനം ദിനം ആവര്‍ത്തിച്ചപ്പോഴാണ് പാനൂരില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി ആക്ഷന്‍ കമ്മിറ്റിയും പൗരമുന്നണിയും പോലെയുള്ള ജനകീയ പോരാട്ടങ്ങള്‍ ആരംഭിച്ചത്. മാതൃഭൂമി പോലുള്ള പത്രങ്ങളില്‍ ചമ്പല്‍കാടിലെ നീതിയാണ് പാനൂരില്‍ എന്ന് പറയിപ്പിക്കാനും ഐ.വി. ദാസിനെപ്പോലുള്ളവര്‍ ‘ജന്റില്‍മേന്‍ റൗഡി’ എന്ന് വിളിക്കാനും കാരണമായത് ഇത്തരം സംഭവങ്ങളാണ്. സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ പിന്തുണയോടെ എം.എ.കെ. നമ്പ്യാര്‍, ഐ.വി. ദാസ്, എന്‍.എ. മമ്മു ഹാജി എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത് അങ്ങനെയാണ്. ശക്തമായ പ്രതിരോധത്തിന്റെ അനന്തര ഫലമെന്നോണം ആക്ഷന്‍ കമ്മിറ്റി ഓഫീസ് അക്രമിക്കുകയും ഓഫീസ് സെക്രട്ടറി പി.കെ. ഉമര്‍ഖാനെ അടിച്ച് അവശനാക്കുകയും ചെയ്തു. പക്ഷെ, ജനകീയ പ്രതിരോധം കൂടുതല്‍ ശക്തമാവുകയും അടിക്ക് അടി തന്നെ എന്ന ആക്ഷന്‍ കമ്മിറ്റി നീക്കം വിജയിക്കുകയും ചെയ്തു. സമാധാനത്തിന് പി. ആര്‍. കുറുപ്പിന് തന്നെ മുന്‍കൈ എടുക്കേണ്ടി വന്നു. അങ്ങനെയാണ് കെ. കേളപ്പന്‍, ഇക്കണ്ട വാര്യര്‍, രാധാകൃഷ്ണ മേനോന്‍, ബാഫഖി തങ്ങള്‍, ടി.സി. നാരായണന്‍ നമ്പ്യാര്‍, പാമ്പന്‍ മാധവന്‍ മുതലായവര്‍ ഇവിടെ എത്തി കൂറ്റേരിയിലെ ‘പാനോളി’ക്കാരുടെ തറവാട്ടില്‍ സമാധാന ചര്‍ച്ച നടത്തുന്നത്. പൗരമുന്നണിയുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് കുറുപ്പിന്റെ സില്‍ബന്തികള്‍ ‘ക്ഷൗരമുന്നണി’ എന്നാക്കിയ അശ്ലീലവും പാനൂരില്‍ അരങ്ങേറി. എത്രമാത്രം സംസ്‌കാര രഹിതമായിരുന്നു പാനൂരിലെ രാഷ്ട്രീയത്തില്‍ ഇക്കൂട്ടരുടെ ഇടപെടല്‍ എന്നത് ആര്‍ക്കും കണ്ടെത്താന്‍ ഇത് മതിയല്ലോ?

വര്‍ഗീയ പ്രചാരണങ്ങള്‍

പാര്‍ട്ടികള്‍ പലതും മാറി മറിഞ്ഞ് പി. ആര്‍. കുറുപ്പ് 1973 ഏപ്രില്‍ 15-ന് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി, പണ്ട് തുടങ്ങിയേടത്ത് തിരിച്ചെത്തി. സാധാരണ പോലെ അണികള്‍ മുഴുവന്‍ കൂടെ പോയില്ല, കാരണം ദിവസങ്ങള്‍ക്ക് മുമ്പ് വരെ തന്റെ അണികളില്‍ കോണ്‍ഗ്രസ് വിരോധമാണ് അദ്ദേഹം കുത്തിവെച്ചത്. മുസ്‌ലിം ലീഗിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഒഴിച്ച് എല്ലാ പാര്‍ട്ടികളിലും കുറുപ്പ് ഇതിനിടയിലും പിന്നീടുമായി കയറിയിറങ്ങിയിരുന്നു. ആക്ഷന്‍ കമ്മിറ്റിക്ക് ശേഷവും വലിയ മാറ്റമില്ലാതെ കാര്യങ്ങള്‍ തുടര്‍ന്നു. വര്‍ഗീയ പ്രചാരണം കൊടുമ്പിരിക്കൊണ്ടു. വിളക്കോട്ടൂരിലെ കുഞ്ഞിക്കുട്ടി എന്നയാളെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വിഷം പുരട്ടിയ കഠാര കൊണ്ട് മുസ്‌ലിംകള്‍ കൊലപ്പെടുത്തി എന്നായിരുന്നു ഒരു പ്രചാരണം. ഒരു സമസ്യയായി ആ കൊലപാതകം നില നിന്നു. മുസ്‌ലിംകള്‍ക്കോ മുസ്‌ലിം ലീഗിനോ അതില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. (ഇതിന്റെ തനിയാവര്‍ത്തനം സമീപകാലത്ത് നിസാര്‍ എന്ന ഡ്രൈവറുടെ കൊലയിലും വിളക്കോട്ടൂരില്‍ ഉണ്ടായി. ഇവിടെ പ്രചരണം കുറുപ്പിന്റെ പാര്‍ട്ടി വിട്ട് സംഘപരിവാരത്തില്‍ ചേര്‍ന്നവരാണ് നടത്തിയത് എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു ക്വൊട്ടേഷന്‍ കൊലയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു).

പാനൂരിലെയും പരിസരത്തെയും ക്ഷുഭിത യൗവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 1970- തോട് കൂടി കൂടുതല്‍ സജീവമായിരുന്നു-അപ്പോള്‍ ഒരു ഘട്ടത്തില്‍ ‘ഹിജ്‌റ-അഥവാ പാനൂരില്‍ നിന്ന് നാട് വിട്ട് പോവുക’ എന്ന ചിന്ത വരെ ചിലരില്‍ ഉണ്ടായി. ഹിജ്‌റ അഥവാ പാലായനം യഥാര്‍ത്ഥത്തില്‍ പ്രവാചകന്റെ മക്കയില്‍ നിന്ന് യസ്‌രിബിലേക്കുള്ള പാലായനത്തോടെ കഴിഞ്ഞു, ഇനി ഒരിക്കലും ഹിജ്‌റയില്ല, നിലനില്‍പിനായി പൊരുതുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് അവര്‍ വൈകാതെ തിരിച്ചറിഞ്ഞു. 1963ല്‍ സ്ഥാപിതമായ പാനൂര്‍ മുസ്‌ലിം യംഗ്‌മെന്‍സ് അസോസിയേഷനും അതിന്റെ സാരഥികളായിരുന്ന പരേതരായ പൈക്കാട്ട് റഹീം, കെ.എം. കുഞ്ഞമ്മദ്, ടി. മഹമൂദ് എന്നിവരുടെ സ്മരണയില്ലാതെ ഈ സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുക അസാധ്യമാണ്. പാനൂരിലെ മതനവോത്ഥാനത്തിന് മര്‍ഹൂം എസ്. എം. പൂക്കോയ തങ്ങള്‍ വഹിച്ച പങ്കും വളരെ വലുതായിരുന്നു. മാവിലാട്ട് മഹമൂദും ഈ കണ്ണിയില്‍ അണിചേര്‍ന്നിരുന്നു.

മാവിലാട്ടിന്റെ ഇടപെടലുകള്‍

തുടര്‍ന്നു നടന്ന പ്രവര്‍ത്തനങ്ങളോടൊപ്പം കൈവേലിക്കല്‍ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടന കാര്യത്തിലും മാവിലാട്ട് മഹമൂദ് സജീവമായി. പോളിംഗ് ബൂത്തില്‍ വെച്ച് രഹസ്യമായി ചെയ്യുന്ന വോട്ട് ഇന്റര്‍നെറ്റും മറ്റ് ആധുനിക സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് കുറുപ്പ് വീട്ടില്‍ നിന്ന് കാണും എന്ന് പാമര ജനങ്ങള്‍ വിശ്വസിച്ച കാലമാണ്! കുറുപ്പിന്റെ ചാരന്മാര്‍ യഥാവിധി കാര്യങ്ങള്‍ കുറുപ്പിനെ അറിയിച്ചു കൊണ്ടിരുന്നു. കൈവേലിക്കല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ അനൗണ്‍സ്‌മെന്റ് ഡയറിക്കുറിപ്പില്‍ ലഭ്യമാണ്. അത് പി. ആര്‍. കുറുപ്പിനെ പ്രകോപിപ്പിച്ചു. 1973 മെയ് 4ന് പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് മഹാസമ്മേളനം പാനൂരിന്റെ രാഷ്ടീയ ചരിത്രത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. അതിന്റെ അനൗണ്‍സ്‌മെന്റും ഡയറിക്കുറിപ്പില്‍ ഉണ്ട്. ആ അനൗണ്‍സ്‌മെന്റ് കുറുപ്പിനെ ശരിക്കും വിറളിപിടിപ്പിച്ചു. പാനൂരില്‍ തനിക്കെതിരെ ഇങ്ങിനെയൊക്കെ പറയാന്‍ ചങ്കൂറ്റമോ? അപ്പോള്‍ തീരുമാനിക്കപ്പെട്ടതാവാം പിന്നീട് നടന്ന കാര്യങ്ങള്‍.

പ്രകോപന ശ്രമങ്ങള്‍

അടിയും തടയും ഇതിനിടയിലും നടക്കുന്നുണ്ട്. അന്തിമ പ്രകോപനം പൂക്കോത്ത് നടന്ന സംഭവമാണ്. അവിടെ 1974 ജനുവരി 11-ന് പള്ളിയില്‍ ജുമുഅക്ക് പോകുന്നവരെ കുറുപ്പിന്റെ ഗുണ്ടാ പട അക്രമിച്ചു. നേരത്തെ നടന്ന കൂറേറരി സംഭവം-അമ്പലത്തിനും പള്ളിക്കും തീയിടാന്‍ ശ്രമിച്ച കുറുപ്പിന്റെ പാര്‍ട്ടിക്കാരന്‍ ബാലന്റെ നീക്കം-പോലെ പളളിയില്‍ പോകുന്നവരെ അക്രമിച്ച ഗുണ്ടകളെ അടുത്തുള്ള അമ്പലത്തില്‍ ഒളിപ്പിക്കുകയായിരുന്നു പദ്ധതി. ലക്ഷ്യം അവസാനത്തെ തുരുപ്പ് ശീട്ടായ വര്‍ഗീയ കലാപമായിരുന്നു. അടി കൊണ്ടവര്‍ പ്രതികളെ തേടി പോയാല്‍ അതാണ് സംഭവിക്കുക. ആ മഹാദുരന്തത്തിന് തടയിട്ടു കൊണ്ട് മാവിലാട്ട് മഹമൂദും എന്‍.കെ.സി. ഉമ്മറും മറ്റുള്ളവരും ചേര്‍ന്ന് പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതും സാധാരണ നടക്കാറില്ല. അടി കൊണ്ടവന്‍ കിട്ടിയതും കൊണ്ട് വീട്ടില്‍ പോവുകയാണ് പതിവ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ്, കുറുപ്പ് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത കാലമാണ്. പോലീസില്‍ നിന്ന് കുറുപ്പിനെ തഴഞ്ഞു കൊണ്ടുള്ള സമീപനം അസാധ്യമാണ്. എന്നിട്ടും പരിക്കേറ്റവരെ ആസ്പത്രിയിലൊക്കെ എത്തിക്കാന്‍ ആളുണ്ടായി എന്നത് വലിയ കാര്യമാണ്.

ദാരുണമായ അന്ത്യം

അങ്ങനെയാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്ന മാവിലാട്ട് മഹമൂദിനെ വകവരുത്താന്‍ വേലന്‍ രവി എന്ന ഗുണ്ടയെ ചട്ടം കെട്ടി പറഞ്ഞയക്കുന്നത്. പൂക്കോത്ത് നിന്ന് മടങ്ങി വീട്ടിലേക്ക് പോകുന്ന അദ്ദേഹത്തെ പാനൂര്‍ പുത്തൂര്‍ റോഡില്‍ വെച്ച് പ്രസ്തുത ഗുണ്ട ജനുവരി 11-ന് കത്തി കൊണ്ട് കുത്തി ഗുരുതരമായി മുറിവേല്‍പ്പിച്ചു. പിന്നീട് കോഴിക്കോട് ആസ്പത്രിയില്‍ വെച്ച് ജനവരി 12-ന് അദ്ദേഹം അള്ളാഹുവിലേക്ക് മടങ്ങി. 1948 ജനുവരി 12 ന് ജനിച്ച അദ്ദേഹം മറ്റൊരു ജനുവരി 12-ന് (1974) പരലോകം പൂകി. ഒരുപാട് സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതെങ്കിലും അന്തിമ പ്രകോപനം പൂക്കോം ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ മേല്‍പറഞ്ഞ സംഭവമായിരുന്നു. പാനൂരില്‍ സംഘട്ടനമുണ്ടായെന്നും അതില്‍ മാവിലാട്ട് മഹമൂദ് കൊല്ലപ്പെട്ടതാണെന്നും ചിലര്‍ ബോധപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയിരുന്നു. അത് വാസ്തവ വിരുദ്ധം മാത്രമല്ല, ചരിത്ര വസ്തുതകള്‍ക്ക് നേരെയുള്ള കൊഞ്ഞനംകാട്ടല്‍ കൂടിയാണ്. കൊലപാതകിയെയും മാവിലാട്ട് മഹമൂദിനെയും സംഘട്ടനത്തില്‍പെട്ടവരാക്കാനുള്ള ഗീബല്‍സിയന്‍ അടവാണത്. സംഘര്‍ഷം അന്ന്, ജനുവരി 11-ന് പൂക്കോത്തായിരുന്നു, പാനൂരിലേത് ഗുണ്ടയെ വിട്ടുള്ള ഏകപക്ഷീയ അക്രമണമായിരുന്നു. കൊലപാതകിയെ ഗുണ്ട എന്ന് വിളിക്കുന്നതിന് പകരം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാന്യത നല്‍കാനും ചിലര്‍ ശ്രമിച്ചു. പന്തീരാണ്ട് വെള്ളത്തില്‍ കിടന്നാലും പൊങ്ങ് തടി മുതലയാവില്ലല്ലോ? ചവറ്റുകൊട്ടക്ക് പോലും സ്വീകരിക്കാന്‍ കഴിയാത്ത അത്തരം പ്രചാരണങ്ങള്‍ മാടമ്പി രാഷ്ടീയക്കാരന് വേണ്ടി ചമക്കപ്പെട്ട കള്ളപ്രമാണങ്ങള്‍ മാത്രമാണ്.

നന്ദികേടിന്റെ രാഷ്ട്രീയം

തനിക്ക് പലവട്ടം ചോറ് തന്ന സി.കെ. ഹസന്‍ സാഹിബിന്റെ കുടുംബത്തിനോട് പി.ആര്‍. കുറുപ്പ് കാണിച്ച കൃതഘ്‌നതക്ക് സമാനമായി ലോകത്ത് മറ്റെന്തുണ്ട്? ഒരു കാലത്ത് തനിക്ക് താങ്ങും തണലുമായിരുന്ന മാപ്പിള പ്രമാണി ചാലില്‍ ഹസ്സന്റെ മകനെ കൊല്ലിച്ചയാളെന്നായി പിന്നീട് കുറുപ്പിന്റെ വിശേഷണം. ഉണ്ട ചോറിന് ഇതാണ് നന്ദി എന്ന് കൊലപാതകിയായ ഗുണ്ടയെ മാലയിട്ട് സ്വീകരിച്ച് കൊണ്ട് അദ്ദേഹം തെളിയിച്ചു! സമൂഹമാകെ വെറുത്തവരായാലും ശരണം പ്രാപിക്കുന്നവരെ സഹായിക്കുന്നതാണ് കുറുപ്പിന്റെ സമീപനം എന്ന് പിണറായി വിജയന്‍ രേഖപ്പെടുത്തിയത് എത്ര വാസ്തവം.24

ഐക്യത്തിന്റെ  ശക്തി

‘അക്കിലസിന്റെ കണങ്കാല്‍ പോലെ’ എന്നൊരു ചൊല്ലുണ്ട്. സ്വന്തം ദൗര്‍ബല്യങ്ങള്‍ പുറത്തായാല്‍ എതിരാളികള്‍ ഒന്നൊന്നായി തന്നെ തേടി വരും എന്നതാണീ ചൊല്ല് അര്‍ത്ഥമാക്കുന്നത്. അപ്രകാരമായി ക്രമേണ കുറുപ്പിന്റെ രാഷ്ട്രീയം. അണികള്‍ കൊഴിഞ്ഞ് പോക്ക് തുടങ്ങി. ഒരു കാലത്ത് പാനൂര്‍ അടക്കിഭരിച്ച കുറുപ്പിന്റെ കാലിന്നടിയിലെ മണ്ണ് വല്ലാതെ ഒലിച്ചുപോയി. കെ.എം സൂപ്പി, പൊട്ടന്‍ കണ്ടി കുഞ്ഞമ്മദ്, കലന്തന്‍ മാഷ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ ലീഗിലേക്ക് വന്നു. മുസ്‌ലിം ജനസാമാന്യത്തിന്റെയും പാനൂര്‍ ദേശത്തിന്റെയും മനസ്സ് വായിച്ചാണ് അവരങ്ങിനെ തീരുമാനിച്ചത്. ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ എം.എല്‍.എക്കുള്ള ആദരവ്  ഏറ്റുവാങ്ങിയ പി.ആര്‍ കുറുപ്പ് തന്റെ അരുമശിഷ്യനായ കെ.എം. സൂപ്പിയോട് പരാജയപ്പെട്ടു. ഓരോ പാര്‍ട്ടി മാറ്റത്തിലും ധാരാളം പേര്‍ കൂടെ ചേരാതെ മാറിനിന്ന് കൊണ്ട് കുറുപ്പിനെ തള്ളിക്കളഞ്ഞു. പാനൂരിലും പരിസരങ്ങളിലുമുള്ള മഹാഭൂരിപക്ഷം മുസ്‌ലിംകളും മുസ്‌ലിം ലീഗിന്റെ കൊടിക്കൂറയിലായി. മാവിലാട്ട് മഹമൂദ് സ്മാരക സൗധം പാനൂരില്‍ ഉയര്‍ന്നു. മുസ്‌ലിം സമുദായം ഒരുമയോടെ നിന്ന് പാനൂര്‍ പള്ളി പുനര്‍നിര്‍മിച്ചു. പാനൂരിന്റേയും പരിസരങ്ങളിലെയും എല്ലാരംഗങ്ങളിലും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമായി.

അസ്ഥിരതയുടെയും അക്രമത്തിന്റെയും മുഷ്‌കിന്റെയും രാഷ്ട്രീയം കാലയവനികയില്‍ മറയുന്നതാണ് പിന്നീട് കാണുന്നത്. മുസ്‌ലിം ലീഗിനെ നിഷ്പ്രഭമാക്കാന്‍ ഇറങ്ങിയവര്‍ തന്നെ 1982-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. എ. മമ്മു ഹാജിയെ പിന്തുണച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം 1985-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെയും പിന്തുണച്ചു. നിയോജകമണ്ഡലത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം മുസ്‌ലിം ലീഗിന്റെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലായി. ഒരു കാലത്ത് ഒളിച്ച് മാത്രം വായിക്കാന്‍ കഴിയുന്ന ചന്ദ്രിക പത്രത്തിന് ആയിരക്കണക്കിന് വരിക്കാരും അതിന്റെ എത്രയോ മടങ്ങ് വായനക്കാരുമായി. പാറാട്ട് വിട്ടാല്‍ പാനൂര്‍ വരെ പോകാന്‍ മറ്റ് പാര്‍ട്ടിക്കാര്‍ ഭയപ്പെട്ടിരുന്ന ദേശങ്ങളിലെല്ലാം മാടമ്പി രാഷ്ട്രീയത്തിന്റെ വേരറ്റ് ചിതല്‍ തിന്നു പോയി. സഞ്ചാരസ്വാതന്ത്ര്യവും ആശയ പ്രചരണ സ്വാതന്ത്ര്യവും ലഭിച്ചു. ഇതിനെല്ലാം പിന്നില്‍ പലരുടെയും രക്തവും വിയര്‍പ്പും ജീവിതവുമുണ്ട്. മാവിലാട്ട് മഹമൂദിന്റെ രക്തസാക്ഷിത്വം ഇതിനെല്ലാം മുഖ്യഹേതുവായി എന്നതാണ് ചരിത്രം. ചരിത്രം ചില വ്യക്തികളെ അടയാളപ്പെടുത്തുക അവരുടെ കര്‍മം കൊണ്ടും മരണം കൊണ്ടുമാണല്ലോ.

രാഷ്ട്രീയ ഗുണപാഠങ്ങള്‍

അക്രമരാഷ്ട്രീയം കൊണ്ട് എക്കാലവും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അനുഭവപാഠമാണ് പൂര്‍വകാല രാഷ്ട്രീയം നമുക്ക് നല്‍കുന്ന സന്ദേശം. വര്‍ഗീയതയുടെ അസ്ഥിവാരത്തില്‍ കെട്ടിപ്പൊക്കുന്നത് തല്‍ക്കാലം ബലവത്തായി തോന്നുമെങ്കിലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും എന്നതാണ് മറ്റൊരു പാഠം. രക്തസാക്ഷിയുടെ രക്തം വൃഥാവിലായില്ല എന്ന് ഇന്നത്തെ പെരിങ്ങളം രാഷ്ടീയം വിളിച്ചോതുന്നു. മുന്‍പ് അക്രമ രാഷ്ട്രീയത്തിന്റെ താക്കോലേന്തിയവര്‍ അപ്രസക്തരായതും നമ്മള്‍ കാണുന്നു.

പാനൂരിലെ പുതിയ ആകാശം

ചരിത്രത്തിന്റെ വിധാനത്തില്‍ പുതിയൊരു അധ്യായം സൃഷ്ടിച്ച ഈ രക്തസാക്ഷ്യത്തെ വിശേഷിപ്പിക്കാന്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന വി.കെ. അച്യുതന്‍ രേഖപ്പെടുത്തിയ ‘പാനൂരില്‍ പുതിയ ആകാശം തെളിഞ്ഞു’ എന്ന വാക്യം എത്ര വലിയ ശരി. നമ്മള്‍ ഇന്ന് ജീവിക്കുന്നത് പല വെല്ലുവിളികളുടെയും, വിശേഷിച്ച് ഫാസിസത്തിന്റെ തേരോട്ട കാലത്താ ണെങ്കിലും തെളിഞ്ഞ ആകാശമുള്ള പാനൂരിലാണ്.

സൂചന

  1. മുസ്‌ലിം മനസ്സിനെ കണ്ടെത്തല്‍. രാജ് മോഹന്‍ ഗാന്ധി. Page 126.
  2. കേരള മുസ്‌ലിം ചരിത്രം. പി. എ. സെയ്തു മുഹമ്മദ്. Page 206.
  3. സീതി സാഹിബ് (ജീവചരിത്രം). ടി.എം. സാവാന്‍ കുട്ടി. Page 57.
  4. ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം (ലേഖനം). എന്‍.വി. അബ്ദുസ്സലാം മൗലവി. Page 107.
  5. മുഹമ്മദ് അബ്ദുറഹിമാന്‍ (ചരിത്രം). S.K. പൊറ്റക്കാടും മറ്റ് ചിലരും.  Page 320.
  6. Mappila Muslims of Kerala. R. E. Miller. Page 161.
  7. A History of Kerala. K. M. Panikkar. Page 380.
  8. എന്റെ ജീവിതകഥ. മൊയാരത്ത് ശങ്കരന്‍. Page 28.
  9. ഷേര്‍- ഇ- കേരള കെ എം സീതി സാഹിബ്. കെ.കെ. മുഹമ്മദ്, അബ്ദുല്‍ കരീം. Page 77.
  10. The History of Hyder Ali Khan Bahadur. De La Tour. Page 108.
  11. Origin-de-Mahe. Alfred Martineau. (Agreement dated 12-10-1738).
  12. Malabar Manual, Vol 2. Page: cccxiii.
  13. ഒരു വിവാദ പുരുഷന്റെ കഥ. പള്ളിക്കര വി.പി. മുഹമ്മദ്. Page 15.
  14. എന്റെ നാടിന്റെ കഥ, എന്റെയും. പി. ആര്‍. കുറുപ്പ്. Page 23.
  15. Ibid.
  16. ഒരു വിവാദ പുരുഷന്റെ കഥ. പള്ളിക്കര വി.പി. മുഹമ്മദ്. Page 9.
  17. എന്റെ നാടിന്റെ കഥ, എന്റെയും. പി. ആര്‍. കുറുപ്പ്. Page 71.
  18. ഒരു വിവാദ പുരുഷന്റെ കഥ. പള്ളിക്കര വി.പി. മുഹമ്മദ്. Page 24.
  19. നേര്‍ക്കുനേരെ ഒരു ജീവിതം (ആത്മകഥ). കെ. എം. സൂപ്പി. Page 51.
  20. പഴശ്ശിയും കടത്തനാടും. കെ. ബാലകൃഷ്ണന്‍. Page 305.
  21. എന്‍.എ.എം. പെരിങ്ങത്തൂര്‍. ഇതിഹാസം സ്മരണിക. Page 111.
  22. ജൈത്രയാത്ര സുവനീര്‍ ലേഖനം. വി. ആര്‍. കൃഷ്ണയ്യര്‍.
  23. പഴശ്ശിയും കടത്തനാടും. കെ. ബാലകൃഷ്ണന്‍. Page 305.
  24. വീരഗാഥ. ലേഖനം. പിണറായി വിജയന്‍.