കര്‍ബലയില്‍ മരിച്ചതാര്‍? ഇമാം ഹുസൈനോ യസീദോ?
എന്‍.കെ. അഹമദ് മൗലവി
പാനൂരങ്ങാടിയുടെ ഹൃദയഭാഗത്ത് വെച്ച് പട്ടാപ്പകല്‍ കത്തിക്കുത്തേറ്റു നിലംപതിച്ച, രണ്ടു വയസ്സു തികയാത്ത കൊച്ചു പുത്രനും, അതിലും ചെറിയ കൊച്ചു പുത്രിയും, ഗര്‍ഭിണിയായ ഭാര്യയുമടക്കം ആയിരക്കണക്കിലുള്ള ബന്ധുമിത്രാദികളെ തീരാദുഃഖത്തിലാഴ്ത്തികൊണ്ട് ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞ മര്‍ഹൂം മാവിലാട്ട് മഹമൂദ് സാഹിബ് ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഘാതകനാണെങ്കില്‍ ധാര്‍മികമായി മരണമടഞ്ഞുവെന്നതാണ് പരമാര്‍ത്ഥം. മഹമൂദ് സാഹിബ് വധിക്കപ്പെട്ട സംഭവത്തെ പലതുകൊണ്ടും സുപ്രസിദ്ധമായ കര്‍ബലാ സംഭവവുമായി താരതമ്യപ്പെടുത്താം.
കുപ്രസിദ്ധിയാര്‍ജ്ജിച്ച “പാനൂര്‍ രാഷ്ട്രീയം” ഭാരതത്തിന് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും അപമാനകരവുമായിരുന്നു. പാനൂരുള്‍ക്കൊള്ളുന്ന അസംബ്ലി നിയോജകമണ്ഡലത്തില്‍ ജീവിക്കുന്ന ഏതെങ്കിലുമൊരാള്‍ വെളിയില്‍ പോയി, തന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ടുന്ന സന്ദര്‍ഭമുണ്ടായാല്‍ അവരുടെ മുഖത്ത് ഒരു പരിഹാസ പുഞ്ചിരി ഊറിവരുന്നത് കാണാം. “പാനൂര്‍ രാഷ്ട്രീയം” എന്ന് കേള്‍ക്കുമ്പോള്‍ അറപ്പും, വെറുപ്പും തോന്നാത്ത, ഒന്നു മുഖം ചുളിക്കാത്ത ജനാധിപത്യവിശ്വാസിയെ കാണാന്‍ വിഷമമാണ്. പാവനമായ ജനാധിപത്യത്തേയും സംശുദ്ധരാഷ്ട്രീയത്തേയും മലീമസമാക്കിത്തീര്‍ത്ത ഏതെല്ലാം വൃത്തികേടുകളുണ്ടോ അതൊക്കെ അടിഞ്ഞുകൂടിയ, തികച്ചും ദുര്‍ഗന്ധം വമിക്കുന്ന ഒന്നായിരുന്നു “പാനൂര്‍ രാഷ്ട്രീയം”. അക്രമത്തിന്റെയും അനീതിയുടെയും പൗരാവകാശ ധ്വംസനത്തിന്റെയും പര്യായമായിരുന്നു അത്. “പാനൂര്‍ രാഷ്ട്രീയ” ത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങളും, രാക്ഷസീയമെന്ന് വിശേഷിപ്പിച്ചാല്‍ രാക്ഷസന്മാരും പ്രതിഷേധിക്കുമെന്ന് മഹാനായ ഒരു നേതാവ് പ്രസംഗത്തില്‍ പറഞ്ഞുകേട്ടത് ഇന്നും ഈ ലേഖകന്റെ കണ്‍പുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കുന്നുണ്ട്. “പാനൂര്‍ രാഷ്ട്രീയ” ത്തിന്റെ ദുഷ്‌ചെയ്തികളില്‍ നിന്ന് മോചനം നേടാന്‍ വേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടില്ലാത്ത, മനംനൊന്തു പ്രാര്‍ത്ഥിച്ചിട്ടില്ലാത്ത ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും കോണ്‍ഗ്രസ്സായാലും, മുസ്‌ലിം ലീഗായാലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാലും സോഷ്യലിസ്റ്റ് പാര്‍ട്ടിയായാലും പാനൂരുള്‍ക്കൊള്ളുന്ന മണ്ഡലത്തിലോ കേരളത്തിലോ ഇല്ലെന്നത് ആരാലും നിഷേധിക്കാനാവാത്തൊരു യാഥാര്‍ത്ഥ്യമത്രേ.
പാനൂര്‍ രാഷ്ട്രീയമാകുന്ന ക്രൂരജീവി, അതിന്റെ ശൗര്യം മൂര്‍ദ്ധന്യദശ പ്രാപിച്ചിരുന്ന കാലത്ത് ഈ മണ്ഡലത്തിലെ പൗരാവകാശത്തെയും, രാഷ്ട്രീയസ്വാതന്ത്ര്യത്തെയും വകവരുത്തുവാനായി നഖം നീട്ടി വാപിളര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍, വീരപരാക്രമശാലിയായ മാവിലാട്ട് മഹമൂദ് സാഹിബ് ആ ക്രൂരജീവിയെ പിടിച്ചുകെട്ടി കൂട്ടിലടക്കുവാന്‍ ഒരു സാഹസകൃത്യത്തിനൊരുങ്ങി. മഹമൂദിനെ വധിക്കാനായി ക്രൂരജീവി പലപ്രാവശ്യം ശ്രമിച്ചെങ്കിലും ശക്തനായ മഹമൂദിന്റെ ധീരമായ ചെറുത്തുനില്‍പിനുമുമ്പില്‍ അതൊക്കെ പരാജയപ്പെട്ടു. “ഹംസ” (റ)യെ കൊല്ലാന്‍ തക്കം നോക്കിക്കൊണ്ടിരുന്ന “വഹ്ശി” യെപ്പോലെ, കുടിപ്പകവെച്ചു സദാസമയവും മഹമൂദിനെ വധിക്കാന്‍ മാത്രം തക്കം പാര്‍ത്തുകൊണ്ടിരുന്ന “പാനൂര്‍ രാഷ്ട്രീയ” മാകുന്ന ക്രൂരജീവിക്ക് ഒടുവില്‍ അതിനുള്ള സന്ദര്‍ഭം കിട്ടി. കേരളത്തിലെ മനസ്സാക്ഷിയുള്ള മുഴുവന്‍ മനുഷ്യരെയും കണ്ണീരിലാഴ്ത്തികൊണ്ട് മഹമൂദിന്റെ ഭൗതികശരീരം തിന്നു നശിപ്പിക്കാന്‍ ആ ക്രൂരജീവിക്കു കഴിഞ്ഞു (ഇന്നാലില്ലാഹി…). എങ്കിലും ആ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്നത് ആശ്വാസ്യകരമാണ്. പാനൂരിന്റെ സ്വൈര്യജീവിതം തകര്‍ത്ത ക്രൂരജീവിയെ മഹമൂദിന്റെ സഹപ്രവര്‍ത്തകര്‍ കൂട്ടിലടക്കുക തന്നെ ചെയ്തു. നീതിക്കും ധര്‍മത്തിനും വില കല്‍പിക്കാതിരുന്ന യസീദിന്റെ പട്ടാളം കര്‍ബലയില്‍ വച്ച് ഇമാം ഹുസൈനെയും അനുയായികളെയും അതിദാരുണമാം വിധം കൊലചെയ്ത സംഭവമാണ് എനിക്കോര്‍മ വരുന്നത്. ആദര്‍ശധീരനായ ഇമാം ഹുസൈന്‍ യസീദിന്റെ പട്ടാളത്തിന്റെ ഭീഷണിക്കോ അക്രമത്തിനോ വഴങ്ങിയില്ല. ഇഞ്ചിഞ്ചായി മരിക്കേണ്ടി വന്നാലും ആദര്‍ശം കൈവിടാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. അതുകൊണ്ടാണദ്ദേഹം അതിദാരുണമാം വിധം വധിക്കപ്പെടേണ്ടി വന്നത്. ഇമാം ഹുസൈന്‍ (റ) അവര്‍കളുടെ ആദര്‍ശം പിന്‍പറ്റിയ മഹമൂദ് സാഹിബിനും അതേ അനുഭവം തന്നെയുണ്ടായി.
ഇമാം ഹുസൈന്റെ ഭൗതികശരീരത്തെ കൊല്ലാന്‍ യസീദിന്റെ പട്ടാളത്തിന് കഴിഞ്ഞെങ്കിലും ഇമാം ഹുസൈനെ അദ്ദേഹത്തിന്റെ ആദര്‍ശത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനോ, അദ്ദേഹത്തിന്റെ ആദര്‍ശത്തെ ഈ ലോകത്തുനിന്ന് നശിപ്പിക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. സംഭവം നടന്നിട്ട് ഒന്നര സഹസ്രാബ്ദത്തോളം കഴിഞ്ഞെങ്കിലും ഇമാം ഹുസൈനും അദ്ദേഹത്തിന്റെ ആദര്‍ശവും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു; പച്ചപിടിച്ചുകിടക്കുന്നു.
അതു കൊണ്ടത്രേ “കര്‍ബലയില്‍ മരിച്ചുവീണത് ഇമാം ഹുസൈനല്ല യസീദാണ്” എന്ന് ഒരു തത്വചിന്തകന്‍ പറഞ്ഞത്.
ഈ സംഭവത്തിന്റെ ഒരു കൊച്ചുപതിപ്പാണ് മഹമൂദ് വധിക്കപ്പെട്ട സംഭവമെന്നതില്‍ സംശയമില്ല. കാലം അത് തെളിയിച്ചുകൊടുക്കും.
(ഇന്‍ഷാ അള്ളാഹ്)