റംസാൻ അവസാനിച്ചാലും

എം. മാവിലാട്ട്
സുന്നി ടൈംസ്
Date unknown

പരമകാരുണികനും കരുണാവാരിധിയുമായ പ്രപഞ്ചനാഥന്‍ തന്റെ സൃഷ്ടികളില്‍ അതുല്യമായ മനുഷ്യവംശത്തിന്ന് സംഭാവന ചെയ്ത മഹത്തായ ഒരാരാധനാക്രമമാണ് വ്രതാനുഷ്ഠാനം. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ കലിമത്ത് തൗഹീദില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സത്യാവലംബിക്ക് പ്രഥമവും പ്രധാനവുമായ നമസ്‌കാരത്തിന് ശേഷം വ്രതാനുഷ്ഠാനമാണ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. റംസാന്‍ മാസത്തിന്റെ സമാഗമത്തെ സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ട് പശ്ചിമാംബരത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷമാവുന്നതോടെ പരിശുദ്ധവും പ്രധാനവുമായ വ്രതാനുഷ്ഠാനത്തിന്റെ ഉദ്ഘാടനം കുറിക്കുന്നു. അതോടൊപ്പം തന്നെ മുസ്‌ലിംകളുടെ ഹൃദയാന്തരീക്ഷത്തില്‍ സാരമായ ഒരു പരിവര്‍ത്തനത്തിന്റെ നവോദയം പ്രകടമാകുകയും ചെയ്യുന്നു.

റംസാന്‍ മുബാറക്ക് മനുഷ്യഹൃദയങ്ങളില്‍ രൂപം കൊടുക്കുന്ന പരിവര്‍ത്തനങ്ങള്‍ നിരവധിയാണ്. നീണ്ട പതിനൊന്നു മാസങ്ങളില്‍ ലൗകികാനുഭൂതിയെ പരതി നടന്ന മനുഷ്യന്‍ തന്റെ സര്‍വസ്വവും മാറ്റി വെച്ച് ലോകാധിപന്റെ ആജ്ഞക്കടിമയായി സല്‍ക്കര്‍മങ്ങള്‍ അന്വേഷിച്ചോടുന്നതായി നാം കാണുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചും സുഖഭോഗങ്ങളില്‍ നിന്നും വികാരവിചാരങ്ങളില്‍ നിന്നും അകന്നും അല്ലാഹുവിന്റെ സ്‌നേഹത്തെ സമ്പാദിക്കാനും അവന്റെ അളവറ്റ പ്രതിഫലം കരഗതമാക്കാനും മനുഷ്യന്‍ വ്യഗ്രത കാട്ടുന്നു. നീണ്ട നീണ്ട ആരാധനകളില്‍ മുഴുകി രാപ്പകല്‍ ഭേദമന്യേ അല്ലാഹുവുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഉല്‍ക്കടമായ ഒരഭിനിവേശം സര്‍വസ്ഥലത്തും സംജാതമാകുന്നു. അന്നുവരെ ജനസമ്പര്‍ക്കത്തിന്റെ അഭാവത്തില്‍ മനംനൊന്തിരുന്ന പള്ളികള്‍ ഭക്തന്മാരുടെ തിരിച്ചുവരവോടെ ഒരു നവജീവന്‍ പൂണ്ട് സന്തോഷിക്കുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെയും തക്ബീറുകളുടെയും ദിക്റുകളുടെയും ബാങ്കുവിളികളുടെയും മധുരധ്വനികള്‍ ഭക്തിനിര്‍ഭരമായ ഒരു അന്തരീക്ഷത്തെ ചിത്രീകരിക്കുന്നു. അണിയായി നിരന്നു നിന്നുള്ള നമസ്‌കാരങ്ങളുടെ വര്‍ണ്ണപ്പൊലിമയില്‍ മുസ്‌ലിം ലോകമാകെ രോമാഞ്ചംകൊള്ളുന്നു. പണ്ഡിതന്‍മാരുടെയും മറ്റും പ്രസംഗങ്ങളുടെയും ഉപദേശങ്ങളുടെയും ചുറ്റുപാടുകള്‍ മഹത്തായ ഒരു വിജ്ഞാനസദസ്സിന്റെ പ്രതീതിയുളവാക്കുന്നു. ഭക്തിരസ പ്രധാനങ്ങളായ സ്വലാത്തുകളുടെയും ഹൃദയം തുറന്ന പ്രാര്‍ത്ഥനയുടെയും അവിരാമമായ അലയൊലികള്‍ പരിസരത്തെ ആത്മീയതയുടെ അഭൗമമായ ഒരു സാമ്രാജ്യമാക്കി ഉയര്‍ത്തുന്നു. അസ്തമയസൂര്യന്റെ അവസാന ഭാഗവും അപ്രത്യക്ഷമാകുമ്പോള്‍ ആനന്ദതുന്തിലിതവും ഭക്തിനിര്‍ഭരവുമായ ഒരു ഹൃദയത്തോടെ അന്നത്തെ വ്രതത്തിന്റെ സമാപനം കുറിക്കുന്നു. എങ്ങും നിറഞ്ഞു നില്‍ക്കുന്ന സംതൃപ്തി; പരന്നൊഴുകുന്ന പരമാനന്ദം- അല്‍ഹംദുലില്ലാഹ്. പരിശുദ്ധവും പരിപാവനവുമായ ഒരു മാസത്തേയും മഹത്തായ ഒരു അനുഷ്ഠാനകര്‍മത്തെയും ലോകമുസ്‌ലിംകള്‍ക്ക് സംഭാവന ചെയ്ത ലോകനാഥാ; സര്‍വസ്തുതിയും നിനക്ക് മാത്രം.

വ്രതത്തിന്റെ പ്രാധാന്യം

വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യവും മാഹാത്മ്യവും അവര്‍ണ്ണനീയമാണ്. നശിച്ചു മണ്ണടിഞ്ഞിരുന്ന ഒരു ജനസഞ്ചയത്തിന് മഹത്തായ നവോത്ഥാനത്തിന്റെ മാര്‍ഗ്ഗം ചൂണ്ടിക്കാട്ടിയ, ലോകം കണ്ടതില്‍ വച്ച് മഹാനായ തിരുനബിക്ക്, അമാനുഷികതയുടെ അപാരമായ ശക്തി നിറഞ്ഞുതുളുമ്പുന്ന അല്ലാഹുവിന്റെ സന്ദേശസൂക്തങ്ങളുടെ ക്രോഡീകരണമായ വിശുദ്ധ ഖുര്‍ആന്‍ ശരീഫ് അവതരിക്കപ്പെട്ടത് റംസാന്‍ മാസത്തിലായിരുന്നുവെന്ന ചരിത്രസത്യം വലിയൊരു പ്രാധാന്യത്തെയാണ് നമുക്ക് അറിവ് നല്‍കുന്നത്. തന്നിമിത്തം റംസാന്‍ ദിനങ്ങളില്‍ വ്രതമെടുക്കാന്‍ ഖുര്‍ആനില്‍ തന്നെ അല്ലാഹു നമ്മെ ഉല്‍ബോധിപ്പിക്കുന്നു. “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്”. (വി. ഖുര്‍ആന്‍)

ദോഷബാധയെ തടുക്കുന്നതിനും അതുവഴി ലോകനാഥനുമായി കൂടുതല്‍ അടുക്കുന്നതിനും റംസാന്‍ വ്രതം വലിയൊരു പങ്കു വഹിക്കുന്നു. സുഖേച്ഛകളെ വര്‍ജ്ജിച്ച് അല്ലാഹുവിനു വേണ്ടി അവന്‍ വ്രതമെടുക്കുമ്പോള്‍ ദുഷ്ചെയ്തികളില്‍ നിന്നും അതീതനായി ഹൃദയപരിശുദ്ധിയോടു കൂടി നീങ്ങുവാന്‍ നാനാവിധേനയും മനുഷ്യന്‍ ശ്രമിക്കുന്നു. ഇസ്ലാം നിരോധിച്ച ചെറുതും വലുതുമായ സര്‍വകാര്യങ്ങളും തിരസ്‌ക്കരിച്ച് നിര്‍ദേശിച്ച എല്ലാ ഉപദേശങ്ങളും സ്വീകരിച്ച് അവന്‍ വളരെ ശ്രദ്ധാപൂര്‍വം നീങ്ങുന്നു. ഭക്തിതുന്ദിലമായ ഹൃദയം ആധ്യാത്മിക വിചാര വികാര വീചികളുടെ വിളനിലമാകുന്നത് കൊണ്ട് ശപിക്കപ്പെട്ട പിശാച് ഭയചകിതനായി ഓടിമറയുന്നു.

വിധി വൈപരീത്യം

നിര്‍ഭാഗ്യവശാല്‍ പുരോഗമനാശയത്തിന്റെ മദം പൊട്ടിയ യുവഹൃദയങ്ങള്‍ ഇന്ന് സമുദായത്തില്‍ നിറഞ്ഞിരിക്കുന്നു. പരിഷ്‌കാരത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്തുംഗശൃംഗത്തെ പ്രാപിച്ചെന്ന് ഊറ്റം കൊള്ളുന്ന ഇരുപതാം നൂറ്റാണ്ട് ബീഭത്സകങ്ങളായ നിരവധി ചിന്താഗതികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ജന്മം കൊടുക്കേണ്ടി വന്നിട്ടുണ്ട്. പഠനാര്‍ഹങ്ങളായ അമൂല്യ തത്വസംഹിതകള്‍ മാനവസമുദായത്തിന്റെ മുമ്പില്‍ വിതരണം ചെയ്ത മഹത്തായ ഇസ്‌ലാമിനെ മുസ്‌ലിം നാമധാരികള്‍ തന്നെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു കാലഘട്ടമാണിത്.

പരലോക ജീവിതസുഖത്തിന്റെ പ്രധാനോപാധികളായ നമസ്‌കാരാദി കര്‍മങ്ങള്‍ അവരുടെ ഭാഷയില്‍ പഴഞ്ചനാണ്. അത് അനുഷ്ഠിക്കുന്നവര്‍ ബുദ്ധിശൂന്യരാണ്. ഇസ്‌ലാമികാന്തരീക്ഷത്തില്‍ വളരുകയും എന്നാല്‍ ഇസ്‌ലാമിക ശിക്ഷണത്തില്‍ നിന്ന് പുറത്തു ചാടുകയും ചെയ്ത ഒരു വിഭാഗം ആളുകളത്രെ ഇസ്‌ലാമിക അധോഗതിയുടെ ചുക്കാന്‍ പിടിക്കുന്നത്. അന്യമതസ്ഥരുടെ മുമ്പാകെ വ്രതാനുഷ്ഠാനത്തെ അപഹസിക്കാനും പരസ്യമായി ചായക്കടകളിലും മറ്റും അഭയം തേടി ഇസ്‌ലാമിന്റെ സുന്ദരാദര്‍ശത്തെ ഇടിച്ചുതാഴ്ത്താനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ഇസ്ലാമിനെ നാനാവിധേനയും എതിരിടുന്നതിലാണ് ഇവരുടെ സുഖം കുടികൊള്ളുന്നത്. ഇസ്ലാമികാദര്‍ശങ്ങളുടെ ഘാതകന്മാരായ ഇക്കൂട്ടരെ കയറൂരി വിടുകയാണെങ്കില്‍ അത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഒരു അപകടകരമായ സ്ഥിതിവിശേഷമായിരിക്കും ഉണ്ടാക്കുക.

ഒരു നോമ്പുകാരന് ലഭിക്കുന്ന സുഖാനുഭവത്തെ അല്‍പ്പമെങ്കിലും അറിയാനാഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കില്‍ വൃത്തികെട്ട ഇത്തരം ചിന്തകള്‍ ഏറെക്കുറെ മാഞ്ഞു പോകുമായിരുന്നു. “നോമ്പുകാരന്‍ നോമ്പ് തുറക്കുമ്പോള്‍ സന്തോഷിക്കുന്നു. അവന്‍ റബ്ബിനെ ദര്‍ശിക്കുമ്പോള്‍ സന്തോഷിക്കുന്നു. ഇങ്ങനെ അവന്ന് അനുഭവമാകുന്ന രണ്ടു സന്തോഷമുണ്ട്” (ബു. മു.). പ്രസ്തുത നബിവചനം വസ്തുനിഷ്ഠമായി പരിചിന്തനം ചെയ്യുന്ന ആര്‍ക്കും നോമ്പ് അനുഷ്ഠിക്കാത്ത ഒരു ഗതികേട് ഭാവനയില്‍ കാണാന്‍ പോലും അസാധ്യമാണ്.

റംസാന് ശേഷം

നാനാപ്രകാരേണവും അതിമഹത്തും ബൃഹത്തുമായ റംസാന്‍ മാസം നമ്മില്‍ നിന്നകലുകയാണ്. നീണ്ട പതിനൊന്നു മാസങ്ങള്‍ക്കു ശേഷം മാത്രമേ അടുത്ത റംസാന്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളു. റംസാനിന് ശേഷം നമ്മുടെ ഭാവി എന്ത്? എന്ന മര്‍മപ്രധാനമായ ചോദ്യം ഇന്ന് നമ്മിലവശേഷിക്കുന്നു. ഒരു മാസത്തെ കഠിനമായ ത്യാഗത്തിന്റെയും മറ്റും അനന്തരഫലമായി നാം കെട്ടിപ്പടുത്ത സല്‍പ്രവര്‍ത്തനങ്ങളുടെ മണിമാളികകള്‍ക്ക് നേരെ കല്ലുകളെറിയാന്‍ നാം തന്നെ തയ്യാറായാല്‍ അത് ഏറ്റവും വേദനാജനകമായിരിക്കും. റംസാന്‍ ആഗതമാകുമ്പോള്‍ മാത്രം നമസ്‌കരിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും ചെയ്ത് അതിനു ശേഷം നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നത് മുസല്‍മാന് ഭൂഷണമല്ല. ഭക്തന്മാരുടെ സാമീപ്യം മൂലം പുളകം കൊണ്ട പള്ളികളെ റംസാന് ശേഷം അടച്ചിടുന്നത് നാം നഖശിഖാന്തം എതിര്‍ക്കേണ്ടതാണ്. റംസാനാന്തരം ഖുര്‍ആന്‍ പാരായണം മുതലായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ വളരെ ദുര്‍ലഭമായിത്തീരുകയും മനുഷ്യന്‍ ഊട്ടിയെടുത്ത സഹനവും സാധുജനസംരക്ഷണവും നാമാവശേഷമായി തീരുകയും ചെയ്യുന്നു. റംസാനാന്തരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം സിദ്ധിക്കുകയില്ലെന്ന തെറ്റിദ്ധാരണയാണ് ഇതിന്റെ കാരണമെങ്കില്‍ അത് നമ്മുടെ അജ്ഞതയെയാണ് കുറിക്കുന്നത്. റംസാനിനു മാത്രമുള്ള നമ്മുടെ ആരംഭശൂരത്വത്തിന്റെ തെളിവാണതെങ്കില്‍ നമ്മുടെ ആരാധനകളുടെ ആത്മാര്‍ഥത എത്രമാത്രം തുച്ഛമായിരിക്കും.

പെട്ടെന്നൊരു പെരുന്നാളാഘോഷം

മാനസിക പരിവര്‍ത്തനത്തിനു വിധേയരായ പലരും സല്‍ക്കര്‍മങ്ങളുടെ മഹത്തായ തുടക്കം കുറിച്ചത് പള്ളിയിലെത്തി നമസ്‌കാരാദി കര്‍മങ്ങളില്‍ പങ്കെടുത്തു കൊണ്ടായിരുന്നുവെങ്കില്‍ അവരില്‍ ചിലര്‍ ദുഷ്പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുന്നത് പരിശുദ്ധ ഈദുല്‍ ഫിത്ര്‍ ദിനം സിനിമ തീയേറ്ററില്‍ പോയിട്ടാണ്. അതോടു കൂടി അവന്റെ നമസ്‌കാരം നില്‍ക്കുന്നു. മറ്റു സല്‍പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു. അടുത്ത റംസാനില്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് പുതിയൊരു ജീവിതം നയിക്കാമെന്നാണ് ഈ വിഡ്ഢികളുടെ സ്വപ്‌നമെങ്കില്‍ വിവരക്കേടിന്റെ മറ്റൊരുദാഹരണമാണത്. മനുഷ്യജീവിതം നശ്വരമാണെന്നും മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ ചലനം നിലച്ചുപോകുന്നുവെന്നുമുള്ള പരമാര്‍ത്ഥം ആര്‍ക്കാണ് വിസ്മരിക്കാന്‍ കഴിയുക?

പ്രിയപ്പെട്ട മുസ്‌ലിം നാമധാരികളെ, നിങ്ങള്‍ ഒന്നുണരൂ. നിങ്ങളുടെ ഹൃദയാന്തരീക്ഷത്തില്‍ പടര്‍ന്നു പിടിച്ച മതവിരോധത്തിന്റെ മാറാലയെ തട്ടിനീക്കി ഇസ്ലാം അനുശാസിച്ച പന്ഥാവിലൂടെ മാത്രം നിങ്ങള്‍ നീങ്ങു. ഇസ്‌ലാമിനെ പറ്റിയുള്ള ധാരാളം അമുസ്‌ലിം ചിന്തകന്മാരുടെയും പ്രതിഭാശാലികളുടെയും അഭിപ്രായശകലങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ മായാതെ കിടപ്പുണ്ട്. ഏതെങ്കിലും ഒന്ന് മനസിലാക്കാനുള്ള സന്മനസ്സു നിങ്ങള്‍ പ്രകടിപ്പിക്കുമെന്നു വിശ്വസിക്കട്ടെയോ? വ്രതത്തെ പറ്റി ഒരു മഹാന്റെ അഭിപ്രായം ചുവടെ എഴുതുന്നത് സന്ദര്‍ഭോചിതമാകുമല്ലോ. “നിര്‍ബന്ധമായ വ്രതാനുഷ്ഠാനമാണ് ഇസ്‌ലാമിന്റെ മറ്റൊരു നേട്ടം. ഇസ്‌ലാം ശാരീരിക സുഖത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറയുന്നവര്‍ വിശപ്പുകൊണ്ട് ക്ഷീണിക്കുന്ന റംസാന്‍ മാസത്തെ ഒന്നനുഭവിച്ചറിയട്ടെ” എന്നാണ് ഡേവിഡ് എ. കേയ് ഉപദേശിക്കുന്നത്.

നമ്മെ ഇസ്‌ലാമികപാതയില്‍ ജനിപ്പിച്ചുവെന്നതും, ഇസ്‌ലാമികാദര്‍ശങ്ങളിലൂടെ വളര്‍ന്ന അനുഷ്ഠാന കര്‍മാദികളെ കൈക്കൊണ്ടു ജീവിക്കാന്‍ നമുക്ക് ഭാഗ്യമുണ്ടാവുക എന്നതും അഖിലലോക നാഥന്‍ നമുക്ക് തന്ന മഹത്തായ ഒരനുഗ്രഹമാണ്. ആ കാര്യം ഒന്ന് കൊണ്ട് മാത്രം നാമവനോട് നന്ദി പ്രദര്‍ശിപ്പിച്ച് അവന്റെ സ്‌നേഹം സമ്പാദിക്കാനുള്ള മാര്‍ഗം അവലംബിക്കുകയാണ് ചെയ്യേണ്ടത്. ഈ റംസാനില്‍ നമ്മില്‍ പലരും അവന്റെ കല്‍പനകളെ മാനിച്ച് ജീവിച്ചു. റംസാന് ശേഷവും അത് നഷ്ടപ്പെടുത്താതെ മുന്നേറാനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കുവാന്‍ നാം അക്ഷീണം പരിശ്രമിക്കുക. ഈ പ്രക്രിയ തുടര്‍ന്ന് പോയാല്‍ സുശോഭനമായ ഒരു ഭാവിയില്‍ നാം എത്തിച്ചേരുകയും തദ്വാരാ പരലോകസുഖത്തിന്റെ അനശ്വരമായ മാധുര്യം അനുഭവിക്കാനുള്ള സൗഭാഗ്യം നമുക്കുണ്ടാകുകയും ചെയ്യും.