മർഹൂം മാവിലാട്ട് മഹമൂദ് : ഒരനുസ്മരണം

എൻ. കെ. സി ഉമ്മർ
1984 ൽ പാനൂർ പള്ളി പുനർ നിർമാണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘നഹ്‌ളത്ത്’ എന്ന പുസ്തകത്തിൽ നിന്നും ശേഖരിച്ചത്.

മാവിലാട്ട് മഹമൂദ്! പാനൂർ മുസ്ലിംകൾ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നാമധേയമാണത്.

നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് ജ്വലിച്ചുയർന്ന ആ ജ്യോതിസ്സ് ഉഷസ്സിനു മുമ്പ് തന്നെ അണഞ്ഞു പോയി, എങ്കിലും ആയിരമായിരം കൈത്തിരികൾ ആ കിരണങ്ങളിൽ നിന്നും കൊളുത്തപ്പെട്ടു.

ആ പ്രകാശധാര ഒരു നവയുഗത്തിലേക്കുള്ള പ്രയാണത്തിന് മാർഗദർശനം നൽകി.

ആ പ്രഭയിൽ അനാവരണം ചെയ്യപ്പെട്ട പുരോഗതിയുടെ- പരിവർത്തനത്തിന്റെ പടവുകൾ ചാടിക്കയറി, ഉന്നത സോപാനങ്ങളിൽ പാദസ്പർശനമേൽപിക്കുന്ന ഈ ശുഭ മുഹൂർത്തത്തിൽ ആ ധീര രക്തസാക്ഷിയുടെ നാമധേയം പാനൂർ മുസ്ലിംകൾ ബാഷ്പ കണങ്ങളോടെ സ്മരിക്കട്ടെ.

പാനൂർ ജുമാഅത്ത് പള്ളി പഴയ സ്ഥാനത്തു തന്നെ പുനർനിർമ്മാണം ചെയ്യുക എന്നത് മാവിലാട്ട് മഹമൂദിന്റെ ജീവിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പള്ളി പടിഞ്ഞാറെ മൈതാനത്തിൽ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചപ്പോൾ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹം എതിർപ്പുകൾ സംഘടിപ്പിച്ചു. നിയമപരമായി തടയുവാൻ നീതിപീഠങ്ങളെ സമീപിച്ചു. അന്നത്തെ സാഹചര്യത്തിൽ പാനൂരിനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു ധീരമായ ആ രംഗപ്രവേശം.

അപകർഷബോധത്തിന്റെയും നിസ്സഹായതയുടെയും നീർചുഴിയിൽപ്പെട്ടുഴലുന്ന ഒരു ജനസമൂഹത്തിൽ ആത്മധൈര്യത്തിന്റെയും വിമോചനത്തിന്റെയും ബീജാവാപം നൽകിയ ആ മനുഷ്യസ്നേഹിക്ക് ആ സമരത്തിൽ തന്റെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്നു. ജീവിതത്തിൽ സാദ്ധ്യമാക്കാതിരുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവാർപ്പണത്തിലൂടെ നേടിയെടുക്കാൻ സാധിച്ചു. ഉറങ്ങിക്കിടന്നിരുന്ന ഒരു ജനതതി സട കുടഞ്ഞെഴുന്നേറ്റു. മഹമൂദിന്റെ ജീവിതലക്ഷ്യം സാക്ഷാൽക്കരിക്കാൻ അദ്ദേഹത്തിന്റെ ആത്മ മിത്രങ്ങളുടെ നേതൃത്വത്തിൽ ഒരു സംഘടിത ശക്തി തന്നെ വളർന്നു വന്നു.

രാഷ്ട്രീയ സാമൂഹിക വേദിയാകെ ഇളകി മറിഞ്ഞു. ഈ മാറ്റം സാർവത്രികമായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ മാറ്റങ്ങൾ പലതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജ: കെ. എം. സൂപ്പി സാഹിബിന്റെ രാഷ്ട്രീയമാറ്റം ഇതിൽ പ്രാധാന്യമർഹിക്കുന്നു. മഹമൂദിന്റെ വിയോഗത്തിന് മുമ്പ് മറുചേരിയിലായിരുന്ന സൂപ്പി സാഹിബ് തന്റെ മാറ്റത്തിന് ശേഷം കഴിഞ്ഞ 5 വർഷത്തെ അവിശ്രമപരിശ്രമത്തിലൂടെ മഹമൂദിനോടും സമുദായത്തിനോടുമുള്ള കടപ്പാട് പൂർണ്ണമായും നിർവഹിച്ചിരിക്കുന്നു. മഹമൂദിന്റെയും സഹപ്രവർത്തകരുടെയും ജീവിത ലക്‌ഷ്യം പൂർത്തീകരിക്കുന്നതിന് ജ: സൂപ്പി സാഹിബിന്റെ നേതൃത്വം നിസ്തുലമായി പങ്കുവഹിച്ചു. ഈ ഘട്ടത്തിൽ മഹമൂദിന്റെ അസാന്നിദ്ധ്യത്താലുള്ള വിടവ് നികത്തുവാൻ ജ: സൂപ്പി സാഹിബിന്റെ സേവനങ്ങൾക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

പാനൂർ മുസ്ലിം യങ്ങ് മെൻസ് അസോസിയേഷന്റെയും, പാനൂർ മഹല്ല് ജമാഅത്തിന്റെയും മൈതാനിക്ക് ചുറ്റുമുള്ള കൽമതിലുകളും, ഷോപ്പിംഗ് കോംപ്ലെക്സും സയ്യിദുബിൻ ഖുലൈബ് അബ്ദുല്ല അൽഹാമിലി ബിൽഡിങ്ങും നജാത്തുൽ ഇസ്ലാം മദ്രസയും തിരുവാൽ യു. പി.  സ്കൂളും മറ്റും ആ നവോത്ഥാനത്തിന്റെ രാജപാതയിലെ നാഴിക കല്ലുകളാണ്. അതത്രെ നഹ്‌ളത്ത് അഥവാ നവോത്ഥാനം എന്ന പേര് ഈ ഗ്രൻഥത്തിന് അന്വർത്ഥമാക്കുന്നത്.

ശ്രീ. എം. പി. വീരേന്ദ്രകുമാർ മാവിലാട്ട് മഹ്‌മൂദ്‌ സ്മാരക ഗ്രൻഥത്തിലെഴുതിയ ഏതാനും വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഈ അനുസ്മരണം ഉപസംഹരിക്കട്ടെ:

“ത്യാഗത്തിന്റെ തപസ്യയിലൂടെ ഇതിഹാസം രചിച്ച പലരും രക്തം കൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് വിലനൽകേണ്ടി വന്നിട്ടുണ്ട്. ആ രക്തമാണ് ചലനമറ്റ മനസ്സുകളെ ഇളക്കിമറിച്ചത്. ഭീരുക്കളെ കർമ്മോൽസുകരാക്കിയ രക്തസാക്ഷിയായിരുന്നു മഹമൂദ്.”