മരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍
ചമ്പാടന്‍ അബ്ദുള്ള
കൈകാലുകള്‍ മുഴുവനും നഷ്ടപ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന നിര്ഭാഗ്യവാന്മാരായ മനുഷ്യക്കഷണങ്ങള് പോലും സ്വന്തം ജീവനില്‍ അങ്ങേയറ്റം കൊതിയുള്ളവരാണ്. തന്റെ ഒട്ടിപ്പിടിച്ചിരിക്കുന്ന അരച്ചാണ് വയറിനുവേണ്ടി ദിവസവും അവന് എന്തൊക്കെ ത്യാഗങ്ങളാണ് സഹിക്കുന്നത്! അന്ധനും മൂകനും, ബധിരനും എല്ലാംതന്നെ ഒരിക്കലും അവരുടെ ജീവന് കളയാന്‍ ആഗ്രഹിക്കുന്നവരല്ല. പണക്കാരും, ബുദ്ധിജീവികളും തങ്ങളുടെ ആയുസ്സ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെകുറിച്ച് നിരന്തരം ചിന്തിക്കുകയും, അതിനുവേണ്ടി ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതസുഖം മുഴുവന്‍ അനുഭവിക്കുന്നവരും, മരണശയ്യയില്‍ കിടക്കുന്ന മാറാരോഗികളും എല്ലാം തന്നെ അവരുടെ ജീവന് നിലനിര്‍ത്തുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരാണ്.
ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ മരിക്കാന്‍ ഇഷ്ടപ്പെടുന്ന അപൂര്‍വം ചിലര്‍ ഉണ്ടെന്ന് പറയുമ്പോള്‍ സ്വാഭാവികമായും അത്ഭുതം തോന്നിയേക്കാം. എങ്കില്‍ വായനക്കാരെ, നിങ്ങള്‍ പാനൂരിലേക്കു വരൂ. അവരെ നിങ്ങള്‍ക്കവിടെ നിഷ്പ്രയാസം കാണാന്‍ കഴിയും. വീറും, വീര്യവും, തന്റേടവുമുള്ള ചുണക്കുട്ടികളായ ഒരു പറ്റം മുസ്ലിം യുവാക്കള്‍ ജീവനില്‍ കൊതിയില്ലാതെ എന്തിനും തയ്യാറായി അങ്ങനെ ജീവിച്ച് വരികയാണ്. അവര്‍ ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനേക്കാള്‍ ഭേദം, മരിക്കാന്‍ വേണ്ടി തയ്യാറെടുത്തിരിക്കുന്നുവെന്ന് പറയുകയാണ്. കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാനൂരിലെയും പരിസരങ്ങളിലെയും യുവാക്കള്‍ ഒരു അഗ്നിപരീക്ഷണത്തെ നേരിടുകയാണ്. അവരുടെ രക്തം വലിച്ചുകുടിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന രക്തരക്ഷസുകളുടെ ദുഷ്ചെയ്തികള്ക്കെതിരില് അവര്‍ നിരന്തരം പോരാടിക്കൊണ്ടിരുന്നു. അങ്ങനെ പാവപ്പെട്ട ഈ സമുദായത്തിലെ യുവാക്കളുടെ മുന്‍നിരയില്‍ നിന്നുകൊണ്ട് സത്യത്തിനും, നീതിക്കും വേണ്ടി പടപൊരുതിയ ധീരപരാക്രമിയായ ജഃ മാവിലാട്ട് മഹമൂദ് സാഹിബിന് തന്റെ വിലയേറിയ ജീവന് ബലിര്പ്പിക്കേണ്ടി വന്നു. താനും തന്റെ സമുദായവും ഉള്‍ക്കൊള്ളുന്ന മുസ്ലിം ലീഗിനെ കളങ്കപ്പെടുത്തുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ജഃ മാവിലാട്ട് മഹമൂദ് സാഹിബിന്റെ മനസ്സ് ഒരിക്കലും അനുവദിച്ചിരുന്നില്ല. അതിനാല്‍ തന്റെ പ്രിയപ്പെട്ട സംഘടനയുടെ മാനം രക്ഷിക്കാന്‍ വേണ്ടി, അന്ധരായ രാഷ്ട്രീയപിശാചുകളോട് ധര്‍മസമരം നടത്തി മരിക്കാന്‍ അദ്ദേഹം തയ്യാറായി. തങ്ങളുടെ പ്രിയപ്പെട്ട മഹമൂദിനെപ്പോലെ സത്യത്തിനും, നീതിക്കും വേണ്ടി മരണം വരിക്കാന്‍ തെല്ലും വൈമനസ്യമില്ലാത്ത യുവാക്കള്‍ ഇന്നും പെരിങ്ങളം മണ്ഡലത്തില്‍ ഉണ്ടെന്ന് പറയുമ്പോള്‍ അതില്‍ അല്പം പോലും അവാസ്തവമില്ല.
സ്വരാജ്യത്തിനുവേണ്ടി ജീവന് ബലികഴിപ്പിക്കാന്‍ തയ്യാറായ എത്രയോ മഹാന്മാരെപ്പറ്റി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവരുടെ ധീരമായ ഇത്തരം നടപടികള്‍ ഭാവിതലമുറക്ക് ആവേശം പകരുവാന്‍ പര്യാപ്തമായിട്ടുണ്ട്. താന്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് വേണ്ടിയും, രാഷ്ട്രീയാദര്ശത്തിനു വേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ചവരുടെ രോമാഞ്ചകരമായ കഥകളും നമുക്ക് സുപരിചിതമാണ്. അതു പോലെ ജഃ മാവിലാട്ട് മഹമൂദിന്റെ ജീവിതവും, മരണവും ഇന്നത്തെ യുവതലമുറക്ക് മഹത്തായ പാഠമുള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണ്.
ത്യാഗത്തിന്റെ കഥ
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പാനൂര്‍ എക്കാലവും കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. രാഷ്ട്രീയക്കച്ചവടത്തിന്റെ പേരില്‍, സംഘട്ടനങ്ങളുടെ പേരില്‍, കൊലപാതകങ്ങളുടെ പേരില്‍ ആ പ്രദേശം അറിയാത്തവരില്ല. എക്കാലവും ഒരു ജനവിഭാഗത്തിന് ദുഃഖവും വേദനയും മാത്രം സഹിക്കേണ്ടി വരുന്ന ചരിത്രം ഇവിടെയല്ലാതെ മറ്റെങ്ങും ഉള്ളതായി കേട്ടറിവില്ല. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കും രക്തത്തിന്റെ കഥയാണ് പറയാനുള്ളത്. നിരന്തരമായ ഭീഷണികളുടേയും എതിര്‍പ്പിന്റെയും മുന്നില്‍ ചൂടും ചൂരുമുള്ള പാനൂരിലെ ധീരമായ മുസ്ലിം യുവാക്കള്‍ സടകുടഞ്ഞെഴുന്നേറ്റു. അവരുടെ രാഷ്ട്രീയ സംഘടനയായ മുസ്ലിം ലീഗിനെ നശിപ്പിക്കുവാന്‍ പ്രതിയോഗികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരുടെ ചരിത്രം ധീരതയുടേയും, ത്യാഗത്തിന്റെയും, വീരേതിഹാസമാണ്. കച്ചവട രാഷ്ട്രീയക്കാര്‍ പലപ്പോഴും അവരുടെ നേരെ വാളോങ്ങിയിട്ടുണ്ട്. പക്ഷെ അവര്‍ ഒരിക്കലും ശത്രുക്കളുടെ മുമ്പില്‍ കീഴടങ്ങിയിട്ടില്ല, കീഴടങ്ങുകയുമില്ല. എതിര്‍പ്പിന്റെയും വെല്ലുവിളികളുടെയും മുമ്പില്‍ സധൈര്യം ഉറച്ചുനില്‍ക്കാനുള്ള മനക്കരുത്ത് എന്നും അവര്‍ക്കുണ്ടായിട്ടുണ്ട്. അങ്ങിനെ ഐക്യവും അച്ചടക്കവുമുള്ള പെരിങ്ങളത്തെ മുസ്ലിം യുവാക്കള്‍ക്ക് നേതൃത്വം നല്കിയ മഹാനായിരുന്നു ജഃ മാവിലാട്ട് മഹമൂദ് സാഹിബ്. തന്റെ സമുദായത്തിനു വേണ്ടി, അവരുടെ രാഷ്ട്രീയസംഘടനക്ക് വേണ്ടി, ഇന്നാട്ടിലെ മര്‍ദ്ദിത ജനവിഭാഗത്തിന് വേണ്ടി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. അവസാനം തന്റെ ജീവിതം അവയുടെ സാക്ഷാത്ക്കാരത്തിന്നായി ഉഴിഞ്ഞുവെക്കുകയും ചെയ്തു. എത്ര മഹത്തായ ജീവിതം! മനുഷ്യസമൂഹത്തിന് മുഴുവനും ഉള്‍ക്കൊള്ളാന്‍ പറ്റിയ ഹൃദയസ്പര്‍ശിയായ ചരിത്രം.
വേര്‍പാടിന്റെ വേദന
1974 ജനുവരി 12. പെരിങ്ങളം മണ്ഡലത്തിന്റെ ചരിത്രത്തില്‍ അതൊരു കറുത്ത ദിനമായിരുന്നു.
അന്നാണ് പാനൂരിന്റെ വീരപുത്രനും യുവാക്കളുടെ കണ്ണിലുണ്ണിയും, മുസ്ലിംകളുടെ സര്‍വസ്വവുമായിരുന്ന ജഃ മഹമൂദ് സാഹിബ് എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും അപ്രത്യക്ഷമായത്. ദുഃഖത്തിന്റെ മ്ലാനത എങ്ങും തളം കെട്ടി നില്‍ക്കുകയായിരുന്നു. അന്ന് യുവാക്കള്‍ കൂട്ടംകൂടി നിന്ന് പരസ്പരം ചോദിച്ചു. ഇനിയാര്? ഇനിയെന്ത്? താമസിയാതെ അവര്‍ അതിന്റെ ഉത്തരം കണ്ടെത്തി. നാം ഓരോരുത്തരും മഹമൂദുമാരാവുക. അങ്ങിനെ സത്യത്തിന്റെയും, സമാധാനത്തിന്റെയും വഴികളിലേക്ക് അന്നവര്‍ നടന്നകന്നു.
ജഃ മഹമൂദിന്റെ വിയോഗം വരുത്തിവെച്ച വിനയുടെ അഗ്നികുണ്ഡം പെരിങ്ങളത്തെ യുവാക്കളുടെ ഹൃദയത്തില്‍ നിന്ന് ഇനിയും കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ മനം നൊന്ത് വേദനിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല. ജഃ മഹമൂദ് സാഹിബ് അവരുടെ എല്ലാമായിരുന്നു. ജീവനില്‍ ജീവനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുന്ന ഓരോ നിമിഷവും അവര്‍ക്ക് പറയാനുള്ളത് ദുഃഖത്തിന്റെ ഹൃദയഭേദകമായ കഥകള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ വിയോഗം കേരളരാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് പുറമെ മന്ത്രിമാരും, അഖിലേന്ത്യാ നേതാക്കളും മഹമൂദ് സാഹിബിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാന്‍ ഓടിയെത്തി. അവര്‍ എല്ലാവരും ഒരുപോലെ ദുഃഖിതരായിരുന്നു. ഒരൊറ്റ സംഭവം മുന്‍നിര്‍ത്തി ഇത്രയുമധികം രാഷ്ട്രീയ നേതാക്കള്‍ ഇതിന് മുമ്പൊരിക്കലും പാനൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അതുതന്നെ ജഃ മഹമൂദിന്റെ ത്യാഗോജ്ജ്വലമായ ധന്യ ജീവിതത്തിന് ഒരുദാഹരണമാണ്. അവിടം സന്ദര്‍ശിച്ച എല്ലാവര്ക്കും ഒന്നേ പറയാനുള്ളൂ. “പാനൂരിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അതിനായി എല്ലാ വിഭാഗക്കാരും സഹകരിക്കണം”.
പാനൂരിലെ മുസ്ലിം യുവാക്കള്‍ അന്നുമുതല്‍ പ്രതിജ്ഞയെടുത്തു. “ഒന്നിച്ചു ജീവിക്കുക, വേണ്ടി വന്നാല്‍ ഒന്നിച്ചു മരിക്കുക”. ആ ദൃഢപ്രതിജ്ഞ അക്ഷരം പ്രതി പാലിക്കുവാന്‍ ഇവിടുത്തെ യുവാക്കള്‍ സദാ സന്നദ്ധരാണ്. അവരാണ് ഇവിടുത്തെ ശക്തിയും ചൈതന്യവും. അവര്‍ക്കാണ് അന്തിമ വിജയവും.