ചുണയറ്റവര്‍ അടിപ്പെടും / പി.കെ. മുഹമ്മദ്

ചുണയറ്റവര്‍ അടിപ്പെടും

പി.കെ. മുഹമ്മദ്

ഈ ഭൂമിയും, ഇതില്‍ മനുഷ്യരും ഉണ്ടായിട്ട് കാലമെത്രയായി! മനുഷ്യര്‍ സമൂഹങ്ങളായി, വ്യത്യസ്ത സമുദായങ്ങളായി, വിവിധ ജനതകളായി ഉരുത്തിരിഞ്ഞത് എണ്ണമറ്റ നൂറ്റാണ്ടുകള്‍ താണ്ടിക്കൊണ്ടാണല്ലോ. ഒരു ജനത മറ്റൊരു ജനതയെ ആക്രമിക്കുന്നു. ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തെ സംപുഷ്ടമാക്കുന്നു. ഒരു ജനസമൂഹം മറ്റൊന്നിനെ അടിമപ്പെടുത്തുന്നു. സംഘടിത പ്രസ്ഥാനങ്ങളും സങ്കലിത സമൂഹങ്ങളും ഉരുത്തിരിഞ്ഞു വരുന്നു.

പതിനായിരം സംവത്സരങ്ങള്‍ക്ക് ഈ ഭൂതലത്തില്‍ എന്തൊക്കെ വരയ്ക്കാനും വിരിയിക്കാനും കഴിയും! അങ്ങിനെ എത്രയെത്ര പതിനായിരത്താണ്ടുകള്‍ ഈ പഴയ മണ്ണിനെ ചവിട്ടിമതിച്ച് കടന്നുപോയി. അതിന്നിടയില്‍ പലരും അടിപ്പെട്ടു. പലതും കിളിര്‍ത്തുണ്ടായി. പലതിനെയും പലതും പിടിച്ചുവിഴുങ്ങി. ഈടുറ്റവ അവശേഷിച്ചു. പതറിയതെല്ലാം തറപറ്റി.

നാം ഇന്ത്യക്കാര്‍. നമ്മുടെ മഹാരാജ്യത്തിന്റെ പല തടങ്ങളിലായി പല ജനതകളും പല സംസ്‌കാരങ്ങളും പല കാലഘട്ടങ്ങളില്‍ ചരിത്രം കുറിച്ചു. ഇന്നലെകളെ ചവിട്ടിക്കടന്ന്, ഇന്നിന്റെ മക്കളായി, ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇവിടെ ജീവിക്കുമ്പോള്‍ പല പാഠങ്ങളും ഉള്‍ക്കൊള്ളുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

“ദി ഇന്ത്യന്‍ ഹെരിറ്റേജ്” എന്ന വിഖ്യാത ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവും പ്രഗത്ഭനുമായ ഒരു ചരിത്ര ഗവേഷകനും മുന്‍ കേന്ദ്രവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ പ്രൊഫസര്‍ ഹുമയൂണ്‍ കബീര്‍ ഇങ്ങനെ എഴുതി:

“ആര്യന്മാര്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വിശേഷിച്ചും സമാധാനതല്‍പ്പരരായി അറിയപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ സമരോത്സുകമായ സ്വഭാവവിശേഷങ്ങളുടെ പേരിലാണവര്‍ അറിയപ്പെടുന്നത്… ഹാരപ്പയിലും മോഹഞ്ചദാരോവിലെയും ജനങ്ങള്‍ സമാധാനപരമായ ഒരു സ്ഥിതിവിശേഷം വളര്‍ത്തിയെടുത്തിരുന്നതായി സംശയിക്കപ്പെടുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ആര്യന്മാര്‍ മുഖേനയുള്ള അവരുടെ പരാജയത്തിന്റെ പ്രധാന കാരണം അതായിരുന്നു. നാഗരിക പുരോഗതിയില്‍ ഒരുവേള ആര്യന്മാര്‍ മോഹഞ്ചദാരോവിലെ ജനങ്ങളേക്കാള്‍ പിന്നിലായിരുന്നുവെങ്കിലും അവരുടെ വര്‍ദ്ധിച്ച സമരോന്മുഖ സ്വഭാവവും യുദ്ധപാടവവും അവര്‍ക്കു വിജയം നേടിക്കൊടുക്കുകയുണ്ടായി”.

ആശയം സ്വയം വ്യക്തമാക്കുന്നൊരു ഉദ്ധരണിയാണിത്. ഇന്ത്യയില്‍ ഏതാനും നൂറ്റാണ്ടുകളായി എവിടെയുമില്ലാത്ത അപ്രശസ്തരും അപ്രസക്തരുമായിത്തീര്‍ന്ന ദ്രാവിഡര്‍ ഒരു കാലത്ത് ഈ ഉപഭൂഖണ്ഡത്തിന്റെ അധിപരും അഭികാമ്യമായൊരു സംസ്‌കാരത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായിരുന്നുവെന്ന് ചരിത്രം ഉദ്‌ഘോഷിക്കുന്നു. സഹസ്രാബ്ദങ്ങളുടെ അകലങ്ങള്‍ക്കപ്പുറം ഒരു പക്ഷെ മരീചികപോലെ നമുക്കത് കാണാം. പക്ഷെ ഒരു കാലത്ത് ഈ ഉപഭൂഖണ്ഡം ശാന്തിയും സമാധാനവും വികിരണം ചെയ്യുന്നൊരു സംസ്‌കാരത്തിന്റെ മടിത്തട്ടില്‍ സുഖസുഷുപ്തിയിലായിരുന്നുവെന്ന് കാണാം. മോഹഞ്ചദാരോവിലും ഹാരപ്പയിലും ഇരുപതാം നൂറ്റാണ്ടില്‍ അനാവരണം ചെയ്യപ്പെട്ട ചരിത്രാവിശിഷ്ടങ്ങള്‍ ഒരു കാലഘട്ടത്തിന്റെ തിരശീലയാണുയര്‍ത്തിയത്. ആ കാലഘട്ടമാവട്ടെ സാംസ്‌കാരികമായി സാമാന്യമായൊരു നിലവാരം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഭൗതികമായി ഉന്നതനിലവാരത്തിലാണവര്‍ എത്തിത്തീരുന്നതെന്നും അക്കാരണത്താല്‍ത്തന്നെ അവരുടെ നാഗരികത നാശോന്മുഖമായിക്കഴിഞ്ഞിരുന്നുവെന്നും ചില ചരിത്ര വ്യാഖ്യാതാക്കള്‍ അനുമാനിക്കുന്നു.

ഒരു കാര്യം തീര്‍ച്ച. ആ ജനവിഭാഗത്തെയും നാഗരികതയെയും അവരുടെ ആധിപത്യത്തെയും അടിപ്പെടുത്താന്‍ മറ്റൊരു ജനതയ്ക്ക് സാധിച്ചു. ഒരു കാലഘട്ടത്തിന്റെ വിധാതാക്കളെ മറ്റൊരു ജനവിഭാഗം അതിജയിക്കുക തന്നെ ചെയ്തു. അവര്‍ എങ്ങനെയിത് സാധിച്ചെടുത്തു?

പ്രമുഖ ചരിത്രഗവേഷകനായ സര്‍ദാര്‍ കെ.എം. പണിക്കര്‍ പറയുന്നത് ഇങ്ങനെയാണ്. “ഭൗതികമായി എന്തുമാത്രം അഭിവൃദ്ധി പ്രാപിച്ചാലും അധഃപതനോന്മുഖമായ നാഗരികതയ്ക്കു ക്രൂരമായ ആക്രമണത്തെ ചെറുത്തുനില്‍ക്കുവാന്‍ സാധ്യമല്ലെന്ന ചരിത്രയാഥാര്‍ത്ഥ്യത്തിന്നു മറ്റൊരു ഉദാഹരണമെന്ന പോലെ, ആര്യന്മാരുടെ പൂര്‍വികജനത (ദ്രാവിഡരെന്നു കരുതുന്നു) ആര്യന്മാര്‍ക്കു മുമ്പില്‍ തകരുകയുണ്ടായി”.

ഒരു സത്യം എല്ലാവരും അംഗീകരിക്കുന്നു. ആര്യന്മാര്‍ മദ്ധ്യേഷ്യയില്‍ നിന്നുവന്ന് ഉത്തരേന്ത്യയില്‍ പ്രവേശിച്ചത് ആയുധങ്ങളുപയോഗിച്ചും സമരോന്മത്തരായുമാണ്. സമാധാനപ്രിയരും ശാന്തശീലരുമായിരുന്ന ദ്രാവിഡരെ അടിപ്പെടുത്താനും ആ ജനവിഭാഗത്തെയും അവരുടെ പൈതൃകത്തിന്റെ ആധിപത്യത്തെയും തകര്‍ത്തു തറപറ്റിക്കാനും ആര്യന്മാര്‍ക്ക് കൈമുതലുണ്ടായിരുന്നത് ആയുധവും സമരോത്സുക സ്വഭാവവുമായിരുന്നു. കന്നുകാലികളെ മേച്ചും, ചെല്ലുന്നേടത്തെല്ലാം സമരാത്മക മാര്‍ഗ്ഗം അവലംബിച്ചും അവര്‍ മുന്നേറിയപ്പോള്‍ വക്രതയില്ലാത്തവരും ശാന്തശീലരുമായ ദ്രാവിഡര്‍ എവിടെയും ആര്യന്മാര്‍ക്ക് കീഴ്‌പ്പെടേണ്ടി വന്നു.

സര്‍ദാര്‍ പണിക്കര്‍ പറയുന്നു: “വേദങ്ങളില്‍ നിന്നു ലഭിക്കുന്ന തെളിവുകളില്‍ നിന്നു വ്യക്തമാവുന്നത് ആര്യന്മാര്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നാഗരികത- അത് അധഃപതനോന്മുഖമായിരുന്നുവെന്നതില്‍ സംശയമില്ല- കൂടുതല്‍ ചുണയുള്ളവരും ഒരു പക്ഷെ കൂടുതല്‍ സായുധരുമായ നവാഗതരുടെ അനുസ്യൂതമായ കടന്നാക്രമണത്താല്‍ അടിപ്പെടുത്തപ്പെട്ടിരുന്നുവെന്നാണ്”. (A Survey of Indian History)

ആര്യന്മാര്‍ സായുധരും അടിക്കടി കടന്നാക്രമണങ്ങള്‍ നടത്തിയിരുന്നവരും സമരോത്സുകരുമായിരുന്നു. വളരെ ചുരുക്കത്തില്‍ ഇതില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്ന ചില പാഠങ്ങള്‍ ഉണ്ട്. ചുണയില്ലാത്തവര്‍ അടിപ്പെടേണ്ടി വരും എന്നതുതന്നെ ഒന്നാമത്തെ പാഠം. ചുണയില്ലാത്തവര്‍ അടിപ്പെട്ട ചരിത്രമേ ലോകത്തിന് പറയാനുള്ളൂ. നമ്മുടെ നാട്ടില്‍ പിറക്കുകയും, പ്രതാപത്തിന്റെ പതാകകള്‍ പരസഹസ്രം വര്‍ഷങ്ങളില്‍ പറപ്പിക്കുകയും ചെയ്ത ജനങ്ങള്‍ക്കും നാഗരികതകള്‍ക്കും പിന്നീട് വന്നവരുടെ ചുണയ്ക്കും ചൂടിനും മുമ്പില്‍ കമിഴ്ന്നടിച്ച് വീഴുകയോ പമ്പ കടന്നോടുകയോ ചെയ്യേണ്ടിവരികയാണുണ്ടായിട്ടുള്ളത്. ഒരു പ്രത്യേക സംസ്‌കാരവും പരിഷ്‌ക്കാരവും വിശ്വാസപ്രമാണങ്ങളും ജീവിത ശൈലിയുമുള്ള മുസ്‌ലിം ജനവിഭാഗത്തിന് ചുണയുടേയും സമരോത്സുകതയുടേയും അഭാവത്തില്‍ മറിച്ചൊരപകടം പറ്റാനില്ല. അലി (റ)യും ഹംസ (റ) യും ഖാലിദും (റ) സമരാങ്കണങ്ങളില്‍ പറപ്പിച്ച പൊടിപടലങ്ങള്‍ ഭാവനയില്‍ നമുക്ക് കാണാം. വാള്‍ത്തലപ്പുകള്‍ തമ്മില്‍ ഉമ്മവയ്ക്കാതെ സംസൃഷ്ടമായ ചരിത്രങ്ങള്‍ വിരളമാണീ ലോകത്ത്. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സമരോത്സുകത, അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കാര്യമായി അവര്‍ കാണുകയും കണക്കിലെടുക്കുകയും ചെയ്യണം. ആര്യന്മാരെപോലെ ആയുധമെടുത്ത് അന്യരെ ആക്രമിച്ചും വെട്ടിപിടിച്ചും ആധിപത്യം സ്ഥാപിക്കാനല്ല. മനുഷ്യന്റെ ചിന്തയിലും ബുദ്ധിയിലും നേടുന്നതിനേക്കാള്‍ വലിയ വിജയമോ ആധിപത്യമോ നേടാന്‍ ആയുധങ്ങള്‍ക്കും സമരങ്ങള്‍ക്കും സാധിക്കുകയില്ല. പക്ഷെ ബുദ്ധിയും ചിന്തയും ഇല്ലാത്തവരുടെ ആധിക്യം ഇന്ത്യയിലൊരു പുതുമയല്ലാത്തതിനാല്‍, സ്വയം പ്രതിരോധിച്ച് നില്‍ക്കാനുള്ള സമരോത്സുക സ്വഭാവമെങ്കിലും മുസ്‌ലിംകള്‍ പരിരക്ഷിച്ചേ പറ്റൂ. പാനൂരിന്റെ ചെമ്മണ്ണില്‍ കുത്തേറ്റു മരിച്ച മര്‍ഹൂം മാവിലാട്ട് മഹമൂദിന്റെ വീരസ്മരണകള്‍ മനസ്സിലുണര്‍ത്തുന്ന ചിന്ത മറ്റൊന്നല്ല, നിശ്ചയം അതെ, ചുണകെട്ടവര്‍ക്കു നാശം!  അതു തന്നെ.