കുറെ ചോദ്യങ്ങള്‍ ഇങ്ങിനെ പിണഞ്ഞു നില്‍ക്കുന്നു / പി.ടി. അബ്ദുറഹിമാന്‍

കുറെ ചോദ്യങ്ങള്‍ ഇങ്ങിനെ പിണഞ്ഞു നില്‍ക്കുന്നു

പി.ടി. അബ്ദുറഹിമാന്‍

 

എന്തിനു വാലറ്റിച്ചു?
എന്തിനു നിന്‍നൊമ്പരം പകയാക്കി നീ?
നിന്നെ എന്തിനീ വസ്ത്രങ്ങളില്‍
നീ പൊതിഞ്ഞെന്നോതുക!
മനുഷ്യാകാരം കാട്ടി
ഭൂവിനെ കബളിപ്പി
ച്ചെന്തു നേടി നീ? തോളി
ലുള്ള നിന്‍ ശവമെന്യേ.
ഇളിച്ചും (ചിരിയാണോ?)
വിതുമ്പിക്കൊണ്ടും പക
ലിരവിന്‍ കൊമ്പിന്‍ തൂങ്ങി
മറിഞ്ഞും, ചാടിക്കൊണ്ടും
എങ്ങു പോകുന്നു?  കാടു
കയറും നിനവോ നീ?
ഞാനറിഞ്ഞില്ലെങ്കിലും
നീയറിഞ്ഞില്ലേ, നിന്റെ
രോദനങ്ങളെ കേളി
യാക്കിടും നോവിന്നാഴം?
നിന്റെ മുഷ്ടിയില്‍ വാശി
മുറുകി, പിന്നെ സിരാ
തന്ത്രിയിലോടും ചോര
ച്ചൂട് പോയ്, തണുത്തില്ലേ?