അഗ്നിനക്ഷത്രം / സുകുമാര്‍ കക്കാട്

അഗ്‌നിനക്ഷത്രം

സുകുമാര്‍ കക്കാട്

 

ആദര്‍ശധീരാ, സഖാക്കള്‍തന്നോര്‍മയി
ലഗ്‌നിനക്ഷത്രമായ് പൂത്ത പ്രിയങ്കരാ,
ശോണമനോഹര സുപ്രഭാതത്തിനായ്
ശോണിതം ചിന്തിയ നിസ്വാര്‍ത്ഥ സേവകാ,
തോരാത്ത ബാഷ്പവും തീരാത്ത ശോകവും
തോഴര്‍ക്കു നല്‍കി മറഞ്ഞ സംഘാടകാ,
നിന്നെക്കുറിച്ചുള്ള തപ്തസ്മരണ തന്‍
മുമ്പില്‍ കുനിയ്ക്കട്ടെ ഞങ്ങളീ മൗലികള്‍;
നിന്നെക്കുറിച്ചുള്ള വീരസ്മരണയില്‍
നിന്നും കൊളുത്തട്ടെ പ്രാണനില്‍ ജ്വാലകള്‍;
നിന്നിണമിറ്റിച്ചുകന്നൊരീ ഭൂമിയില്‍
നിന്നു പുതുക്കട്ടെ ഞങ്ങള്‍ പ്രതിജ്ഞകള്‍ ………. ………!
തെല്ലും കനിവറിയാത്ത ചെകിടന്മാര്‍
തല്ലിത്തകര്‍ത്തൊരു സംഗീത ശില്‍പമേ,
കല്ലും കരളുമൊന്നാക്കിയ വഞ്ചകര്‍
ഞെട്ടറുത്തിട്ട സുരഭില പുഷ്പമേ,
കൂരിരുട്ടും കൂള സംഘവുമൊന്നിച്ചു
കൂര്‍ത്ത നഖങ്ങളില്‍ കോര്‍ത്ത വെളിച്ചമേ,
നിന്നിതിഹാസം രചിക്കുവാന്‍ നോവിന്റെ
വാല്‍മീകമെല്ലാമുടക്കട്ടെ ഭാവന;
നിന്നിണത്തിനു പക വീട്ടാന്‍ ധീരത
സംഭരിച്ചാളിപ്പടരട്ടെ ചേതന;
ആഞ്ഞടിക്കും ചണ്ഡവാതമായ്ത്തീരട്ടെ
ആയിരം നെഞ്ചില്‍ പിടയ്ക്കുന്ന വേദന….!