മുഖവുര

എന്ത് കൊണ്ട് ‘ഇതിഹാസം’?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഐതിഹാസികമായ ചില രക്തസാക്ഷിത്വങ്ങള്‍ നാടിന്റെ വര്‍ത്തമാനവും ഭാവിയും സാമൂഹികപശ്ചാത്തലവും തിരുത്തിക്കുറിച്ചതായി കാണാം. അമരന്‍മാരായ അത്തരം വീരപുരുഷന്‍മാര്‍ രക്തവും ജീവനും നല്കിയാണ് പല വിമോചനപോരാട്ടങ്ങളും വിജയിപ്പിച്ചെടുത്തത്. പാനൂരിന്റെ രാഷ്ട്രീയ സാമൂഹിക വിമോചനപോരാട്ടചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട നാമമാണ് ശഹീദ് മാവിലാട്ട് മഹമൂദിന്റേത്. ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ ആദര്‍ശബന്ധിത സംഘശക്തിയുടെ-മുസ്‌ലിം ലീഗിന്റെ-ചരിത്ര താളുകളില്‍ ഒരിക്കലും മങ്ങാതെ കിടക്കുന്ന ഒരു അധ്യായമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ധീരരക്തസാക്ഷിത്വവും. ഏതൊരു പ്രദേശത്തിന്റെ വിമോചനത്തിന് വേണ്ടിയാണോ അദ്ദേഹം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത് അതേ നാടിന്റെ വിരിമാറില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പണിതീര്‍ത്ത സ്മാരകം. പക്ഷെ, രക്തസാക്ഷികളുടെ ഓര്‍മകള്‍ നിലനില്‍ക്കേണ്ടത് സ്മാരകസൗധങ്ങളിലൂടെ മാത്രമല്ല, പ്രത്യേകിച്ച് അക്ഷരങ്ങളെ അത്രയധികം സ്‌നേഹിച്ചിരുന്ന മാവിലാട്ട് മഹമൂദിന്റെ. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറം മങ്ങാതെ കാത്തുസൂക്ഷിക്കാനുള്ള ഒരു എളിയ ഉദ്യമം മാത്രമാണിത്. ഇതിഹാസം അച്ചടിമഷി പുരണ്ട് ഇറങ്ങേണ്ടത് പുതുതലമുറയ്ക്ക് പാനൂരിന്റെ ഭൂതകാലങ്ങളില്‍ ഹരിതരാഷ്ട്രീയം അനുഭവിച്ച ത്യാഗങ്ങളും പരീക്ഷണങ്ങളും അറിയേണ്ടത് ആവശ്യമാണെന്നുള്ള ഉത്തമ ബോധ്യത്തോടെയാണ് ഈ പുസ്തകം പുറത്തിറക്കാനുള്ള ശ്രമം തുടങ്ങുന്നത്. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉദ്ദേശിച്ചതിലും നന്നായി, വളരെയധികം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, ഈ പുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞു എന്ന് കരുതുന്നു, തീരുമാനിക്കേണ്ടത് ഈ പുസ്തകം വായിക്കാന്‍ വേണ്ടി കൈയില്‍ എടുത്ത താങ്കളാണ്.

ഈ പുസ്തകം നാല് ഭാഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം പുത്തൂര്‍ മുസ്തഫ എഴുതിയ ജനാബ് മാവിലാട്ട് മഹമൂദിന്റെ ഒരു ലഘു ജീവിതചരിത്രമാണ്. മഹമൂദിന്റെ ജീവിത ചരിത്രമെന്നതിലുപരി, അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെകൂടി ഈ ലേഖനം വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. അടുത്ത ഭാഗം 1978-ല്‍ പ്രസിദ്ധീകരിച്ച ‘ഇതിഹാസം – മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’ എന്ന പുസ്തകത്തില്‍ നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങളും കവിതകളുമാണ്. ശ്രീ. ഇ.കെ. നായനാര്‍, ശ്രീ. എന്‍.എ.എം., ശ്രീ. കെ.വി. സൂപ്പി മാസ്റ്റര്‍, ശ്രീ. സെയ്ദ് മുഹമ്മദ് നിസാമി, ശ്രീ എം. പി. വീരേന്ദ്ര കുമാര്‍, ശ്രീ. ഐ.വി. ദാസ് തുടങ്ങിയ പ്രഗത്ഭരുടെ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ‘ഇതിഹാസം-മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’ ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ അന്നത്തെ പാനൂരിന്റെ സമാന്തരചരിത്രരേഖ തന്നെയാണ്.  മാവിലാട്ട് മഹമൂദ് ‘എം. മാവിലാട്ട് ’ എന്ന തൂലികാനാമത്തില്‍ എഴുതിയ ലേഖനങ്ങളാണ് അടുത്ത ഭാഗം. ഭൂരിഭാഗം ലേഖനങ്ങളും അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഒരു പ്രധാന വാരികയായിരുന്ന ‘സുന്നി ടൈംസി’ ലാണ് വെളിച്ചം കണ്ടത്. അക്ഷരങ്ങളുടെ ലോകത്ത് എത്രത്തോളം കൈവഴക്കം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ 19-ാം വയസ്സ് മുതല്‍ 26-ാം വയസ്സില്‍ മരണപ്പെടുന്നതിന്ന് ഏതാനും ദിവസങ്ങള്‍ മുന്‍പ് വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ധാരാളം. ‘അനുബന്ധം’ എന്ന അവസാനത്തെ വിഭാഗത്തില്‍ ‘ഇതിഹാസം’ എന്ന പുസ്തകത്തിലല്ലാതെ പലയിടങ്ങളിലായി മാവിലാട്ട് മഹമൂദിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാവിലാട്ട് മഹമൂദിന്റെ കൊലപാതകത്തെക്കുറിച്ച് ഇപ്പോഴത്തെ (2019) മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ശ്രീ. എ.വി. അബ്ദുള്‍ റഹ്മാന്‍ സാഹിബ് മുതലായവര്‍ 1974-ല്‍ കേരളനിയമസഭയില്‍ ഉന്നയിച്ച ചില പ്രധാന ചോദ്യങ്ങളും അതിന്റെ മറുപടികളും കൂടെ ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ത്ത് http://www.mavilattmahamood.com/ എന്ന പേരില്‍ ഒരു വെബ്സൈറ്റ് കൂടി പുറത്തിറക്കുന്നുണ്ട്.

ഇതില്‍പ്പെടുത്തിയിട്ടുള്ള 1978 ലെ ഇതിഹാസത്തിലെ ലേഖനങ്ങള്‍ അന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ എഴുതിയതാണ്. ദേശീയ സംസ്ഥാനരംഗങ്ങളിലെ മാറിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ പ്രസക്തമല്ലാത്തവ സ്വാഭാവികമായും ഉണ്ടായേക്കാം. സദയം ക്ഷമിക്കുമല്ലോ.

നന്ദി

ഒരു പുസ്തകവും തനിയെ പ്രസിദ്ധീകരിക്കപ്പെടുന്നില്ല, പ്രത്യേ കിച്ച് ഇത് പോലത്തെ ഒരു ഗ്രന്ഥം. 1978 ല്‍ പ്രസിദ്ധീകരിച്ച ‘ഇതിഹാസം- മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’ ആണ് ഈ ഗ്രന്ഥത്തിന്റെ അടിത്തറ. അത് കൊണ്ട് തന്നെ ‘ഇതിഹാസം-മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’ എന്ന പുസ്തകത്തിന്റെ പത്രാധിപ സമിതിക്ക്, ചരിത്രം രേഖപ്പെടുത്താന്‍ അവര്‍ കാണിച്ച ശുഷ്‌കാന്തിക്ക്, ആദ്യമേ നന്ദി പറയട്ടെ. ആ പത്രാധിപ സമിതിയിലെ പലരും, അതോടൊപ്പം ‘ഇതിഹാസം-മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’ എന്ന പുസ്തകത്തില്‍ എഴുതിയവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല, അവരുടെ ഓര്‍മകള്‍ക്ക് മുന്നിലാണ് ഈ പുസ്തകം ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.

മലപ്പുറം ജില്ലയില്‍ താനൂരിലെ ഒരു പഴക്കം ചെന്ന അറബിക് കോളേജ് ആണ് ഇസ്‌ലാഹുല്‍ ഉലൂം. വര്‍ഷങ്ങള്‍ പഴക്കമുള്ള മാസിക കളും വാരികകളും നശിച്ചു പോകാതെ ഈ കോളേജിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചുവെച്ചത് കൊണ്ട് മാത്രമാണ് ജനാബ് മാവിലാട്ട് മഹമൂദിന്റെ ലേഖനങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്. കോളേജ് പ്രിന്‍സിപ്പാള്‍ സി.എ. അബ്ദുസമദ് ഫൈസിയും ലൈബ്രേറിയന്‍ സിദ്ദീഖ് ഫൈസിയും ചെയ്തുതന്ന സഹായങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്.  പ്രതിഫലേച്ഛ കൂടാതെയുള്ള അവരുടെ സേവനത്തിന് അല്ലാഹു ഉചിതമായ പ്രതിഫലം നല്‍കി അവരെ അനുഗ്രഹിക്കട്ടെ. ഒരു ദിവസം മുഴുവന്‍ അവരുടെ ലൈബ്രറിയില്‍ ചിലവഴിച്ച് ലേഖനങ്ങള്‍ പരതിയെടുക്കാനും ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം ഉണ്ടാക്കിയെടുക്കാനും പ്രതിഫലം കാംക്ഷിക്കാതെ സഹായിച്ച ശ്രീജു കുമാര്‍ എന്ന മാന്യ സുഹൃത്തിനും നന്ദി അറിയിക്കുന്നു.

ഈ പുസ്തകം ഈ രീതിയില്‍ പുറത്തിറങ്ങാന്‍ സഹായിച്ച വേറെയും പലരുമുണ്ട്. എല്ലാവരുടെയും പേര് എടുത്തു പറയാന്‍ സ്ഥല പരിമിതിയുണ്ട്. പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ കടമെടുത്തു പറ ഞ്ഞാല്‍ “തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഞങ്ങളോടൊപ്പം, അല്ല ഞങ്ങളുടെ മുന്നില്‍ നിന്ന്, ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സഹായിച്ചവരാണ് നിങ്ങള്‍”. ഈ പുസ്തകം നിങ്ങളുടേത് കൂടിയാണ്.

പത്രാധിപ സമിതി
ശഹീദ് മാവിലാട്ട് മഹമൂദ്
ഒരു ഇതിഹാസത്തിന്റെ പുനര്‍വായന