നിറവേറിയ പ്രാർത്ഥന

എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 29
30 Jan 1967

(പരാക്രമശാലിയായ ഉമര്‍ഫാറൂഖ് (റ) എന്ന ലേഖന പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണിത്. സാങ്കേതിക കാരണങ്ങളാല്‍ ഈ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം ലഭ്യമായിട്ടില്ല -എഡിറ്റര്‍.)

“അല്ലാഹുവിന്റെ റസൂലേ, പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ പാവനമായ തത്വസംഹിതകളെ അക്ഷരംപ്രതി അനുസരിക്കാനും സത്യമതത്തില്‍ അടിയുറച്ച് വിശ്വസിച്ച് ഒരു യഥാര്‍ത്ഥ മുസല്‍മാനായിത്തീരാനുമാണ് അങ്ങയുടെ പുണ്യ സന്നിധാനത്തില്‍ ഞാനാഗതനായിട്ടുള്ളത്” എന്ന് ഉമര്‍ പ്രത്യുത്തരം നല്‍കി.

അത് കേട്ട് പ്രഹര്‍ഷം പൂണ്ട തിരുമേനി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന് നന്ദി പറഞ്ഞു കൊണ്ടു തക്ബീര്‍ ധ്വനികള്‍ മുഴക്കി. ഉമറിന്റെ മതപരിവര്‍ത്തനത്തില്‍ ആഹ്ലാദം പൂണ്ട മുപ്പത്തി ഒന്‍പത് സഖാക്കളും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അനുകരിച്ചുകൊണ്ട് അന്തരീക്ഷം മുഖരമാകുമാറ് അതേറ്റു പാടി. അങ്ങിനെ ആ സുപ്രഭാതം വരെ ഖുറൈശി പ്രമുഖരുടെ ആശാ കേന്ദ്രമായിരുന്ന ആ ധിഷണാശാലി അല്ലാഹുവിന്റെ അനുസരണയുള്ള ഒരടിമയായി മാറി.

ആദ്യത്തെ കൃത്യം

ചരിത്രപുരുഷന്റെ സത്യമതാവലംബത്തിനു മുന്‍പ് ഖുറൈശി പ്രമുഖരായ മതവിരോധികളുടെ മര്‍ദനമുറകളെ ഭയന്ന് മുസ്‌ലിംകള്‍ പരസ്യമായി കഅബ പ്രദക്ഷിണം ചെയ്യുകയോ അവിടെപ്പോയി പ്രാര്‍ത്ഥിക്കുകയോ ചെയ്തിരുന്നില്ല. മറഞ്ഞിരുന്ന് കൊണ്ട് അല്ലാഹുവിന് ആരാധനകള്‍ നടത്തുകയായിരുന്നു അന്നൊക്കെ അവര്‍ ചെയ്തിരുന്നത്. തന്റെ വിശ്വാസാനന്തരം നബി (സ. അ) യുടെ മുമ്പില്‍ നിന്നുകൊണ്ട് വിനയാന്വിതനായി അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ മഹാനായ റസൂലേ, മഹത്തായ ഇസ്ലാം മതത്തെ നാമെന്തിന് ഭീരുക്കളെപ്പോലെ മറഞ്ഞിരുന്ന് പ്രചരിപ്പിക്കണം? അല്ലാഹുവിന്റെ പവിത്രമായ ദീനുല്‍ ഇസ്‌ലാമിന് വേണ്ടി ധര്‍മമാര്‍ഗത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നത് പോലും അപാരമായ പുണ്യമല്ലയോ?”

“അതെ” എന്ന് പ്രവാചക പ്രഭു ഉത്തരമരുളിയപ്പോള്‍ അല്ലാഹുവിന്റെ പാവനമായ കഅബയില്‍ പോയി പരസ്യമായി പ്രാര്‍ത്ഥിക്കാനുള്ള അനുവാദത്തിന് അപേക്ഷിക്കുകയാണ് ഹ: ഉമര്‍ ചെയ്തത്. ആത്മാര്‍ത്ഥമായ ആ അഭിലാഷത്തെ നബി (സ) സസന്തോഷം സ്വീകരിക്കുകയും അതിന്നായി അനുവാദമരുളുകയും ചെയ്തു.

ധീരകേസരിയായ ഹ: ഹംസയുടെയും നവാതിഥി ഹ: ഉമറിന്റെയും നേതൃത്വത്തില്‍ ത്വാഹാ നബിയെ മധ്യത്തില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ജൈത്രയാത്ര കഅബയിലേക്കു നീങ്ങി. തക്ബീര്‍ ധ്വനികളുടെ മാറ്റൊലിയില്‍ മക്ക പട്ടണമാകെ വിറകൊണ്ടു. ഇന്നലെവരെ ഇസ്‌ലാമിനൊരു തലവേദനയായ ഹ: ഉമര്‍ അതാ ഖുറൈശി നേതാക്കളുടെ ആകാശക്കോട്ടകള്‍ തട്ടിത്തകര്‍ത്ത് കൊണ്ട് അവര്‍ക്കൊരു പേടി സ്വപ്‌നമായി മാറുന്നു.

രോമാഞ്ചകരമായ ഈ സന്ദര്‍ഭത്തിലാണ് പ്രവാചക പുംഗവന്‍ ‘ഫാറൂഖ്’, അഥവാ സത്യാസത്യ വിവേചകന്‍ എന്ന പ്രാധാന്യമുള്ള ഓമനപ്പേര് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസത്തോടെ ഇസ്‌ലാം മതാനുയായികളുടെ സംഖ്യ നാല്‍പ്പതായി വര്‍ദ്ധിച്ചു.

നബി (സ) ഹ: ഉമര്‍ ഫാറൂഖിന്റെ സാന്നിധ്യത്തെ അഭിലഷിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചത് ഒരു ബുധനാഴ്ചയായിരുന്നു. വ്യാഴാഴ്ച അദ്ദേഹം ഇസ്‌ലാം മതം വിശ്വസിക്കുകയും ചെയ്തു.

പുതിയ ചൈതന്യം

‘അമീറുല്‍ മുഅ്മിനീന്‍’ എന്ന സ്ഥാനപ്പേര്‍ ഒന്നാമത് കരസ്ഥമാക്കിയ ഹ: ഉമര്‍ ഫാറൂഖിന്റെ മതപരിവര്‍ത്തന പ്രാധാന്യത്തെ പ്രകടിപ്പിക്കുന്ന പല അഭിപ്രായങ്ങളും മഹാന്മാര്‍ അരുളിയിട്ടുണ്ട്. മഹാനായ ഇബ്‌നു അബ്ബാസ് (റ. അ) പറയുന്നു: “ഹ: ഉമര്‍ ഫാറൂക്ക് സത്യമാര്‍ഗമവലംബിച്ചപ്പോള്‍ മലക്ക് ജിബിരീല്‍ (അ. സ) അറേബ്യയിലെ പ്രഗത്ഭനും പ്രശസ്തനുമായ ഹ: ഫാറൂഖിന്റെ ഇസ്‌ലാംമതത്തിലേക്കുള്ള വിജയകരമായ വരവില്‍ ഹര്‍ഷംപൂണ്ട് വാനലോകത്തില്‍ നിന്നും മലക്കുകള്‍ അദ്ദേഹത്തെ അനുമോദിക്കുന്നുവെന്നു നബി സമക്ഷം വന്നു പറയുകയുണ്ടായി”. ഇബ്‌നു മസ്ഊദ് (റ) എന്നവരുടെ അഭിപ്രായം നോക്കുക: “മഹാനായ ഹ: ഉമര്‍ ഫാറൂഖിന്റെ ഇസ്‌ലാം മതാവലംബം ശത്രുഭയത്തെ അകറ്റി ഞങ്ങള്‍ക്ക് ധൈര്യത്തിന്റെ ഒരു നവപ്രചോദനം പ്രദാനം ചെയ്തു”. പ്രസ്തുത അഭിപ്രായങ്ങള്‍ മാത്രം കൂലങ്കുഷമായി പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം സ്പഷ്ടമാകുന്നു.