പുരോഗതി എങ്ങനെ കൈവരുത്താം

എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 51
11-Jul-1969

ആദ്യപിതാവായ ആദമില്‍ നിന്നാരംഭിച്ച് അന്ത്യപ്രവാചക പ്രഭുവില്‍ അവസാനിച്ച പരസഹസ്രം പ്രവാചക ശ്രേഷ്ഠന്മാരുടെ പരിലാളനയേറ്റു പ്രശോഭിച്ച പരിശുദ്ധ ദീനുല്‍ഇസ്ലാം ഇന്ന് ദരിദ്രയാണ്. യുഗയുഗാന്തരങ്ങളോളം ഒരേ ലക്ഷ്യവും ഒരേ മുദ്രാവാക്യവുമായി ദിഗ്വിജയം നടത്തിയ പരിശുദ്ധമതം ഇന്ന് അഗതിയാണ്. അതുല്യരും അനുകരണീയരുമായ നിരവധി ഭരണസാരഥികളുടെയും പ്രഗത്ഭരും പ്രശസ്തരുമായ നിസ്വാര്‍ത്ഥികളും ധീരകേസരികളുമായ ത്യാഗവര്യന്മാരുടെയും നിരന്തര സേവനം മൂലം ധന്യമായ മഹത്തായ മതം ഇന്ന് മന്ദഗതിയിലാണ്.

വിജ്ഞാന ഭാണ്ഡകാരങ്ങളിലേക്കും ചരിത്രശേഖരങ്ങളിലേക്കും ശാസ്ത്രീയ മണ്ഡലങ്ങളിലേക്കും സാംസ്‌കാരിക കോവിലുകളിലേക്കും കാണപ്പെട്ട നിരവധി സംഭാവനകളര്‍പ്പിച്ച ഒരു സമുദായം അതിന്റെ സുവര്‍ണ്ണദശയെ എങ്ങിനെ ത്യജിക്കേണ്ടി വന്നുവെന്ന ചിന്ത ആരെയും അസ്വസ്ഥരാക്കും. മറ്റു സമുദായങ്ങളുടെ ഇന്നത്തെ നിലയും ഒരു കാലത്ത് സര്‍വോന്നതമായിരുന്ന നമ്മുടെ പ്രിയപ്പെട്ട സമുദായത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥയും ഒരു താരതമ്യപഠനത്തിന് വിധേയമാക്കിയാല്‍ നമുക്കുണ്ടായ അധഃപതനത്തിന്റെ അഗാധത അവിടെ കാണാം. അത്രമാത്രം നീണ്ട വൈരുദ്ധ്യങ്ങളും വൈകല്യങ്ങളും ഇന്ന് നമ്മുടെ സംസ്‌ക്കാരത്തെ മര്‍ദ്ദിക്കുകയാണ്. നമ്മുടെ സംസ്‌കാരത്തിന് ബാധിച്ച നിരവധി തെറ്റുകളുടെയും കുറ്റങ്ങളുടെയും പൂപ്പലുകള്‍ ചുരണ്ടിനീക്കി കര്‍ത്തവ്യത്തിന്റെ മണ്ഡലത്തിലേക്ക് ഏകാഗ്രമായ ശ്രദ്ധയോടും സമഗ്രമായ പരിപാടികളോടും അചഞ്ചലമായ ആത്മസ്ഥൈര്യത്തോടും നീങ്ങാന്‍ നാമൊരുങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഇസ്‌ലാമിന് സംഭവിച്ച ഈ ദയനീതക്ക് ഒരു പ്രത്യേക വിഭാഗത്തെ കുറ്റം പറയാന്‍ നിവൃത്തിയില്ല. വിശാലമായി ചിന്തിച്ചാല്‍ ഇന്ന് ജീവിക്കുന്ന ജനസഹ്രസങ്ങളില്‍ അധികപേരും ശിക്ഷാര്‍ഹമായ ഈ കുറ്റം സ്വയം ഏറ്റെടുക്കേണ്ടി വരും. ഇസ്‌ലാമിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവര്‍ ഇന്ന് അംഗുലീപരിമിതമാണ്. കാലത്തിന്റെ തിരശീലക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞ പൗരാണികരുടെ കാല്‍പ്പാടുകളെ ആത്മാര്‍ഥമായി പിന്തുടരുന്ന ചുരുക്കം പേരാകട്ടെ ഇന്ന് ഭൂരിപക്ഷത്തിന്റെ ദൃഷ്ടിയില്‍ അവഹേളിതരുമാണ്. ബാലചാപല്യത്തിന്റെ പ്രതിനിധികള്‍ തൊട്ട് വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ പക്വമതികള്‍ വരെ ഒറ്റയായും സംഘടിതമായും തങ്ങള്‍ ഉള്‍കൊള്ളുന്ന മതത്തെ ഒളിഞ്ഞും തെളിഞ്ഞും അലങ്കോലപ്പെടുത്തുന്നു എന്ന് വരുമ്പോള്‍ ഇസ്‌ലാമിന് അനുഭവിക്കേണ്ടി വരുന്ന തീവ്രമായ പരീക്ഷണഘട്ടത്തെ അപഗ്രഥിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

മതത്തിന്റെയും സമുദായത്തിന്റെയും ചൈതന്യം കുടികൊള്ളുന്നത് യുവഹൃദയങ്ങളിലും മത പണ്ഡിതരിലുമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രഗത്ഭരായ പണ്ഡിതന്മാരുടെയും ഊര്‍ജ്ജസ്വലരായ യുവഹൃദയങ്ങളുടെയും പ്രത്യുല്‍പന്നമതിത്വം ഇന്ന് മന്ദീഭവിച്ചിരിക്കുകയാണ്. ഭൗതികാനുഭൂതിയെ മാത്രം സ്വപ്‌നം കണ്ട് ആദ്ധ്യാത്മിക വിചാരങ്ങളെ വിസ്മരിച്ച് നിദ്രകൊള്ളുന്ന ഒരു വിഭാഗം യുവ മേധാവിത്വത്തിന്റെ നിഷ്ഠൂരകരങ്ങളിലമര്‍ന്ന് നമ്മുടെ സമുദായം ഇന്ന് ശ്വാസംമുട്ടുന്നു. മത നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമായ സ്വാഭിപ്രായങ്ങളുടെയും തെറ്റായ നിഗമനങ്ങളുടെയും വിഷവൃക്ഷത്തിന്റെ തണലില്‍ അവരിന്ന് ആശ്വാസം കണ്ടെത്തുന്നു. ഇസ്‌ലാമിന്റെ പുരോഗമന ദശയില്‍ തങ്ങളുടെ സമപ്രായക്കാര്‍ അന്ന് അര്‍പ്പിച്ച ത്യാഗങ്ങളുടെയും നേടിയെടുത്ത നേട്ടങ്ങളുടെയും വികാരോജ്വലങ്ങളായ ചരിത്രശകലങ്ങള്‍ അന്വേഷിച്ച് അനുകരിക്കുന്നതിലുപരി കലാവല്ലഭന്മാരുടെയും രാഷ്ട്രീയ സാര്‍വഭൗമന്‍മാരുടെയും വീരചരിതങ്ങള്‍ മനഃപാഠമാക്കുന്നത് അഭികാമ്യമായി അവരിന്ന് കരുതുന്നു. എല്ലാറ്റിനുമുപരി ദുഷിച്ചുനാറുന്ന ചലച്ചിത്ര ലോകത്തിലെ മാദകറാണികളെയും മദനകോമളന്മാരെയും ഭക്തിസമന്വിതം പൂവിട്ടു പൂജിക്കാന്‍ പോലും അവരിന്നു വ്യഗ്രത കാട്ടുന്നു.

പരിഷ്‌ക്കാരത്തിന്റെ കാവലാളുകളായ ചില മുസ്‌ലിം നാമധാരികളുടെ മനസ്സിന്റെ അന്തപുരങ്ങള്‍ തുറന്നാല്‍ വിചിത്രങ്ങളായ യുക്തിവാദങ്ങളും വികാരവിചാരങ്ങളും ദുര്‍ഗന്ധം വമിക്കുന്നത് നമുക്കവിടെ കാണാന്‍ കഴിയും. മതത്തിന്റെ അമൂല്യങ്ങളായ തത്വസംഹിതകള്‍ നഗ്‌നമായ, അതിര്‍വരമ്പില്ലാത്ത അവരുടെ അപഥസഞ്ചാരത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. ആ ഒറ്റക്കാരണം കൊണ്ടുതന്നെ ജീവിതസുഖാനുഭൂതിയെ നിലനിര്‍ത്താനായി മതനിയമങ്ങള്‍ക്ക് ഭേദഗതി വരുത്താന്‍ വാദിക്കുകയും സ്വച്ഛന്ദമായ ഒരു വിഹാരവീഥി സൃഷ്ടിക്കാന്‍ പാടുപെടുകയും ചെയ്യുന്ന യുവഹൃദയങ്ങള്‍ മതത്തെ ആപാദചൂഡം വെറുക്കുന്നു. അഥവാ അവരുടെ സ്വതന്ത്രമായ നീക്കത്തില്‍ മതനിയമങ്ങള്‍ അവര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഐഹികമായ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഭാഗഭാക്കുകളാകാനും ഒരു അനുയാത്ര വൃന്ദത്തെ തേടിപ്പിടിച്ച് നേതാവായി ചമയാനുമെ ഇന്ന് യുവാക്കള്‍ക്ക് നേരമുള്ളൂ. പരിമിതമായ അവരുടെ സമയം അനാവശ്യമായ കാര്യങ്ങള്‍ക്കായി പാഴാക്കി അവര്‍ സംതൃപ്തരാകുകയാണ്.

യഥാര്‍ത്ഥത്തില്‍ നമുക്കിന്ന് പണ്ഡിതന്മാരുടെ അഭാവമില്ല. പക്ഷെ അവരുടെ പ്രവര്‍ത്തനക്ഷമത ഇന്ന് മന്ദീഭവിച്ചിരിക്കുകയാണ്. തങ്ങളുടെ കഴിവിന്റെ പരമാവധി മതപുരോഗതിക്കും അതിന്റെ ശ്രേയസ്സിനും വേണ്ടി തിരിച്ചു വിടേണ്ടവരാണവര്‍. നിര്‍ഭാഗ്യവശാല്‍ അനിവാര്യമായ ആ കാര്യം മാറ്റിവെച്ച് സ്വാര്‍ത്ഥത്തിന്റെ വിഴുപ്പു ഭാണ്ഡവും പേറി അവരില്‍ പലരും സമ്പത്തും സ്ഥാനവും അന്വേഷിച്ചോടുന്നു. മറ്റൊരു വിഭാഗമാകട്ടെ പല പുതിയ അഭിപ്രായങ്ങള്‍ കണ്ടുപിടിച്ച് പഴയതൊക്കെ ത്യജിച്ച് മതത്തിന്റെ മൗലികതയെ ഛേദിക്കുകയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും അഗ്‌നിപരീക്ഷകളെ തരണം ചെയ്തു വളര്‍ന്ന, പരിപുഷ്ടമായ പരിശുദ്ധമതത്തിന്റെ വിശാലമായ തത്വസംഹിതകള്‍ പിന്തുടര്‍ന്ന സ്വസഹോദര മാന്യരായ ചിലര്‍ അത്തരം നിലപാടില്‍ നിന്ന് അതീതരാണെന്ന കാര്യം മാത്രമേ നമുക്ക് സമാധാനം നല്‍കുന്നുള്ളൂ.

അസംതൃപ്തിയും അസമാധാനവും നമ്മുടെ സമുദായത്തെ ഇന്നലട്ടുന്നു. പരസ്പരവിദ്വേഷവും നിസ്സഹകരണവും അതിന്റെ സംഹാര താണ്ഡവം നടത്തുകയാണ്. പരസ്പരം ദര്‍ശിക്കുമ്പോള്‍ സമാധാനത്തെ അഭിവാദനം ചെയ്യുന്ന അതേ മുസല്‍മാന്‍ തന്നെ നൊടിയിടകൊണ്ടു സ്വസഹോദരനെതിരില്‍ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നു. കുപ്രസിദ്ധമായ ഈ വിരോധാഭാസം മഹത്തായ ഒരു പ്രാര്‍ഥനയേയും വിശിഷ്ടമായ ഒരു സംസ്‌കാരത്തെയും പരസ്യമായി വ്യഭിചരിക്കുന്ന ജുഗുപ്‌സാവഹമായ ഒരു പ്രവണതയാണെന്നതില്‍ സന്ദേഹമില്ല. ആധുനിക പരിഷ്‌ക്കാരത്തിന്റെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍ സമുദായമദ്ധ്യേ നാം കാണുന്നു. നമ്മെ മണ്ണിട്ടുമൂടാന്‍ ഏകാഗ്രതയോടെ കാത്തിരിക്കുന്ന ഈ മഞ്ഞക്കണ്ണുകള്‍ അപകടകരം ആണെന്ന നഗ്‌നമായ പരമാര്‍ത്ഥം നാമിനിയെങ്കിലും ഓര്‍ക്കുക.

നമ്മുടെ ചുറ്റുപാടുകള്‍ നമുക്കെതിരാണ്. നമ്മുടെ സംസ്‌കാരത്തെ തുരങ്കം വെക്കാനും മതേതരത്വത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ മണ്ണില്‍ നിന്നും തുടച്ചുനീക്കാനുമുള്ള പ്രവണതകള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പിടി വര്‍ഗ്ഗീയകോമരങ്ങളുടെ വിഷം ചീറ്റുന്ന ഹൃദയഭിത്തിക്കുള്ളില്‍ രൂപം കൊണ്ട ആ പുതിയ സ്വപ്നങ്ങള്‍ ഒരിക്കലും സഫലീകൃതമായില്ലെങ്കിലും നമ്മുടെ സുരക്ഷിതത്വത്തിനു ബലമേറിയ സജ്ജീകരണങ്ങള്‍ സമ്പാദിക്കേണ്ടതായിട്ടുണ്ട്. നിശയുടെ നിശബ്ദതയില്‍ ആരുമറിയാതെ നടത്തുന്ന കായികാഭ്യാസങ്ങളെയും വടിപ്പയറ്റുകളെയും അങ്ങനെ തന്നെ അനുകരിക്കണമെന്നല്ല ഞാനുദ്ദേശിക്കുന്നത്. മുസ്‌ലിം സമുദായത്തിന് നേരെ ഏതു ഭാഗത്തു നിന്നായാലും ഉയര്‍ന്നുവരുന്ന കുറുവടികള്‍ക്ക് മറുപടി കൊടുക്കാനുള്ള പരിശീലനങ്ങള്‍ നാം നേടേണ്ടിയിരിക്കുന്നു. ഭാരതം ഒരുപിടി മതഭ്രാന്തന്‍മാരുടെ തറവാട്ടുസ്വത്തല്ലെന്നും നമ്മുടെ രാഷ്ടത്തിന്റെ വിശാലഭൂമിയില്‍ ജീവിക്കാനും മരിക്കാനുമുള്ള മുസല്‍മാന്റെ അവകാശം അനിഷേദ്ധ്യമാണെന്നും രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ സ്ഥിരതയ്ക്ക് വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹൃദ മനോഭാവം അനിവാര്യമാണെന്നും നമുക്കവരെ മനസിലാക്കിക്കേണ്ടതായിട്ടുണ്ട്.

അഭൂതപൂര്‍വവും ആശാവഹവുമായ ഒരു മേഖല അധ്വാനിച്ചുണ്ടാക്കുകയും അധോഗതിയുടെ അവസ്ഥാ വിശേഷം ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇന്നത്തെ മുഖച്ഛായ മാറ്റാനുള്ള ഒരു ഉപാധി. സമുദായത്തിന്റെ പുരോഗതിക്ക് കീറാമുട്ടികളായി കാണുന്ന എന്തും തന്നെ തന്ത്രപരമായ രീതിയില്‍ നീക്കം ചെയ്യുകയും മുന്നോട്ടു സുഗമമായി ഗമിക്കാനുള്ള അനുകൂലമായ ഒരു കാലാവസ്ഥയ്ക്ക് രൂപം കൊടുക്കുകയും ചെയ്താല്‍ അത് ഏറെക്കുറെ ആശാവഹമായിരിക്കും. യുവാക്കളുടെയും പണ്ഡിതന്മാരുടെയും അനാസ്ഥ അടുത്ത തലമുറകളെക്കൂടി നശിപ്പിക്കുമെന്ന് പരിപൂര്‍ണ്ണമായി വിശ്വസിച്ച് എല്ലാം മറന്നുറങ്ങുന്ന ആ ചൈതന്യങ്ങളുടെ മേനിയില്‍ പ്രവര്‍ത്തനശേഷിയുടെ ശുദ്ധജലം തളിച്ച് കര്‍മോല്‍ബുദ്ധരാക്കുകയാണ് നമുക്കഭികാമ്യം. കഴിഞ്ഞു പോയ ‘ഇന്നലെ’കളെ പരതി നടന്നതുകൊണ്ടോ അസ്തമയത്തിലേക്കു കാലൂന്നിയ ‘ഇന്നു’കളെ വീണ്ടും സൃഷ്ടിക്കാന്‍ വൃഥാ പാടുപെട്ടതുകൊണ്ടോ നമുക്കിനി നേട്ടമില്ല. ഉദയം കൊള്ളേണ്ട ‘നാളെ’യെ അക്ഷമരായി കാത്തിരുന്ന് നമ്മുടെ കര്‍ത്തവ്യം നൂറുശതമാനവും വിജയീഭവിപ്പിക്കുകയാണ് നമ്മെ സംബന്ധിച്ചിടത്തോളം ഇനി ലാഭകരം. മഹത്തും ബൃഹത്തുമായ ഒരു ജീവിത വ്യവസ്ഥിതിയുള്‍ക്കൊള്ളുന്ന മാതൃകാപരമായ ഒരു സമുദായത്തെ നെയ്‌തെടുത്ത് ഇസ്‌ലാമിന്റെ സുന്ദരഗാത്രത്തെ അലങ്കരിക്കുന്ന അഭിമാനാര്‍ഹിയായ നെയ്ത്തുകാരനായിരിക്കണം നാമോരോരുത്തരും. ഇഴപൊട്ടുന്ന നിറംമങ്ങുന്ന നിര്‍മാണരീതിയില്‍ നിന്നും അതീതരാകാന്‍ മതനിയമങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ച് ക്ഷമാശീലരായി പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. സര്‍വര്‍ക്കും അനുകരണീയവും മാതൃകാപരവുമായ രീതിയില്‍ നമ്മുടെ പ്രിയപ്പെട്ട മതം അന്ന് പരിലസിച്ചു. നിര്‍ഭാഗ്യവശാല്‍ ആധുനിക പരിഷ്‌ക്കാരത്തിന്റെ ഭ്രാന്തുപിടിച്ച ഒരു തലമുറ ആ പഴയ പ്രൗഢിയെ നാമാവശേഷമാക്കുകയാണ്. നശിച്ചുപോയ നമ്മുടെ പ്രഭാവത്തെ വീണ്ടെടുക്കാന്‍ പ്രതിജ്ഞാബദ്ധരായി ഉണരുകയും നമ്മുടെ കഴിവുകള്‍ ആ മഹത്തായ കാര്യസാഫല്യത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്താല്‍ സുനിശ്ചയം വിജയം നമുക്ക് കരഗതമാകും.