സാഹിത്യ സമാജങ്ങൾ

എം. മാവിലാട്ട്
സുന്നി ടൈംസ്, ലക്കം 2
24 Jul 1967  

വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ മൊട്ടിട്ടു വരുന്ന ആശയാഭിപ്രായങ്ങള്‍ക്ക് നിറം കൊടുത്ത് സല്‍പാന്ഥാവിലേക്ക് അവരെ നയിക്കാനും ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന പ്രസംഗധോരണിയാല്‍ അനുഗ്രഹീതരാക്കാനും പര്യാപ്തമായൊരു പഠനരംഗമത്രെ സാഹിത്യ സമാജങ്ങള്‍. പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് ഉറ്റുനോക്കുന്ന യുവഹൃദയങ്ങള്‍ക്ക് തങ്ങളുടെ ഭാവിയെ സുന്ദരമാക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് തന്നെ സാഹിത്യ സമാജങ്ങള്‍ മഹത്തായ ഒരു ഭാഗ്യമാണ്.

നാളത്തെ പൊന്‍പുലരിയില്‍ മഹത്തേറിയ ദീനുല്‍ ഇസ്‌ലാമിനെ ഉത്തരോത്തരം ഉല്‍കര്‍ഷത്തിലേക്ക് നയിക്കേണ്ടവരാണ് ഇന്നത്തെ മുസ്‌ലിം വിദ്യാര്‍ഥികള്‍. ഇസ്‌ലാം മതത്തിനെതിരെ ഉയര്‍ന്നു വരുന്ന ആക്ഷേപാഭിപ്രായങ്ങള്‍ക്ക് ചുട്ട മറുപടികള്‍ കൊടുക്കാനും ദീനുല്‍ ഇസ്‌ലാമിന്റെ അകത്ത് പൊട്ടിമുളക്കുന്ന നവീനവാദങ്ങളെ ഖണ്ഡിച്ച് യഥാര്‍ത്ഥ മതതത്വങ്ങളെ സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്. അത്രയും വലിയ ഉത്തരവാദിത്വങ്ങള്‍ പതറാതെ വിജയകരമായി കയ്യാളാന്‍ പ്രസംഗ പരിശീലനവും അവര്‍ക്കനിവാര്യമമാണ്. മതപരമാകട്ടെ, രാഷ്ട്രീയമാകട്ടെ, മറ്റെന്തുമാകട്ടെ, അവരുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗം നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. മത പണ്ഡിതന്മാര്‍ മതപ്രസംഗങ്ങള്‍ നടത്തി വിശാലമായ മതതത്വങ്ങളെ അപഗ്രഥിച്ച് സാധാരണക്കാരന് പരിചയപ്പെടുത്തി കറകളഞ്ഞ ഒരു ജീവിത വ്യവസ്ഥിതിയെ പ്രദര്‍ശിപ്പിക്കുന്നതിനും രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ പരിപാടികളെ യുക്തിപൂര്‍വം ബഹുജനങ്ങള്‍ക്കു മനസിലാക്കിക്കൊടുത്ത് അവരെ ആകര്‍ഷിക്കുന്നതിനും പ്രസംഗം പ്രധാനപ്പെട്ട ഒരു ഉപാധിയായി സ്വീകരിക്കുന്നത് നാം കാണുന്നു. ഇസ്‌ലാം മതത്തിന്റെ ചിത്രമെടുത്തു പരിശോധിക്കുമ്പോള്‍ കിരാതമായ ഒരു ജനസഞ്ചയത്തെ സുന്ദരമായ ഒരു തത്വസംഹിതയിലേക്കു ആകര്‍ഷിക്കുവാന്‍ ആദ്യ കാലം മുതല്‍ക്കു തന്നെ മതപ്രവാചകന്മാരും, പണ്ഡിതന്മാരും, നേതാക്കളും പ്രധാനമായും കാര്യമാത്രപ്രസക്തങ്ങളായ പ്രഭാഷണങ്ങള്‍ മുഖേന ശ്രമിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നു. പ്രവര്‍ത്തനക്ഷമത ഉറങ്ങി കിടക്കുന്നവന് ആവേശം പ്രദാനം ചെയ്ത് അവനെ കര്‍മനിരതനാക്കാനും ഇരുത്തിച്ചിന്തിപ്പിക്കാനും കഴമ്പുറ്റ പ്രസംഗങ്ങള്‍ക്ക് കഴിയുന്നു. മിതമായി പറഞ്ഞാല്‍ പ്രസംഗത്തിനുള്ള പ്രാധാന്യം നാനാവിധേനയും കനത്തതാണ്.

സഭാകമ്പം

സഭാകമ്പത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്കറിയാവുന്നതും പറയാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ ഒരു സദസ്സിനെ അഭിമുഖീകരിച്ച് പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോകുന്നു. വായനക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്യുന്ന ചില ഒന്നാന്തരം എഴുത്തുകാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രസംഗിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ സഭാകമ്പത്തിന്റെ കറുത്ത കരങ്ങളാണുള്ളത്. വലിയവര്‍ക്ക് തന്നെ ചെറുവിഷയങ്ങളെ പുരസ്‌ക്കരിച്ച് കൊച്ചു സദസ്സുകളില്‍ പോലും സംസാരിക്കുമ്പോള്‍ ദേഹമാകെ തന്നെ വിറ കൊള്ളുന്നത് സഭാകമ്പം മൂലമാണ്. പലരുടെയും ഭാവിയുടെ മുമ്പില്‍ ഒരു കീറാമുട്ടിയായി സ്ഥിതി ചെയ്യുന്ന സഭാകമ്പം ദൂരീകരിച്ചാലേ നമ്മുടെ അഭിപ്രായങ്ങള്‍ എവിടെവച്ചായാലും വെട്ടിത്തുറന്നു പറയാന്‍ നമുക്ക് കഴിയുകയുള്ളു. അതുകൊണ്ട് നമ്മുടെ ഭാവിയെ നാം കാംക്ഷിക്കുന്നുണ്ടെങ്കില്‍ സാഹിത്യ സമാജങ്ങള്‍ രൂപീകരിച്ച് സജീവമാക്കാന്‍ പരിശ്രമിക്കുക.

ആശാവഹമായ ശ്രമം

പ്രസംഗസ്ഥലങ്ങളില്‍ പങ്കെടുക്കാനും പലരുടെയും വാഗ്ധോരണി കേട്ടാസ്വദിക്കാനും നമുക്ക് ഭാഗ്യം ലഭിക്കാറുണ്ട്. അവരുടെ അനസ്യൂതമായി നിര്‍ഗ്ഗളിക്കുന്ന ഭാഷാശൈലിയും കഴമ്പുറ്റ അഭിപ്രായപ്രകടനങ്ങളിലും നാം വികാരഭരിതരാകാറുണ്ട്. നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന അവരും കൊച്ചു സമാജങ്ങളിലും മറ്റും പങ്കെടുത്ത് നേടിയെടുത്തതാണ് പ്രസ്തുത കഴിവുകള്‍ എന്ന കാര്യം ഓര്‍മിക്കുക. സാഹിത്യ സമാജങ്ങളില്‍ പങ്കെടുത്ത് പരിചയിച്ചാല്‍ അത്തരം ഒരുന്നത നിലവാരത്തിലേക്ക് ഉയരാന്‍ നമുക്കും സാധ്യമാണ്.

രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നിരവധി ദറസുകളും മദ്രസ്സകളും ഇന്ന് നമുക്കുണ്ട്. വളരെയധികം അദ്ധ്യേതാക്കള്‍ പഠനം നടത്തുന്ന പ്രസ്തുത സ്ഥാപനങ്ങളില്‍ സാഹിത്യ സമാജങ്ങള്‍ രൂപീകരിക്കുന്നത് വളരെ നല്ലതാണ്. മതപരമായും മറ്റുമുള്ള ചെറിയ വിഷയങ്ങളെ തിരഞ്ഞെടുത്ത് അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന പക്ഷം അഭിപ്രായ വിനിമയം ചെയ്യാനും തദ്വാരാ നിരവധി കാര്യങ്ങള്‍ പുതുതായി പഠിച്ച് ഹൃദിസ്ഥമാക്കാനും നമുക്ക് കഴിയുമെന്നതില്‍ സംശയമില്ല. മതപരമായ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി പൊതുരംഗത്തിറങ്ങുമ്പോള്‍ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് നല്‍കാനും അവരെ ധരിപ്പിക്കാനും സാഹിത്യ സമാജങ്ങളിലൂടെ നമുക്കു ലഭിക്കുന്ന പരിചയം മൂലം സാധിക്കുന്നു. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുറച്ചു മണിക്കൂറുകള്‍ സാഹിത്യ സമാജങ്ങള്‍ക്കായി മാറ്റിവെച്ച് സ്വന്തം ഭാവിയെ മെനഞ്ഞെടുക്കുവാന്‍ നമ്മുടെ ശ്രദ്ധ പതിയേണ്ടതാവശ്യമാണ്. നമുക്ക് തന്നെ ഗുണം സിദ്ധിക്കുന്ന ആ ശ്രമം തികച്ചും ആശാവഹമായിരിക്കും.

ശീലം വളര്‍ത്തുക

നമ്മുടെ സമുദായത്തില്‍ ഇന്ന് നീറുന്ന നിരവധി അനുഭവങ്ങള്‍ തലപൊക്കിയിരിക്കുന്നു. ദിനംപ്രതി അഭിപ്രായങ്ങളുടെയും ആചാരങ്ങളുടെയും അലകും പിടിയും മാറ്റി പുതുക്കിയ സിദ്ധാന്തങ്ങളിലേക്ക് ജനങ്ങളെ ചാക്കിട്ടു പിടിക്കാന്‍ ചില സ്വാര്‍ത്ഥികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു ഘട്ടമാണിത്. അവരുടെ നവീനവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാണിച്ച്, അറിയാതെ അവരുടെ മാന്ത്രിക വലയില്‍ കുടുങ്ങിപ്പോകുന്ന സഹോദരന്മാര്‍ക്ക് വെളിച്ചം പ്രദാനം ചെയ്തു കൊണ്ട് നാനാവിധേനയും നമ്മുടെ പണ്ഡിതവര്യര്‍ ഇന്ന് വിജയകരമായി പരിശ്രമിക്കുന്നുണ്ട്. ഒരു പക്ഷെ അടുത്ത ഭാവിയില്‍ ആ ഉത്തരവാദിത്വം നമ്മുടെ ചുമലിലേല്‍ക്കേണ്ടിവരുന്നതാണ്. ഇസ്‌ലാം മതത്തിന്റെ ശത്രുക്കളുടെ – അവരാരായിരുന്നാലും ശരി – നീചോദ്ദേശത്തെ പ്രഭാഷണങ്ങളിലൂടെയും മറ്റും വ്യക്തമാക്കാന്‍ നമുക്ക് കഴിയണം. ചെറുപ്പ കാലങ്ങളില്‍ തന്നെ അതിനുള്ള കരുക്കള്‍ നമുക്കാരായേണ്ടതുണ്ട്. “ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം” എന്നാണല്ലോ ആപ്തവാക്യം. തന്നിമിത്തം വിദ്യാഭ്യാസ കാലത്ത് തന്നെ സാഹിത്യ സമാജങ്ങള്‍ രൂപീകരിക്കാന്‍ നാം ഉത്സാഹിക്കേണ്ടതാണ്.

എടുത്തുചാട്ടം പാടില്ല

സാഹിത്യ സമാജങ്ങളില്‍ ആദ്യമൊക്കെ ചെറിയ വിഷയങ്ങള്‍ മാത്രം അവതരിപ്പിച്ച് ചര്‍ച്ച നടത്തിയാല്‍ മതി. തുടക്കത്തില്‍ തന്നെ എടുത്തുചാടാന്‍ ശ്രമിക്കുന്നത് അവിവേകവും പരാജയ ലക്ഷണവുമാണ്. സഹപാഠികള്‍ പ്രസംഗിക്കുകയും ഉപന്യാസങ്ങള്‍ പാരായണം ചെയ്യുകയും ചെയ്യുമ്പോള്‍ അവിചാരിതമായി സംഭവിക്കുന്ന തെറ്റുകളെ കുത്തിപ്പൊക്കി അപഹസിക്കുവാന്‍ മുതിരരുത്. സഭാകമ്പത്തില്‍ നിന്ന് മെല്ലെ മുക്തി നേടുമ്പോള്‍ പരിഹാസത്തിനു പാത്രമാകുന്ന പക്ഷം വീണ്ടും കുഴപ്പത്തില്‍ ചാടാന്‍ ഇടയുണ്ട്. തികഞ്ഞ അച്ചടക്കപാലനം സമാജത്തിന്റെ ദീര്‍ഘായുസ്സിന് പ്രധാനമായും ആവശ്യമാണ്. പ്രസംഗിക്കാന്‍ തീരെ കഴിവില്ലാത്തവര്‍ ഉപന്യാസങ്ങള്‍ വായിച്ചും എഴുതി ഹൃദിസ്ഥമാക്കിയും ശ്രമിച്ചാല്‍ വിജയിക്കാനെളുപ്പമുണ്ട്. അതിനും സാധ്യമല്ലെങ്കില്‍ സമാജങ്ങളില്‍ പങ്കെടുത്ത് പറയുന്ന കാര്യങ്ങളെ ശ്രദ്ധാപൂര്‍വം കേട്ട് മനസ്സിലാക്കേണ്ടതാണ്. ഇടയ്ക്കിടെ ഗാനങ്ങളും ബൈത്തുകളും പരിപാടിയില്‍ കൂട്ടിച്ചേര്‍ത്താല്‍ വിദ്യാര്‍ഥികള്‍ക്ക് ആ വഴിക്കും തങ്ങളുടെ കലാബോധം പ്രകടിപ്പിക്കാനും ശ്രോതാക്കള്‍ക്ക് ആനന്ദിക്കാനും സന്ദര്‍ഭം ലഭിക്കുന്നു. അതു കൊണ്ട് മദ്രസകളിലും മറ്റും സാഹിത്യസമാജങ്ങള്‍ രൂപീകരിക്കുവാന്‍ നാം ശ്രദ്ധ പതിപ്പിക്കുക. ആരംഭത്തില്‍ നമുക്ക് തെറ്റ് പറ്റിയെന്നുവരാം, സാരമില്ല. കാലക്രമേണ തെറ്റുകളില്‍ നിന്നും സുരക്ഷിതരായി, ശ്രോതാക്കളെ പിടിച്ചു കുലുക്കുന്ന ഗംഭീരപ്രഭാഷണങ്ങള്‍ നമ്മില്‍ നിന്ന് തന്നെ ഉണ്ടാവുന്ന കാലം വിദൂരമല്ല. അപ്പോള്‍ ചെറിയ വിഷയങ്ങള്‍ തൊട്ട് അഗാധമായ കാര്യങ്ങള്‍ വരെ തളരാതെ കയ്യാളാന്‍ നമുക്ക് സാധ്യമാകുന്നതാണ്. സാഹിത്യ സമാജങ്ങളിലൂടെ പരിചയിച്ച് നാമുയരാന്‍ ശ്രമിക്കുന്ന പക്ഷം അത് നമുക്കും വിശിഷ്യാ ദീനുല്‍ ഇസ്‌ലാമിനും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു നേട്ടമായിരിക്കും. മദ്രസ്സ അധ്യാപകന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ ഈ കാര്യത്തിലും അടിയന്തരമായി പതിയുമെന്നു പ്രത്യാശിക്കുന്നു.