ചില ചിതറിയ ചിന്തകള്‍; പാനൂരിന്റെ കദനകഥ / ഐ.വി. ദാസ്

ചില ചിതറിയ ചിന്തകള്‍; പാനൂരിന്റെ കദനകഥ

ഐ.വി. ദാസ്

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി പാനൂരിന്റെ കഥ തികച്ചും ഒരു കദന കഥയാണ്. പാനൂര്‍ എന്ന പദം കൊണ്ട് ഞാനിവിടെ ഉദ്ദേശിക്കുന്നത് പാനൂര്‍, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍, മൊകേരി, പന്ന്യന്നൂര്‍, പാട്യം മുതലായ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന പെരിങ്ങളം മണ്ഡലത്തെയാണ്. ഇവിടെ എവിടെത്തിരിഞ്ഞു നോക്കിയാലും കത്തിക്കുത്തുകളുടെയും മര്‍ദ്ദനങ്ങളുടെയും പാടുകളേറ്റവരെ ധാരാളമായി കാണാന്‍ കഴിയും. സ്ഥാവര ജംഗമ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ട അനേകം കുടുംബങ്ങളേയും വ്യക്തികളെയും നമുക്കിവിടെ കാണാം. പോലീസ് മര്‍ദ്ദനമേറ്റവരും കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട് നായാടപ്പെട്ടവരും നിരവധിയാണ്. കൊലപാതകത്തേക്കാള്‍ ഹൃദയഭേദകമായ വിധം തെറിവിളികള്‍ നടത്തി തേജോവധം ചെയ്യപ്പെട്ടവര്‍ ചില്ലറയല്ല. ഡെമോക്‌ളസിന്റെ വാൾ പോലെ സദാ ഭീഷണികള്‍ തൂക്കിനിര്‍ത്തി ഭീരുക്കളാക്കപ്പെട്ടവരെ സഹസ്രകണക്കില്‍ തന്നെ കാണാം. അടക്ക കള്ളന്മാര്‍ കായംകുളം കൊച്ചുണ്ണിമാരായും ആനക്കള്ളന്മാര്‍ ഹരിശ്ചന്ദ്രന്‍ന്മാരായും ചിത്രീകരിക്കപ്പെടുന്ന പ്രചരണതന്ത്രം ഇവിടെ സമര്‍ത്ഥമായി ചലിക്കപ്പെടുന്നത് ഒരു നിത്യസംഭവമാണ്. ഇതിനെല്ലാം പുറമെ ആസൂത്രിതമായ വിധം സംഘടിതമായ കൊലപാതക പരമ്പരകളും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. അറിയപ്പെടുന്ന കൊലകളും അറിയപ്പെടാത്ത കൊലകളും!

അറിയപ്പെടുന്ന കൊലകള്‍ക്ക് വിധേയമായി രക്തസാക്ഷികളായിത്തീര്‍ന്നവര്‍ ഇവരാണ്; വി.എം. കൃഷ്ണന്‍ (കല്ലിക്കണ്ടി), മാവിലാട്ട് മഹമൂദ് (പാനൂര്‍), മൊട്ടേമ്മല്‍ ബാലന്‍ (കൊളവല്ലൂര്‍). നിത്യേനയെന്നോണം നായാടപ്പെട്ടതിന്റെ ഫലമായി നിരാശനായി നന്തോന്‍ കണ്ണന്‍ ആത്മഹത്യ ചെയ്തത് ഈയടുത്ത കാലത്താണ്.

നിരന്തരമായ സംഘര്‍ഷവും സംഘട്ടനങ്ങളും പാനൂര്‍ പ്രദേശത്തെ ജീവിതത്തിന്റെ സ്ഥായിയായ ഭാവമായിരുന്നു, കുറെ കൊല്ലങ്ങളായി. ഏത് ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകുമല്ലോ. സംഘര്‍ഷഭരിതമായ ഈ അന്തരീക്ഷത്തില്‍ സംഭവിച്ച റിയാക്ഷന്റെ ഫലമായി മരണടഞ്ഞവരുമുണ്ട്. പൊയിലൂരിലെ വി.പി. കുമാരന്‍ മുതല്‍ കൈവേലിക്കല്‍ ഗോവിന്ദന്‍ വരെയുള്ളവര്‍, ഇവര്‍ രക്തസാക്ഷികളല്ല. രക്തസാക്ഷികളെന്നാല്‍ മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചില ആദര്‍ശങ്ങളുടെ പേരില്‍ ജീവന്‍ ത്യജിച്ചവരോ ത്യജിക്കേണ്ടിവന്നവരോ ആണല്ലോ. ഈ പട്ടികയില്‍പ്പെട്ടവരെല്ലെങ്കിലും ഇവരും മരിക്കേണ്ടി വന്നു. ഇവര്‍ മരിക്കേണ്ടി വന്നത് ഇവര്‍ക്ക് വേണ്ടിയല്ല. മറ്റാര്‍ക്കോ വേണ്ടിയാണ്. ഇവര്‍ ആര്‍ക്ക് വേണ്ടി ജീവന്‍ കളഞ്ഞുവോ ആ ആളാണ് പാനൂര്‍ പ്രദേശത്തെ തുടര്‍ച്ചയായ സംഘര്‍ഷ സംഘട്ടനങ്ങളുടെ പ്രഭവകേന്ദ്രം.

“മകനേ, എല്ലാം നിനക്ക് വേണ്ടി” എന്ന ശൈലിയില്‍ പറഞ്ഞാല്‍ പാനൂര്‍ പ്രദേശത്തെ ഇതെല്ലാം ആത്യന്തികമായി അവനുവേണ്ടി, അവന്റെ കുടുംബത്തിനു വേണ്ടി മാത്രമായിരുന്നു. “ജന്റില്‍മേന്‍ റൗഡി”, “വില്ലേജ് ടയറന്റ്” (ഗ്രാമീണ ഭീകരന്‍) എന്നൊക്കെയുള്ള വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന കുപ്രസിദ്ധനാണ് ആ കഥാപുരുഷന്‍.

2

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളി ല്‍ പല നിറത്തിലും തരത്തിലും ജീവിതഭദ്രതയെ ഭഞ്ജിക്കുന്ന പ്രാദേശികവും സങ്കുചിതവുമായ ചില ഗുണ്ടാ പ്രസ്ഥാനങ്ങളെയും സാമൂഹ്യ വിരുദ്ധശക്തികളെയും അവയുടെ വിളനിലങ്ങളായ ചില പ്രദേശങ്ങളെയും എടുത്ത് പ്രത്യേകം പ്രത്യേകം പരിശോധിക്കേണ്ടതാവശ്യമാണ്. ബോംബെയിലെ ശിവസേന, മദ്ധ്യപ്രദേശിലെ ഭീമസേന, ചമ്പല്‍ താഴ്‌വരയിലെ കൊള്ള പ്രസ്ഥാനം, പാനൂരിലെ ഗ്രാമീണ ഭീകരപ്രസ്ഥാനം; ഇവയുടെ വലുപ്പചെറുപ്പങ്ങള്‍ സൂക്ഷ്മവിശകലനത്തിന് വിഘാതമാക്കേണ്ടതില്ല. ഉള്ളടക്കത്തില്‍ ഈ സാമൂഹ്യ വിരുദ്ധ ഭീകരപ്രസ്ഥാനങ്ങള്‍ തമ്മില്‍ ഒരുതരം രക്തബന്ധം കാണാന്‍ കഴിയും. എല്ലാറ്റിന്റെയും പൊതുസ്വഭാവം സമര്‍ത്ഥമായ ചൂഷണവും തട്ടിപ്പും മാനുഷിക മൂല്യനിഷേധവും തന്നെയാണ്. ഇത്തരം ഭീകരഗുണ്ടാപ്രസ്ഥാനങ്ങള്‍ സാമൂഹ്യജീവിതത്തിലെ ഒരുതരം ദുര്‍മേദസ്സുകളാണ്. ഇതിന്നാധാരമായ സാമൂഹ്യശാസ്ത്ര സംബന്ധമായ കാര്യകാരണങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്തം ശാസ്ത്ര വിദഗ്ദ്ധന്മാര്‍ക്ക് വിട്ടുകൊടുക്കാം. എന്നാല്‍ നമ്മുടെ സാമൂഹ്യജീവിതത്തെ രക്താര്‍ബുദം പോലെ ഇന്നും സ്ഥായിയായി ശല്യപ്പെടുത്തുന്നു ഈ ഭീകരഗുണ്ടാ പ്രസ്ഥാനങ്ങള്‍ എന്ന വസ്തുത സത്യമായിതന്നെ നിലനില്‍ക്കുന്നു. പ്രമേഹരോഗബാധയേറ്റ ഒരു ശരീരത്തില്‍ ഉണിക്കുരുകള്‍ പോലെയും ജീര്‍ണ്ണമായ പോറല്‍ പോലെയും അസ്വസ്ഥജനകമാണ് ഇത്തരം ഭീകര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ഈ ഗണത്തില്‍ പെടുന്നു പാനൂര്‍ പ്രദേശവും.

3

ചില വിശിഷ്ടവ്യക്തികളും അവരുടെ ആശയങ്ങളും മഹത്തായ പ്രസ്ഥാനങ്ങളുടെ പ്രഭവകേന്ദ്രങ്ങളായിത്തീരാറുണ്ട്. മറിച്ച് ചില ദുഷ്ട വ്യക്തികളും അവരുടെ കൗശലങ്ങളും നയോപായങ്ങളും ചില പൈശാചിക ശക്തികളെ കെട്ടഴിച്ചു വിടാറുമുണ്ട്. ചരിത്രത്തിന്റെ ഒരുതരം താളപിഴ തന്നെയാണ് ഈ പ്രതിഭാസം. ബോംബെയിലെ ബാല്‍താക്കറെ, ചമ്പല്‍ താഴ്‌വരയിലെ മാന്‍സിംഗ്, പാനൂരിലെ ജന്റില്‍മേന്‍ റൗഡി ഇവരൊക്കെ ഈ രണ്ടാമത്തെ ഇനത്തില്‍പെട്ട അധമവ്യക്തികളത്രേ. ഇവരുടെ പ്രധാന ലക്ഷ്യം എന്ത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് ധനസമ്പാദനം തന്നെ. ഏറെക്കുറെ നിസ്വരായി ജീവിതമാരംഭിച്ച ഇത്തരക്കാരില്‍ പലരും വായുവേഗത്തില്‍ ലക്ഷാധിപന്മാരും കോടീശ്വരന്മാരുമായി വളര്‍ന്നുവരുന്നു. ഇവരുടെ വളര്‍ച്ചക്കാവശ്യമായ ജീവരക്തം നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍ തന്നെ നല്‍കേണ്ടി വരുന്നു. എന്തു ക്രൂരതയും അവര്‍ക്കൊരു ഭൂഷണവും തൊടുകുറിയുമാണ്. ഇത്തരം ക്രൗര്യത്തിന്റെ നഗ്‌നമായ ഒരുദാഹരണം ഓര്‍മവരുന്നു. ആദര്‍ശധീരനായ മാവിലാട്ട് മഹമൂദ് കൊല ചെയ്യപ്പെട്ടു. മഹമൂദിന്റെ വന്ദ്യപിതാവ് പോഷകാഹാരങ്ങള്‍ കൊടുത്ത് ഊട്ടിവളര്‍ത്തിയ പാനൂര്‍ ഭീകരമുഖ്യന്‍ മഹമൂദിന്റെ കൊലയാളിയെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വലിയ ഫണ്ട് സ്വരൂപിക്കുന്നു. നിയമരംഗത്തെ സര്‍ക്കസുകള്‍ കളിക്കുന്നു. കൊലയാളി രക്ഷപ്പെടുന്നു. തുടര്‍ന്ന് ഘാതകന് പൂമാലകള്‍ നല്‍കി സ്വീകരണം സംഘടിപ്പിക്കുന്നു. ഈ ഘാതകന്‍ ഒരു ഹീറോ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. വേണ്ടി വന്നാല്‍ ഇത്തരം അറുംകൊലകള്‍ ഇനിയും നടത്തുമെന്ന് ഉദ്‌ഘോഷിക്കുന്നു. കേസ്സ് നടത്താന്‍ പിരിച്ച ലക്ഷകണക്കിന് ഫണ്ടില്‍ കേസ്സിന് വേണ്ട തുച്ഛമായ സംഖ്യ കഴിച്ചുള്ള മിച്ചം മുഖ്യഭീകരന്റെ കുടുംബസ്വത്ത് വര്‍ദ്ധി പ്പിക്കാനുള്ള ഉപാധിയായിത്തീരുന്നു. ലാഭം ആ ദുഷ്ടവ്യക്തിക്കും; എല്ലാം കൊണ്ടും നഷ്ടം സമൂഹത്തിന്നും, ഇതാണ് പാനൂരിന്റെ കദനകഥ!

4

പാനൂരിലെ ദുഷ്ടഭീകരപ്രസ്ഥാനത്തിന്റെ ആരോഹണം മാവിലാട്ട് മഹമൂദിന്റെ കൊലയില്‍ എത്തി നിന്നു. അവിടെ നിന്നും ഇതിന്റെ അവരോഹണം ആരംഭിച്ച് ഇപ്പോള്‍ താഴോട്ട് ഇറങ്ങിവരികയാണ്. ഈ ഇറക്കത്തിന്റെ, തകര്‍ച്ചയുടെ, അലിഞ്ഞലിഞ്ഞ് പോകലിന്റെ സൂചനകള്‍ തെളിമയോടെ ആര്‍ക്കും കാണാന്‍ സാധിക്കും.

കാല്‍ നൂറ്റാണ്ടിലേറെകാലം ഒരു കൊച്ചുപ്രദേശത്തെ ചവിട്ടിയരച്ച് ഞെരിച്ച് തെറിപ്പിച്ച ചുടുനിണം ഊറ്റിക്കുടിച്ച് തടിച്ചു വളര്‍ന്ന പാനൂരിലെ പരിഷ്‌കൃത വേഷധാരിയായ രാക്ഷസന്‍ ഇപ്പോള്‍ പല്ല് പോയ പാമ്പിനെ പോലെ, ചരട് പൊട്ടിയ പട്ടം പോലെ അവശനും അസ്വസ്ഥനുമായിത്തീര്‍ന്നിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ സ്വാഭാവികമായ തകര്‍ച്ചയെ നേരിടുകയാണ് ആ ഗ്രാമീണ ഭീകരനായകനും അയാളുടെ പ്രസ്ഥാനവും. കാലം നടത്തുന്ന ആ പ്രക്രിയ പൂര്‍ത്തിയാകുന്നത് നമുക്ക് കാത്തിരുന്ന് കാണാം. അതോടെ പാനൂരിന്റെ കദനകഥയുടെ പരിണാമ ഗുപ്തിയും!