ആദര്‍ശത്തിനു വേണ്ടി രക്തം ചിന്തിയ ധര്‍മഭടന്‍
ഇസ്ഹാക് അലി കല്ലിക്കണ്ടി
1974 ജനുവരി 12!
പാനൂരില്‍ ദുഃഖത്തിന്റെ കരിമുകില്‍ത്തുണ്ടുകള്‍ ഉരുണ്ടു കൂടി നിന്ന ദിനം. എല്ലാ മിഴികളും അന്നവിടെ നനഞ്ഞു. എല്ലാ ഹൃദയങ്ങളും അന്നവിടെ പിടഞ്ഞു. അന്നാണ് ജനാബ് മാവിലാട്ട് മഹമൂദ് മൃഗീയമായി കൊല ചെയ്യപ്പെട്ടത്. ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയായിരുന്നു ആ അറുകൊല.
മാവിലാട്ട് മഹമൂദ് മുസ്‌ലിം ലീഗിന്റെ വളര്‍ന്നു വരുന്നൊരു കര്‍മധീരനായിരുന്നു. സമുദായത്തിനും, സംഘടനയ്ക്കും ആ യുവാവ് ആവേശം നല്‍കി. പാനൂരില്‍ മുസ്‌ലിംലീഗിന്റെ വളര്‍ച്ചയ്ക്ക് വലിയൊരനുഗ്രഹമായിരുന്നു മഹമൂദിന്റെ രംഗപ്രവേശം. ജനങ്ങളുടെ പ്രീതിയും അനുഗ്രഹവും നേടാന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിഞ്ഞു. !
പക്ഷെ, പാനൂരിന്നൊരു പ്രത്യേകതയുണ്ടല്ലോ. അവിടെയെല്ലാവരും ഒരേ മാര്‍ഗ്ഗത്തില്‍ ചിന്തിക്കണം. ഒരൊറ്റ നേതാവിനെ അംഗീകരിക്കണം. ഒരൊറ്റ പാര്‍ട്ടിയായി നില്‍ക്കണം. ഒരേയൊരു കൊടിപിടിക്കണം. ഇതിനൊന്നും കീഴടങ്ങാത്തവരെല്ലാം ഇവിടെ നോട്ടപ്പുള്ളികളായിരുന്നു. അവരെ തേജോവധം ചെയ്യുവാനോ, മര്‍ദ്ദിച്ചൊതുക്കാനോ, വകവരുത്താനോ ഉള്ള സംഘടിത തന്ത്രങ്ങള്‍ ഇവിടെ നിത്യസംഭവങ്ങളായിരുന്നു. ഇത്തരം സംഘടിതാക്രമങ്ങള്‍ക്കു വിധേയരായവര്‍ ഇവിടെ നിരവധിയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും ഒരവസരത്തിലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ഈ അനുഭവമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരും, സോഷ്യലിസ്റ്റുകാരും, കമ്മ്യൂണിസ്റ്റുകാരും മുസ്‌ലിം ലീഗുകാരുമെല്ലാം ഇതിന്നു വിധേയരായവരാണല്ലോ.
ജനാബ് മാവിലാട്ട് മഹമൂദും നോട്ടപ്പുള്ളിയായത് മേല്‍പറഞ്ഞ പശ്ചാത്തലത്തിലാണ്. പാനൂരില്‍ നിലനിന്നുപോന്ന ഫ്യൂഡലിസ്റ്റു വ്യവസ്ഥയെ ചോദ്യം ചെയ്യുവാന്‍ ആ യുവാവ് ധൈര്യം കാണിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്നതിനും, പ്രവര്‍ത്തിക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന ശക്തികളുടെ മുമ്പില്‍ അദ്ദേഹം ചൂളിപ്പോയില്ല. ഈ ചലനം ശത്രുപാളയത്തില്‍ ഗൂഢാലോചനകളുടെ മുറുക്കം കൂട്ടി. ഒടുവില്‍ അത് മറനീക്കി രംഗത്താടി. ഒരു ഘാതകന്‍ വിലക്കെടുക്കപ്പെട്ടു.
അവന്റെ കഠാര പാനൂര്‍ ടൗണില്‍ കുരുതിക്കളം സൃഷ്ടിച്ചു. ജനാബ് മാവിലാട്ട് മഹമൂദ് രക്തസാക്ഷിയായി! ഒരു കുടുംബത്തെ അനാഥമാക്കാനും, നിത്യദുഃഖത്തിലാഴ്ത്താനും ആ കഠാരയ്ക്കും അതിന്നു പ്രചോദനം നല്‍കിയ ഗൂഢാലോചനയ്ക്കും കഴിഞ്ഞേക്കാം. പക്ഷെ മഹമൂദ് ഉയര്‍ത്തിപിടിച്ച ആദര്‍ശങ്ങള്‍ ഒരിക്കലും അനാഥമാവുകയില്ല. തിരിയില്‍ നിന്നു കൊളുത്തിയ പന്തമായി അത് സമൂഹമാകെ ആളിപ്പിടിക്കും വരുംനാളുകളില്‍.