എന്റെ ഓര്‍മയില്‍ മിന്നുന്ന ഒരു രക്തനക്ഷത്രം / എം.പി. വീരേന്ദ്രകുമാര്‍

എന്റെ ഓര്‍മയില്‍ മിന്നുന്ന ഒരു രക്തനക്ഷത്രം

എം.പി. വീരേന്ദ്രകുമാര്‍

ത്യാഗത്തിന്റെ തപസ്യയിലൂടെ ഇതിഹാസം രചിച്ച പലരും രക്തം കൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വില നല്‍കേണ്ടി വന്നിട്ടുണ്ട്. ആ രക്തമാണ് ചലനമറ്റ മനസ്സുകളെ ഇളക്കിമറിച്ചത്. ഭീരുക്കളെ കര്‍മോന്‍മുഖരാക്കിയ രക്തസാക്ഷിയാണ് മഹമൂദ്.

മഹമൂദ് നല്ലവനായിരുന്നു, കര്‍മധീരനായിരുന്നു; ഊര്‍ജ്ജ്വസ്വലനായിരുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. 1974 ജനുവരി 12-ന് ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണം കൊണ്ട് രക്തസാക്ഷിയാകേണ്ടി വന്നു. ഞാനും സ. ശ്രീധരനും അബുസാഹിബും മറ്റും 13 ന് ഉച്ചയോടെ പാനൂരിലെത്തി. ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകള്‍ മഹമൂദിന്റെ മൃതശരീരം അവസാനമായൊന്നു കാണുവാന്‍ വീട്ടില്‍ തടിച്ചുകൂടിയിരുന്നു. മുസ്‌ലിം ലീഗിന്റേയും, മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കളായ വി.പി. മഹമൂദ് ഹാജിസാഹിബും പാട്യം ഗോപാലനുമടക്കമുള്ള നിരവധി നേതാക്കള്‍ മഹമൂദിന്റെ വീട്ടില്‍ നേരത്തെതന്നെ എത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ സമുന്നതനേതാക്കളായ ജഃ കേയി സാഹിബ്, പി.എം. അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം വമ്പിച്ച വിലാപയാത്രയായാണ് മഹമൂദിന്റെ വീട്ടിലേക്കു കൊണ്ടുപോന്നത്. അപ്പോള്‍ സമയം ഏതാണ്ട് രണ്ടു മണിയോടടുത്തിരുന്നു. ഈറനണിയാത്ത കണ്ണുകളില്ലായിരുന്നു. ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷം ഇന്നും സ്മരണയില്‍ തങ്ങിനില്‍ക്കുന്നു. മകന്റെ വേര്‍പാട് മഹമൂദിന്റെ ഉമ്മയെ തളര്‍ത്തി. താങ്ങാനാവാത്ത ദുഃഖം കൊണ്ട് തളര്‍ന്ന ഉമ്മ എന്നിട്ടും പൊട്ടിത്തെറിച്ചു. അവിടെ കൂടിയിരുന്ന ആയിരങ്ങളോട് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങള്‍ ഇന്നും എന്റെ ഓര്‍മയില്‍ ജീവിക്കുന്നു. ഉത്തരം കിട്ടാതെ തന്നെ. ഏകദേശം ആറുമണിയോടെ പാനൂര്‍ പള്ളിയില്‍ ഖബറടക്കം ചെയ്യപ്പെട്ടു. ജീവിച്ചിരുന്ന മഹമൂദ് മറക്കാനാവാത്ത സ്മരണയായി മാറി.

മഹമൂദ് രക്തസാക്ഷിയാണ്. രക്തസാക്ഷികളുടെ ഓര്‍മകള്‍ അനീതിക്കെതിരായുള്ള പോരാട്ടത്തിനു മനസ്സിന് കരുത്തുനല്‍കുന്നു. മഹമൂദ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ ആ യുവാവിന്റെ മരണത്തോടെ ഗുണാത്മകമായിത്തന്നെ മാറി, തെറ്റിനെ തെറ്റെന്ന് പറയാന്‍ മടിച്ചുനിന്നവര്‍, അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ ഭയപ്പെട്ടിരുന്നവര്‍ നട്ടെല്ലുള്ള മനുഷ്യരായി. മഹമൂദിന്റെ രക്തസാക്ഷിത്വം പല മനസ്സുകളേയും അസ്വസ്ഥമാക്കി. അസ്വസ്ഥതയാണല്ലോ വ്യക്തിയേയും, സമൂഹത്തെയും ചലനാത്മകമാക്കി മാറ്റുന്നത്. ഭീരുക്കളുള്ള സമൂഹത്തില്‍ അനീതി കൊടികുത്തിവാഴും. ആക്രമികള്‍ അട്ടഹസിച്ച് നൃത്തം ചവിട്ടും. ഭാവിയെ കുറിച്ചുള്ള ആശങ്കയും ത്യാഗം സഹിക്കുവാനുള്ള വൈമനസ്യവും മനുഷ്യന്റെ ആന്തരികമായ കഴിവിനെ തകര്‍ക്കും. സമൂഹത്തില്‍ ഈ പ്രവണത അതിന്റെ ചലനാത്മകത നശിപ്പിക്കും. പല ഘട്ടങ്ങളിലും ചരിത്രത്തില്‍ നിഷ്‌ക്രിയമായ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കിയത് അപൂര്‍വ പ്രതിഭാശാലികളുടെ ആത്മ സമര്‍പ്പണമാണ്. ത്യാഗത്തിന്റെ തപസ്യയിലൂടെ ഇതിഹാസം രചിച്ച പലരും അങ്ങിനെയാണ് ജനമനസ്സുകളില്‍ കല്‍പാന്ത കാലത്തോളം ജീവിക്കുന്നത്.