ഓര്‍മകളില്‍ ജീവിക്കുന്ന മഹമൂദ്
എന്‍.കെ.സി. ഉമ്മര്‍
1973 ഏപ്രില്‍ 15-ന് ശ്രീ.പി. ആര്‍. കുറുപ്പും ഏതാനും അനുയായികളും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അതോടെ പെരിങ്ങളത്ത് ഒരു വലിയ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുകയായിരുന്നു. അന്നേവരെ കുറുപ്പിന്റെ അനുയായികളായി അറിയപ്പെട്ടവര്‍ പലരും പല പാര്‍ട്ടികളിലേക്കും പ്രവഹിച്ചു. കൂട്ടത്തില്‍ പലരും മുസ്‌ലിം ലീഗിലേക്കും വന്നു. പാനൂരിലെ മുസ്‌ലിം ലീഗ് രംഗത്ത് അത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
1973 മെയ് 4 ന് പെരിങ്ങളം മണ്ഡലം മുസ്‌ലിം ലീഗിന്റെ ഒരു സമ്മേളനം പാനൂരില്‍ ചേര്‍ന്നു. ആ സമ്മേളനം ഒരു ഗംഭീരവിജയമായിരുന്നു. ഇത് പ്രതിയോഗികളില്‍ കലശലായ വിദ്വേഷവും അസൂയയും സൃഷ്ടിച്ചു. ആ സമ്മേളത്തില്‍ പങ്കെടുത്തു തിരിച്ചു പോകുകയായിരുന്ന പലരെയും വഴിയില്‍ പതിയിരുന്ന് ആക്രമണ വിധേയരാക്കി. ഇതിന്റെ ഫലമായി പതിനായിരക്കണക്കില്‍ രൂപയും വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടതിന് പുറമെ കുറെപേര്‍ ആസ്പത്രിയിലുമായി. (ഈ സംഭവത്തെ കുറിച്ച് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ശബ്ദകോലാഹലങ്ങളുണ്ടായതും പുതുതായി കോണ്‍ഗ്രസ്സിലേക്ക് വന്നവരാണ് ഇത് ചെയ്തതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ. കരുണാകരന്‍ ഉത്തരം പറഞ്ഞതും അനുസ്മരണീയമാണ്).
അന്നുവരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ബന്ധത്തിലായിരുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ഈ പ്രശ്‌നം ഭരണകക്ഷി ലൈസണ്‍ കമ്മിറ്റികളിലും സര്‍ക്കാര്‍ തലത്തിലും മുസ്‌ലിം ലീഗ് ഉന്നയിച്ചെങ്കിലും അത് പരിഗണിച്ച് പരിഹാരമുണ്ടാക്കാന്‍ പുത്തന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായില്ല. മാത്രവുമല്ല പെരിങ്ങളത്തെ മുസ്‌ലിം ലീഗിന്നെതിരില്‍ ഭീഷണീയമായ ഒരന്തരിക്ഷം സൃഷ്ടിക്കുന്നതില്‍ അവര്‍ വ്യാപൃതരാകുകയും ചെയ്തു. മതഭ്രാന്തരെന്നും വര്‍ഗ്ഗീയ കോമരങ്ങളെന്നും മറ്റും മറ്റുമായ എല്ലാ വൃത്തികെട്ട പദങ്ങളും മുസ്‌ലിം ലീഗിനെതിരായി അവര്‍ വാരിവിതറി. വിളക്കോട്ടൂരില്‍ കുഞ്ഞിക്കുട്ടി എന്നയാള്‍ എങ്ങിനെയോ കൊല്ലപ്പെട്ടു. (അതിന്റെ രഹസ്യം ഇന്നും നിഗൂഢമായി തന്നെ നിലനില്‍ക്കുകയാണ്. കുഞ്ഞിക്കുട്ടിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ പുറത്തു കൊണ്ടുവരാന്‍ ആ യുവാവിന്റെ പിതാവ് എത്രമാത്രം ശ്രമിച്ചിട്ടും ഇന്നുവരെ അധികൃതര്‍ അതിന് തയ്യാറായിട്ടില്ലെന്നതാണ് അറിവ്). അതിന്റെ ഉത്തരവാദിത്തം മുസ്‌ലിം ലീഗിന്റെ പിടലിക്കു വെച്ചുകെട്ടി; വിളക്കോട്ടൂരില്‍ മുസ്‌ലിം ലീഗിന് ഒരു യൂണിറ്റ് പോലും ഉണ്ടായിരുന്നില്ലെങ്കിലും! വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിഷം പുരട്ടിയ കഠാരി ഉപയോഗിച്ചാണ് മുസ്‌ലിംകള്‍ കുഞ്ഞിക്കുട്ടിയെ കൊന്നതെന്ന് ചില പത്രങ്ങളെക്കൊണ്ട് എഴുതി രേഖപ്പെടുത്തിക്കുക പോലും ചെയ്തു. കുഞ്ഞിക്കുട്ടിയുടെ മൃതശരീരം തലശ്ശേരി ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വഴി പാനൂരിലും, വിളക്കോട്ടൂരിലും, തൂവക്കുന്നിലും മൃതദേഹം മുന്നില്‍ വച്ചുകൊണ്ട് പ്രസംഗങ്ങള്‍ നടത്തി. മുസ്‌ലിം ജനസാമാന്യത്തിനെതിരെ ഹിന്ദു രക്തം ചൂടുപിടിക്കണമെന്ന് ആ പ്രസംഗങ്ങളില്‍ പരസ്യമായി ആഹ്വാനം ചെയ്യപ്പെട്ടു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇവിടുത്തെ മുസ്‌ലിംകള്‍ക്കെതിരെ ഏകോപിച്ചു നില്‍ക്കണമെന്നു വരെ പരസ്യമായി പ്രസംഗിക്കാന്‍ യാതൊരു മടിയും ലജ്ജയും അവര്‍ കാണിച്ചില്ല. നിരന്തരമായ പ്രസംഗങ്ങളും പ്രചാരവേലകളും! പാനൂരിലെ മുസ്‌ലിംകള്‍ 24 മണിക്കൂറിനകം ഇവിടുത്തെ മദ്രസ്സകളില്‍ യോഗം ചേര്‍ന്ന് തങ്ങളോട് കൂറു പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ ഇവിടെ മുസ്‌ലിം രക്തം തളം കെട്ടുന്നത് കാണാമെന്നു വരെ പ്രസംഗശൈലി കടന്നെത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!
ഇങ്ങിനെയൊക്കെ പ്രസംഗിച്ച് നാട്ടിന്ന് തീ പിടിച്ചാല്‍ ഇവിടുത്തെ മുസ്‌ലിംകള്‍ അവരുടെ കാല്‌തൊട്ട് നമസ്‌കരിച്ചു കൊള്ളുമെന്ന് അവര്‍ കണക്കുകൂട്ടി. ഭരണത്തിലിരിക്കുന്ന ഒരു കക്ഷി അതിന്റെ സഹകക്ഷിയോട് അഥവാ അവരുള്‍ക്കൊള്ളുന്ന സമുദായത്തോടു തന്നെ നാക്കില്‍ കൊലവിളിയും കയ്യില്‍ മാരകായുധങ്ങളും കൊണ്ടുള്ള ഈ തീക്കളി കണ്ടു രസിച്ചിരിക്കാന്‍ മാത്രം ഇവിടുത്തെ പ്രതിപക്ഷങ്ങളുടെ ധാര്‍മിക മനസാക്ഷി മരവിച്ചിരുന്നില്ല. സംഗതികള്‍ ഇത്രത്തോളം പുരോഗമിച്ചപ്പോള്‍ അവര്‍ ഈ തീക്കളിക്കെതിരെ ശക്തമായി രംഗത്തുവന്നു. മുസ്‌ലിം സമുദായത്തിനെതിരെ വരുന്ന വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തില്‍ പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരും കൂട്ടായുണ്ടാകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ വസ്തുത വ്യക്തമാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയും അന്നത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും പലപ്പോഴായി പ്രസംഗങ്ങള്‍ക്ക് പുറമെ അച്ചടിച്ച നോട്ടീസുകള്‍ പോലും പുറത്തിറക്കി. സന്ദര്‍ഭോചിതമായ ഇത്തരം ഇടപെടലുകള്‍ പ്രതിപക്ഷത്തുനിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നത് ഊഹാതീതമാണ്.
ഒരു ദിവസം വെള്ളിയാഴ്ച (1974 ജനുവരി 11) പൂക്കോം ജുമാഅത്ത് പള്ളിയിലേക്ക് ജുമുഅയ്ക്ക് പോകുകയായിരുന്നവരെ ആക്രമിക്കുകയും അക്രമികള്‍ അടുത്തുള്ള ഒരമ്പലത്തില്‍ കയറിയിരിക്കുകയും ചെയ്തു. ഉദ്ദേശ്യം സുവ്യക്തം. ഈ സംഭവമറിഞ്ഞ മാവിലാട്ട് മഹമൂദടക്കം ഞങ്ങള്‍ മൂന്നാലാളുകള്‍ പൂക്കോത്തേക്കു പോയി. മുറിവേറ്റവരെ ഞങ്ങള്‍ തലശ്ശേരി ആശുപത്രിയില്‍ എത്തിക്കുകയും അവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങളൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തു. കേയിസാഹിബിന്റെ ഓഫീസില്‍ വെച്ച് അദ്ദേഹവുമായി സംസാരിച്ചു ഞങ്ങള്‍ പാനൂരിലേക്കു തന്നെ തിരിച്ചു. അതുവരെ അന്ന് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി, അവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഓരോ ഉണക്ക പൊറാട്ട മാത്രം കിട്ടി. വിശക്കുന്നതു കൊണ്ട് മഹമൂദ് വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. പാനൂരിലെ അന്തരീക്ഷം അത്ര പന്തിയല്ലെന്ന് ഞങ്ങള്‍ക്കുതോന്നി. അതുകൊണ്ട് പെട്ടെന്ന് വീട്ടിലേക്ക് പോയില്ല. പോലീസ് സ്റ്റേഷനുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പാനൂരിലെ അന്തരീക്ഷം വഷളാണെന്നും അടിയന്തരശ്രദ്ധ പതിക്കണമെന്നും ഞങ്ങളാവശ്യപ്പെട്ടു. അതൊന്നും സാരമാക്കേണ്ട, ഒന്നും സംഭവിക്കാന്‍ പോകുന്നില്ലയെന്ന മറുപടി ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.
നിമിഷങ്ങള്‍ക്കകം അത് നടന്നു. അത്യന്തം അനിഷ്ടകരമായ ആ സംഭവം. മഹമൂദ് കഠാരക്കുത്തേറ്റു വീണു. (സാങ്കേതിക കാരണങ്ങളാല്‍ സംഭവം ഇവിടെ വിശദീകരിക്കുന്നില്ല) *. പലരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. കൂട്ടത്തില്‍ അനുജന്‍ ഉസ്മാനും ഭാര്യയുടെ അമ്മാവന്‍ മമ്മു ഹാജിയുമുണ്ടായിരുന്നു. ഞങ്ങള്‍ മഹമൂദിനെ ഉടന്‍ തലശ്ശേരി ആശുപത്രി യിലെത്തിച്ചു. കേയിസാഹിബടക്കം പലരും ആശുപത്രിയിലേക്കോടി യെത്തി. ആശുപത്രി പരിസരം ജനനിബിഡമായി. പ്രവര്‍ത്തകര്‍ നല്‍കിയ രക്തം കുത്തികയറ്റിക്കൊണ്ടിരുന്നു. ആശങ്കാകുലമായ നിമിഷങ്ങള്‍. വേദനാനിര്‍ഭരമായ ഈ സംഭവം സൃഷ്ടിച്ച പൈശാചികശക്തികള്‍ക്കെതിരെ ജനരോഷം തിളച്ചുമറിയുന്നു. ഫലപ്രദമായ അടിയന്തിര ചികിത്സ ലഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കേയി സാഹിബടക്കമുള്ള നേതാക്കള്‍ ജനങ്ങളെ ശാന്തരാക്കുന്നതിലും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.
സമയം വളരെയൊന്നും വൈകിയില്ല. പാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു പോലീസ് വണ്ടി ആശുപത്രിക്കു മുമ്പില്‍ വന്നുനിന്നു. പരിക്കേറ്റയാളുടെ കാര്യം അന്വേഷിക്കാനായിരിക്കുമെന്നു ഉദ്ദേശിച്ച ഞങ്ങള്‍ക്കു തെറ്റിപ്പോയി. പാനൂരിലെ മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള വരവായിരുന്നു അത്! പോലീ സിന് അവര്‍ വന്ന വണ്ടിയില്‍ തന്നെ ഞങ്ങളെ കൊണ്ടു പോകണം (അപ്പോഴേക്കും പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ക്കെതിരായി ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു എന്നര്‍ത്ഥം). പാനൂരില്‍ ഇതിനിടെ ചില മുസ്‌ലിം വീടുകള്‍ പോലീസ് സര്‍ച്ച് നടത്തിക്കഴിഞ്ഞിരുന്നു. പോലീസിന്റെ നീക്കം മനസ്സിലാക്കിയ ചില പ്രവര്‍ത്തകരുടെ പ്രതികരണം അല്‍പം ഉറച്ച സ്വരത്തിലുള്ളതായിരുന്നു. സംഗതി അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ പോലീസ്, കാലത്ത് 8 മണിക്ക് മുമ്പായി പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായിക്കൊള്ളണമെന്ന് തിട്ടൂരവും പുറപ്പെടുവിച്ചു തിരിച്ചു പോയി.
രാത്രി മുഴുവന്‍ മഹമൂദിന്റെ കിടക്കക്കരികെ ഉല്‍ക്കണ്ഠാകുലമായ ഹൃദയത്തോടെ ദുഃഖം ഘനീഭവിച്ചു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടി. കൂട്ടത്തില്‍ മഹമൂദിന്റെ കുറെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. അനിശ്ചിതത്ത്വത്തിന്റെ മുടിനാരിഴയില്‍ തൂങ്ങിനില്‍ക്കുന്ന ആ വിലപ്പെട്ട ജീവനുവേണ്ടി ഞങ്ങള്‍ സര്‍വശക്തനായ നാഥനോട് ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയായിരുന്നു.
പോലീസിന്റെ തിട്ടൂരം മാനിക്കണമല്ലോ. ഞങ്ങള്‍ കാലത്ത് പാനൂര്‍ സ്റ്റേഷനിലേക്ക് പോയി. പെട്ടെന്ന് തിരിച്ച് പോരാമെന്ന് പോലീസ് ഉറപ്പു പറഞ്ഞതായിരുന്നു. ഞങ്ങളത് വിശ്വസിച്ചാണ് പോയത്. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. സ്റ്റേഷനിലെത്തിയ ഞങ്ങളെ ആദ്യമേ ലോക്കപ്പിലേക്ക് തള്ളി. എങ്ങുനിന്നെല്ലാമോ സ്റ്റേഷനിലേക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടേ യിരിക്കുന്നു. മഹമൂദിന്റെ സ്ഥിതി ഗുരുതരമായി വരികയാണെന്നു പോലീസിന്റെ മറുപടി ശബ്ദത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ഞങ്ങളെ വിട്ടയക്കാന്‍ കേണപേക്ഷിച്ചുനോക്കി. എപ്പോള്‍ എവിടെ വേണമെങ്കിലും ഹാജരായിക്കൊള്ളാം. തല്‍ക്കാലം ഞങ്ങളുടെ ആത്മ സഖാവിനെ കാണാന്‍ അനുവദിച്ചു തരാന്‍ കനിവുണ്ടാകണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. അതു ചെവികൊള്ളാന്‍ മാത്രമുള്ള ഹൃദയം അവര്‍ക്കില്ലായിരുന്നു. അതാ വരുന്നു മറ്റൊരു ഫോണ്‍, സ്ഥിതി അത്യന്തം ഗുരുതരമാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. അതായിരുന്നു വാര്‍ത്ത. അതറിഞ്ഞ ഞങ്ങള്‍ പൊട്ടിക്കരഞ്ഞുപോയി. ഞങ്ങള്‍ വീണ്ടും പോലീസിനോട് യാചിച്ചു. അതിനിടെ അവിടെ എത്തിച്ചേര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍ ഞങ്ങളോടല്പം കരുണ കാണിച്ചു. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണം തല്‍ക്കാലം ഞങ്ങള്‍ക്ക് മോചനം ലഭിച്ചു. രാത്രി തിരിച്ചെത്തിക്കൊള്ളണമെന്ന ഉപാധിയോടെ.
പുറത്തിറങ്ങിയ ഞങ്ങള്‍ ഉടന്‍ ഒരു ടാക്‌സിയില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ഗേറ്റില്‍ വെച്ച് ആ വാര്‍ത്ത ഞങ്ങളുടെ ചെവിയിലെത്തി. ഞങ്ങള്‍ സ്തബ്ധരായി കുഴഞ്ഞു വീണു പോയി. മെഡിക്കല്‍ കോളേജിലെത്തുന്നതിനു മിനുട്ടുകള്‍ക്ക് മുമ്പായി അത് സംഭവിച്ചിരുന്നു. മഹമൂദിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയ വാഹനത്തില്‍ അനുജന്‍ ഉസ്മാന്‍, ഭാര്യാകാരണവന്മാരായ കെ.പി. മമ്മു ഹാജി, മൂസ്സു, മറ്റൊരു സഹോദരന്‍ കെ.പി. അബ്ദുറഹിമാന്‍ എന്നിവരും മറ്റുമാണുണ്ടായിരുന്നത്. അവരെ കൂടാതെ ബന്ധുക്കളും മിത്രങ്ങളും സഹപ്രവര്‍ത്തകരുമായ ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരിക്കുന്നതായി കണ്ടു. കേയി സാഹിബ്, പി.എം. ഉമ്മര്‍ഖാന്‍, എ.വി. അബ്ദുറഹിമാന്‍ ഹാജി തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു.
ഞങ്ങള്‍ ആ മൃതശരീരമെങ്കിലും ഒന്ന് കാണാന്‍ ആഗ്രഹിച്ചു. ഞങ്ങള്‍ മോര്‍ച്ചറിയിലേക്ക് ഓടി. ഇന്നലെ വരെ ഞങ്ങളോടൊപ്പം ഓടിച്ചാടി പ്രവര്‍ത്തിച്ച ഞങ്ങളുടെ ആത്മസുഹൃത്ത് ചലനമറ്റു കിടക്കുകയാണ്. ശാന്തസുന്ദരമായ മുഖം. ഉറങ്ങികിടക്കുകയാണെന്നേ തോന്നൂ. അപ്പോഴും ആ ചുണ്ടുകളില്‍ പുഞ്ചിരി തങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ആ ശബ്ദം ഇനി ഞങ്ങള്‍ കേള്‍ക്കില്ല. ആ ബുദ്ധി ഇനി പ്രവര്‍ത്തിക്കില്ല. അവസാനത്തെ ഉറക്കത്തിലാണ് ഞങ്ങളുടെ സുഹൃത്ത്.
ആ സത്യം ഒരു ഞെട്ടലോടെ ഞങ്ങള്‍ ഓര്‍ത്തു. എന്തു ചെയ്യാന്‍. പാനൂരിലെ ഒരഗ്‌നിജ്വാല അങ്ങിനെ കെട്ടടങ്ങി. ഒരു ഭാഗത്ത് പ്രതികാര ദാഹം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന യുവസമൂഹം. അവരുടെ തെറിച്ച ചിന്താഗതിയെ നേര്‍വഴിക്ക് തിരിച്ചുവിടാന്‍ ഭഗീരഥയത്‌നം നടത്തികൊണ്ടിരുന്ന നേതാക്കള്‍ മറുഭാഗത്ത്. വളരെ പരവശനെങ്കിലും എല്ലായിടത്തും കേയി സാഹിബിന്റെ ശ്രദ്ധ ചലിച്ചുകൊണ്ടേയിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഉന്നത പോലീസ് കേന്ദ്രങ്ങളും അദ്ദേഹവുമായി ടെലഫോണ്‍ വഴിയും നേരിട്ടും നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
പിറ്റേന്നു കാലത്ത് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ജനാസ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടി. ജഃ പി.കെ. ഉമ്മര്‍ഖാന്‍, പീച്ചിമണ്ണില്‍ മുഹമ്മദ് ഹാജി, പി.ടി. മമ്മു തുടങ്ങിയ നേതാക്കള്‍ ഉദകക്രിയകള്‍ നടത്തി. അവിടെയും കേയി സാഹിബിന്റെ ശുഷ്‌കാന്തി നിറഞ്ഞ നേതൃത്വമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തുള്ള പള്ളിയില്‍ വച്ച് വമ്പിച്ചൊരു ജനാവലി മയ്യത്ത് നമസ്‌ക്കാരം നിര്‍വഹിക്കുകയും നിരവധി കാറുകളുടെ അകമ്പടിയോടെ പാനൂരിലേക്ക് തിരിക്കുകയും ചെയ്തു.
വഴിക്കു പലേടത്തും തടിച്ചുകൂടിയ വികാര വിവശരായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തി അന്തിമാഭിവാദ്യങ്ങളര്‍പ്പിച്ചു. തലശ്ശേരി സൈദാര്‍പള്ളി പരിസരത്ത് കുറേയേറെ വാഹനങ്ങളുമായി വലിയൊരു ജനക്കൂട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പാനൂരിലെത്തുമ്പോള്‍ അവിടം ഒരു ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. കാലത്തു മുതലേ കാത്തിരിക്കുക കാരണം പരവശരായി തീര്‍ന്നെങ്കിലും അവരുടെ മുഖങ്ങളില്‍ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്നുണ്ടായിരുന്നു. തല്ലിയാലും കൊന്നാലും, ചോദിക്കാനും പറയാനും ആരുമില്ലാത്ത പാനൂരിന്റെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം!
പുണ്ണില്‍ കുത്തി വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് പുത്തന്‍ കോണ്‍ഗ്രസ്സ് പക്ഷത്തു നിന്ന് പിന്നീട് ഞങ്ങള്‍ക്കുണ്ടായത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്ത്വം പുത്തന്‍ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായി അവരുടെ സ്റ്റേജുകളില്‍ ശബ്ദം മുഴങ്ങി. കൊലപാതകിയെ രക്ഷിക്കാനും മാലയിട്ടു സ്വീകരിക്കാനും വരെ ഈ അക്രമത്തിനു പിന്നില്‍ നിന്ന നേതാവും കൂട്ടരും തയ്യാറായി!
സ്ഥിതിഗതികള്‍ പുതിയൊരു രാഷ്ട്രീയബന്ധത്തിന് വഴിയൊരു ക്കി. കമ്മ്യൂ(മാര്‍) പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും യോജിച്ചുകൊണ്ട് പെരിങ്ങളം മണ്ഡലം പൗരാവകാശസമിതി രൂപം കൊ ണ്ടു. അങ്ങനെ തുല്യദുഃഖിതര്‍ ഒന്നിച്ചു കൂടി. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല പ്രതിഫലനം സൃഷ്ടിച്ചു എന്നതാണ് സത്യം.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസ് വളരെ പ്രമാദമായി നടന്നു. കോടതി പരിസരത്ത് വമ്പിച്ചൊരു ജനക്കൂട്ടം എല്ലാ ദിവസങ്ങളി ലും ഉണ്ടായിരുന്നു. പ്രതിയോഗികളെ വെള്ളം കുടിപ്പിച്ച കേസ്! പ്രോസിക്യൂഷന്‍ സാക്ഷികള്‍ എല്ലാ ഭീഷണികളെയും വെല്ലുവിളിച്ചു കൊണ്ട് ഭംഗിയായും സത്യസന്ധമായും മൊഴികള്‍ നല്‍കി. കൂട്ടത്തില്‍ എ. വി. കുഞ്ഞിപര്യയിക്കും, തയ്യുള്ളതില്‍ കുഞ്ഞിമൂസ മുസലിയാര്‍, എം.വി. യൂസഫ് എന്നിവരും എടുത്തു പറയത്തക്ക സാക്ഷികളാണ്. സ. അണ്ണേരി ബാലനെന്ന സി.പി.എം. പ്രവര്‍ത്തകന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
“പ്രതിയുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു” എന്ന കാരണത്താല്‍ പ്രതി നിരുപാധികം വിട്ടയക്കപ്പെട്ടു.
കേസന്വേഷണം നടത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കേസ് ഡയറിക്കെതിരായ പാനൂര്‍ പോലീസിന്റെ ജനറല്‍ ഡയറിയും, താളം തെറ്റിയ ആശുപത്രി രേഖകളും, പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ പ്രതിഭാഗത്തേക്കു കൂറുമാറിയതടക്കമുള്ള ചില കാര്യങ്ങള്‍ പ്രോസിക്യൂഷന്റെ പരാജയത്തില്‍ കലാശിച്ചു. ഈ വസ്തുതകളെ സംബന്ധിച്ച് ഒരന്വേഷണം നടത്തുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരോട് സമാധാനം ചോദിക്കാനോ പോലും ഇന്നുവരെ ഉത്തരവാദപ്പെട്ട അധികാരികള്‍ തയ്യാറായില്ല എന്നാണറിവ്. ഇത് എന്തുമാത്രം വേദനാജനകമല്ല!
മഹമൂദിന്റെ രക്തസാക്ഷിത്വം ഞങ്ങളില്‍ പുതിയൊരു കര്‍ത്തവ്യ ബോധവും ചുണയും ചൂരും സൃഷ്ടിച്ചു. ആ രക്തം ഇന്നും ഞങ്ങളെ കര്‍മോന്മുഖരും ആവേശഭരിതരുമാക്കുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഞങ്ങളില്‍ വിട്ടേച്ചുപോയ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചേ ഞങ്ങളടങ്ങൂ.
അല്ലാഹു അതിന്നനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
*മാവിലാട്ടിന്റെ കൊലപാതകകേസ് കോടതിയില്‍ നടക്കുന്ന സമയത്തായിരുന്നു ഇത് അന്ന് പ്രസിദ്ധീകരിച്ചിരുന്നത്. -എഡിറ്റര്‍.