ജീവിക്കുന്ന ഓര്‍മകള്‍
കെ.പി. കുഞ്ഞിമൂസ
മാറ്റത്തിന്റെ മണിമുഴക്കമാണെവിടെയും. അതെ, പാനൂരിലും അങ്ങിനെത്തന്നെ. കണ്ണട വെച്ച കരിമൂര്‍ഖനും ഖദറുടുപ്പിട്ട രാജവെമ്പാലക്കും വിഷപ്പല്ലുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ലോകചരിത്രത്തില്‍ നരഹത്യ നടത്തിയ ക്രൂരന്മാരെക്കുറിച്ചുള്ള ഒട്ടനവധി കഥകളുണ്ട്. റഷ്യയിലെ സാര്‍, ഇറ്റലിയിലെ മുസോളിനി, ജര്‍മ്മനിയിലെ ഹിറ്റ്‌ലര്‍, പൈശാചികഭാവങ്ങളുടെ പ്രതീകങ്ങളായവരുടെ പട്ടിക അങ്ങിനെ നീണ്ടുപോകുന്നു. ഈ വര്‍ത്തമാന കാലഘട്ടത്തിലും നമ്മുടെ മൂക്കിന് മുന്‍പില്‍ ഇത്തരക്കാരുണ്ട്. ഇവര്‍ക്കുള്ള പ്രത്യേകത മഹദ് തത്വശാസ്ത്രങ്ങള്‍ ഉരുവിടുക എന്നതാണ്.
‘സുവര്‍ണകാല’ത്ത് ചെയ്ത പാപഭാരം പണി തീര്‍ത്ത മരക്കുരിശില്‍ തറക്കപ്പെട്ടവര്‍ എങ്ങോട്ടു പോകണമെന്നറിയാതെ ഗതിമുട്ടി നില്‍ക്കുന്നു. ഇവര്‍ ഒരു കാലത്ത് ആരായിരുന്നു? സോഷ്യലിസത്തിന്റെ മൃഗതൃഷ്ണ ചൂണ്ടിക്കാട്ടി പലരേയും വ്യാമോഹിതരാക്കി ബലിമൃഗങ്ങളെ പോലെ ആട്ടിത്തെളിക്കാമെന്ന് പ്രത്യാശിച്ചവര്‍, തട്ടിപ്പിനും വെട്ടിപ്പിനും അംഗീകാരം ലഭിക്കണമെങ്കില്‍ താളം മാറ്റിച്ചവിട്ടണമെന്ന് തോന്നിയപ്പോള്‍ മേള നടത്തി കൂറുമാറ്റം നാണമില്ലാതെ പ്രഖ്യാപിച്ചവര്‍. രാഷ്ട്രീയത്തിലൂടെ നടത്തിയ ചൂഷണം കുറിക്കമ്പനിയിലൂടെ പൂര്‍ത്തിയാക്കിയ എമ്പോക്കികള്‍. പാനൂരും പരിസര പ്രദേശങ്ങളും ഒരുകാലം ഈ വര്‍ഗ്ഗങ്ങളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. ഈ ഗുണ്ടായിസത്തിന് കൂട്ട് നില്‍ക്കാത്തവരെ ദ്രോഹിക്കാന്‍ അക്രമികള്‍ പാനൂരില്‍ കേന്ദ്രീകരിച്ച് നിന്നു. അക്രമത്തിന് പുതിയ രൂപവും ഭാവവും നല്‍കി കൊല നടക്കുന്ന ദിവസം സ്ഥലം വിടലാണ് സംഘത്തലവന്റെ പരിപാടി. ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെപ്പോലും പാനൂരിലെ രാഷ്ട്രീയ ലേബലിലുള്ള കവര്‍ച്ചസംഘം നാണിപ്പിച്ചുകളഞ്ഞു.
ടയര്‍ പഞ്ചറാക്കി
എന്റെ ചിന്ത ഒന്നര ശതാബ്ദം പിന്നോട്ടുപോവുകയാണ്. രാഷ്ട്രീയക്കളരിയിലേക്ക് ചുവടെടുത്ത് വെക്കുന്ന കാലം. പാര്‍ലിമെന്റിലേക്കു മത്സരിച്ച എസ്.കെ. പൊറ്റക്കാടിന് വോട്ടുപിടിക്കാന്‍ നീങ്ങിയ വാഹനത്തില്‍ അനൗണ്‍സറായി കയറിപ്പറ്റിയ ഞാന്‍ ആദ്യമായി പാനൂരിന്റെ ഭീകരത നേരില്‍ കണ്ടു. ഞങ്ങളുടെ പ്രചരണ പരിപാടി ചിലര്‍ക്ക് ദഹിച്ചിരുന്നില്ല. പുത്തൂരില്‍ പോയി പ്രചരണവാഹനം തിരിച്ചുവരുന്ന വഴി അതിന്റെ ടയര്‍ പഞ്ചറായി; പഞ്ചറാക്കിയതാണ്. റോഡ് നിറയെ ഹള്ളുകള്‍ വിതറി കാത്തു നില്‍ക്കുകയായിരുന്നു റൗഡികള്‍. വാഹനം നില്‍ക്കേണ്ടതാമസം കുറുവടികളുമായി അക്രമികള്‍ ഓടിയടുത്തു.
“തൊട്ടാല്‍ കാട്ടിത്തരാം”, ഡ്രൈവര്‍ നാണുവിന്റെ ഉഗ്രന്‍ മുന്നറിയിപ്പ്! റൗഡികള്‍ പകച്ചുനിന്നു. ആദ്യമായി അക്രമി സംഘത്തെ നേരില്‍ കാണുകയാണ് ഞാന്‍. നാണു ജാക്കിയെടുത്തു. വന്ന വഴിയെ കുറുവടിയേന്തിയവര്‍ തിരിച്ചുപോയി. ടയര്‍ മാറ്റി വാഹനം പാത്തിപ്പാലത്തെത്തിയപ്പോഴാണ് നാണു പറഞ്ഞത്; “ഞാനും പണ്ട് അവരുടെ കൂടെയാ, എന്നെ അറിയാവുന്നതു കൊണ്ടു തന്നെയാ നിങ്ങളൊക്കെ ബാക്കിയായത്”.
നാണു ഇന്നു ജീവിച്ചിരിപ്പില്ല. നാണു അന്ന് പ്രകടിപ്പിച്ച ധീരത ഇന്നും ഞാനോര്‍ക്കുന്നു.
മൗലവി തടിതപ്പി
പാനൂരിനടുത്ത് ഒരു സ്ഥലത്തു സംഘടിപ്പിച്ച മുസ്‌ലിം ലീഗ് പൊതുയോഗത്തിന് എന്നെ ഒരു മൗലവി ക്ഷണിച്ചു കൊണ്ടു പോയത് എനിക്കിന്നും മറന്നുകൂട. തലശ്ശേരി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയ ആ മൗലവിക്ക് യോഗം നടന്നു കൊണ്ടിരിക്കെയാണ് സംഗതി അത്ര പന്തിയല്ലെന്ന് തോന്നിയത്. അദ്ധ്യക്ഷനായിരുന്ന മൗലവി മറക്കിരിക്കണമെന്ന് പറഞ്ഞ് ഒരാളെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി ഇറങ്ങിപ്പോയി. തിരിച്ചുവരാന്‍ കുറച്ചു വൈകുമെന്നേ ഞാന്‍ ധരിച്ചിരുന്നുള്ളൂ. പക്ഷെ മൗലവി തിരിച്ചുവന്നതേയില്ല. കൊല്ലങ്ങള്‍ക്കുശേഷമാണ് ഞാന്‍ ആ മൗലവിയെ തലശ്ശേരിയില്‍ വച്ചുകാണുന്നത്. തോളിലിട്ട നീണ്ട തട്ടം തലയിലിട്ടുകൊണ്ട് പന്തം കണ്ട പെരുച്ചാഴിയെപോലെ മൗലവി തടി തപ്പികളഞ്ഞു.
പാനൂര്‍ രാഷ്ട്രീയവുമായി എന്നെ ആദ്യം ബന്ധപ്പെടുത്തിയത് എന്റെ ഗുരുനാഥന്‍ കൂടിയായിരുന്ന മറ്റൊരു മൗലവിയാണ്. ആത്മാര്‍ത്ഥതയും ആദര്‍ശധീരതയും ഒത്തിണങ്ങിയ അദ്ദേഹം ഇന്ന് (1978) ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയാണ് (കെ. എന്‍. ഇബ്രാഹിം മൗലവി).
പാനൂരില്‍ നിരവധി പൊതുയോഗങ്ങളില്‍ പങ്കെടുത്ത ഓര്‍മ ഇന്നും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. അതിലധികവും പ്രതിഷേധയോഗങ്ങള്‍ തന്നെ. കേയിസാഹിബാണ് ഇതിന്റെയൊക്കെ സൂത്രധാരന്‍. അന്നത്തെ തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് എം.എ.പി. മൂസ്സസാഹിബായിരുന്നു പല യോഗങ്ങളിലേയും അദ്ധ്യക്ഷന്‍. ഭീഷണിക്കുമുമ്പില്‍ അദ്ദേഹം വഴങ്ങാറില്ല. നേരെമറിച്ച് ഭീഷണിയുണ്ടെങ്കിലേ അദ്ദേഹം യോഗത്തില്‍ വരികയുള്ളൂ. പാനൂരില്‍ സ്ഥിതി രൂക്ഷമാണെന്നും സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂരില്‍ നിങ്ങള്‍ പോയാല്‍ കാച്ചിക്കളയുമെന്നും ആരെങ്കിലും പറഞ്ഞാല്‍ മൂസ്സ വക്കീല്‍ പാനൂരില്‍ പോവുകതന്നെചെയ്യും. എതിരാളികള്‍ക്കു തോറ്റുകൊടുക്കുന്നതു അന്തസ്സുള്ളവര്‍ക്കു യോജിച്ചതല്ലെന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു. പറയാനുള്ളതു തീര്‍ത്തും പറഞ്ഞശേഷമെ പാനൂരില്‍നിന്നു മടങ്ങാവൂ എന്ന നിര്‍ദ്ദേശത്തോടെയാണ് എന്നെ കൊണ്ടുപോവുക. കേയിസാഹിബിന്റെ ഓഫീസില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് മര്‍ഹൂം സി.കെ. അബൂട്ടി സാഹെബും ധൈര്യം പകര്‍ന്നു തരും. യോഗം കഴിഞ്ഞു തിരിച്ചു വരുന്നതു വരെ സി.കെ. വീട്ടിലേക്കു പോവാതെ കാത്തുനില്‍ക്കുകയും ചെയ്യും.
“ഒരു കൈനോക്കാം”
പാനൂരില്‍ പ്രതിയോഗികളെ പതിയിരുന്നാക്രമിക്കുന്ന സംഭവം അടിക്കടിയുണ്ടായപ്പോള്‍ ഒരു പ്രതിഷേധയോഗം ചേര്‍ന്നു. “തലശ്ശേരി മൈതാനിയില്‍ വെച്ച് നേരിട്ടു തല്ലിനോക്കാന്‍ അക്രമികള്‍ തയ്യാറുണ്ടോ” എന്ന് അന്ന് ഞാന്‍ ചോദിച്ചു. അദ്ധ്യക്ഷസ്ഥാനത്തിരുന്ന മൂസവക്കീല്‍ ഉടന്‍ തിരുത്തി. “അടി മത്സരത്തിന് തലശ്ശേരിയോളം പോകേണ്ടതില്ല. ആണത്തമുള്ളവരാണെങ്കില്‍ ഈ സ്ഥലത്ത് റോഡില്‍ തന്നെ നിന്നോളൂ. ഞാന്‍ ഒരു കൈനോക്കാം”. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ആരും മറുഭാഗത്ത് നിന്ന് മുന്നോട്ടു വന്നില്ല.
പ്രതിഷേധ യോഗങ്ങള്‍ അക്രമി സംഘത്തിന് തലവേദനയായി. ഒരു ദിവസം പെട്ടെന്നാണ് കേയിസാഹിബിന്റെ ഓഫീസില്‍ നിന്നും കല്‍പന വന്നത്. പാനൂരില്‍ പോയി പ്രസംഗിക്കണം. കേയി സാഹിബ് ഒരുങ്ങിക്കഴിഞ്ഞു. “സംഗതി വലിയ അപകടമാണ്”. ഞാനൊന്ന് ഒഴിഞ്ഞുമാറാന്‍ നോക്കി. “തിരിച്ചുവരുമെന്ന വിചാരമൊന്നും വേണ്ട”. സാഹിബിന്റെ മറുപടി കേട്ട് സത്യത്തില്‍ ഞാനൊന്നു ഞെട്ടി. ഞങ്ങളുടെ കൂടെ മറ്റൊരു പ്രാസംഗികന്‍ കൂടിയുണ്ടായിരുന്നു. ഒരു പേടിത്തൊണ്ടന്‍. യോഗത്തില്‍ എനിക്കു പറയാനുള്ളതൊന്നും പറയാന്‍ അയാള്‍ അനുവദിച്ചില്ല. ഞാന്‍ അല്‍പം ശബ്ദമുയര്‍ത്തുമ്പോള്‍ അയാള്‍ ഷര്‍ട്ട് പിടിച്ചുവലിക്കും. പിന്നെപ്പിന്നെ പിച്ചലായി. യോഗം നടക്കുന്നത് ലീഗാഫീസിന്റെ വരാന്തയിലായിരുന്നു. കേയിസാഹിബ് ഓഫീസിനകത്താണിരുന്നത്. എന്റെ ഷര്‍ട്ട് പിടിച്ചുവലിച്ച കാര്യം പിന്നീടാണ് കേയിസാഹിബ് അറിഞ്ഞത്. ധൈര്യമില്ലാത്തവര്‍ ലീഗില്‍ വേണ്ട എന്നായിരുന്നു കേയിസാഹിബിന്റെ പ്രതികരണം. ആ പേടിത്തൊണ്ടനെ ഞാന്‍ പരിചയപ്പെടുത്തുന്നില്ല. രാഷ്ട്രീയരംഗത്ത് നിന്ന് വിരമിച്ച പുള്ളിക്കാരന്‍ ഇന്നും നട്ടെല്ലില്ലാതെത്തന്നെ കഴിയുകയാണ്.
നട്ടെല്ലിന്റെ സ്ഥാനത്ത് കറമൂസത്തണ്ടുപോലുമില്ലാത്ത ഒരു ഹാജിയാരെ കൂടി പരിചയപ്പെടുത്താം. മുസ്‌ലിം ലീഗിലേക്കു പുതുവിശ്വാസിയായി ഹാജിയാര്‍ വരാന്‍തന്നെ കാരണം അധികാരമോഹം കൊണ്ടുമാത്രമായിരുന്നു. ഹാജിയാര്‍ നിരാശനായിരിക്കുന്ന സമയത്താണ് കടവത്തൂരില്‍ മുസ്‌ലിം ലീഗിന്റെ സമ്മേളനം നടന്നത്. മഞ്ഞ നിറത്തിലുള്ള ഷാളും തലയിലിട്ട് സ്റ്റേജില്‍ ഉപവിഷ്ടനായ ഹാജിയാര്‍ പാനൂരിലെ അക്രമരാഷ്ട്രീയത്തെപറ്റി ഇവിടെ പരാമര്‍ശിക്കരുതെന്നു എന്നോടു വിലക്കി. യോഗം സംഘടിപ്പിച്ചവരോട് ഞാന്‍ കാര്യം തിരക്കി. പാനൂരിലെ അക്രമരാഷ്ട്രീയത്തെ അപലപിക്കാന്‍ വേണ്ടി കൂടിയുള്ളതാണ് യോഗമെന്ന് അവര്‍ വിശദീകരിച്ചു. “യോഗം കഴിഞ്ഞാല്‍ എനിക്ക് വീട്ടിലേക്ക് പോകേണ്ടതാണ്” എന്നായി ഹാജിയാര്‍. ഹാജിയാര്‍ക്ക് വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിന്നു കൂടി വേണ്ടിയാണ് കൊലക്കത്തി രാഷ്ട്രീയത്തെ എതിര്‍ത്തു സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഹാജിയാരെ പിന്നെ സ്റ്റേജില്‍ കണ്ടില്ല. തൂവക്കുന്നിനടുത്ത് ഒരു ലീഗ് പൊതുയോഗം കലക്കാന്‍ പ്ലാനിട്ടു പരാജയപ്പെട്ടപ്പോള്‍ ഇടവഴിയിലൂടെ ഷാളും തലയിലിട്ടു ഓടുന്ന ഹാജിയാരെ മാസങ്ങള്‍ക്കു ശേഷമാണ് പിന്നീട് നേരില്‍ കണ്ടത്. ഭീരുത്വത്തിന് അവാര്‍ഡ് വാങ്ങാന്‍ തലശ്ശേരി താലൂക്കില്‍ അര്‍ഹനായ ഹാജിയാര്‍ മറുകണ്ടം ചാടി അര്‍ഹിക്കുന്ന സ്ഥാനത്തുതന്നെ ഇപ്പഴും പറ്റിപിടിച്ചു കഴിയുന്നു.
കോഴിക്കോട്ടുകാര്‍ക്ക് ഒരു ചൊല്ലുണ്ട്. മിഠായിത്തെരുവില്‍ നിന്ന് സൈക്കിള്‍ പഠിച്ചാല്‍ ഗാന്ധി റോഡില്‍ കൂടി കാറോട്ടാമെന്ന്. ഏതാണ്ടിതുപോലെയാണ് പാനൂരില്‍ നിന്ന് രാഷ്ട്രീയം പഠിച്ചാല്‍ ഇന്ത്യയില്‍ ഒരിടത്തും ഭയപ്പെടേണ്ടി വരില്ലെന്നതും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് എന്റെ നാട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്‍ കേയിസാഹിബിനെക്കുറിച്ചും മറ്റും അപവാദങ്ങള്‍ പറഞ്ഞു പരത്തിക്കൊണ്ട് ഒരു പ്രസംഗം ചെയ്തിരുന്നു. ആ റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരുമ്പെട്ടപ്പോഴത്തേക്കും റിട്ടയര്‍ഡ് യോഗത്തിലേക്ക് ഓടിവന്നു. സ്റ്റേജില്‍ നിന്നും താഴെയിറങ്ങെടാ എന്നായി റിട്ടയര്‍ഡ്. ഏതെങ്കിലും റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ തറവാട്ടുവക പണം കൊണ്ടല്ല ഇവിടെ സ്റ്റേജ് പണിതതെന്നും ഏതെങ്കിലും തെണ്ടി ഇറങ്ങാന്‍ പറഞ്ഞാല്‍ ഇറങ്ങി വരാന്‍ മാത്രം ഞങ്ങള്‍ അധഃപതിച്ചിട്ടില്ല എന്നും എനിക്കുത്തരം പറയാന്‍ കഴിഞ്ഞു. ഈ ആവേശവും പ്രചോദനവും എനിക്കു നല്‍കിയത് പാനൂരാണ്. യോഗസ്ഥലത്തുണ്ടായിരുന്ന ഭരണകക്ഷിപ്രവര്‍ത്തകരും, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും കൂട്ടായിച്ചേര്‍ന്ന് ആ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി ഗെയിറ്റടക്കുന്നതാണ് പിന്നീട് ഞങ്ങള്‍ കണ്ടത്.
ജീവനില്‍ കൊതിയുള്ളവര്‍ പാനൂരില്‍ നിന്ന് രാഷ്ട്രീയം പഠിക്കാന്‍ മിനക്കെടുകയില്ലെന്നായിരുന്നു പലരും പണ്ടു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മാവിലാട്ട് മഹമൂദിനെപ്പോലുള്ള ചുണക്കുട്ടികള്‍ പടക്കളത്തിലിറങ്ങി. വഴിയില്‍ പിടിച്ചുവെച്ചു മൊഴി വാങ്ങിയവരും അരിവാള്‍ കെട്ടി ചെവിയറുക്കുന്നവരും പതിയിരുന്നു തട്ടിപ്പറി നടത്തുന്നവരും കള്ളക്കേസുണ്ടാക്കുന്നവരും ആര്‍ക്കും തോറ്റുകൊടുക്കാന്‍ തയ്യാറില്ലാത്ത ചങ്കുറപ്പുള്ള യുവാക്കളെ കണ്ടു ഞെട്ടിത്തെറിച്ചുപോയി. മാവിലാട്ടിന്റെ രക്തം പാനൂരിന്റെ മണ്ണില്‍ ഒഴുകിയാല്‍ പച്ചക്കൊടി താഴെയിട്ട് എല്ലാവരും ഓടിപ്പോകുമെന്നു ധരിച്ച് കത്തി അണച്ചവര്‍ വീണ്ടും അന്ധാളിച്ച് പോയി. രക്തം പുരണ്ട കഠാരി ഏന്തിയ കൈകളില്‍ പൂമാലയിട്ട് പ്രകോപനമുണ്ടാക്കിയിട്ടും പാനൂരില്‍ പച്ചപ്പതാകകള്‍ ഉയരത്തിലുയരുക തന്നെ ചെയ്തു. ഇതുതന്നെയാണ് ഇതിഹാസം. ഇതു രചിച്ച പാനൂരിന്റെ മക്കള്‍ ചരിത്രം മാറ്റി എഴുതിയവര്‍ തന്നെ.